പിൽക്കാലത്ത് തെളിഞ്ഞ പ്രസംഗപാടവം ആരംഭിച്ചത് എന്നാണ്, എവിടെവെച്ചാണ്? ഓർമ്മയിൽ ഇന്നുമുണ്ട്. ആ നബിദിനാഘോഷവും കേട്ട ഒരു പിടി പ്രസംഗങ്ങളും... To advertise here, ആ ദിവസം അടുക്കുംതോറും എനിക്ക് ബേജാറ് കൂടിക്കൂടിവന്നു. 'സദർ മു അല്ലീം' എന്നു പറയുന്ന മദ്രസയിലെ പ്രധാനാധ്യാപകൻ അരീക്കോട്ടുകാരൻ അലി മുസ്ല്യാർ എഴുതിത്തന്ന ചെറുപ്രസംഗം കാണാപ്പാഠമാക്കിയിട്ടുണ്ട്. അത് മറ്റാരും കാണുകയോ കേൾക്കുകയോ ചെയ്യാതെ പുഴവക്കത്തും വയൽവരമ്പിലും ചെന്നുനിന്നു പറഞ്ഞുനോക്കിയിട്ടുണ്ട്. എന്നിട്ടും. -കാര്യമെന്താണെന്നല്ലേ? അക്കൊല്ലം ഹിദായത്തുസ്സിബിയാൻ മദ്‌റസയിലെ നബിദിനം ജോറായി കൊണ്ടാടാൻ തീരുമാനിച്ചു. അക്കൂട്ടത്തിൽ രണ്ടോ മൂന്നോ മദ്രസാ വിദ്യാർഥികൾ പ്രസംഗിക്കണം എന്നും നിശ്ചയിച്ചു. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരുവൻ ഞാനായി. ഇസ്ലാം മതപ്രവാചകൻ മുഹമ്മദ് നബി ഹിജ്റ കലണ്ടറിലെ റബീഉൽഅവ്വൽ മാസം 12-ന് ജനിച്ചു എന്നാണ് വിശ്വാസം. തിരുപ്പിറവിയെ കൊണ്ടാടുന്ന പരിപാടിയാണ് നബിദിനയോഗം. അന്ന് നബിയെ വളർത്തിപ്പറയുന്ന അറബിയിലുള്ള മൗലൂദ് ആലപിക്കും. മദ്രസയിലെ വിദ്യാർഥികൾ പലനിറത്തിലുള്ള ചെറിയ കൊടികൾ പിടിച്ച് നിരത്തിലൂടെ ഘോഷയാത്രപോകും. മുസ്ല്യാമ്മാരും കാക്കകാരണവന്മാരും നേതൃത്വം നൽകും. തീരെച്ചെറിയ പെൺകുട്ടികൾക്കേ ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. വഴിയരികിലും വേലിക്കലും കോലായിലുംനിന്ന് പെണ്ണുങ്ങൾക്ക് ഇവ കാണാം. ജാഥ കഴിഞ്ഞാലുള്ള യോഗത്തിൽ മതപണ്ഡിതന്മാർ നടത്തുന്ന പ്രസംഗത്തിന് 'വ അള്' എന്നാണ് പേര്. ചിലപ്പോൾ 'ഉറുദി' എന്നും പറയും. അതു കഴിഞ്ഞാൽ മധുരപദാർഥവിതരണം -'ചീരണി' എന്നാണ് പറയുക. അതധികവും ഗോതമ്പ്, ഉള്ളി, ശർക്കര മുതലായവ ചേർത്തുണ്ടാക്കുന്ന 'ഗോതമ്പക്കറി'യാവും -മാപ്പിളമാരുടെ പായസം തന്നെ. നബിദിനം കൊണ്ടാടുന്നത് സുന്നിവിഭാഗത്തിന്റെ മാത്രം ആചാരമാണ്. താരതമ്യേന പുരോഗമനം അവകാശപ്പെടുന്നവർക്ക് ആ പരിപാടിയില്ല. അവർ എതിരുമാണ്. ഇന്ത്യയിൽ നബിദിനം ഒഴിവുദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെ അവർ എതിർക്കുന്നു. അറേബ്യയിലോ മറ്റ് അറബിരാജ്യങ്ങളിലോ നബിദിനത്തിന് അവധിയില്ല. അത് വ്യക്തിപൂജയിലേക്ക് നയിക്കും. വ്യക്തിപൂജ ഹറാം ആകുന്നു! നബിദിനയോഗമൊക്കെ അക്കാലത്ത് നാട്ടിൽ വലിയ സംഭവമാണ്. ആളുകൾക്ക് ഒത്തുകൂടാനുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും കമ്മി. സ്‌കൂൾ കണ്ടിയിലെ വോളിബോൾ കളിയോ കൊയ്ത്തുകഴിഞ്ഞ പാടത്ത് വല്ലപ്പോഴുമുള്ള കാൽപ്പന്തുകളിയോ ആണ് ആകെയുള്ളത്. സിനിമ, നാടകം, നൃത്തം എന്നിവ ഹറാം ആകുന്നു. പിന്നെ രണ്ടുമൈല് നടന്ന് മുക്കത്തുചെന്ന് ഇതുവല്ലതും കാണാം എന്നുവെച്ചാൽ ആളുകളുടെ കൈയിൽ പൈസയില്ല. വായനശാലയിലെ കാരംബോർഡ് കളിയാണ് മഴയോ വേനലോ നോക്കാതെ എല്ലാകാലത്തും ഉള്ളത്. അതു കളിക്കാനും കാണാനും എത്ര കുറച്ചാൾക്കേ സൗകര്യപ്പെടൂ. ചെറുപ്പക്കാർ കാരംബോർഡിൽ ഹരം പിടിക്കുന്നതിനെപ്പറ്റി കാരണവന്മാർക്ക് പരാതികളുണ്ടായിരുന്നു - ബാങ്കുകൊടുക്കുന്നത് കേൾക്കില്ല; നേരത്തും കാലത്തും നിസ്‌കരിക്കാൻ പള്ളിയിലെത്തില്ല! പരിപാടികൾ വല്ലതും നടക്കണമെങ്കിൽ വെളിച്ചവും ശബ്ദവും വേണ്ടേ? കരന്റ് ഇല്ലല്ലോ. ട്യൂബ്ലൈറ്റിന് നാട്ടുകാർ പറഞ്ഞിരുന്നത് 'ഉണ്ണിക്കാമ്പ്' എന്നാണ്. ചെറിയ മണ്ണെണ്ണവിളക്കാണ് എല്ലാ വീടുകളിലുമുള്ളത്. ചായപ്പീടികകളിൽ റാന്തലുണ്ടാകും. മസാലപ്പീടികയിൽ മാത്രം പെട്രോമാക്സ്. വിശേഷദിവസങ്ങളിൽമാത്രമേ പള്ളിയിൽപ്പോലും പെട്രോമാക്സ് കത്തിക്കൂ. മണ്ണെണ്ണയ്ക്ക് തീപിടിച്ച വിലയാണ്! അത് അന്ന് കാസർട്ട് എന്ന് വിളിക്കപ്പെട്ടു. ശബ്ദത്തിന്റെ കിസ്സ ഇതിനെക്കാൾ ദയനീയം. ലൗഡ് സ്പീക്കർ കാണാൻ പ്രയാസം. നോട്ടീസുകളിലും വാൾപോസ്റ്റുകളിലും പത്രങ്ങളിലും അതിനെ പരാമർശിച്ചിരുന്നത് 'ഉച്ചഭാഷിണി' എന്നാണ്. അതിന്റെ കാഹളത്തെ നാട്ടുകാർ 'തെങ്ങുമ്മക്കെട്ടി' എന്നു വിളിച്ചു. പരിപാടി വലുതാണ്, പ്രധാനമാണ് എന്നു കാണിക്കാൻ അന്ന് നോട്ടീസിനും വാൾപോസ്റ്ററിനും ചുവടെ 'NB: ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്' എന്നു ചേർക്കും. അതുകണ്ടാൽ 'ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് എന്നു കണ്ടപോലെ മീറ്റിങ്ങിന് ആളുകൂടും, സംസാരിക്കുന്നത് ആരായാലും വിഷയം എന്തായാലും. ഒരാള് പതുക്കനെ പറയുന്നത് 'തെങ്ങുമ്മക്കെട്ടി'യിലൂടെ ഉറക്കനെ പുറത്തുവരുന്നത് കാണാനും കേൾക്കാനുമാണ് ആള് കൂടുന്നത്. പെണ്ണുങ്ങൾ പുരയുടെ കോലായകളിൽ കൂടിനിന്ന് ഈ അദൃപ്പത്തിന് സാക്ഷികളാവും. അവർക്ക് സദസ്സുകളിൽ ഹാജരായിക്കൂടാ. അങ്ങനെയിരിക്കുമ്പോൾ ആ ദിവസം വന്നുചേർന്നു -റബീഉൽഅവ്വൽ പന്ത്രണ്ട്. മുത്തുനബിയുടെ പിറന്നാൾ! ഇന്നാണ് എന്റെ ആദ്യത്തെ പ്രസംഗം. ഞാൻ മൂന്നാംക്ലാസിൽ പഠിക്കുകയാണ്. വർണക്കടലാസുകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും അലങ്കരിച്ച മദ്രസയുടെ അകത്തും പുറത്തും പലപ്രായക്കാരായ ആണുങ്ങളുടെ പട. അന്നേയ്ക്ക് ഉമ്മ തുന്നിച്ചുതന്ന പുതിയ കുപ്പായം ഇട്ടതിന്റെ കുളൂസ് എനിക്കുണ്ടായിരുന്നു. പ്രസംഗം മുഴുവൻ കാണാതെ പഠിച്ചു എന്ന ഊറ്റം വേറെയും. യോഗം തുടങ്ങുകയാണ് എന്ന് അടയാളപ്പെടുത്തിക്കൊണ്ട് ഉച്ചഭാഷിണിയിലൂടെ 'സ്വലാവാത്തീ ആലന്നബീ' എന്നു നബികീർത്തനം ഉയർന്നു. അതിനുമുന്നിൽനിന്ന് പ്രസംഗിക്കേണ്ടിവരും എന്ന് അപ്പോഴാണ് എനിക്ക് ഓടിയത്. പടച്ച റബ്ബേ! യോഗം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ പേര് വിളിച്ചു. കയറിച്ചെന്നപ്പോൾ ആരോ ആ യന്ത്രത്തിന്റെ തേനീച്ചക്കൂട് പോലുള്ള അറ്റം എന്റെ മുഖത്തേക്കു താഴ്ത്തിത്തന്നു. ഉസ്താദ് പറഞ്ഞ് പരിശീലിപ്പിച്ചപോലെ ഞാൻ 'അസ്സലാമു അലൈക്കും' എന്നു തുടങ്ങി. ആ ശബ്ദം ഏതോ പിശാചിന്റെ വലിയ ഒച്ചയായി സദസ്സിൽ മുഴങ്ങിയതുകേട്ട് ഞാൻ പരിഭ്രാന്തനായി. പടച്ച തമ്പുരാനേ, എന്താണിത്? എനിക്ക് ഒന്നും തിരിയുന്നില്ല. ഞാൻ എവിടെ, എന്തിനാണ് നിൽക്കുന്നത് എന്ന കഥപോലുമില്ല. മനഃപാഠമാക്കിയ പ്രസംഗം സുർർർർർ എന്ന് വളരെ വേഗം പറഞ്ഞുതീർത്ത് ഞാൻ തടി സലാമത്താക്കി. ചുവന്നുകത്തുന്ന കണ്ണുകളുമായി അലി മുസ്ല്യാർ എന്നെ നോക്കുന്നു. മൂപ്പരുടെ ചുണ്ടുകൾ ഈറകൊണ്ട് വിറയ്ക്കുന്നു. എനിക്കെന്തോ അബദ്ധം പറ്റിയിട്ടുണ്ട്. എന്താണത്? കൂട്ടുകാരും നാട്ടുകാരുമൊക്കെ ഏതോ വിചിത്രജീവിയെ എന്നപോലെ എന്നെ നോക്കി. ചിലരുടെ മുഖത്ത് നേരിയ പരിഹാസച്ചിരിയുണ്ട്. അതിന്റെ കള്ളി എനിക്ക് പിടികിട്ടുന്നില്ല. ഞാൻ വേഗം വീട്ടിലേക്കു നടന്നു. കോലായിൽ ഉമ്മയും പരിചാരിക ചാച്ചിയും ഇരിപ്പുണ്ട്. എന്നെ കണ്ടപാടെ ഉമ്മ ചോദിച്ചു: ''അനക്കെന്താ, അവ്ട്ന്ന് തൂറാൻ മുട്ടീരുന്നോ?'' ''ങ് ഏ?'' ''യ്യി പിന്നെ എന്തിനേ പറ്യാൻ ഉള്ളതൊക്കെ സരവരോന്ന് പറഞ്ഞൂട്ടത്? അങ്ങനെ പറഞ്ഞാ കേക്ക്ണോൽക്ക് തിരിയോ?'' ഞാൻ ഇളിഞ്ഞു. അതാണ് കാര്യം. ഞാൻ പറഞ്ഞതിന്റെ വേഗം കൂടിപ്പോയി. ആർക്കും ഒന്നും തിരിഞ്ഞില്ല. അതാണ് നരിനോക്കുമ്പോലെ ഉസ്താദ് നോക്കാൻ കാരണം. എല്ലാറ്റിനും കാരണം ആ മൈക്ക് ആണ്. എന്നെ പേടിപ്പിച്ച ശൈത്താൻ! എനിക്ക് കരച്ചിലും ദേഷ്യവും ഒന്നിച്ചുവന്നു. ഞാൻ മദ്രസയിലേക്ക് പോവാതെ പുഴക്കടവിലേക്കു നടന്നു. ആരും കാണാതെ, കേൾക്കാതെ കരഞ്ഞു. എന്നെ പ്രസംഗിക്കാൻ കൊള്ളില്ല എന്ന് തീർച്ചയായി: ഇനി മദ്രസയിൽനിന്നോ സ്‌കൂളിൽനിന്നോ ആരെങ്കിലും പ്രസംഗിക്കാൻ പറഞ്ഞാൽ അതിന് നിൽക്കരുത്. അഞ്ചാംക്ലാസിൽ എത്തിയപ്പോൾ സംഗതി ഞാൻ അറിയാതെ മാറി. അക്കാലം യു.പി. ക്ലാസുകളിൽ 'സാഹിത്യസമാജ'മുണ്ട്. അത് മാസംതോറുമുള്ള പ്രസംഗപരിശീലനമാണ്. അഞ്ചിലെ എന്റെ ക്ലാസ്മാഷ് കെ.ടി. ഫിലിപ്പ് മാസ്റ്റർ പ്രസംഗക്കാരനാണ്. കോൺഗ്രസുകാരൻ. നന്നായി പാടുകയും ചെയ്യും. തെക്കനാണ്; നല്ല ശുണ്ഠിക്കാരൻ. മൂപ്പര് പ്രോത്സാഹിപ്പിച്ചപ്പോൾ എന്റെ ഇളിച്ചില് മാറി. എന്ത്, എങ്ങനെ പറയണം എന്ന് ഫിലിപ്പ് മാസ്റ്റർ പറഞ്ഞുതന്നാൽ ഞാൻ അതുപോലെ പറഞ്ഞെത്തിക്കും. പലരും പ്രോത്സാഹിപ്പിച്ചെങ്കിലും എന്റെ പ്രകടനത്തിലാണ് അദ്ദേഹത്തിന് തൃപ്തിതോന്നിയത്. എന്തോ എനിക്കും പ്രസംഗിക്കാൻ ഇഷ്ടമായിരുന്നു -ഇവിടെ ഉച്ചഭാഷിണിയെ പേടിക്കാനില്ലല്ലോ. മറ്റുള്ളവരുടെ മുൻപാകെ ചെന്ന് വല്ലതുമൊക്കെ പറയാൻ ഒരു പേടിയൊക്കെ തോന്നേണ്ടതാണ് എന്ന് വിചാരിക്കാനുള്ള വിവരം അന്നില്ല. 