‘Methil, You are Impossible’: മേതിൽ രാധാകൃഷ്ണനെക്കുറിച്ച് കല്പറ്റ നാരായണൻ

‘Methil, You are Impossible’: മേതിൽ രാധാകൃഷ്ണനെക്കുറിച്ച് കല്പറ്റ നാരായണൻ

M
MathrubhumiSource Link
മാതൃഭൂമി സാഹിത്യപുരസ്കാര വേദിയിൽ മേതിൽ രാധാകൃഷ്ണന്റെ വിസ്മയിപ്പിക്കുന്ന രചനാ ലോകത്തെയും ദർശനങ്ങളെയും കുറിച്ച് കവി കല്പറ്റ നാരായണൻ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. To advertise here, മാതൃഭൂമി എൻ്റെ മാതൃഭൂമിയായത് ആദ്യം ഖസാക്കിൻ്റെ ഇതിഹാസവും രണ്ടാമത് സൂര്യവംശവും അതിൽ പ്രത്യക്ഷപ്പെട്ടപ്പോളാണ്. എന്നെ നിർവ്വിശേഷം സ്വാധീനിച്ചു ഈ രണ്ടു കൃതികളും. എൻ്റെ വേരുകൾ നീണ്ടു, എൻ്റെ മൊട്ടുകൾ വിരിഞ്ഞു. ഖസാക്കിൻ്റെ രൂപശിൽപ്പഗരിമ സൂര്യവംശത്തിനില്ലെങ്കിലും വിസ്മയവാക്യങ്ങളുടെ ഒരു ഖനിയായിരുന്നു എനിക്ക് സൂര്യവംശം. വായിക്കുമ്പോൾ കണ്ണിൽ വീഴുന്ന മുടിച്ചുരുൾപോലുള്ള എത്ര വാക്യങ്ങൾ! ഏതിലയും മധുരിക്കുന്ന കാടുകളിൽ മേഷക്കിടാവിനെപ്പോലെ സൂര്യവംശത്തിലെ വാക്യങ്ങൾക്കിടയിൽ ഞാൻ മേഞ്ഞു. കെ.പി. നിർമ്മൽകുമാർ ഇൻ്റലക്ച്ചലി ഡിസ്റ്റർബ്ബിങ്ങ് എന്നാണ് സൂര്യവംശത്തെ വിശേഷിപ്പിച്ചതെങ്കിൽ എസ്തെറ്റിക്കലി ഡിസാമിങ്ങ് എന്നാണ് എനിക്ക് തോന്നിയത്. എല്ലാംകൊണ്ടും അപ്രതീക്ഷിതമായ ഈ നോവൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച നിമിഷമായിരുന്നു എംടിയുടെ പത്രാധിപജീവിതത്തിലെ സാഹസികതയുടെ മുഹൂർത്തം. പരമ്പരാഗതമായിരുന്നില്ല അതിലാഗതമായതൊന്നും. വിജയൻ അഭൗമികനുമായിരുന്നെങ്കിൽ മേതിൽ മുച്ചൂടും ഭൗമികൻ. മേതിൽ എന്ന പദത്തിൻെറ അർത്ഥം ഭൂമിയെന്നാണെങ്കിൽ മേതിൽ രാധാകൃഷ്ണൻ ഭൂമിയിൽ രാധാകൃഷ്ണനാണ്. ഭൂമി തറവാട്ടു പേരായ ഈ സാർവ്വ 'ഭൗമൻ ' തന്നിൽ നിക്ഷിപ്തമായ എക്കോളജിക്കൽ ജസ്റ്റീസ് ഒരു രചനയിലും വിസ്മരിച്ചില്ല. അടിമുടി കവിയാണ് മേതിൽ. കവിത എഴുതുമ്പോൾ മാത്രമല്ല കഥയോ ഉപന്യാസമോ ഒരു ചെറുകുറിപ്പോ എഴുതുമ്പോൾ പോലും "ആപാദചൂഡം കവിയായ് കാഞ്ഞങ്ങാട്ടു പിറന്നവൻ" എന്ന അക്കിത്തത്തിൻ്റെ വരിയിലെ കാഞ്ഞങ്ങാട്ട് മാറ്റി പാലക്കാട്ടാക്കിയാൽ മേതിലായി. പാലക്കാട്ടാകട്ടെ, നെല്ലറ മാത്രമായിരുന്നില്ല പ്രതിഭകളുടെ കലവറയുമായിരുന്നു. മിച്ചമുല്ല്യത്തിൻ്റെ ധൂർത്തെന്ന് ഒരു മാർക്സിസ്റ്റിന് കൂട്ടിവായിക്കാം. തുഞ്ചൻ, കുഞ്ചൻ, വികെഎൻ, വിജയൻ, മേതിൽ, ഒളപ്പമണ്ണ.. സംഗീതത്തിൽ ചെമ്പൈ, വാദ്യകലയിൽ പല്ലാവൂർ, പാലക്കാട് മണി അയ്യർ.. തലയിൽ ലഹരിയുമായി നിൽക്കുന്ന ഒറ്റയാന്മാരായ കരിമ്പനകൾ. മേതിലിലേക്ക് മാത്രമായി വന്നാൽ വാക്യം തോറും കാവ്യലഹരി. ഉരുകിയ മെഴുകുതിരിയിൽ ഇയാൾ കന്യകയുടെ ശിരോവസ്തങ്ങൾ വായിച്ചു. നരച്ച രോമത്തിൽ മരണത്തിൻ്റെ വേരുകൾ വായിച്ചു. ഒച്ചിൻ തോടിൽപഗോഡകൾ, ബുദ്ധദേവാലയങ്ങൾ കണ്ടു ഞാഞ്ഞൂലിൽ നൂറു മോതിരവലയങ്ങളണിഞ്ഞ വധുവിനെ ദർശിച്ചു. കുടം നിറയുമ്പോൾ നേർരേഖയാവുന്ന കയർ കണ്ടു മേതിലിലെ കാളിദാസൻ.. മുന്നോട്ടായാനായി പിന്നോക്കം വെക്കുന്ന കാലിൽ, പിന്നോട്ട് വലിയുന്ന കാഞ്ചിയിൽ, ഞാണിൻ്റെ പിൻവലിയലിൽ എന്തിന് ശൗചക്രിയയിൽ പോലും പിന്നോട്ട് പറക്കുന്ന പെൻഗ്വിനെ നിരീക്ഷിച്ച കവി പെൻഗ്വിൻ മുന്നോട്ട് പോയാൽ ഭൂതത്തിലെത്തുമെന്നും കണ്ടു. മുലകൾ സൃഷ്ടിച്ചത് പെൺകുട്ടികൾക്ക് നെടുവീർപ്പിടാനാണെന്ന് നിരീക്ഷിച്ചു.  അതിരുവിട്ടും മേതിൽ കവിത സഞ്ചരിക്കുന്നുണ്ട്. കരിങ്കല്ലോളം കഠിനമായ, അഭേദ്യമായ നിശ്ശബ്ദത എനിക്ക് കവിത കൊണ്ട് ഭേദിക്കണമെന്ന് എഴുതുന്നുണ്ട് മേതിൽ. "കല്ലിൽ ഞാനൊരു കവാടം തിരയുന്നു /എനിക്കൊരു കുമ്പസാരം നടത്തണമെന്നുണ്ട് / ഇനിയും ഇനിയും ഞാൻ മുട്ടും". മേതിലിൻ്റെസീതാകാവ്യം കാണുക, 'മൈഥിലി ഒരു വാഗ് ജാലം' ഉഴവുചാലിൽ ആവിർഭവിക്കയാലും അരമന വെടിഞ്ഞ് വനാന്തരങ്ങളിൽ പാർക്കയാലും ഒടുവിൽ ഭൂമി പിളർന്ന് തിരോഭവിക്കയാലും സീത തനിക്കൊരു എക്കോളജിക്കൽ ദേവതയാണ്. ഈ കാവ്യത്തിൻ്റെ നിർവ്വഹണം ആശാൻ്റെ സീതാ നിർവ്വഹണഘട്ടത്തോളം ഉജ്ജലം. സീതയിലെ നിർവ്വഹണഘട്ടത്തിൽ ആ എക്കോളജിക്കൽ ദേവത പറയുന്നു." അതിരമ്യബഹിർജ്ജഗ ത്തൊടിന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ/ ക്ഷിതിയിൽ തനു ചേരുമെൻ മനോ/ രഥമിബ് ഭംഗികളോടുമൈക്യമാം". മേതിലിൻ്റെ സീതാ കാവ്യം അവസാനിക്കുന്നതിങ്ങനെ.. "അടിയിൽ നീയുണ്ട്/ അതെന്നെ ആശ്വസിപ്പിക്കുന്നു/ എൻ്റെ ഹൃദയത്തിൻ്റെ നാൽക്കവലയിൽ ഞാനൊറ്റപ്പെടുമ്പോൾ/ ചെറുതായി ചെറുതായി വരുന്നൊരു വേരുപോലെ/ ചതിക്കുഴിയിൽപ്പെട്ടൊരു കാൽപ്പത്തി പോലെ/ ഒപ്പുകടലാസിലേക്ക് മഷി പോലെ/ കടയുന്നൊരുകലപ്പ പോലെ / കണ്ണീരും മഴയും പോലെ/ എനിക്ക് വരാമല്ലോ." ആദ്യത്തെ കണ്ണെടയിൽ മേതിലെഴുതുന്നു." ആദ്യത്തെ കണ്ണടയുടെ സുഖം / ആദ്യത്തെ പ്രേമത്തിൻ്റെ സുഖമാകുന്നു/ മങ്ങി രൂപമഴിഞ്ഞ ലിപികൾ പെട്ടെന്ന് തെളിഞ്ഞുവരുന്നത്/ മങ്ങിയ രൂപങ്ങൾ പെട്ടെന്ന് നൃത്തങ്ങളും ചിത്രശലഭങ്ങളും ആകുന്നത് പോലെയാണ് ". ആദ്യത്തെ കണ്ണടയോ പ്രേമമോ തരുന്നതാണ് മേതിലെനിക്ക് തന്നത്. ഒരാവരണം നീങ്ങി പ്രകൃതി അതിൻ്റെ ആദിമമായ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു. "തുറന്ന കണ്ണകളിലേക്ക് വയലുകളും ആകാശങ്ങളും/ ഒരു കാറ്റു പോലെ പാഞ്ഞു വരുന്നു/ എല്ലാം എല്ലാറ്റിനോടും വിളിച്ചു പറയുന്നു/ ഞാൻ നിന്നെ സ്നേഹിക്കുന്നു." മേതിൽ കാമുകിയെ കാലാതീതയാക്കുന്നു "എൻ ചിതോറിൻ്റെ പത്മിനി". ഒന്നുകൂടി കൂടി കവിയാവാനാണ് മേതിൽ കഥകളോ ഉപന്യാസങ്ങളോ എഴുതുന്നതെന്നേ അവയുടെ കണ്ണഞ്ചിക്കുന്ന ഉടലുകൾ നോക്കി കാവ്യപക്ഷ പാതികൾ പറയൂ "മരിച്ചവരുടെ വിജനമായ മുറിയിൽ വിജനത കൂടുതലാണ്" എന്നും " കനത്തവയെ കനമില്ലാത്ത പോലെയാക്കാൻ സഹായിക്കുന്ന തന്ത്രമാണ് ജീവൻ" എന്നോ" നിലാവില്ലായിരുന്നെങ്കിൽ വഴികൾ എക്സ് റേ ചിത്രത്തിലെ എല്ലുകൾ പോലെ തെളിയുമായിരുന്നില്ല" എന്നോ ഒക്കെ വർണ്ണിക്കുക മാത്രമല്ല മേതിൽ. ചെറുകഥയിലെ ആർക്കിടെക്റ്റാണു മേതിൽ. എഞ്ചിനീയറാവാൻ പിറന്നവൻ എന്ന് സ്വയം കുറ്റപ്പെടുത്തുകയോ വാഴ്ത്തുകയോ ചെയ്ത മേതിൽ ചെറുകഥയിലാണാ മോഹം സാക്ഷാത്ക്കരിച്ചത്. മേതിൽ കഥയിലല്ലാതെ പണിയാനാവാത്ത, മേതിലിനല്ലാതെ പണിയാനാവാത്ത മായാമന്ദിരങ്ങൾ പണിതു. പല നിലയുള്ള മാളികകൾ. ഇത്രയധികം വളവുതിരിവുകളുള്ള കെട്ടിടങ്ങൾ മലയാള ചെറുകഥ പരിചയിച്ചിട്ടേയില്ല. സംഗീതം ഒരു സമയ കല, കയറിൻ്റെ അറ്റം, ഹിച്ച് കോക്കിൻ്റെ ഇടപെടൽ, മെലിഞ്ഞവരുടെ മനശ്ശാസ്ത്രം, നായകന്മാർ, ശവപേടകങ്ങളിൽ, എങ്ങനെയൊരു പഴുതാരയെ കൊല്ലാം... എല്ലാ കഥകളിലും ഈ വാസ്തുവൈഭവം