മൂവി ഡെസ്ക് Last Updated: 31 March 2026, 12:30 PM IST “പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്.” ഷാജി കൈലാസും ബി. ഉണ്ണിക്കൃഷ്ണനും | ഫോട്ടോ: Facebook സം വിധായകൻ ബി. ഉണ്ണിക്കൃഷ്ണനേയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പ്രതിഛായയേയും അഭിനന്ദിച്ച് സംവിധായകൻ ഷാജി കൈലാസ്. 'പ്രതിഛായ' കണ്ടിറങ്ങിയപ്പോൾ താൻ ഓർത്തുപോയത് വർഷങ്ങൾക്ക് മുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണെന്ന് ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്. പ്രതിഛായ എന്ന ചിത്രത്തിലെ ആൾക്കൂട്ടമുള്ള രംഗങ്ങൾ കണ്ടപ്പോൾ തന്റേതുപോലൊരു സിനിമ കാണുന്ന സന്തോഷത്തിന്റെ നിറവായിരുന്നു ഉള്ളിൽ. ഈ സിനിമ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നും ഷാജി കൈലാസ് പറഞ്ഞു. To advertise here, ഷാജി കൈലാസിന്റെ കുറിപ്പ് ഇങ്ങനെ: പ്രതിഛായ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയത് വർഷങ്ങൾക്ക് മുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. എന്റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു. ഉണ്ണിയെ ആദ്യം ശ്രദ്ധിച്ചത് ജലമർമരം കണ്ടപ്പോഴാണ്. അതിന്റെ എഴുത്തുകാരൻ എന്റെ ഉള്ളിൽ ജലതരംഗങ്ങൾ തീർത്തതിന്റെ ആവേശത്തിൽ ടി.കെ.രാജീവ് കുമാറിനെ വിളിച്ച് നമ്പർ സംഘടിപ്പിച്ചു. എന്റെ വിളി ചെന്നപ്പോൾ ഉണ്ണി പറഞ്ഞു: 'ജലമർമരം കണ്ടിട്ട് എന്നെ വിളിക്കുന്ന ആദ്യ സിനിമാക്കാരനാണ് താങ്കൾ.' അവിടെ ഒരു സൗഹൃദം ഓളം വെട്ടിത്തുടങ്ങി. അങ്ങനെയാണ് ശിവത്തിന്റെ തിരക്കഥാകൃത്തായി ഉണ്ണിയെ ഞാൻ നിർദേശിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവിന്റെ ഛായയാണ് തോന്നിച്ചത്. പക്ഷേ അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു. എന്നും ഒരു മരുന്നിനുള്ള ബാക്കി അതിലുണ്ടാകുകയും ചെയ്തു. ശിവത്തിനു ശേഷം ടൈഗറിലൂടെ ഉണ്ണി എനിക്ക് എന്റെ വലിയ ഹിറ്റുകളിലൊന്നിന്റെ കൂടെ നിന്നു. ഉണ്ണിയിൽ ഒരു സംഘാടകനും നേതാവുമുണ്ടെന്ന് അടുത്തറിഞ്ഞപ്പോൾ മനസ്സിലായി. അങ്ങനെ അദ്ദേഹത്തെ മാക്ടയിലേക്ക് കൈപിടിച്ചു നടത്തിച്ചുവെന്നത് വ്യക്തിപരമായ സന്തോഷങ്ങളിലൊന്നാണ്. അതിനുശേഷം ഉണ്ണി ഫെഫ്കയുടെ നേതൃനിരയിലേക്ക് വളർന്നപ്പോൾ നമ്മുടെ ഉണ്ണിയാണല്ലോ നമ്മുടെയെല്ലാം നേതാവ് എന്ന തോന്നലായിരുന്നു. മുന്നിലുള്ളത് ഏതുതരത്തിലുള്ള സദസ്സാണെങ്കിലും വാക്കുകൊണ്ടും വിചാരം കൊണ്ടും ഉണ്ണിക്ക് അതിനെ കീഴടക്കാനറിയാം. പ്രേക്ഷകന്റെ മനസ്സറിയാനുള്ള സിദ്ധിയാണ് ഒരു സംവിധായകന് വേണ്ടത്. ഉണ്ണിക്ക് അത് ധാരാളമായുണ്ട്. അവരെ മനസ്സിലാക്കുക മാത്രമല്ല, എങ്ങനെയാണോ പ്രസംഗ വേദികളിലൂടെ അവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് അതുപോലെ തന്റെ സിനിമയിലേക്ക് ആകർഷിച്ചുകൊണ്ടുവരികയും ചെയ്യുന്നു ഉണ്ണി. അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രതിഛായ. അതിലെ ആൾക്കൂട്ടമുള്ള രംഗങ്ങൾ കണ്ടപ്പോൾ എന്റേതുപോലൊരു സിനിമ കാണുന്ന സന്തോഷത്തിന്റെ നിറവായിരുന്നു ഉള്ളിൽ. ഈ സിനിമ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകും. ഇത് സിനിമ മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ കൂടിയാണ്. അത് കണ്ടറിയുക തന്നെ വേണം. Content Highlights: Renowned filmmaker Shaji Kailas shared an emotional and appreciative note about B. Unnikrishnan’s latest film Prathichaya, reminiscing about their early days working together on Shivam and Tiger, and calling the new film a landmark in the political thriller genre. Published: 31 Mar 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു'; ബി. ഉണ്ണിക്കൃഷ്ണനെക്കുറിച്ച് ഷാജി കൈലാസ്
M
MathrubhumiSource Link
about 1 month ago