‘വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിച്ച സംഗീതശകലം വേറയില്ല’; ദുർഗയെ കരയിച്ച രവിശങ്കർ സംഗീതം

‘വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിച്ച സംഗീതശകലം വേറയില്ല’; ദുർഗയെ കരയിച്ച രവിശങ്കർ സംഗീതം

M
MathrubhumiSource Link
Last Updated: 07 April 2026, 04:32 PM IST ഇന്ന് പണ്ഡിറ്റ് രവിശങ്കര്‍ ജന്മവാര്‍ഷികം പണ്ഡിറ്റ് രവിശങ്കർ | Photo: AP മാ ധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒരു സാധാരണ പ്രൈമറി സ്‌കൂൾ ടീച്ചറും വീട്ടമ്മയുമായി ജീവിതാന്ത്യംവരെ ഒതുങ്ങിക്കൂടിയ ഉമ ദാസ് ഗുപ്ത അത്യപൂർവമായ ഒരു അഭിമുഖത്തിൽ 'പഥേർ പാഞ്ചലി'യുടെ നാളുകൾ ഓർത്തെടുത്തതിങ്ങനെ: 'ദുർഗ്ഗയായി അഭിനയിക്കുമ്പോൾ എനിക്ക് 12 വയസ്. ഞങ്ങളുടെ സ്‌കൂളിലെ അസിസ്റ്റന്റ് ഹെഡ്മാസ്റ്ററാണ് എന്റെ പേര് മണിക്ക്ദാ (സത്യജിത് റായ്)യോട് ശുപാർശ ചെയ്തത്. ഷൂട്ടിങ് ദിനങ്ങൾ രസകരമായിരുന്നു. ട്രെയിൻ കാണാനുള്ള തത്രപ്പാടും മഴ നനഞ്ഞുള്ള കളിയും പലഹാരക്കാരന് പിന്നാലെയുള്ള ഓട്ടവും എല്ലാം. പിന്നീട് ആ സിനിമ സ്‌ക്രീനിൽ കണ്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. വെറുതെ സ്‌ക്രീനിൽ നോക്കി മിഴിച്ചിരുന്നു ഞാൻ. പക്ഷേ ഒരിക്കൽ മാത്രം കരച്ചിൽ അടക്കാനായില്ല-ദുർഗ മരിച്ച വിവരം അമ്മ അച്ഛനെ അറിയിക്കുന്ന രംഗം കണ്ടപ്പോൾ. എന്തുകൊണ്ടെന്നറിയില്ല. ചിലപ്പോൾ ആ രംഗത്ത് കേട്ട പ്രത്യേക സംഗീതം ഉള്ളിൽച്ചെന്ന് തറച്ചത് കൊണ്ടാവാം. ഇന്നും ആ സംഗീതം കേൾക്കുമ്പോൾ ദുഖത്തോടെ മാണിക് ദായെ ഓർക്കും ഞാൻ; സംഗീത സംവിധായകനായ രവിശങ്കർജിയേയും'. To advertise here, ഇതിൽപ്പരം ഒരംഗീകാരം ലഭിക്കാനുണ്ടോ സത്യജിത് റായ്ക്കും പണ്ഡിറ്റ് രവിശങ്കറിനും? നീണ്ട അലച്ചിലിനൊടുവിൽ വീട്ടിൽ വന്നുകയറിയ ഭർത്താവിനെ, മകളുടെ അകാലമരണവാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് പകച്ചു നിൽക്കുന്ന സർബജയ റോയ്. 