കാണാം. സാധാരണയായി ചെറുകഥ ഒരനുഭവത്തിൻ്റെ ഇംപ്രൊവൈസേഷനാണെങ്കിൽ മേതിലിലത് പലപ്പോഴും ഒരു സ്പാർക്കിൻ്റെ, ഒരു മിന്നലിൻ്റെ ഇംപ്രൊവൈസേഷനാണ്. "ഇതിവൃത്തം തേടുന്ന വിശദാംശങ്ങളാണ് എൻ്റെ കഥകൾ". ഒരു സൂക്ഷ്മവിശദാംശത്തിൽ നിന്ന് ഒരു തീപ്പൊരിയിൽ നിന്നൊരു കാട്ടുതീ പോലെ അത് വ്യാപിക്കുന്നു. മുലക്കണ്ണിലെ കണ്ണ് ,കണ്ണ് തുറപ്പിച്ച ഒരു നിമിഷത്തിലെ ബോധോദയം ആണ് ' ശൈലജയും ലാറസ്പക്ഷികളും' എന്ന കഥ മുലകളേക്കാൾ അഴകുള്ള തുണിക്കടകളിലെ ബൊമ്മകളുടെ മുലകൾക്ക് പ്രകൃതിയുടെ കൈയ്യൊപ്പില്ല എന്ന് കണ്ടപ്പോഴുള്ള മിന്നലിൽ നിന്ന് കെട്ടിയുയർത്തിയ ശൈലജയും ലാറസ് പക്ഷിയും എന്ന കഥ. കൗമാരക്കാരിയായ ശൈലജ മുലക്കണ്ണിലൂടെ കാഴ്ചകൾ കണ്ടു തുടങ്ങിയതേയുള്ളൂ. അപ്പോഴാണ് കണ്ണില്ലാത്ത, അന്ധകളായ മാനൻകിന്നുകളെ കണ്ട് അസ്തപ്രജ്ഞയാകുന്നത്. രണ്ടേ രണ്ട് കൺകുത്തുകളുപയോഗിച്ച് പ്രേരണയും പ്രീണനവും നടത്തി അതിജീവിക്കുന്ന ലാറസ് പക്ഷികളോടുള്ള പ്രകൃതിയുടെ കരുതലുമായി മനുഷ്യ നിർമിതമായ ആ അന്ധമായ മുലകളെ ബന്ധിപ്പിക്കുന്നു മേതിൽ. ജാലവിദ്യക്കാരൻ അപ്രതൃക്ഷമാക്കുന്ന വസ്തുക്കൾ എവിടെയാണുണ്ടാകുക എന്ന വിസ്മയം വാക്കുകളുടെ മാന്ത്രികനായ ഡെലൻ തോമസിലേക്കെത്തുന്നു. "അന്ന് കളിക്കുമ്പോൾ ഞാൻ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടിൽ വീണിട്ടില്ല". റോപ്പ് മാജിക്കുകാരനായ പുലവൻ്റെ കയർ വഴി മുകളിലേക്ക് കയറിയ പയ്യൻ നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല എന്ന് കണ്ട എഴുത്തുകാരൻ പാതിരാത്രിയിൽ ആ കയർ വഴി മുകളിലെത്തുന്നു. അവിടെയതാ അന്തരീക്ഷത്തിൽ പന്തുകളും വടികളും കോപ്പകളും കത്തികളും. കൂട്ടത്തിൽ ഡൈലൻ തോമസിൻ്റെ പന്തും. അയാളത് പുലവന് എറിഞ്ഞു കൊടുക്കുന്നു. മാന്ത്രികത കവിയിൽ നിന്ന് പഠിക്കു എന്ന് കാട്ടാനോ? ഭാഷയുടെ മാന്ത്രികതയോട് മജീഷ്യന് ജയിക്കാനാവില്ല എന്ന്കാട്ടാനോ? തൻ്റെ സിനിമകളിൽ സിനിമയുടെ ഉളളടക്കത്തെ അലട്ടാതെ, ഘടനയുടെ ശ്വാസഗതിയെ അലട്ടാതെ, സിനിമയെ ഉണർത്താതെ ഒരു പ്രത്യേക സന്ദർഭത്തിൽ കടന്നു പോവുന്ന ഹിച്ച് കോക്കിൽ അവിഹിതമായ എന്തോ ഒന്നില്ലേ? ഒരഗമ്യഗമനം. അമർ നാഥ് എന്ന ഗോഡ്ഫാദറും ആരതി എന്ന പിറക്കാ മകളും തമ്മിലുള്ള അവിഹിതമായ താത്പര്യത്തിൽ അതിനൊരു സമാന്തരം ആരായുകയാണ് മേതിൽ, 'ഹിച്ച് കോക്കിൻ്റെ ഇടപെടലിൽ '. ഇൻസെസ്റ്റിൻ്റെ സാന്നിധ്യമുള്ള രതിയിൽ ദൈവം കൂടുതൽ മന്ദഹസിക്കുന്നുണ്ടോ എന്ന അൽപം അപകടകരമായ ചിന്തയിലെത്തുന്നുണ്ടാക്കഥ.  മേതിലിൻ്റെ സ്പർശിനികളല്ലാം കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തനസ ന്നദ്ധമാവുന്നത് ഉപന്യാസങ്ങളിലാണ്. ചിന്തനവും കവനവും കഥനവും ആലേഖനവും വെവ്വേറെയല്ലാത്ത മേതിലിൻ്റെ വൈവിധ്യങ്ങളെല്ലാം ഉപന്യാസങ്ങളിൽ ഏകോപിതമാവുന്നു. സദാ ഉരുത്തിരിയുന്ന, ഇവോൾവ് ചെയ്യുന്ന, മേതിൽ മനസ്സ് ഉപന്യാസങ്ങളിൽ ഇച്ഛയുടെ തേരോട്ടം നടത്തുന്നു. "ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര" എന്ന കടങ്കഥയിലെ കുതിരയും പാദരക്ഷയുമുള്ള അഭിമുഖം യാദൃച്ഛികമല്ല എന്ന് അന്വേഷിച്ച് കണ്ടെത്തുന്നു മേതിൽ. "കുതിരകളുടെ വിരലുകളെണ്ണിയാൽ" എന്ന ലേഖനത്തിൽ. ചരിത്രത്തിൽ അത് വരെ തരണം ചെയ്യാത്തത് തരണം ചെയ്യാൻ മനുഷ്യൻ കുതിരക്കുളമ്പുകളുപയോഗിച്ചു. മേതിലെഴുതുന്നു "ഷൂവുകൾ ധരിക്കുന്നവരിൽ നിന്ന് കുതിരക്കുളമ്പിലേക്ക് കടന്നാൽ തോന്നും ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷൻ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ്?കുതിരകളിൽ നിന്ന് ഷൂവിലേക്ക് കടന്നാൽ തോന്നും കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ ആദ്യപ്രചോദനം.? "കുളമ്പിൽ നിന്നും ഷൂവിലേക്കുള്ള യാത്ര കുതിരവേഗത്തിൽ ഗോൽഗോതയിലോളം ചെല്ലുന്നു." ചരിത്രത്തിൻ്റെ ലാടം എന്നേക്കുമായി കുളമ്പിൽ തറയ്ക്കപ്പെടുന്നു." ബഹുശിഖരമാർന്ന മേതിലിൻ്റെ ഈ ദൃശ്യരചനകളെ ഉപന്യാസങ്ങളെന്നോ പ്രബന്ധങ്ങള്ളെന്നോ വിളിച്ചാൽ മതിയാവുമോ? പ്രേമലേഖനം എന്ന സമസ്ത പദഞ്ഞിൽ ഒരുമിച്ച് കഴിഞ്ഞതിൻ്റെ പരിചയമുള്ള ലേഖനം എന്ന പദമാവാം പ്രേമപൂർവ്വം എഴുതപ്പെട്ട ഈ രചനകൾക്ക് ഉപന്യാസത്തേക്കാൾ പ്രബന്ധത്തെക്കാൾ ഇണങ്ങുക. നിലവിലുള്ള പ്രവണത അതേപടി തുടരുകയാണെങ്കിൽ 2156 ഒളിമ്പിക്സിൽ ആണിനേക്കാൾ വേഗത്തിലോടുക