‘സുധാകരനെ പിണക്കുന്നത് അപകടം’;CPMലെ പൊട്ടിത്തെറിക്ക് പിന്നാലെ UDFലുംപ്രതിസന്ധി,തിളച്ചുമറിഞ്ഞ് കണ്ണൂർ

‘സുധാകരനെ പിണക്കുന്നത് അപകടം’;CPMലെ പൊട്ടിത്തെറിക്ക് പിന്നാലെ UDFലുംപ്രതിസന്ധി,തിളച്ചുമറിഞ്ഞ് കണ്ണൂർ

M
MathrubhumiSource Link
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടി 20 ക്രിക്കറ്റ് മത്സരത്തിന് സമാനമായ പിരിമുറുക്കത്തിലേക്കാണ് കണ്ണൂരിലെ രാഷ്ട്രീയം നീങ്ങുന്നത്. ഐ.പി.എൽ. ക്രിക്കറ്റിന്റെ ആവേശം അടുത്താഴ്ച തുടങ്ങാനിരിക്കെയാണ് നാട്ടിൽ തിരഞ്ഞെടുപ്പ് പൂരത്തിന് കൂടി ആരവമുയർന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിറകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി കളത്തിൽ ഇറങ്ങി. എതിരാളികളെ അമ്പരപ്പിച്ചായിരുന്നു ഞായറാഴ്ച വൈകുന്നേരത്തെ എൽ.ഡി.എഫ്. പ്രചാരണം. വാദ്യമേളങ്ങളുമായി ഇടതുമുന്നണി റോഡ് ഷോകൾ ഉൾപ്പടെ ഒൻപത് മണ്ഡലങ്ങളിൽ നടത്തി. സ്ഥാനാർഥികളുടെ ഒൗദ്യോഗിക മണ്ഡലം പര്യടനങ്ങളും ആരംഭിച്ചു. സഞ്ജു സാംസൺ സിക്സടിച്ച് ബാറ്റിങ് തുടങ്ങുന്നതുപോലെ സ്ഫോടനാത്മകമായ തുടക്കം. പ്രചാരണത്തിന് ദിവസങ്ങൾ കുറവാണെന്നതിനാൽ മിന്നൽവേഗത്തിലെ തുടക്കം വലിയ പ്രയോജനം ചെയ്യുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ കരുതിയത്. കൂത്തുപറമ്പ് ഒഴിച്ചുള്ള മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ കളം നിറഞ്ഞിരിക്കയാണ്. പി.കെ.പ്രവീണിനെ ഇവിടെ ആർ.ജെ.ഡി. സ്ഥാനാർഥിയായി തീരുമാനിച്ചിട്ടുണ്ട്. To advertise here, യു.ഡി.എഫ്. പ്രതിരോധത്തിലായി നിൽക്കുമ്പോഴാണ് പ്രതീക്ഷ പകർന്ന് സി.പി.എം. നേതാവും മുൻ സി.പി.എം. നേതാവും രംഗത്തെത്തിയയത്. കളിയുടെ ഗതിയിൽ ഇത് മാറ്റം വരുമോ എന്ന ആകാംക്ഷയാണിപ്പോൾ. പ്രചാരണത്തിൽ കുതിക്കുന്നതിനിടയിലാണ് സി.പി.എം. പയ്യന്നൂരിലും തളിപ്പറമ്പിലും പ്രതിസന്ധിയിലായത്. പയ്യന്നൂരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ വി.കുഞ്ഞിക്കൃഷ്ണൻ മത്സരിക്കുമെന്ന് തിങ്കളാഴ്ച രാവിലെ പ്രഖ്യാപിച്ചു. ഇവിടെ കുഞ്ഞിക്കൃഷ്ണന് യു.ഡി.എഫ്. പിന്തുണ നൽകും. പയ്യന്നൂരിന് പിറകെയാണ് തളിപ്പറമ്പിൽ അതിലും വലിയ പൊട്ടിത്തെറിയുണ്ടായത്. തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയത്തെച്ചൊല്ലി കലഹിച്ച ജില്ലാ സെക്രട്ടേറിയറ്റംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ.ഗോവിന്ദൻ കലാപക്കൊടിയുമായി എത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ രൂക്ഷമായി വിമർശിക്കുകയും വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ സി.പി.എമ്മിൽ കേട്ടുകേൾവിയില്ലാത്ത സംഗതിയാണിത്. തളിപ്പറമ്പിലും അവസരം മുതലാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. സി.പി.എമ്മിനെ വെട്ടിലാക്കാൻ ‘പുതിയ ചില സാധ്യതകൾക്ക്’ വഴിതേടുകയാണ്. സി.പി.എം. കോട്ടകളിൽ വിള്ളൽ വീഴ്ത്തുക തന്നെയാണ് ലക്ഷ്യം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ടി 20 ക്രിക്കറ്റ്പോലെ പിരിമുറുക്കം വീണ്ടും കൂടി. സി.പി.എമ്മിന്റെ രണ്ടുവിക്കറ്റുകൾ കിട്ടിയ പ്രതീതിയിലാണ് ഇപ്പോൾ കോൺഗ്രസ്. യു.ഡി.