'താൻ പറയെടോ' എന്ന് ഫിലിപ്പ് മാസ്റ്റർ പറഞ്ഞുതരുന്ന എന്തും ഞാൻ പറയും. ഒരു കൂസലുമില്ല. ആറിലും ഏഴിലും പഠിക്കുമ്പോൾ പ്രസംഗക്കാരനും സാഹിത്യസമാജം സെക്രട്ടറിയും ഞാനായിരുന്നു - ഫിലിപ്പ് മാസ്റ്ററുടെ വിജയം. ചേന്നമംഗലൂർ ഹൈസ്‌കൂളിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിക്കുമ്പോൾ പ്രസംഗമത്സരങ്ങളിൽ ഒന്നാംസമ്മാനം കിട്ടുന്നവനായി മാറിയതോടെ ഞാൻ ആ കലയെ ഗൗരവപൂർവം കണ്ടുതുടങ്ങി. കോഴിക്കോട്ടു നഗരത്തിൽ ടൗൺഹാളിലും മറ്റും നടക്കുന്ന പ്രധാനപ്പെട്ട മീറ്റിങ്ങുകൾ സ്ഥിരമായി കേൾക്കുക എന്നതായിരുന്നു എന്റെ ചിട്ട. ആ കലയെക്കുറിച്ച് ഡേൽ കാർണഗി എഴുതിയ 'പബ്ലിക് സ്പീക്കിങ്' പോലുള്ള പുസ്തകങ്ങൾ വായിച്ചുപഠിക്കുന്നുമുണ്ടായിരുന്നു. പേരുകേട്ട രാഷ്ട്രീയനേതാക്കളുടെയും സാഹിത്യകാരന്മാരുടെയും പരിഷ്‌കർത്താക്കളുടെയും നടന്മാരുടെയും പത്രപ്രവർത്തകരുടെയും പ്രഭാഷകരുടെയും പ്രസംഗങ്ങൾ കേൾക്കാനും അവയെപ്പറ്റി ചർച്ചചെയ്യാനും ഞാൻ ഒരുപാട് സമയവും അധ്വാനവും ചെലവാക്കിയിട്ടുണ്ട്. ചിത്രീകരണം: ലിജീഷ് കാക്കൂർ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇന്ത്യ-ചൈന യുദ്ധത്തെപ്പറ്റി വികാരഭരിതനായി രാഷ്ട്രത്തോട് സംസാരിച്ചത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ രാത്രി റേഡിയോവിൽക്കേട്ട രംഗം എന്റെ തെളിഞ്ഞ ഓർമകളിലൊന്നാണ്. പിൽക്കാലത്ത് കോഴിക്കോട്ടുവെച്ച് ഖാൻ അബ്ദുൽ ഗാഫർ ഖാൻ, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, മധുലിമായെ, വി.വി. ഗിരി തുടങ്ങിയ ദേശീയനേതാക്കളിൽ പലരുടെയും പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. 'കശ്മീർ സിംഹം' ഷെയ്ഖ് അബ്ദുള്ളയുടെ രണ്ടുപ്രസംഗം ബാംഗ്ലൂരിൽവെച്ച് കേട്ടു -സെൻട്രൽ മുസ്ലിം അസോസിയോഷൻ ഹാളിൽവെച്ചും ജുമാ മസ്ജിദിൽവെച്ചും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രഭാഷണം ശ്രദ്ധിച്ചത് ഷാർജ ബുക് ഫെയറിൽവെച്ചാണ്. ഇ.