ഇടവഴിയിലൂടെ ആടിയുലഞ്ഞ് സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് എന്തോ ഒന്ന് ഓട്ടോയുടെ മുൻവശത്തൂടെ പറന്നു പോയി. വലിയൊരു ശബ്ദത്തോടെയാണത് കടന്നു പോയത്. ഡ്രോൺ ആണെന്നാണ് നിളയ്ക്ക് തോന്നിയത്. അത്ര വലിപ്പവും വലിയ ശബ്ദവുമുണ്ടായിരുന്നു അതിന്. To advertise here, ''മയിലാണ്.''- ഡ്രൈവർ പറഞ്ഞു. ''നമ്മുടെ നാട്ടിലോ? മുൻപ് കണ്ടിട്ടില്ലല്ലോ.''- അച്ഛൻ അത്ഭുതപ്പെട്ടു. ''ഈയടുത്ത കാലത്താണ് അവറ്റകളെ കണ്ടുതുടങ്ങിയത്. അവൾ വിളിച്ചു വരുത്തിയതാവും.'' ''ആര്?'' - നിള അറിയാതെ ചോദിച്ചു പോയി. ''മറ്റാര്? വനതി. മന്ത്രവാദിനി. ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും അവൾക്കിതു പോലെ ചാരന്മാരുണ്ട്. ആർക്കറിയാം ഇനി കാടിറങ്ങി ആനയും പുലിയുമൊക്കെ വരുമോന്ന്.'' അത് ശരിയാണെന്ന് നിളയ്ക്ക് തോന്നിയില്ല. നാട്ടിൻപുറങ്ങളിലേക്കുള്ള മയിലുകളുടെ വരവ് വരൾച്ചയുടെ സൂചനയാണെന്ന് അവൾ വായിച്ചിരുന്നു. അതു പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചില്ല. ''ഇത്രേം പച്ചപ്പുള്ള കണ്ണാടിയിൽ വരൾച്ചയോ?''- അയാൾ ചിരിച്ചു. ''ഇതവളുടെ പണി തന്നെയാണ്. ഈ മയിലുകളും മറ്റു പക്ഷികളുമൊക്കെ ആളെക്കണ്ടാൽ സാധാരണ പേടിച്ചു പറക്കാറാണ് പതിവ്. പക്ഷേ, അവളുടെ മുന്നിൽ മാത്രം അനുസരണയോടെ നിൽക്കുന്നതിന് കാരണമെന്താണ്?'' ''നിങ്ങൾ കണ്ടിട്ടുണ്ടോ?''-അമ്മ ചോദിച്ചു. ''പലതവണ. ഒരിക്കൽ പാമ്പുകൾക്കിടയിൽ ഇരിക്കുന്നത് വരെ നേരിട്ട് കണ്ടിട്ടുണ്ട്.''- അയാൾ പറഞ്ഞു. ''നിങ്ങൾക്കു തോന്നിയതാവും.''- അമ്മ പറഞ്ഞു. അയാൾ പതിയെ ചിരിച്ചു. ''ഇനി ഞാൻ ഇതിനെ പറ്റി ഒരക്ഷരം മിണ്ടില്ല. വൈകാതെ നിങ്ങൾക്കത് മനസ്സിലായിക്കോളും.'' അതുപറഞ്ഞയാൾ നിശ്ശബ്ദനായി. ഓട്ടോ അപ്പോൾ ഒരു പാടത്തേക്കിറങ്ങുകയായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടം. കെട്ടി വെച്ച വൈക്കോൽ കെട്ടുകൾ. പിന്നെ എണ്ണിയാൽ തീരാത്ത പക്ഷികളും. നിള അങ്ങേയറ്റം അത്ഭുതത്തോടെ കാഴ്ചകൾ കണ്ടിരുന്നു. എന്തൊരു ഭംഗി. ഇത്രേം ഭംഗിയുള്ള നാട് വിട്ടാണോ അച്ഛൻ ബാംഗ്ലൂരിൽ താമസിച്ചതെന്ന് ചോദിക്കണമെന്ന് അവൾക്കു തോന്നി. ''പാമ്പുകൾക്കിടയിൽ നിന്നിട്ടും അവറ്റകൾ അവളെ കടിച്ചിട്ടില്ല എന്നാണോ നിങ്ങൾ പറഞ്ഞത്?''-അമ്മ ചോദിച്ചു. ''ശ് ശ്, മിണ്ടാതിരിക്കൂ. അവൾ ഇവിടെ എവിടെയെങ്കിലുമുണ്ടാകും.''- അയാളുടെ ശബ്ദത്തിന് വല്ലാത്ത വിറയലുള്ളത് നിള ശ്രദ്ധിച്ചു. ശബ്ദം അങ്ങേയറ്റം താഴ്ത്തി അയാൾ പറഞ്ഞു: ''പാമ്പിനേക്കാൾ വിഷമാണവൾക്ക്. അവളെ കടിച്ചാൽ ചാകുന്നത് പാമ്പായിരിക്കും.'' അയാളത് പറഞ്ഞ നിമിഷം നിള അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ഇത്തിരി ദൂരെയായി പാടത്തിന് നടുക്ക് ഒരു പറ്റം മയിലുകൾ പീലി വിടർത്തി നൃത്തം ചെയ്യുന്നു. നിള അറിയാതെ ആകാശത്തേക്കു നോക്കി. മഴക്കാറൊന്നുമില്ല. പക്ഷേ, അതിനേക്കാൾ കറുത്ത ഒരു രൂപം മയിലുകൾക്കരികിലേക്ക് നടന്നു വരുന്നതവൾ കണ്ടു. ''അതവളാണ്. ദുർമന്ത്രവാദിനി. ആരും അവളുടെ മുഖത്തേക്ക് നോക്കരുത്.''