വാഷിങ്ടൺ: തങ്ങളുടെ എഫ്-15ഇ യുദ്ധ വിമാനത്തെ ഇറാൻ വെടിവെച്ച് വീഴ്ത്തിയത് യുഎസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ തകർന്നുവീണ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ യുഎസ് ദൗത്യ സംഘം രക്ഷപ്പെടുത്തിയെന്നാണ് സൂചന. ഇതിൽ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം വിമാനത്തിലുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാൾക്കായി ഇറാനും യുഎസും ഒരുപോലെ തിരച്ചിൽ നടത്തി വരികയാണ്. എഫ്-15 യുദ്ധവിമാനത്തിലെ ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് കാണാതായതെന്നാണ് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. To advertise here, ഉദ്യോഗസ്ഥാനായി വിദഗ്ധരായ യുഎസ് കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ വിമാനം തകർന്നുവീണ പ്രദേശം അരിച്ചുപെറുക്കുമെന്നാണ് യുഎസ് സൈനിക വൃത്തങ്ങൾ പറയുന്നത്. അതീവ അപകടകരമായ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന യുഎസ് വ്യോമസേനയിലെ ഈ അംഗങ്ങൾ 'സ്വിസ് ആർമി കത്തികൾ' എന്നാണ് അറിയപ്പെടുന്നതെന്ന് ഒരു മുൻ യുഎസ് കമാഡർ പറഞ്ഞു. ഇതിനിടെ തങ്ങളുടെ മണ്ണിൽ വീണ യുഎസ് സൈനികനെ ജീവനോടെ പിടികൂടുന്നതിന് ഇറാനും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ജീവനോടെ പിടികൂടാൻ സഹായിക്കുന്നവർക്ക് 66,100 ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ വഴി ഇതിന് പ്രചാരണവും നൽകുന്നുണ്ട്. പിന്നാലെ ഇറാൻ പ്രവിശ്യകളിലെ സാധാരണക്കാർ ആയുധങ്ങളുമായി തിരച്ചിൽ നടത്തുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. തെക്കൻ ഖുസെസ്താൻ പ്രവിശ്യയിൽ നിന്നുള്ള ഒരു വീഡിയോയിൽ, തോക്കുകളും ഇറാൻ പതാകയുമായി ആളുകൾ തിരച്ചിൽ നടത്തുന്നത് കാണാം. പ്രചരിക്കപ്പെടുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. അതേസമയം ഇറാനിൽ വീണ പൈലറ്റിനെ രക്ഷിച്ചെടുക്കാൻ സാധിച്ചത് യുഎസ് വലിയ നേട്ടമായിട്ടാണ് കാണുന്നത്. രക്ഷിച്ചെടുത്ത പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുഎസും സഖ്യകക്ഷികളുടെ സൈന്യവും നടത്തുന്ന ഏറ്റവും സങ്കീർണ്ണവും സമയബന്ധിതവുമായ ഓപ്പറേഷനുകളിൽ ഒന്നാണ് കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ (CSAR) ദൗത്യങ്ങൾ. യുഎസ് വ്യോമസേനയിലെ പ്രത്യേകം പരിശീലനം ലഭിച്ച അംഗങ്ങളാണ് ഇതിലെ ഉദ്യോഗസ്ഥർ. വിമാനങ്ങൾ വെടിവെച്ചിടാൻ സാധ്യതയുള്ള സംഘർഷ മേഖലകൾക്ക് സമീപം ഇവരെ മുൻകൂട്ടി വിന്യസിക്കാറുണ്ട്. വെള്ളിയാഴ്ച എഫ്15 ഇ യുദ്ധ വിമാനം തകർന്നതിന് പിന്നാലെ ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് യുഎസ് തങ്ങളുടെ പൈലറ്റിനെ രക്ഷപ്പെടുത്തിയതെന്നാണ് വിവരം. എന്നാൽ രക്ഷാപ്രവർത്തനത്തിനിടയിലും വെടിവയ്പ്പ് നടന്നു. തിരച്ചിൽ നടത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ആക്രമിക്കപ്പെട്ടെങ്കിലും ഇറാനിയൻ വ്യോമാതിർത്തിയിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകളും ഒരു വിമാനവും താഴ്ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശത്രു രാജ്യങ്ങളുടെ അതിർത്തിക്കുള്ളിലുള്ള രക്ഷാപ്രവർത്തനം അതീവ അപകടകരമായ ഒന്നാണെന്നും ഹെലികോപ്റ്ററുകളിലാകും സാധാരണ നിലയിൽ രക്ഷാപ്രവർത്തനമെന്നും മുൻ യുഎസ് സൈനികർ വ്യക്തമാക്കുന്നു. ഒരു രക്ഷാപ്രവർത്തനത്തിൽ കുറഞ്ഞത് 24 പാരാറെസ്‌ക്യൂ ജമ്പർമാർ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ ആ പ്രദേശം അരിച്ചുപെറുക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആവശ്യമെങ്കിൽ ഹെലികോപ്റ്ററിൽ നിന്ന് ചാടി രക്ഷാപ്രവർത്തനം നടത്താനും അവർ തയ്യാറായിരിക്കും. നിലത്തെത്തിയാൽ കാണാതായ ജീവനക്കാരെ ബന്ധപ്പെടുക എന്നതായിരിക്കും അവരുടെ പ്രഥമ പരിഗണന. ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ ഹെലികോപ്റ്ററുകളുടെ പിന്തുണയ്ക്കായുണ്ടായിരിക്കും, കൂടാതെ പ്രദേശത്ത് ആക്രമണങ്ങൾ നടത്താനും നിരീക്ഷണം നടത്താനും മറ്റ് സൈനിക വിമാനങ്ങളും സജ്ജമായിരിക്കും. ആളെ കണ്ടെത്തിക്കഴിഞ്ഞാൽ, പാരാറെസ്‌ക്യൂ ജമ്പർമാർ ആവശ്യമെങ്കിൽ വൈദ്യസഹായം നൽകും, ശത്രുക്കളെ ഒഴിവാക്കി രക്ഷപ്പെടാൻ കഴിയുന്ന ഒരു സ്ഥലത്തേക്ക് അവരെ മാറ്റുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ പറയുന്നു. ബാറ്റ് 21 എന്നറിയപ്പെടുന്ന ഒരു ദൗത്യത്തിന് പിന്നാലെ വിയറ്റ്‌നാം യുദ്ധകാലത്താണ് യുഎസ് ആധുനിക CSAR ആരംഭിച്ചത്. ബാറ്റ് 21 ദൗത്യത്തിൽ, വടക്കൻ വിയറ്റ്‌നാമീസ് അതിർത്തിക്ക് പിന്നിൽ വെച്ച് തകർന്ന വിമാനത്തിന്റെ പൈലറ്റിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി വിമാനങ്ങളെയും സൈനികരേയും യുഎസിന് നഷ്ടമായി. ഈ അനുഭവത്തോടെയാണ് യുഎസ് സൈന്യം രക്ഷാപ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തിയത്. യുഎസ് സൈന്യത്തിലെ ഓരോ വിഭാഗത്തിനും അവരുടെ സ്വന്തം രക്ഷാപ്രവർത്തന സംഘങ്ങളുണ്ടെങ്കിലും സൈനിക ഉദ്യോഗസ്ഥരെ കണ്ടെത്തുകയും രക്ഷിക്കുകയും ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം യുഎസ് എയർ ഫോഴ്‌സിനാണ്.

‘യുഎസിന്റെ സ്വിസ് കത്തികൾ’; പൈലറ്റിനെ രക്ഷിക്കാനിറങ്ങിയ പ്രത്യേക സംഘം, അപകടകരമായ തിരച്ചിൽ
M
MathrubhumiSource Link
about 1 month ago