കുടുംബശ്രീക്ക് രണ്ട് ലക്ഷത്തിലേറെ രൂപ വരുമാനം To advertise here, പത്തനംതിട്ട: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സാമഗ്രിവിതരണകേന്ദ്രങ്ങളിൽ ഭക്ഷണംവിറ്റ് കുടുംബശ്രീ നേടിയത് രണ്ട് ലക്ഷത്തിലേറെ രൂപ. പാചകവാതക പ്രതിസന്ധിമൂലം പല ഹോട്ടലുകളും തുറക്കാതായതോടെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പട്ടിണിയിലാകാതിരിക്കാൻ ഭക്ഷണവിതരണത്തിന് കുടുംബശ്രീ എത്തിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, മൈലപ്ര മൗണ്ട് ബഥനി സ്കൂൾ, ബി.എഡ്. സെന്റർ ആടൂർ, മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ കുറ്റപ്പുഴ എന്നിവടങ്ങളിലായിരുന്നു ഫുഡ് കോർട്ട് പ്രവർത്തിച്ചത്. നാല് കേന്ദ്രത്തിലായി അഞ്ച് ഫുഡ് കോർട്ട് പ്രവർത്തിച്ചു. വോട്ടെടുപ്പിന് തലേദിവസം പോളിങ് സാമഗ്രികൾ വിതരണം ചെയ്തത് ഈ കേന്ദ്രങ്ങളിലായിരുന്നു. വോട്ടെടുപ്പ് ദിവസം വൈകീട്ട് മെഷീനുകൾ തിരിച്ചെത്തിക്കുന്ന സമയത്തും ഈ കേന്ദ്രങ്ങളിൽ കുടുംബശ്രീ ഭക്ഷണസ്റ്റാളുകൾ പ്രവർത്തിച്ചു. മുസലിയാർ കോളേജ്- 86,000, മൈലപ്ര മൗണ്ട് ബഥനി- 90,000, അടൂർ ബി.എഡ്. സെന്റർ- 33,712, മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ- 12,490 എന്നിങ്ങനെയാണ് സ്റ്റാളുകളിലെ വരുമാനം. ആകെ 2,22,202 രൂപയാണ് ലഭിച്ചത്. ഏപ്രിൽ എട്ടിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. വോട്ടെടുപ്പ് ദിവസമായ ഒൻപതിന് വൈകീട്ട് മാത്രമായിരുന്നു ഭക്ഷണം. രാവിലെ ഇഡലി-സാമ്പാർ, ഇടിയപ്പം-മുട്ടക്കറി, പാലപ്പം- കടലക്കറി, ചായ, ജ്യൂസ്, ഉച്ചയ്ക്ക് ഊണ്, മീൻകറി, ചിക്കൻകറി, വൈകീട്ട് ചപ്പാത്തി, പൊറോട്ട, ഇടിയപ്പം തുടങ്ങിയവയാണ് സ്റ്റാളുകളിലൂടെ വിറ്റത്. വോട്ടെടുപ്പ് ദിവസം പല പോളിങ് സ്റ്റേഷനുകളിലും ആവശ്യം അനുസരിച്ച് കുടുംബശ്രീ കഫെകളുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചിരുന്നു. ഓരോ പോളിങ് സ്റ്റേഷനിലും ഭക്ഷണം ആവശ്യമുണ്ടോയെന്ന് പ്രാദേശികമായി തിരക്കിയശേഷമാണ് കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം തയ്യാറാക്കി എത്തിച്ചത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പോളിങ് സ്റ്റേഷന് സമീപമുള്ള ഹോട്ടലുകൾ പാചകവാതക ക്ഷാമത്തെതുടർന്ന് അടച്ചിടാനുള്ള സാധ്യത കണക്കിലെടുത്താണ് കുടുംബശ്രീ മുൻകൂട്ടി ഒരുങ്ങിയത്.
