കഥകളിയെക്കുറിച്ച്, കഥകളി നടന്മാരെക്കുറിച്ച് ഏറെ സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ? കഥകളി എന്ന കലാരൂപത്തിന്റ സൗന്ദര്യ ശാസ്ത്രപരവും വൈകാരികവുമായ അടിസ്ഥാനങ്ങളെ ഉപയോഗിച്ച് ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ ഏറെ സങ്കീർണമായ ‘രസനിഷ്പത്തി’യെ ലളിതമായി പ്രേക്ഷകനു പറഞ്ഞുകൊടുക്കാൻ ശ്രമിക്കുകയാണ് ഹരീഷ് കെ.എം. തന്റെ ‘രസനിഷ്പത്തി’ എന്ന ഡോക്യുമെന്ററി യിലൂടെ കഥകളി വിദ്യാർഥികളായ രണ്ടു പെൺകുട്ടികൾ (നർമദ വാസുദേവൻ, നന്ദന തെക്കുംപാട്ട്). തങ്ങളുടെ പഠനത്തിന്റെ ഭാഗമായി എത്തിച്ചേരുന്ന ഒരു പഴയ തറവാട്. അവരുടെ യാത്രയിലൂടെ ‘രസം’ എന്നത് എങ്ങനെ ഉദ്ഭവിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഈ ഡോക്യുമെന്ററി. To advertise here, നാട്യശാസ്ത്രത്തിൽ ഭരതമുനി പറയുന്ന “വിഭാവാനുഭാവ വ്യഭിചാരി സംയോഗാദ് രസനിഷ്പത്തി” എന്ന ഭാഗം വളരെ സരസമായി ആ വീട്ടിലെ കാരണവർ (കെ.എം.എസ്. നമ്പൂതിരിപ്പാട്) അവർക്ക് പറഞ്ഞു കൊടുക്കുന്നതു പ്രേക്ഷകനും പുതിയ അറിവാകുന്നു. അത് ഇങ്ങനെയാണ്-വിഭാവം, അനുഭാവം, വ്യഭിചാരി ഭാവങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ ഉണ്ടാകുന്ന ഭാവം പ്രേക്ഷകന്റെ മനസ്സിൽ സർവസാധാരണമായ അനുഭവമായി ഉയരുന്നു. ഒരു ഭാവം സ്ഥായിയായി നിന്നാൽ അത് രസമായി പരിണമിക്കുന്നു. ഇത് സംഭവിക്കേണ്ടത് പ്രേക്ഷക മനസ്സിലും. നാട്യശാസ്ത്രത്തിന് ‘അഭിനവഭാരതി’ എന്ന വ്യാഖ്യാനം രചിച്ച അഭിനവഗുപ്തൻ രസനിഷ്പത്തിയെ കുറിച്ച് വിവരിക്കുമ്പോൾ ശാകുന്തളം അഞ്ചാംഅങ്കത്തിലെ ഒരു ശ്ലോകം ഉദാഹരണമായി കാട്ടുന്നു. രാജസഭയിൽ പ്രൗഢഗംഭീരമായി ഇരിക്കുന്ന ദുഷ്യന്തൻ ദൂരെ അന്തഃപുരത്തിൽനിന്നും വരുന്ന മധുരമായ ഗാനം കേട്ട് അസ്വസ്ഥനാകുന്നു.. അതിനുള്ള കാരണം ‘മനോഹരങ്ങളായ ദൃശ്യങ്ങൾ കാണുമ്പോഴും മധുരങ്ങളായ ശബ്ദങ്ങൾ കേൾക്കുമ്പോഴും സുഖമായിരിക്കുന്നവർക്ക് പോലും ഔത്സുക്യം ഉണ്ടാകുന്നു. തീർച്ചയായും ഇത് അബോധ മനസ്സ് ജന്മാന്തര സൗഹൃദങ്ങളെ ഓർക്കുന്നത് കൊണ്ടാകാം’ എന്ന് അദ്ദേഹം തന്നെ ആലോചിച്ച് കണ്ടെത്തുന്നു. അഭിനവഗുപ്തന്റെ ഭാഷയിൽ ‘അബോധ മനസ്സിന്റെ അഗാധതയിൽ ഉറങ്ങിക്കിടക്കുന്ന ഭാവങ്ങളിൽ ഒന്നിനെയോ, പലതിനെയോ ഉണർത്തി, ഉയർത്തി അവനവനുതന്നെ അനുഭവിക്കാനാക്കിത്തീർക്കുകയാണ് നല്ല കലകൾ ചെയ്യുന്നത്.’ പ്രേക്ഷകരുടെ അബോധമനസ്സിൽ വാസനാരൂപത്തിൽ ഉറങ്ങി കിടക്കുന്ന ഭാവങ്ങൾ ഇവിടെ ഉയിർത്തെഴുന്നേൽക്കുകയാണ്. ഇവയിൽ ചില ഭാവങ്ങൾ സ്ഥായിയായി നിൽക്കും . നവരസങ്ങളുടെ സ്ഥായിഭാവങ്ങളെ ഭരതൻ വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. തറവാട്ടിലെ ഇടനാഴികളിൽ തങ്ങളുടെ കഥകളി പരിശീലനവും മറ്റുമായി പെൺകുട്ടികൾ സമയം ചെലവഴിക്കുന്നു. അവർക്ക് അധ്യാപകരായെത്തി, പരിശീലിപ്പിക്കുന്നതാകട്ടെ പ്രശസ്തരായ രണ്ടു കഥകളി ആശാന്മാർ(കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി, പീശപ്പിള്ളി രാജീവൻ). ഡോക്യുമെന്ററിയിലുടനീളം സംവിധായകൻ കാത്തുസൂക്ഷിച്ചിട്ടുള്ളത് അതിന്റെ അനൗപചാരികതയാണ്. കൃത്യമായി പിടിച്ചിരുത്തി ചെയ്യുന്ന അഭിമുഖങ്ങൾ ഇതിലില്ല. തുറന്ന ചർച്ചകളിലൂടെ ഗുരുശിഷ്യർ തമ്മിൽ പങ്കുെവക്കുന്ന അറിവുകൾ. അതിന്റെ ഭാഗമാകുകയാണ് പ്രേക്ഷകർ ഇവിടെ. നേരത്തേ പറഞ്ഞ വ്യത്യസ്തമായ ഭാവങ്ങളെ വിശദീകരിക്കുകയാണ് ഗുരു. ഉദാഹരണങ്ങളിലൂടെ-വിവാഹശേഷമുള്ള നള ദമയന്തിമാരുടെ പ്രണയരംഗം. ഏതൊന്നിനെ ആസ്പദമാക്കിയിട്ടാണോ ഭാവം ഉയരുന്നത് അതാണ് ‘വിഭാവം'. നളനെ സംബന്ധിച്ച് ദമയന്തിയും, ദമയന്തിയെ സംബന്ധിച്ച് നളനും, പ്രേക്ഷകരെ സംബന്ധിച്ച് ഇവർ രണ്ടുപേരും ഇവിടെ ‘വിഭാവമാണ്’. ഈ രണ്ടു കൂട്ടരുടെയും മനസ്സിലുണ്ടാകുന്ന പ്രതികരണങ്ങളാണ് ‘അനുഭാവം’. പ്രതികരണങ്ങൾ കാണുമ്പോൾ ഭാവം കൂടുതൽ വളരുന്നു. ഈ സന്ദർഭത്തിൽ ശൃംഗാരമാണ് സ്ഥായിയായ ഭാവം. ദമയന്തിയുടെ ലജ്ജകളിൽ ആ ഭാവം വളരുന്നു. ഇവിടെ നളൻ ‘കുവലയവിലോചനേ, ബാലേ, ഭൈമീ, കിസലയാധരേ! ചാരുശീലേ!’എന്ന് ദമയന്തിയെ അഭിസംബോധന ചെയ്യുമ്പോൾ. കുവലയവിലോചനേ, എന്ന ഭാഗത്തുള്ള, കരിങ്കുവളപ്പൂ കണ്ണുകളുള്ളവളെ എന്നതിന്റെ ഭാവം അല്ല അടുത്തുവരുന്ന ‘ബാലേ’ എന്ന അഭിസംബോധനയിൽ. കുട്ടിത്തം നിറഞ്ഞ ദമയന്തിയെ വാത്സല്യത്തോടെയാണ് നളൻ അങ്ങനെ അഭിസംബോധന ചെയ്യുന്നതെങ്കിൽ തുടർന്നു വരുന്ന ഭൈമി (ഭീമന്റെ പുത്രി) എന്ന അഭിസംബോധനയിൽ വീര്യഭാവവും ചേർന്നുവരുന്നു. ഇവയെല്ലാം അല്പനിമിഷത്തേക്ക് വന്നു പോകുന്ന ഭാവങ്ങളാണ്. ഇങ്ങനെ സ്ഥായിഭാവത്തോടൊപ്പം സഞ്ചരിച്ച് അപ്രത്യക്ഷമാകുന്ന ഈ ഭാവങ്ങളെ സഞ്ചാരീ ഭാവം അഥവാ വ്യഭിചാരിഭാവം എന്നു വിളിക്കുന്നു. ഇവയെല്ലാം സ്ഥായിയായ ഭാവത്തെ (ശൃംഗാരത്തെ) പോഷിപ്പിക്കുന്നു. വ്യത്യസ്തങ്ങളായ ഈ ഭാവങ്ങളുടെ വേണ്ട രീതിയിലുള്ള ചേർച്ചയാണ് ‘ രസം’ ഉളവാക്കുന്നത്. കെ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തിൽ ആട്ടക്കഥകൾ വ്യക്തികളുടെ രചനയാണെങ്കിലും കഥകളി അവരുടെമാത്രം സൃഷ്ടിയല്ല. പല പ്രതിഭാശാലികളുടെ തനിച്ചും കൂടെയുമുള്ള പ്രയത്നത്തിന്റെ പരിണതഫലമായി രൂപപ്പെട്ടതാണ് ഈ കലാരൂപം. സി.ജി. യുങ് എന്ന മനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകളുമായി അഭിനവഗുപ്തന്റെ പരാമർശങ്ങൾ എത്ര അടുത്തുനിൽക്കുന്നു എന്നും ഈ ഡോക്യുമെന്ററി വിശകലനം ചെയ്യുന്നു. സമൂഹ അബോധമനസ്സിന്റെ അഗാധ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എല്ലാവരുടെയും മനസ്സ് ഒന്നായിത്തീരുന്നു. ഇവിടെ ബോധമനസ്സിന് നിയന്ത്രണങ്ങളില്ല. ഈ കണ്ടത്തലിനേ സി.ജി.യുങ് കളക്റ്റീവ് കോൺഷ്യസ് എന്നു വിളിച്ചു. മറ്റൊരു അവസരത്തിൽ പ്രേക്ഷകനും ആസ്വാദകനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗുരു പറയുന്നു. ഒരു നല്ല ആസ്വാദകന് മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഡോക്യുമെന്ററിയിൽ ഉടനീളം പലയിടങ്ങളിലായി കഥകളി രംഗങ്ങൾ അരങ്ങേറുന്നു. അവിടെ രൗദ്ര ഭീമനും ബാലിയും നളദമയന്തിയും രാവണനും നാരദനും എല്ലാം അവതരിപ്പിക്കപ്പെടുന്നു. പലപ്പോഴും രസത്തെക്കുറിച്ച് നാം കേട്ട അറിവുകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളായി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ശബ്ദ വിഭാഗത്തിന്റെ മേധാവിയാണ് സംവിധായകനായ ഹരീഷ് കെ.എം. വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം. ഭംഗിയായ ദൃശ്യങ്ങൾ നൽകി ഈ ഡോക്യുമെന്ററിയെ മനോഹരമാക്കിയത് ഛായാഗ്രഹകൻ മനേഷ് മാധവനാണ്. മധു അപ്‌സരയാണ് സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത്. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ സംഭാവന പ്രശംസനീയമാണ്. ജിക്കു ജോഷിയുടെ സൗണ്ട് റെക്കോഡിങ്ങും പ്രവീൺ മംഗലത്തിന്റ എഡിറ്റിങ്ങും വളരെ നന്നായിട്ടുണ്ട്. കെ.എം.എസ്. നമ്പൂതിരിപ്പാടിന്റേതാണ് ആശയം. ക്ലാസിക്കൽ കലാരൂപങ്ങളുടെ നല്ല ഒരു ആസ്വാദകനാകാൻ ചിലർക്കെങ്കിലും ഈ ഡോക്യുമെന്ററി പ്രചോദനമായേക്കാം. വിവരങ്ങൾക്ക്: kmproductions2025@gmail.com (എഴുത്തുകാരനും ക്യാമറാമാനുമാണ് ലേഖകൻ) Content Highlights: Simplifies the complex Natyashastra theory of 'Rasanishpti' for modern audiences. Explores the psychological connection between art, subconscious mind, and Jungian concepts. Features expert insights from Kathakali gurus and traditional practitioners. Demonstrates the practical application of Vibhava, Anubhava, and Vyabhichari Bhava through Kathakali performances Published: 29 Mar 2026, 05:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘രസം’ എങ്ങനെ ഉദ്ഭവിക്കുന്നു?; ശ്രദ്ധേയമായി ‘രസനിഷ്പത്തി’ ഡോക്യുമെന്ററി
M
MathrubhumiSource Link
about 1 month ago