തലയാഴം : സി.പി.ഐ. തലയാഴം ലോക്കൽ കമ്മിറ്റി ഓഫീസിൽ ആത്മഹത്യചെയ്ത കാർഷികസംരംഭകൻ കെ. ചെല്ലപ്പൻ കഴിഞ്ഞയാഴ്ച ഫെയ്‌സ്‌ബുക്കിൽ പോസ്റ്റുചെയ്ത വീഡിയോയിൽ സി.പി.ഐ. പ്രാദേശികനേതൃത്വത്തിനെതിരേ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സി.പി.ഐ. പ്രാദേശികനേതാക്കളുടെ ലക്ഷ്യം, തന്നെ ഇല്ലാതാക്കലാണെന്നാണ് പ്രധാന ആരോപണം. To advertise here, കല്ലറയിലെ തന്റെ കാർഷികകേന്ദ്രത്തിൽവന്ന് കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. സി.പി.ഐ.യിലെ ജെ.പി. ഷാജി, എ.െഎ.വൈ.എഫിലെ സാനു, സാനുവിന്റെ സഹോദരൻ സത്യൻ തുടങ്ങിയവരാണ് കൃഷി നശിപ്പിക്കാൻ വന്നത്. 2008-ൽ സി.പി.ഐ. പിൻബലത്തോടെ കൃഷി വെട്ടിനശിപ്പിച്ചു. 2010-ലും ഇത് ആവർത്തിച്ചു. വടയാർ പുത്തൻപാലത്തിന്റെ പണി വൈകുന്നതിൽ പ്രതിഷേധിച്ച് വൈക്കം താലൂക്ക് ഓഫീസിനുമുൻപിൽ താൻ നിരാഹാരസമരം നടത്തിയതിനെത്തുടർന്നാണ് കൃഷി നശിപ്പിച്ചത്. തന്റെ മകൾ എ.ഐ.വൈ.എഫ്. പ്രവർത്തകയായിട്ടും, തനിക്കും കുടുംബത്തിനും നേരിടേണ്ടിവന്നത് തിക്താനുഭവങ്ങളാണ്. ഒരുരൂപയ്ക്ക് തൈകൾ കൃഷിവകുപ്പിന് നൽകാൻ തയ്യാറായി. ഇതിനായി കൃഷിമന്ത്രിയെ കാണാൻചെന്ന തന്നെ, പാർട്ടിപ്രവർത്തകർ അതിനനുവദിച്ചില്ല. അവർക്ക് വേണ്ടത് കമ്മിഷനായിരുന്നു. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞതാണ്. എല്ലാ ജനങ്ങൾക്കും നീതി കിട്ടുന്ന ഭരണം വരണം. കെ. ബിനിമോനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയാൽ താൻ അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷനേതാവിന് കത്തയച്ചെന്നും പോസ്റ്റിലുണ്ട്. * വീഡിയോയിലെ ആരോപണം അടിസ്ഥാനരഹിതമെന്ന് സി.പി.ഐ. വീഡിയോയിലുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എൻ. രമേശനും സി.കെ. ആശ എം.എൽ.എ.യും പറഞ്ഞു. ഇതിനുപിന്നിൽ രാഷ്‌ട്രീയപ്രേരണയുണ്ട്. അത് അദ്ദേഹം സ്വയം ചെയ്‌തതാണെന്ന് കരുതുന്നില്ല. സി.പി.ഐ.ക്കെതിരായി മനഃപൂർവം തയ്യാറാക്കിയതാണ് വീഡിയോ-ഇരുവരും പറഞ്ഞു. ചെല്ലപ്പനോട് വാങ്ങിയത് 7.54 ലക്ഷം തൈ, 23.26 ലക്ഷം രൂപ ചെല്ലപ്പന് നൽകിയെന്നും കൃഷിവകുപ്പ് കോട്ടയം : വൈക്കം തലയാഴത്ത് ചെല്ലപ്പൻ ആത്മഹത്യചെയ്തത് ഭൗർഭാഗ്യകരമാണെന്നും, വെച്ചൂർ പഞ്ചായത്തിൽ അദ്ദേഹം നഴ്‌സറി സ്ഥാപിച്ചത്, കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന ലഭിച്ച നാലുലക്ഷം രൂപകൊണ്ടാണെന്നും കൃഷിവകുപ്പ് അറിയിച്ചു. കൃഷിവകുപ്പ് സ്കീമുകളിലേക്ക് വിവിധ കൃഷിഭവനുകൾ മുഖേന ഈ നഴ്സറിയിൽനിന്ന് തൈകൾ വാങ്ങി കർഷകർക്ക് നൽകിയിട്ടുണ്ട്. 2021 മുതൽ ചെല്ലപ്പനോട് 7.54 ലക്ഷം തൈ വാങ്ങി. ഈയിനത്തിൽ 23.26 ലക്ഷം രൂപ ചെല്ലപ്പന് നൽകി. ജനകീയാസൂത്രണ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം തൈകൾ വാങ്ങിയ നീണ്ടൂർ, തിരുവാർപ്പ് പഞ്ചായത്തുകളിൽനിന്ന് 29,350 രൂപ ഇദ്ദേഹത്തിന് കൊടുക്കാനുണ്ട്. തൈകളുടെ ഗുണനിലവാരത്തിൽ കർഷകർ ആക്ഷേപമുന്നയിച്ച സാഹചര്യത്തിൽ, നഴ്‌സറികൾക്ക് ലൈസൻസ് നൽകുന്നതിന് കൃഷിവകുപ്പ് നിബന്ധന കർശനമാക്കി. ചെല്ലപ്പന്റെ ഗുരുകൃപ എന്ന നഴ്‌സറിക്ക് ആസമയത്ത് ലൈസൻസ് ഇല്ലായിരുന്നു. അന്ന് ഈ നഴ്സറിയിൽനിന്ന് തൈകൾ വാങ്ങാനാകാതെവന്നപ്പോൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് ചെല്ലപ്പനെക്കൊണ്ട് ലൈസൻസിന് അപേക്ഷ കൊടുപ്പിച്ചു. തുടർന്ന് ലൈസൻസ് നൽകിയിരുന്നുവെന്നും കൃഷിവകുപ്പ് അറിയിച്ചു. പാർട്ടി നേതാക്കൾക്കുവേണ്ടത് കമ്മിഷനെന്ന് ആരോപണം കോട്ടയം : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാർഷിക സംരംഭകനായ ചെല്ലപ്പന്റെ മരണം സി.പി.ഐ. പ്രദേശിക നേതൃത്വത്തെ വെട്ടിലാക്കി. ശനിയാഴ്‌ചയാണ് സി.പി.ഐ. പ്രാദേശിക നേതാക്കൾക്കെതിരേ ആരോപണങ്ങളുമായി, ചെല്ലപ്പൻ വീഡിയോ ഇട്ടത്. കൃഷിവകുപ്പിന് ഒരു രൂപയ്ക്ക് തൈകൾ നൽകാൻ തയ്യാറായി മന്ത്രിയെ കാണാൻ ശ്രമിച്ച തന്നെ പാർട്ടിക്കാർ അതിന് അനുവദിച്ചില്ല. അവർക്ക് വേണ്ടത് കമ്മിഷനാണെന്നും ആരോപിച്ചിട്ടുണ്ട്. സി.പി.ഐ. പ്രാദേശിക നേതാക്കളായ ടി.എൻ. രമേശൻ, ജെ.പി. ഷാജി തുടങ്ങിയവർക്കെതിരേയായിരുന്നു ആരോപണം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം വൈക്കത്തെ സി.പി.ഐ. നേതാക്കൾക്കാണെന്നും പോസ്‌റ്റിൽ ഉണ്ട്. ഇലക്‌ട്രിക്കൽ എൻജിനീയറായിരുന്ന െചല്ലപ്പൻ മധ്യപ്രദേശിലും വിശാഖപട്ടണത്തും സഹോദരൻ നാരായണന്റെ കമ്പനിയിൽ േജാലി ചെയ്തശേഷം 2007-ലാണ് നാട്ടിൽ തിരിെച്ചത്തിയത്.രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ദീപു, ജ്യോതിർമയി. പോസ്‌റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ടോടെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. സംഘർഷാവസ്ഥ വൈക്കം: തലയാഴത്ത് സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസിനുമുൻപിൽ കാർഷികസംരംഭകൻ തൂങ്ങിമരിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. ലോക്കൽ കമ്മിറ്റി ഒാഫീസിനുമുൻപിലുള്ള എൽ.ഡി.എഫ്. ഇലക്ഷൻ കമ്മിറ്റി ഓഫീസിലെ പന്തലിൽ ചൊവ്വാഴ്ച രാവിലെ ആറോടെ പത്രവിതരണക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ചെല്ലപ്പൻ ഉപയോഗിച്ചിരുന്ന വാക്കർ സമീപത്തുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി 12 വരെ എൽ.ഡി.എഫ്. പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. പോലീസുകാരെത്തി മൃതദേഹം അഴിച്ചുമാറ്റാൻ ശ്രമിച്ചത് യു.ഡി.എഫ്., എൻ.ഡി.എ. പ്രവർത്തകർ എതിർത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽമാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് കൊണ്ടുപോകാവൂ എന്നും യു.ഡി.എഫ്.-ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. എൽ.ഡി.എഫ്. പ്രവർത്തകർ ഒാഫീസിന് വലയമൊരുക്കി. 11 മണിയോടെ വൈക്കം തഹസിൽദാർ പി.ആർ. അഭിലാഷിന്റെ സാന്നിധ്യത്തിൽ മൃതദേഹപരിശോധന നടത്തിയശേഷമാണ് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. ഇതിനിടെ ബി.ജെ.പി. പ്രവർത്തകർ സമീപത്തെ തലയാഴം കൃഷിഭവൻ ഉപരോധിച്ചു. യു.ഡി.എഫ്. പ്രവർത്തകർ സി.പി.ഐ. ഓഫീസിനുമുൻപിൽ മുദ്രാവാക്യം വിളിച്ചത് എൽ.ഡി.എഫ്. പ്രവർത്തകർ തടഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയായി. പോലീസിടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. യു.ഡി.എഫ്. പ്രതിഷേധത്തിന്, നേതാക്കളായ എം.കെ. ഷിബു, ബി. അനിൽകുമാർ, വി. പോപ്പി, വിവേക് പ്ലാത്താനം, ജി. രാജീവ് എന്നിവർ നേതൃത്വം നൽകി. എൻ.ഡി.എ. സ്ഥാനാർഥി കെ. അജിത്ത്, ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ, ബി.ജെ.പി. നേതാവ് പി.ജി. ബിജുകുമാർ എന്നിവർ കൃഷിഭവനുമുൻപിലെ ധർണയ്ക്ക് നേതൃത്വം നൽകി. സി.പി.ഐ. നേതാക്കളായ സി.കെ. ആശ, ടി.എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഒാഫീസിനുമുൻപിലെത്തിയത്. വൈക്കം ഡിവൈ.എസ്.പി. കെ. സജീവ്, എസ്.എച്ച്.ഒ. ഇ.കെ. സോൾജിമോൻ, കല്ലറ എസ്.എച്ച്.ഒ. ധനപാലൻ, തലയോലപ്പറമ്പ് എസ്.എച്ച്. ഒ.ജി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ്‌സംഘം എത്തിയത്. ഒറ്റയാൾ പോരാട്ടം കോട്ടയം : ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സായിരുന്നു തലയാഴം പുളിക്കാശ്ശേരിൽ കെ. ചെല്ലപ്പൻ എന്ന മക്കൻ ചെല്ലപ്പന്. വാക്കറിന്റെ സഹായത്തോടെയായിരുന്നു ജീവിതം. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറൽ റിസർച്ച് സെന്ററിൽ ഹൈബ്രിഡ് വിത്തുകളെക്കുറിച്ച് പരിശീലനത്തിന് പോയതോടെയാണ് ചെല്ലപ്പൻ കാർഷികസംരംഭകനാകുന്നത്. കല്ലറ പഞ്ചായത്തിലെ വെന്തകരി പാടശേഖരത്ത് 1500 ചാക്കുകളിലായി ചെല്ലപ്പൻ ഹൈബ്രിഡ് വിത്തുകൾ വിതച്ചു. ആ പരീക്ഷണം വൻവിജയമായി. വിത്തുകൾ ജനങ്ങളിലേക്ക് എത്തിക്കാനായി വഴിയോരങ്ങളിൽ കച്ചവടവും തുടങ്ങി. വിത്തുവാങ്ങിച്ചവർക്ക് നൂറുമേനി വിളവ്. തുടർന്ന് വെച്ചൂർ കാളീശ്വരത്തിന് സമീപം കാർഷിക നഴ്സറിയിട്ടു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ സൗജന്യമായി പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. ജൈവകൃഷിയുടെ പ്രചാരകനായി. സ്കൂളിലും സർക്കാർ ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ആശുപത്രി വളപ്പുകളിലുമെല്ലാം പണം വാങ്ങാതെ തൈകൾ നൽകി. 2017 ഡിസംബർ എട്ടിന് കൃഷി സ്ഥലത്തുവീണ് പരിക്കേറ്റ് ചെല്ലപ്പന്റെ അരയ്ക്കുതാഴേക്ക് തളർന്നു. ചികിത്സയ്ക്കുശേഷം 2018-ൽ വീൽച്ചെയറിന്റെ സഹായത്തോടെ കൃഷിയിലേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു. ഇടയാഴത്ത് എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, ഗുരുകൃപ എന്ന േപരിൽ നഴ്‌സറി നടത്തിവരുകയായിരുന്നു. അവിടെ തീർത്ത ഷെഡിലാണ് താമസിച്ചിരുന്നത്. ഏറെക്കാലമായി സി.പി.ഐയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. അഴിമതിക്കെതിരേ നിരവധി ഒറ്റയാൾ സമരങ്ങളും ചെല്ലപ്പൻ നടത്തി. വടയാർ പാലത്തിനുവേണ്ടി കച്ചേരിക്കവലയിൽ ചെളികൊണ്ട് പ്രതീകാത്മക ഓരുമുട്ടുണ്ടാക്കി നനഞ്ഞുവിറച്ച് അതിൽകിടന്ന് ആറുദിവസം സമരം നടത്തി. കരിയാറിൽ സമയബന്ധിതമായി ഓരുമുട്ട് ഇടണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിനുമുന്നിൽ സ്വയം കുരിശിലേറി ഒരുപകൽ മുഴുവൻ മക്കൻ ചെല്ലപ്പൻ കിടന്നതും വേറിട്ട സമരമായിരുന്നു.

‘സിപിഐ നേതാക്കൾക്കുവേണ്ടത് കമ്മീഷൻ, എന്നെ ഇല്ലാതാക്കാൻ ശ്രമം’; ചെല്ലപ്പന്റേത് ഗുരുതര ആരോപണങ്ങൾ
M
MathrubhumiSource Link
about 1 month ago