എം.എസ്., എ.കെ.ജി., സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയ കേരളത്തിലെ പലരാഷ്ട്രീയനേതാക്കളുടെയും മലയാളികളും അല്ലാത്തവരുമായ പ്രമുഖ സാഹിത്യകാരന്മാരുടെയും പ്രസംഗങ്ങൾ പലകാലത്ത് പലദേശത്തുനിന്നായി ശ്രദ്ധിച്ചിട്ടുണ്ട്. സാഹിത്യപരിഷത്തിന്റെ കോഴിക്കോട് (1973), കാസർകോട് (1974), കൊടുങ്ങല്ലൂർ (1975) സമ്മേളനങ്ങളിൽ ആദ്യന്തം പങ്കെടുത്തതിന്റെ ലാക്ക് പ്രിയപ്പെട്ട എഴുത്തുകാരെ കാണുക എന്നതുപോലെ പ്രസംഗം പഠിക്കുക എന്നതുമായിരുന്നു. കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗത്തിൽ സുകുമാർ അഴീക്കോട് മാസ്റ്ററുടെ ശിഷ്യനായിത്തീർന്നതോടെ (1972), മേല്പറഞ്ഞ ശ്രദ്ധയും വിശകലനവും ജീവിതരീതിതന്നെ ആയിത്തീർന്നു. കേരളത്തിലെ പ്രഭാഷണകലയുടെ ഏറ്റവും വലിയ ഉപാസകനായിരുന്ന ആ ഗുരുനാഥന്റെ പ്രകടനങ്ങൾ നീണ്ട നാല്പതു കൊല്ലക്കാലം ഞാൻ പിന്തുടർന്നുപോന്നിട്ടുണ്ട്. ഇപ്പോഴും കവിതകൾക്കും പഴയ സിനിമാഗാനങ്ങൾക്കും ഒപ്പം ഞാൻ യുറ്റ്യൂബിൽ കേൾക്കുന്നത് പ്രസംഗങ്ങളാണ്. ക്രിസ്തുവിന് 44 കൊല്ലംമുൻപ് സുഹൃത്തുക്കളാൽ ചതിച്ചുകൊല്ലപ്പെട്ട റോമാധിപതി ജൂലിയസ് സീസറിന്റെ മൃതദേഹം മുന്നിൽവെച്ചുകൊണ്ട് മാർക്ക് ആന്റണി നടത്തിയ 'ഫ്രന്റ്സ്, റോമൻസ് ആൻഡ് കൺട്രിമെൻ' എന്നു തുടങ്ങുന്ന ചരിത്രപ്രസിദ്ധമായ പ്രഭാഷണം പലനടന്മാരും അവതരിപ്പിച്ചത് പലവട്ടം കേട്ടത് ഒരുദാഹരണം മാത്രം. ഷേക്സ്പിയർ 'ജൂലിയസ് സീസർ' എന്ന നാടകത്തിനുവേണ്ടി എഴുതിയ പാഠമാണത്. പക്ഷേ, ചരിത്രകാരന്മാർ രേഖപ്പെടുത്തിയ വസ്തുതകൾ ആധാരമാക്കിയാണ് അത് രചിച്ചത്. റോമാസാമ്രാജ്യത്തിന്റെ ഗതി തിരിച്ചുവിട്ട ആ പ്രകടനത്തോളം ചരിത്രത്തെ സ്വാധീനിച്ച മറ്റൊരു പ്രസംഗവും എന്റെ അറിവിലില്ല. ഈ കലയെപ്പറ്റി ഞാൻ പഠിച്ച ഏറ്റവും നല്ല നിർവചനം ലോകപ്രസിദ്ധ പ്രഭാഷകനായ വിൻസ്റ്റൺ ചർച്ചിലിന്റേതാണ്: 'വിചാരത്തെ വികാരമാക്കുന്ന കലയാണ് പ്രസംഗം'. 