'പഥേർ പാഞ്ചലി'യിലെ ഏറ്റവും ഹൃദയഭേദകമായ രംഗമാണത്. നിശബ്ദമായ ഒരു വിങ്ങലായി ഇന്നും മനസിനെ പിന്തുടരുന്ന കഥാസന്ദർഭം. ഇക്കാലമത്രയും തീരാദുരിതത്തിന്റേയും മുഴുപ്പട്ടിണിയുടേയും പിടിയിലായിരുന്നു സ്വന്തം കുടുംബം എന്നറിയില്ല ഹരിഹർ റോയിയ്ക്ക്. നഗരജീവിത വിശേഷങ്ങൾ ഉത്സാഹത്തോടെ പങ്കുവെക്കുന്നതിനിടെ, മകൾക്ക് വേണ്ടി കൊണ്ടുവന്ന പുടവ ഹരിഹർ ഉയർത്തിക്കാട്ടുമ്പോൾ സർവനിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞുപോകുന്നു സർബജയ. ഒന്നും മനസിലാകാതെ തരിച്ചിരിക്കുന്ന ഭർത്താവിന്റെ മടിയിലേക്ക് അവർ തളർന്നുവീഴുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുക താർ ഷഹനായി എന്ന സംഗീതോപകരണത്തിന്റെ വിഷദാർദ്ര നാദം. 'എന്നെ ഏറ്റവും കരയിച്ചിട്ടുള്ള ശബ്ദമാണത്. വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിക്കുന്ന മറ്റൊരു സംഗീതശകലം ലോക സിനിമയിൽ തന്നെ കേട്ടിട്ടില്ല', വിഖ്യാത ചലച്ചിത്രകാരൻ റിച്ചാർഡ് അറ്റൻബറോ ഒരിക്കൽ പറഞ്ഞു. അത്ഭുതം തോന്നാം: 'പഥേർ പാഞ്ചലി' (ചെറുപാതയുടെ സംഗീതം)യിലെ ഈ രംഗത്ത് പശ്ചാത്തല സംഗീതമേ വേണ്ടെന്നു വെച്ചിരുന്നതാണ് സംവിധായകൻ സത്യജിത് റായ്. കഥാസന്ദർഭത്തിന്റെ ഗൗരവം ചോർത്തിക്കളയുമോ എന്നൊരു തോന്നൽ. പക്ഷേ, ഷൂട്ട് ചെയ്ത രംഗം കണ്ടപ്പോൾ എവിടെയോ എന്തോ ഒരപൂർണത പോലെ. മകളെ നഷ്ടപ്പെട്ട അമ്മയുടെ ആത്മവേദന താൻ ഉദ്ദേശിച്ച ഭാവതീവ്രതയോടെ പ്രേക്ഷകനിൽ എത്തുന്നുണ്ടോ എന്ന് റായ്ക്ക് സംശയം. മാത്രമല്ല സർബജയയുടെ ഉറക്കെയുള്ള കരച്ചിൽ ഒരു പരിധിവരെ ആ രംഗത്തിൽ അമിതനാടകീയത കലർത്തുന്നുമുണ്ട്. ശബ്ദം പാടേ ഒഴിവാക്കി അതേ രംഗം കണ്ടുനോക്കിയപ്പോഴാകട്ടെ, ഫലം അത്ഭുതകരമായിരുന്നു. നിശബ്ദതയാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി എന്ന് റായ് തിരിച്ചറിഞ്ഞ സന്ദർഭം. 'പശ്ചാത്തലസംഗീതം സിനിമയ്ക്ക് അനിവാര്യമല്ലെന്ന് ഇന്നെനിക്കറിയാം. പക്ഷേ, അന്നത്തെ തുടക്കക്കാരനായ സംവിധായകന് അത്രത്തോളം ധൈര്യമില്ല. പൂർണനിശബ്ദതയോടെ ഒരു രംഗം വെള്ളിത്തിരയിൽ കാണുമ്പോൾ സൗണ്ട്ട്രാക്കിന് എന്തെങ്കിലും കുഴപ്പമുള്ളതായി പ്രേക്ഷകർക്ക് തോന്നുമോ എന്ന് ഞാൻ ഭയപ്പെട്ടു. പശ്ചാത്തലത്തിൽ ലളിതമെങ്കിലും ആളുകളുടെ മനസിനെ ചെന്ന് തൊടുന്ന ഒരു സംഗീതശകലമുണ്ടെങ്കിൽ നന്നായിരിക്കുമെന്ന് തീരുമാനിക്കാൻ കാരണം അതാണ്', ചരിത്രകാരനും