കണ്ണൂർ: സിപിഎം വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരേ രൂക്ഷവിമർശനവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം സ്ഥാനാർഥി പി.കെ. ശ്യാമളയ്‌ക്കെതിരേ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ‘വർഗവഞ്ചകരും ഒറ്റുകാരും ഓർക്കാൻ’ എന്ന ആമുഖത്തോടെ കെ.കെ. രാഗേഷിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. To advertise here, കണ്ണൂർ ജില്ലയും തളിപ്പറമ്പ് നിയോജകമണ്ഡലം അടങ്ങുന്ന പ്രദേശവും സിപിഎമ്മിന്റെ ചരിത്രത്തിൽ ഉണ്ടാക്കിയിട്ടുള്ള വലിയ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് രാഗേഷിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശം കേരളത്തെ ഇളക്കിമറിച്ച എക്കാലത്തെയും വലിയ സമരങ്ങളുടെ സാക്ഷിയാണെന്നും മോറാഴയും പാടിക്കുന്നും കണ്ടക്കൈയും ബക്കളവും കൊളച്ചേരിയുമൊന്നും വെറും സ്ഥലനാമങ്ങളല്ല, ഹൃദയരക്തം കൊടുത്ത് നേടിയ അഭിമാനബോധത്തിന്റെ പ്രതീകങ്ങളാണെന്നും രാഗേഷ് കുറിപ്പിൽ പറയുന്നു. തളിപ്പറമ്പിന്റെ ചരിത്രം അറിയാത്തത് വലിയ കുറ്റമല്ലെന്നും എന്നാൽ അതിനെ നിന്ദിക്കുന്നത് ക്ഷമിച്ചുകൂടാത്ത അപരാധമാണെന്നും രാഗേഷ് ചൂണ്ടിക്കാട്ടുന്നു. ‘വ്യാപകമായ ഉൾപ്പാർട്ടി ജനാധിപത്യവും കർശനമായ കേന്ദ്രീകൃത നേതൃത്വവും നിലനിർത്തിക്കൊണ്ട്, പാർട്ടി മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരെക്കൊണ്ട് കടമകൾ നിറവേറ്റിക്കുകയും ചെയ്താൽ മാത്രമേ പാർട്ടിക്ക് വിശാലമായ ജനകീയൈക്യം കെട്ടിപ്പടുത്ത് ജനകീയ ജനാധിപത്യവിപ്ലവത്തിലേക്ക് മുന്നേറാൻ കഴിയൂ. കുലംകുത്തികൾക്കും വർഗവഞ്ചകന്മാർക്കും ചരിത്രത്തിൽ എവിടെയാണ് സ്ഥാനമെന്ന് നമുക്കറിയാം. ഈ തിരിച്ചറിവ് നാമോരോരുത്തരും സ്വയമാർജ്ജിക്കണം. പ്രസ്ഥാനത്തിന് കരുത്തുപകരണം’, രാഗേഷ് കുറിപ്പിൽ പറയുന്നു. കെ.കെ. രാഗേഷിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വർഗവഞ്ചകരും ഒറ്റുകാരും ഓർക്കാൻ... കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതിഹാസസമാനമായ ഏടുകൾ എഴുതിച്ചേർത്തിട്ടുണ്ട് കണ്ണൂർ ജില്ല. ഇന്നത്തെ തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശം കേരളത്തെ ഇളക്കിമറിച്ച എക്കാലത്തെയും വലിയ സമരങ്ങളുടെ സാക്ഷിയാണ്. മോറാഴയും പാടിക്കുന്നും കണ്ടക്കൈയും ബക്കളവും കൊളച്ചേരിയുമൊന്നും വെറും സ്ഥലനാമങ്ങളല്ല, ഹൃദയരക്തം കൊടുത്ത് നേടിയ അഭിമാനബോധത്തിന്റെ പ്രതീകങ്ങളാണ്. ആ കരുത്ത് തന്നെയാണ് ഈ പാർട്ടിയെ ഇന്നും നയിക്കുന്നത്. വടക്കേമലബാറിലെ പട്ടിണിയെയും ദാരിദ്ര്യത്തെയും സാമൂഹികമായ അസമത്വത്തെയും നേരിടാൻ കോൺഗ്രസ്സല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന ജനങ്ങളുടെ തിരിച്ചറിവിനുള്ള സാക്ഷ്യപത്രമായിരുന്നു മോറാഴ. പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട് എട്ടുമാസത്തിനുശേഷം നടന്ന മോറാഴ സംഭവമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള മാറ്റം പൂർണ്ണമാക്കിയത്. പാർട്ടി രൂപീകരിച്ച് നീണ്ട 17 വർഷത്തിനുശേഷമാണ് ബാലറ്റിലൂടെ നാം കേരളത്തിൽ അധികാരത്തിൽ വരുന്നത് എന്ന് ഓർമയിലുണ്ടാകണം. ഒളിവിലും