'രണ്ടാം ലോകയുദ്ധം ജയിച്ചത് ബുള്ളറ്റുകൊണ്ടല്ല, പടയണികളിൽ റോഡിയോവിലൂടെ മുഴങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ വാക്കുകൊണ്ടാണ്' എന്ന് പ്രസിദ്ധിയുണ്ട്. ശ്രീബുദ്ധൻ, സോക്രട്ടീസ്, ക്രിസ്തു, മുഹമ്മദ് നബി മുതലായി ചരിത്രത്തെ സ്വാധീനിച്ച പലരും എഴുത്തുകാരല്ല, പ്രഭാഷകരാണ്. ആ കലാരൂപത്തിന് എത്രയോ ആഴത്തിൽ മനുഷ്യരെ സ്പർശിക്കാൻ കഴിയും. ആ സ്പർശത്തിന് കാലദേശങ്ങളെ മറികടന്നുചെല്ലാൻ പ്രാപ്തിയുണ്ട്. ശിഷ്യന്മാരും സുഹൃത്തുക്കളും പരിചയക്കാരും ചോദിക്കാറുണ്ട്: പ്രസംഗം നേരെയാകാൻ എന്താണ് വേണ്ടത്? പ്രസംഗകനുവേണ്ട ഒന്നാമത്തെ ഗുണം ധൈര്യമാണ്. പറയാനുള്ളത് വ്യക്തമായും ശക്തമായും പറയാനുള്ള ചങ്കൂറ്റമുണ്ടാവണം. രണ്ടാമത്തെ ഗുണം അറിവാകുന്നു. അവനവനെക്കൊണ്ടാവുംപോലെ, പഠിച്ചുറപ്പിക്കാനുള്ള ക്ഷമ അത്യാവശ്യം. മൂന്നാമത്തെ ഗുണം ആത്മാർഥതയാണ്. ആ പ്രത്യേകകാര്യം പറയാൻ തനിക്ക് അർഹതയുണ്ടോ എന്ന് പലവട്ടം ആലോചിക്കണം. ഒരു കള്ളുകുടിയൻ മദ്യവിപത്തിനെതിരായി സംസാരിച്ചാൽ നേരേയാവില്ല. ഇന്ന് നാട്ടിൽ കേൾക്കുന്ന പ്രഭാഷണങ്ങളിൽ നല്ലകാര്യങ്ങൾ ഇല്ലാത്തതല്ല, അതു പറയാൻ അവരെ കൊള്ളാത്തതാണ് പ്രശ്‌നം. പ്രസംഗത്തിൽ നിങ്ങൾ ചെയ്യേണ്ടത് കുറെ വിവരങ്ങൾ വിളമ്പുകയല്ല, ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. ഒന്നുകിൽ നിങ്ങൾ ഗാന്ധിജിക്ക് അനുകൂലമാണ്; അല്ലെങ്കിൽ എതിരാണ്, അതുമല്ലെങ്കിൽ ഭാഗികമായി അനുകൂലമാണ്; ഭാഗികമായി എതിരുമാണ്. ഇക്കാര്യം യുക്തിപൂർവം അവതരിപ്പിക്കുന്നതാണ് പ്രസംഗം. അത് മൂന്നു മിനിറ്റിലാവാം; മുപ്പത് മിനിറ്റിലാവാം; മൂന്നു മണിക്കൂറിലാവാം. പ്രസംഗം വീട്ടിൽനിന്ന് കാണാപ്പാഠം പഠിച്ചുചെന്നാൽ നന്നാവില്ല. അതു വളരെ സ്വാഭാവികമായിരിക്കണം. അഴീക്കോട് മാഷ് ക്ലാസിൽ പറഞ്ഞ ഒരു വാക്യം ഞാൻ ഓർത്തുവെച്ചിരിക്കുന്നു: 'ഒരു നല്ല പ്രസംഗത്തിലെ ആദ്യത്തെ വാക്യം ആ സദസ്സിൽനിന്ന് ഉണ്ടാവുന്നതാണ്.' തുടരും

‘മൈക്ക് ആണ് എല്ലാറ്റിനും കാരണം, എന്നെ പേടിപ്പിച്ച ശൈത്താൻ!; ഞാനന്ന് ആരും കാണാതെ കരഞ്ഞു’
M
MathrubhumiSource Link
21 days ago