- ഡ്രൈവർ പേടിയോടെ പറഞ്ഞു. നിളയ്ക്ക് കൗതുകമായി. ദുർമന്ത്രവാദിനിയെ ഇത്ര പെട്ടെന്ന് കാണാനാകുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. ഓട്ടോ അവളുടെ തൊട്ടടുത്തെത്താറായി. മയിലുകളുടെ നൃത്തം മുറുകി. അവർക്കരികിലേക്ക് നടന്നടുക്കുന്ന ദുർമന്ത്രവാദിനി. നിള കണ്ണിമ വെട്ടാതെ ആ രൂപം നോക്കി. നിലത്തിഴയുന്ന കറുത്ത തലമുടി. കാറ്റത്ത് പാറിക്കളിക്കുന്ന കറുത്ത വസ്ത്രങ്ങൾ. കഴുത്തിലെ മാല. കറുത്ത ചെരിപ്പ്.ആകെപ്പാടെ കരിമഷി പോലൊരു രൂപം. പറഞ്ഞുകേട്ട കഥകൾ കൂട്ടിച്ചേർത്ത് അവൾ മനസിൽ സങ്കൽപ്പിച്ചത് ഒരു വൃദ്ധയായ മന്ത്രവാദിനിയുടെ രൂപമായിരുന്നു. ഇത് പക്ഷേ, ഒരു ചെറുപ്പക്കാരി. ഏറിയാൽ ഇരുപത്തിയഞ്ച് വയസ്സ് പ്രായമുണ്ടാകും. ഓട്ടോ മന്ത്രവാദിനിയുടെ തൊട്ടടുത്തെത്തി. അമ്മയുടെ കൈ അറിയാതെ നിളയുടെ കൈയിൽ മുറുകെ പിടിച്ചു. ''ആരും തല ഉയർത്തരുത്.''- ഡ്രൈവർ പറഞ്ഞു. താഴ്ത്തിപ്പിടിച്ച തല നിള അറിയാതെ ചെരിച്ചു. ഞെട്ടിപ്പോയി അവൾ. കൈയ്യിലൊരു മയിൽപ്പീലിയും പിടിച്ച് നിളയെ തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു മന്ത്രവാദിനി. എന്തൊരു നോട്ടം. നിളയ്ക്ക് മുഖം തിരിക്കാനേ കഴിഞ്ഞില്ല. കണ്ണിൽ നിന്ന് മറയുവോളം മന്ത്രവാദിനി ഇമവെട്ടാതെ നിളയെ തന്നെ നോക്കി നിന്നു. ആ മുഖത്ത് എന്ത് ഭാവമാണെന്ന് നിളയ്ക്ക് മനസ്സിലായില്ല. (തുടരും...) Content Highlights: Kannadiyile Manthravadhini Part 3, A nostalgic return to a native village., Introduction to the local urban legend of Vanathi the sorceress., Cultural insights into rural superstitions and protective talismans., Atmospheric storytelling blending nature and supernatural mystery. Published: 17 Apr 2026, 11:16 am IST ABOUT THE AUTHOR മലയാളത്തിലെ ശ്രദ്ധേയനായ യുവ കഥാകൃത്തും നോവലിസ്റ്റുമാണ് സുഭാഷ് ഒട്ടുംപുറം. മുതിർന്നവർക്കും കുട്ടികൾക്കുമായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നന്തനാർ പുരസ്കാരം, യു. എ. ഖാദർ പുരസ്കാരം, 'കമല' സുരയ്യ പുരസ്കാരം, ലിറ്റററി പുരസ്കാരം, പ്രതിച്ഛായ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. . Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

“ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും വനതിക്ക് ചാരന്മാരുണ്ട്” | കണ്ണാടിയിലെ മന്ത്രവാദിനി | ഭാഗം 3
M
MathrubhumiSource Link
23 days ago