ബ്രിട്ടീഷ് ഗ്രന്ഥകർത്താവുമായ ആൻഡ്രൂ റോബിൻസണ് നൽകിയ അഭിമുഖത്തിൽ പിൽക്കാലത്ത് റായ് പറഞ്ഞു. സിതാർ ഇതിഹാസമായ രവിശങ്കറാണ് 'പഥേർ പാഞ്ചലി'യുടെ സംഗീത സംവിധായകൻ. ലോകമറിയുന്ന 'പണ്ഡിറ്റ്'' ആയിട്ടില്ല അന്ന് അദ്ദേഹം. രണ്ടു സിനിമയും ഒന്നു രണ്ടു ബാലേകളും ചെയ്ത പരിചയമാണ് സംഗീതസംവിധാനത്തിൽ ആകെയുള്ള കൈമുതൽ. 'ദുർഗയുടെ മരണം ഹരിഹറിന്റെയും സർബജയയുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന ശൂന്യതയുടെ ആഴം ഋജുവായും ലളിതമായും പ്രേക്ഷകരിൽ എത്തിക്കണമെന്നാണ് സത്യജിത് റായ് നൽകിയ നിർദേശം', ടെലിഗ്രാഫ് പത്രത്തിലെ ഓർമ്മക്കോളത്തിൽ രവിശങ്കർ എഴുതി. 'മൂന്നു സാധ്യതകളായിരുന്നു എന്റെ മുന്നിൽ-വയലിൻ, സാരംഗി, ഷഹനായ്. സാധാരണ മുഖ്യധാരാ സിനിമയിൽ ഇത്തരം രംഗങ്ങളിൽ വേർപാടിന്റെ വേദന അനുഭവപ്പെടുത്താൻ വയലിനാണ് ഉപയോഗിക്കുക. `പഥേർ പാഞ്ചലി' പോലൊരു പരീക്ഷണ ചിത്രത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായ ടോൺ കേൾപ്പിക്കണമെന്ന് തോന്നി എനിക്ക്. മാത്രമല്ല, വയലിന്റെ പാശ്ചാത്യപരിവേഷം റായ് പടത്തിലെ ഗ്രാമീണാന്തരീക്ഷത്തോട് നീതിപുലർത്തുകയുമില്ല. പിന്നെയുള്ളത് സാരംഗിയാണ്. ഒരു പ്രത്യേക ബിന്ദുവിലേക്ക് യാത്ര ചെയ്ത ശേഷം പെട്ടെന്ന് ചിന്നിച്ചിതറിപ്പോകുന്ന ശബ്ദമാണ് അതിന്റെ. ഷഹനായിക്കാകട്ടെ, മംഗള വാദ്യത്തിന്റെ പ്രതീതിയാണ് ഏറെയും'. സിനിമയിൽ അധികം ഉപയോഗിക്കാറില്ലാത്ത താർ ഷഹനായ് പരീക്ഷിച്ചാലോ എന്ന ആശയം രവിശങ്കറിന്റെ ബുദ്ധിയിൽ ഉദിച്ചത് ആ ഘട്ടത്തിലാണ്. അസാമാന്യ സംഗീതബോധമുണ്ടായിരുന്ന സത്യജിത് റായ്ക്ക് ആ പരീക്ഷണത്തിൽ പന്തികേടൊന്നും തോന്നിയതുമില്ല. പേരിൽ ഷഹനായിയുണ്ടെങ്കിലും കാഴ്ചയിൽ സിതാറിനോടും ദിൽരുബയോടുമാണ് താർ ഷെഹനായിക്ക് സാമ്യം; കേൾവിയിൽ വയലിനോടും. ദിൽരുബയുടെ പ്രതലത്തിൽ ഒരു കൊച്ചു കോളാമ്പി ഘടിപ്പിച്ച പോലിരിക്കും കാണാൻ. സാരംഗിയേയും വയലിനേയും അപേക്ഷിച്ച് മൂർച്ചയും വികാരതീവ്രതയും കൂടും താർ ഷെഹനായിയുടെ നാദത്തിന്. 