ദുബായ് വിമാനത്താവളങ്ങൾക്ക് അഭിനന്ദനവുമായി ശൈഖ് ഹംദാൻ To advertise here, ദുബായ് : ദുബായ് വിമാനത്താവളങ്ങൾ, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവയിലെ ജീവനക്കാരുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നതായി യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എമിറേറ്റ്‌സ് എയർലൈൻസിന്റെ സേവനങ്ങൾ ഉൾപ്പടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ടെത്തി അവലോകനം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. വ്യോമയാന മേഖലയ്ക്ക് നിർണായക പങ്ക് ആഗോള വിപണികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും യാത്രാ, ചരക്ക് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിലും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും എമിറേറ്റിന്റെ വ്യോമയാന മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ട്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനങ്ങളാണ് ഉദ്യോഗസ്ഥ സംഘങ്ങൾ കാഴ്ചവയ്ക്കുന്നത്. അത്യാധുനിക സ്മാർട്ട് സേവനങ്ങളിലൂടെ വിമാനത്താവളത്തിന് സമ്പൂർണ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പോലീസ് ഓപ്പറേഷൻസ് സെന്റർ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രതിരോധശേഷിയും തയ്യാറെടുപ്പുകളും വർധിപ്പിക്കുന്നതിനൊപ്പം ലോകോത്തര നിലവാരത്തോടുകൂടിയ വ്യോമയാന സേവനങ്ങളാണ് ലഭ്യമാക്കുന്നത്. നഗരത്തിന്റെ സുസ്ഥിരവളർച്ചയ്ക്ക് സമാനതകളില്ലാത്ത സംഭാവനകളാണ് ദുബായ് വിമാനത്താവളങ്ങൾ നൽകുന്നത്. ആഗോള വ്യോമയാനമേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികൾ ദുബായ് വിമാനത്താവളങ്ങളിൽ തുടരുകയാണ്. നവീകരണത്തിലും പ്രവർത്തന മികവിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആഗോള കവാടം ലോകമെമ്പാടുമുള്ള ആളുകളെയും വിപണികളെയും പുത്തൻ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ആഗോള കവാടമാണ് ദുബായ് വിമാനത്താവളങ്ങൾ. എമിറേറ്റിന്റെ ആഗോളപദവി ശക്തമാക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങളിലും വൈദഗ്ധ്യങ്ങളിലും നിക്ഷേപംതുടരുകയാണെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. എമിറേറ്റ്‌സ് എയർലൈൻസിന്റെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ ശൈഖ് ഹംദാന് വിശദീകരിച്ച് നൽകി. വിമാന സർവീസുകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ആഗോള സംഭവവികാസങ്ങൾ എന്നിവ മുൻകൂട്ടി കാണുന്നതിന് നിർമിതബുദ്ധി, നൂതന കംപ്യൂട്ടർ വിഷൻ സംവിധാനങ്ങൾ, തത്സമയ ജിയോസ്പെഷ്യൽ മാപ്പിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് യാത്രാ, കാർഗോ പ്രവർത്തനങ്ങളിലുടനീളം ഏകോപനംഉറപ്പാക്കുന്നു. ലോകത്തിലെ 65 രാജ്യങ്ങളിലെ 123 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സേവനം നൽകുന്നുണ്ട്. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ദുബായ് സാമ്പത്തിക, വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ-ജനറൽ ഹെലാൽ സഈദ് അൽ മർറി, ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) ഡയറക്ടർ - ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് വൈസ് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ അവാദ് ഹാദിർ അൽ മുഹൈരി എന്നിവർ ശൈഖ് ഹംദാനെ അനുഗമിച്ചു. കഴിഞ്ഞ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 9.5 കോടിയിലേറെ യാത്രക്കാർക്ക് സേവനങ്ങൾനൽകി. തുടർച്ചയായ പന്ത്രണ്ടാം വർഷം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം നിലനിർത്തുകയുംചെയ്തു.

‘വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു’
M
MathrubhumiSource Link
17 days ago