തെളിവിലുമായി ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ നീണ്ട വർഷങ്ങൾ... ജന്മിനാടുവാഴിത്ത പീഡനങ്ങൾക്കെതിരെ കേരളത്തിലാദ്യമായി കർഷകസംഘം 1935ൽ രൂപീകരിക്കുന്നത് തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾപ്പെടുന്ന കൊളച്ചേരിയിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ചാലകശക്തിയായി കർഷകസംഘം പിന്നീട് മാറുകയും ഇന്നും ഇന്ത്യൻകർഷകരുടെ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യുന്നു. കേരളത്തിലെ പ്രധാന സ്ത്രീമുന്നേറ്റങ്ങളിലൊന്നായി ഇന്നും എണ്ണപ്പെടുന്ന കണ്ടക്കൈ പുല്ലുപറിക്കൽ സമരം നമ്മുടെ ഓർമകളെ ത്രസിപ്പിക്കേണ്ടതാണ്. സമരനായിക കുഞ്ഞാക്കമ്മ നാല്പതുദിവസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഗ്രാമങ്ങളിലാകെ പോലീസിന്റെയും കോൺഗ്രസ് ഗുണ്ടാപ്പടയുടെയും നരനായാട്ടുതന്നെ നടന്നു. പുരുഷന്മാർക്ക് വീടുകളിൽ താമസിക്കാൻ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്ത്രീകൾ കൊയ്ത്തരിവാളുകൾ രാകിമൂർച്ചകൂട്ടി പ്രതിരോധം തീർത്ത ഒരു കാലം. 1940കളുടെ അന്ത്യത്തിലും 50കളുടെ ആദ്യപാദത്തിലും വടക്കേമലബാറിൽ അതിരൂക്ഷമായ സമരപരമ്പരകളാണ് അരങ്ങേറിയത്. പത്തായപ്പുരകളിൽ ജന്മിമാർ പൂഴ്ത്തിവെച്ചിരുന്ന നെല്ല് പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ചരിത്രപ്രസിദ്ധമായ നെല്ലെടുപ്പ് സമരങ്ങൾ നാടെമ്പാടും നടന്നു. രക്തരൂഷിതമായ സമരപരമ്പരകൾ. ഗുണ്ടാപ്പടയുടെയും പോലീസിന്റെയും മർദ്ദനവാഴ്ചകൾ. കൽത്തുറുങ്കുകളെ ഭേദിച്ച് ഉയർന്ന് വിമോചന മുദ്രാവാക്യങ്ങൾ. തുടയെല്ല്പൊട്ടി വീണുപോയപ്പോഴും ഇൻക്വിലാബ് വിളിച്ച രാഷ്ട്രീയബോധ്യങ്ങൾ. നിറതോക്കിന് മുമ്പിൽ പതറാത്ത രക്തസാക്ഷിക്കുന്നുകൾ.... അതെ, ചരിത്രം ഈ മണ്ണിലാണ് സ്പന്ദിക്കുന്നത്. അതറിയാത്തത് വലിയ കുറ്റമല്ല, എന്നാൽ അതിനെ നിന്ദിക്കുന്നത് ക്ഷമിച്ചുകൂടാത്ത അപരാധമാണ്. വ്യാപകമായ ഉൾപ്പാർട്ടി ജനാധിപത്യവും കർശനമായ കേന്ദ്രീകൃത നേതൃത്വവും നിലനിർത്തിക്കൊണ്ട്, പാർട്ടി മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരെക്കൊണ്ട് കടമകൾ നിറവേറ്റിക്കുകയും ചെയ്താൽ മാത്രമേ പാർട്ടിക്ക് വിശാലമായ ജനകീയൈക്യം കെട്ടിപ്പടുത്ത് ജനകീയ ജനാധിപത്യവിപ്ലവത്തിലേക്ക് മുന്നേറാൻ കഴിയൂ. കുലംകുത്തികൾക്കും വർഗവഞ്ചകന്മാർക്കും ചരിത്രത്തിൽ എവിടെയാണ് സ്ഥാനമെന്ന് നമുക്കറിയാം. ഈ തിരിച്ചറിവ് നാമോരോരുത്തരും സ്വയമാർജ്ജിക്കണം. പ്രസ്ഥാനത്തിന് കരുത്തുപകരണം. Content Highlights: TK Govindan quits CPM to contest as an independent in Taliparamba., KK Ragesh labels the move as betrayal and insults to historical party struggles., Emphasis on party discipline and historical significance of Taliparamba., Warning against internal dissent and 'class traitors'. Published: 20 Mar 2026, 04:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘വർഗവഞ്ചകരും ഒറ്റുകാരും ഓർക്കാൻ...’; ടി.കെ. ഗോവിന്ദനെതിരേ വിമർശനവുമായി കെ.കെ. രാഗേഷ്
M
MathrubhumiSource Link
about 2 months ago