'നെഞ്ചു തുളയ്ക്കുന്ന ശബ്ദം' എന്നാണ് സത്യജിത് റായ് തന്നെ ഒരിക്കൽ താർ ഷെഹനായിയെ വിശേഷിപ്പിച്ചത്. പട്ദീപ് രാഗത്തിൽ രവിശങ്കർ ചിട്ടപ്പെടുത്തിയ വിഷാദസാന്ദ്രമായ ഈണം സിനിമയുടെ പശ്ചാത്തലത്തിൽ വായിക്കാൻ അതിപ്രഗത്ഭനായ ഒരു താർ ഷെഹനായ് വാദകനെ തന്നെ റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചുവരുത്തി റായ്, ദക്ഷിണ മോഹൻ ടാഗോറിനെ. ശാസ്ത്രീയ സംഗീതവേദികളിൽ എന്നപോലെ സിനിമയിലും തിരക്കുള്ള ആർട്ടിസ്റ്റാണ് അന്ന് ടാഗോർ. ഇന്ത്യൻ സിനിമയിൽ കേട്ട അവിസ്മരണീയമായ എത്രയോ വിഷാദഗാനങ്ങളുടെ പിന്നണിയിൽ ടാഗോറിന്റെ താർ ഷെഹനായിയുടെ ഇന്ദ്രജാലം കൂടി ഉണ്ടായിരുന്നു എന്നറിയുക: സാരംഗാ തേരി യാദ് മേ, ചൽരീ സജ്‌നീ അബ് ക്യാ സോഛെ, ചിങ്കാരീ കോയീ ഭട്‌കേ, ഓ ജാനേവാലേ ഹോ സകേ തോ, ന തും ഹമേ ജാനോ... ടാഗോറിന്റെ താർ ഷെഹനായ് വാദനം മറക്കാനാവാത്ത അനുഭവമായിരുന്നു റായ്ക്ക്. 'കഷ്ടിച്ച് മൂന്നോ നാലോ മിനിട്ട് നീളുന്ന ഒരു സംഗീതശകലമേ സിനിമയിൽ വേണ്ടിയിരുന്നുള്ളൂ എങ്കിലും ഒരു മണിക്കൂറോളം താർ ഷെഹനായിയുടെ സഞ്ചാരപഥങ്ങളിലൂടെ എന്നെയും രവിശങ്കറിനെയും കൈപിടിച്ച് കൊണ്ടുപോയി ടാഗോർ. നിർത്താൻ പറയാൻ മനസ് സമ്മതിച്ചില്ല എന്നതാണ് സത്യം. ഉച്ചസ്ഥായിയിൽ വായിച്ച ഭാഗമാണ് പിന്നീട് സിനിമയിൽ ഉപയോഗിച്ചത്. ആ ഭാഗമെത്തുമ്പോൾ തീയേറ്ററിലെ ഇരുട്ടിലിരുന്ന് സാധാരണ പ്രേക്ഷകർ കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം രവിശങ്കറിനെയും ടാഗോറിനെയും ഓർക്കും', ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ('പഥേർ പാഞ്ചലി' റിലീസായത് 1955 ഓഗസ്റ്റ് 26 നാണ്) ആ ഈണം ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. Content Highlights: Satyajit Ray's shift from silence to background score for emotional impact. Ravi Shankar's innovative choice of the Tar Shehnai over conventional instruments. The collaboration with Dakshina Mohan Tagore to create the iconic, heart-wrenching melody. Why the music remains a benchmark for cinematic grief seven decades later Published: 07 Apr 2026, 04:32 pm IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വേർപാടിന്റെ വേദന ഇത്ര ആഴത്തിൽ അനുഭവിപ്പിച്ച സംഗീതശകലം വേറയ… | Boolokam