എഫിലെ പ്രതിസന്ധി സിറ്റിങ്‌ സീറ്റുകളായ ഇരിക്കൂറിലും പേരാവൂരിലും ഒഴിച്ച് മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല. ഒരുക്കങ്ങൾ നേരത്തേ തുടങ്ങി എന്ന് അവകാശപ്പെട്ടിരുന്ന ഐക്യമുന്നണിയിൽ അനിശ്ചിതത്വമാണിപ്പോൾ. ഏതുസമയത്തും സ്ഥാനാർഥിപ്രഖ്യാപനം ഉണ്ടാകുമെന്ന് മാത്രമാണ് പറയുന്നത്. സ്ഥാനാർഥിപ്രഖ്യാപനം വൈകിയാലും എൽ.ഡി.എഫിനെ ചെയ്സ് ചെയ്ത് തോൽപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണവർ. എന്നുവരും സ്ഥാനാർഥിയെന്ന് കണ്ണുംനട്ടിരിക്കയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകർ. ഇനി ഒരു പ്രചാരണബോർഡ് വെക്കാൻപോലും സ്ഥലം കിട്ടാതാകുമോ എന്ന് വിലപിക്കുന്ന പ്രവർത്തകരുമുണ്ട്. ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്. അവകാശവാദമുന്നയിച്ചിരുന്ന കണ്ണൂർ നിയമസഭാമണ്ഡലത്തിൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കെ.സുധാകരൻ എം.പി. മത്സരിക്കണമെന്ന ആഗ്രഹം അറിയിക്കുകയും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ ഡൽഹിയിലെ ചർച്ചകൾ വഴിമുട്ടി. സുധാകരനെ പിണക്കി മുന്നോട്ടുപോകുന്നത് അപകടമാണെന്ന് ബോധ്യമുള്ള ഹൈക്കമാൻഡ് അനുനയശ്രമങ്ങൾ തുടരുകയാണ്. മറ്റ് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആരാണെന്നതിൽ അവസാന തീരുമാനമായിട്ടില്ല. സി.പി.എം. വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന പല മണ്ഡലങ്ങളിലും സ്ഥാനാർഥിമോഹികൾ പൊതുവേ കുറവാണ് ഇത്തവണ. എങ്കിലും ഒറ്റപ്പേരിൽ എത്താൻ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസംതന്നെ തലശ്ശേരി, ധർമടം, കൂത്തുപറമ്പ്, കല്യാശ്ശേരി, മട്ടന്നൂർ മണ്ഡലങ്ങളിലെ കോൺഗ്രസ് പട്ടിക വരുമെന്നാണ് അറിയിപ്പ്. കണ്ണൂരിലെ പ്രത്യേക സാഹചര്യത്തിൽ തീരുമാനം വൈകാം. അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയുടെ പ്രഖ്യാപനവും വൈകില്ല. കളത്തിലിറങ്ങി ബി.ജെ.പി.യും ജില്ലയിൽ മൂന്ന് സീറ്റുകളിൽ ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മറ്റ് പേരുകൾക്ക് ചൊവ്വാഴ്ചയോടെ ഡൽഹിയിൽനിന്ന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. കണ്ണൂരിൽ ദേശീയസമിതി അംഗം സി.രഘുനാഥ്, അഴീക്കോട്ട് നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ, പയ്യന്നൂരിൽ എ.പി.ഗംഗാധരൻ എന്നിവർ മത്സരിക്കും. സ്ഥാനാർഥിപ്പട്ടിക വന്നയുടൻ പ്രചാരണത്തിൽ സജീവമാകാനുള്ള അണിയറപ്രവർത്തനങ്ങൾ പാർട്ടി പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസൊക്കെ തുറന്നുകഴിഞ്ഞു. Content Highlights: LDF initiated a high-speed campaign across nine constituencies in Kannur., Internal friction within CPM in Payyannur and Taliparamba constituencies., UDF faces delays in candidate announcements, creating uncertainty among workers., BJP has announced candidates for three key constituencies in the district., K. Sudhakaran's potential candidacy in Kannur adds complexity to UDF decisions. Published: 17 Mar 2026, 08:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സുധാകരനെ പിണക്കുന്നത് അപകടം’;CPMലെ പൊട്ടിത്തെറിക്ക് പിന്നാ… | Boolokam