പെണ്ണായിരിക്കുമെന്ന് "പെൺപാച്ചിൽ, ഒരു പ്രവചനം" എന്ന ലേഖനത്തിൽ മേതിൽ പ്രവസിക്കുന്നു. ഒളിമ്പിക് താരകൾ പെൺപാച്ചിലിൻ്റെ ഐതിഹാസിക രേഖാദേദനം കാത്തുകിടക്കുകയാണ്. "ഞാൻ പറയുക, കാലാന്തരത്തിൽ സ്ത്രീപുരുഷ വ്യത്യാസം ഒളിമ്പിക്ക് താരകളിൽനിന്ന് തിരോഭവിക്കും. റെക്കാർഡുകൾ നോക്കിയാലറിയാം, റെക്കാർഡുകൾ പുരുഷൻ പിന്നീടുന്നതിനേക്കാൾ പലമടങ്ങു വേഗത്തിലാണ് സ്ത്രീ പിന്നിടുന്നത്. ഓടുമ്പോഴും ചാടുമ്പോഴും പുരുഷനെ പിന്നിലാക്കുക എന്ന ചരിത്രപരമായ നിയോഗം കൂടി അവളെ ഊർജ്ജസ്വലയാക്കുന്നുണ്ട്. ക്രിക്കറ്റിൽ നാമത് കണ്ടു തുടങ്ങി. ഗ്യാലറികൾ നിറഞ്ഞു തുടങ്ങി. ബുദ്ധിമതികളായ സ്ത്രീകളാണ് മേതിലിൻ്റെ അഡ്രസ്സിയെന്നത് ശ്രദ്ധേയം. ബ്രില്യൻ്റ്  ആയ ഒരു പെൺകുട്ടിയായിരുന്നു മേതിലിൻ്റെ അഡ്രസ്സി എന്ന് പീലി വിടർത്തിയാടുന്ന ആ രചനകൾ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ കഥകളിലെ സ്ത്രീകഥാപാത്രങ്ങൾ അവരുടെ പ്രബുദ്ധകൊണ്ടത് പ്രഖ്യാപിക്കുന്നുണ്ട്. 'കെയ്സെറ സെറ' എന്ന മേതിലിൻ്റെ പംക്തി അഡ്രസ്സ് ചെയ്യുന്നത് മിടുക്കിയായ ബബിതയെയാണ്. കുറ്റാന്വേഷണവാസന ഒരു ജന്മവാസനയാണോ? സോഫോക്ളിസിൻ്റെ ഈഡിപ്പസ് റെക്സ് ഒരു കുറ്റാന്വേഷണകഥയാണെന്നും കഥാനായകൻ താൻ തന്നെയാണ് കുറ്റവാളി എന്ത് ഒടുവിൽ കണ്ടെത്തുകയാണെന്നും ബോർഹെസ് എഴുതുന്നുണ്ട്. ഈഡിപ്പസ്സിൽ ജന്മനാ പരിക്ക് പറ്റിയ മനുഷ്യനുണ്ട് എന്ന് ഫ്റോയിഡ് കണ്ടെത്തുന്നുമുണ്ട്. മേതിൽ രചനകളുടെ ആദ്യ അവതാരമായ സൂര്യവംശം ഒരു കുറ്റാന്വേഷണകഥ. ഒരു തുമ്പിൽ നിന്നുള്ള തുടരന്വേഷണങ്ങൾ ആണ് മേതിലിൻ്റെ പലകഥകളും. തെളിവുകളെ ബന്ധിപ്പിക്കുന്നതിൽ മേതിലിനുള്ള പാടവത്തിൽ ഒരു സമർത്ഥനായ കുറ്റാന്വേഷകനുണ്ട്. യാദൃച്ഛികതകൾ ഇല്ലെന്നാണ് കുറ്റാന്വേഷകൻ കരുതുന്നതൊരു വാക്യമുണ്ട് മേതിലിൽ. കേസ് തെളിഞ്ഞുവരുമ്പോൾ യാദൃച്ഛികമെന്ന് കരുതപ്പെട്ടതെല്ലാം ആസൂത്രിതമായിരുന്നെന്ന് തെളിയുന്നു. യാദൃച്ഛികതകളെ അതിജീവിക്കാനാണ് മതങ്ങൾ ദൈവത്തെ കണ്ടുപിടിച്ചത് എങ്കിൽ ഈ സ്രഷ്ടാവ് കഥാപാത്രങ്ങളെ പടച്ചതും അതിനു വേണ്ടി. നിരീക്ഷണങ്ങളും നിഗമനങ്ങളും പ്രധാനമായ ലേഖനങ്ങളെല്ലാം കുറ്റാന്വേഷണ പരിശ്രമങ്ങൾ.. കുറ്റാന്വേഷണത്തിൻ്റെ ഘടന മേതിലിൻ്റെ ഏതാണ്ടെല്ലാ രചനകളും പിന്തുടന്നു. അത്ഭുതകരം എന്ന വാക്കിൽ അത്ഭുതം പ്രവർത്തിക്കുന്ന കരം എന്ന അർത്ഥമുണ്ടെന്ന് ബഷീറും മേതിലുമാണെന്നെ ധരിപ്പിച്ചത്. തനിക്കല്ലാതെ മെരുക്കാനാവാത്ത കുതിരപ്പുറത്തേ മേതിലിനെ ഞാൻ കണ്ടിട്ടുള്ളു. മഞ്ഞയെ, നിറങ്ങളിൽ വെച്ച് കാട്ടുകുതിരയായ മഞ്ഞയെ, അദ്ദേഹം മെരുക്കിയെടുത്തു എന്ന് വാൻഗോഗിനെപ്പറ്റി മേതിൽ എഴുതിയിട്ടുണ്ട്. "ഞാനല്ലാതെ മതിയാകയില്ലെന്നും നൂനം" എന്ന ദുർവിധി മൂലം ഞാനെഴുതുകയാണ് എന്ന് രാമപുരത്തുവാരിയെഴുതിയതും ഓർക്കുന്നു. വിചിത്രവും മൗലികവുമാണ് മേതിൽ. ചിത്രത്തിന് ചിത്രമെന്നും ആശ്ചര്യമെന്നും അർത്ഥം. "എത്രയും ചിത്രം ചിത്രം" എന്ന് എഴുത്തച്ഛൻ. ജീവിതത്തിൻ്റെ ആശ്ചര്യമാവിഷ്കരിച്ച പ്രതലം എന്ന് അരിസ്ട്ടോട്ടലിനെ ആദരിച്ചു കൊണ്ട് ചിത്രത്തെപ്പറ്റി പറയാം. മേതിലും ചിത്രവഴിയിലാണ്. കവിതയിലും കഥയിലും ഉപന്യാസത്തിലുമെല്ലാം മേതിൽ വർണ്ണിക്കുകയാണ്. 'കളറായിട്ടുണ്ട് ' എന്ന് പുതിയ കാലം പറയുന്നുണ്ടല്ലോ. മേതിലിൻ്റെ ആഖ്യാന തലവും വർണ്ണനകളാണ്. ആൺമയിൽ തൻ്റെ അഭിലാഷത്തെ, പ്രമേയത്തെ, വർണ്ണിക്കുമ്പോലെ. മേതിലിൻ്റെ മയിലാട്ടവും വ്യത്യസ്തമല്ല എന്ന് കാണാം. ബുദ്ധിമതിയായ ഒരിണയോടുള്ള ഇൻ്റലക്ച്ചൽ ഫ്ളെർട്ടിങ്ങ് ആണീ മേതിൽമയിലാട്ടങ്ങൾ എന്നെനിക്ക് തോന്നുന്നു. മൗലികം എന്നാൽ റാഡിക്കൽ, വേരുകളുള്ളത് എന്ന് പറയാം. വേരുകൾ സസ്യത്തിന് മനുഷ്യന് ഓർമകൾ പോലെ ഒരു ഗ്യാരൻ്റി വിചിത്രവും മൗലികവുമായ ഈ രചനകൾ എന്തുകൊണ്ട് ജനകീയമായില്ലെന്ന് ഇനി ആലോചിക്കാം. മേതിൽ അപൂർവ്വ ഭംഗിയുള്ള ധാരാളം കവിതകളെഴുതിയിട്ടുണ്ട്. എങ്കിലും കവികളുടെ ലിസ്റ്റിൽ അയാളില്ല. ലോകോത്തരങ്ങളായ കഥകളെഴുതിട്ടുണ്ട്. കഥാകൃത്തുകളുടെ ലിസ്റ്റിൽ അയാളില്ല. അസാധാരണങ്ങളായ നിരവധി ഉപന്യാസങ്ങൾ എഴുതിട്ടുണ്ട്. മലയാളി വലിയൊരുപന്യാസകാരനായി മേതിലിനെ കൂട്ടിയിട്ടില്ല. ഒരു ലിസ്റ്റിലും മേതിൽ പെട്ടില്ല. പുതുതായൊന്നും കാണാനാവാത്ത, ശീലങ്ങളിലുറച്ച് പോയ, കണ്ടതേ കാണൂ എന്ന കരാറിൽ എന്നോ ഒപ്പിട്ടു പോയ നിരൂപകരുടെ മുന്നിൽ മറഞ്ഞിരിക്കാൻ ഒരു തിരസ്ക്കരിണിയും വേണ്ട. ഭാവുകത്വപരമായ അന്ധത അവർക്കുണ്ടായാൽ മതി. കളർബ്ലൈൻഡ്നസ്സ് ഒരു കുറ്റമല്ല. പക്ഷെ ഒരയോഗ്യതയാണ്. മേതിൽ ബ്ലൈൻ്റ്നസ്സും ഒരു കുറ്റമല്ല, ഒരു പോരായ്മയാണ്. അക്കിത്തത്തിൻ്റെ വരിയിൽ ഇതിനുള്ള സമാധാനമുണ്ട്. "നിന്നെക്കൊന്നവർ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ". മേതിലിലെ സ്പർശിനികളുടെ ധാരാളിത്തം പരിമിതശേഷികളായ വായനക്കാരെ അകറ്റുന്നതാവാം. കോവിഡ് കാല നിഷ്ഠയുടെ ഭാഗമായി കൈകഴുകുമ്പോൾ വിരലുകളുടെ പ്രദക്ഷിണത്തിൽ മേതിലിന് തോന്നുന്നുണ്ട് തനിക്കൊരു ഒക്ടോപ്പസ്സിന്, നീരാളിക്ക്, കൈ കൊടുക്കാനാവുമെന്ന്. സ്പർശിനികളുടെ ധാരാളിത്തം ഒറ്റക്കെ മാത്രം ഒഴിവുള്ള സാമാന്യ മലയാളിയെ മേതിലിന് കൈ കൊടുക്കാൻ പറ്റാതാക്കിയതാവാം. മേതിലിന് പലരുചികളുണ്ട്. ആഭിമുഖ്യങ്ങളുണ്ട്. കവിത തത്ത്വചിന്ത, മിഥോളജി, ചരിത്രം, നരവംശശാസ്ത്രം, ശാസ്ത്രം , സ്പോർട്ട്സ്, പരിസ്ഥിതി, സംഗീതം ഇങ്ങനെ. ഇതിൽ നിന്നെല്ലാമുള്ള അടിയൊഴുക്കുകൾ മേതിലിൽ ഏകോപിക്കപെടുന്നു. പങ്കിട്ടനുഭവിക്കാൻ ശേഷിയില്ലാത്തവർ പുറത്ത് നിൽക്കേണ്ടി വരുന്നു. അനുചരന്മാരെ വേണ്ട സഹപ്രവർത്തകരേയേ വേണ്ടൂ എന്ന് നീറ്റ്ഷെ പറയുന്നു. മേതിലും രചനകൾ വഴി അത് തന്നെ പറയുന്നു. വായന രചനയാക്കുന്നു മേതിൽ. വായനക്കാരനിലെ സർഗാത്മകതയുടെ ആവിഷ്ക്കാരത്തിൻ്റെ അനുപാതാധിക്യം മേതിൽ വായനയെ ലഹരിയാക്കുന്നു. മേതിൽ അങ്ങനെയാണ്, അത്ര സർഗ്ഗാത്മകമായാണ് താൻ വായിച്ചതൊക്കെ വായിച്ചത് എന്നതാണതിന് കാരണം. നിങ്ങളും ഞാൻ പിന്തുടർന്ന പോലെ എന്നെ പിന്തുടരുക. ഉള്ളടക്കവാദിയല്ല രൂപവാദിയാണ് മേതിൽ. ആ കത്തുകളിലേ നിങ്ങൾക്ക് കഴിയൂ അർത്ഥമറിയാൻ, ഞാൻ അംശങ്ങളുടെയും ശിഷ്ടങ്ങളുടേയും കവി. അപ്രമേയങ്ങളായ പ്രമേയങ്ങൾ, അചിന്ത്യമായിരുന്ന ചിന്തനങ്ങൾ. അസാധ്യം എന്നതാണ് ഭൂമിയിലെ ഏറ്റവും മികച്ച അഭിനന്ദന പദം. Maythil, You are impossible!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘Methil, You are Impossible’: മേതിൽ രാധാകൃഷ്ണനെക്കുറിച്ച് ക… | Boolokam