ന്യൂഡൽഹി: ഹോർമുസ് കടലിടുക്കുപോലെ സുപ്രധാനമായ ആഗോള കപ്പൽ പാതയിലുണ്ടാകുന്ന തടസങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും വാണിജ്യത്തിനും നിർണായകമായ ഈ പാതയിലെ അനിശ്ചിതത്വം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെയും സപ്ലൈ ചെയിനിനെയും ബാധിക്കുമെന്ന് അദ്ദേഹം തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. To advertise here, പാർലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സർക്കാരിന്റെ കർമപദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ഊർജ്ജ, വ്യാപാര സുരക്ഷയിൽ ഈ സമുദ്ര ഇടനാഴിയുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങൾ പശ്ചിമേഷ്യൻ സംഘർഷം ഉയർത്തുന്ന വെല്ലുവിളികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് വാണിജ്യ ചരക്കുകളുടെ തടസമില്ലാത്ത നീക്കം ഉറപ്പാക്കുന്നതിനും വിതരണ സ്ഥിരത നിലനിർത്തുന്നതിനും ഇത് തടസമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ഗ്യാസ്, വളങ്ങൾ എന്നിവയുടെ വിതരണം ഉറപ്പാക്കുന്നതിൽ ഈ പാത വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. 'വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിലെ തടസങ്ങളും അംഗീകരിക്കാനാവില്ല. നയതന്ത്രത്തിലൂടെ, ഈ യുദ്ധാന്തരീക്ഷത്തിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയുടെ ക്രൂഡ് ഓയിൽ, ഗ്യാസ്, വളം വിതരണത്തിന്റെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്കിലൂടെയാണ് വരുന്നത്. നിലവിലെ സാഹചര്യത്തിൽ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം ഏറെ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. ആഗോള തടസ്സങ്ങൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയോ ദൈനംദിന ജീവിതത്തെയോ സാരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ കൃത്യമായ സമീപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് നേരിടേണ്ടിവരുന്നത്, ഏറ്റവും കുറഞ്ഞ ആഘാതം മാത്രമായിരിക്കും എന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പ്രത്യാഘാതങ്ങൾ നേരിടാനുള്ള തന്ത്രവുമായാണ് സർക്കാർ പ്രവർത്തിക്കുന്നത്.' മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും ഊർജ്ജ സുരക്ഷയും സംരക്ഷിക്കുന്നതിന് നിരന്തരമായ ജാഗ്രതയും, വിവിധ മേഖലകളിലുടനീളം ഏകോപിപ്പിച്ചുള്ള പ്രവർത്തനവും ആവശ്യമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെയും വളത്തിന്റെയും ഇറക്കുമതി സുഗമമാക്കാൻ സർക്കാർ നടത്തുന്ന നയതന്ത്ര ഇടപെടലുകളെക്കുറിച്ചും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും അദ്ദേഹം ലോക്‌സഭയിൽ വിശദീകരിച്ചു. യുദ്ധസമാനമായ സാഹചര്യത്തിലും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത വിധം ഇന്ധനലഭ്യത ഉറപ്പാക്കാൻ രാജ്യം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. Content Highlights: PM Modi condemns attacks on commercial vessels in the Strait of Hormuz. The strait is critical for India's crude oil, gas, and fertilizer imports. Government is employing diplomatic efforts to ensure safe passage for Indian ships. Focus on minimizing the economic impact of global shipping disruptions. Published: 23 Mar 2026, 08:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അംഗീകരിക്കാനാവില്ല'; ഹോർമുസിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി
M
MathrubhumiSource Link
about 2 months ago