ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയമായ പ്രതിരോധശേഷി വിളംബരം ചെയ്തുകൊണ്ട്, രാജ്യത്തെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ (SSBN) ഐഎൻഎസ് അരിദമൻ (INS Aridhaman) നാവികസേനയുടെ ഭാഗമാകും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് അന്തർവാഹിനി കമ്മീഷൻ ചെയ്യുന്നത്. 'ഇതൊരു വാക്കല്ല, കരുത്താണ്, അരിദമൻ' എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശത്രുവിനെ നശിപ്പിക്കുന്നവൻ എന്നാണ് അരിദമൻ എന്ന സംസ്‌കൃത വാക്കിന്റെ അർഥം. ഇതിന് മുമ്പ് നിർമിച്ച മറ്റ് രണ്ട് ആണവ അന്തർവാഹിനികൾ അരിഹന്ത്, അരിഘാത് തുടങ്ങിയവയും സമാന അർഥമാണ് ഉദ്ദേശിക്കുന്നത്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്‌നോളജി വെസൽ (ATV) പദ്ധതിക്ക് കീഴിലാണ് അരിധമൻ നിർമ്മിച്ചത്. 7,000 ടൺ ഭാരമുള്ള ഇതിന് മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാത് (6,000 ടൺ) എന്നിവയേക്കാൾ വലിപ്പവുമുണ്ട്. To advertise here, കുത്തനെ സമുദ്രത്തിനടിയിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം (VLS) ട്യൂബുകളാണ് ഇതിലുള്ളത്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ ദൂരപരിധിയുള്ള 24 കെ-15 സാഗരിക മിസൈലുകളോ വഹിക്കാൻ അരിദമന് ശേഷിയുണ്ട്. ഭാവിയിൽ 6,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ-5 മിസൈലുകളും ഇതിൽ സജ്ജമാക്കാൻ സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 83 മെഗാവാട്ട് കംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറാണ് (CLWR) അന്തർവാഹിനിക്ക് കരുത്ത് നൽകുന്നത്. കടലിനടിയിൽ ശബ്ദം കുറഞ്ഞ രീതിയിൽ സഞ്ചരിക്കാൻ സഹായിക്കുന്ന 'സ്റ്റെൽത്ത്' സാങ്കേതികവിദ്യയും തദ്ദേശീയമായ ഉഷസ് (USHUS), പഞ്ചേന്ദ്രിയ (Panchendriya) സോണാർ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്രോപരിതലത്തിൽ 12 മുതൽ 15 നോട്ട് വരെയും വെള്ളത്തിനടിയിൽ 24 നോട്ട് വരെയും വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അരിദമന്റെ വരവോടെ ഇന്ത്യയുടെ 'സെക്കൻഡ് സ്‌ട്രൈക്ക്' (Second-strike) ശേഷി കൂടുതൽ ശക്തമാകും. ആണവായുധ ആക്രമണമുണ്ടായാൽ ഏത് സമയത്തും ആണവായുധം പ്രയോഗിക്കാനുള്ള ശേഷിയെയാണ് സെക്കൻഡ് സ്‌ട്രൈക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കരയിലെ ലോഞ്ചറുകളും വിമാനത്താവളങ്ങളും ശത്രുവിന്റെ ആദ്യ ആക്രമണത്തിൽ തകർക്കപ്പെട്ടേക്കാം. എന്നാൽ കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന അന്തർവാഹിനികളെ കണ്ടെത്തുക പ്രയാസമാണ്. ആദ്യ ആക്രമണത്തെ അതിജീവിച്ച്, കടലിനടിയിൽ നിന്നും മിസൈലുകൾ തൊടുത്ത് ശത്രുവിന് വൻ പ്രത്യാഘാതം നൽകാൻ ഇവ സഹായിക്കുന്നു. അരിദമൻ സേനയുടെ ഭാഗമാകുന്നതോടെ കടലിൽ എപ്പോഴും ഒരു ആണവ അന്തർവാഹിനി കാവലുണ്ടാകുമെന്ന് ഉറപ്പാക്കുന്ന 'കണ്ടിന്യൂസ് അറ്റ്-സീ ഡിറ്ററൻസ്' (Continuous At-Sea Deterrence) എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു പടികൂടി അടുത്തു. വിശാഖപട്ടണത്തിന് അടുത്തുള്ള അതീവ സുരക്ഷാ കേന്ദ്രമായ 'പ്രോജക്ട് വർഷ'യിലായിരിക്കും (Project Varsha) അന്തർവാഹിനി നിലയുറപ്പിക്കുക. ഇതുകൂടാതെ, റഷ്യയിൽ നിന്ന് ചക്ര കകക എന്ന ആണവ അന്തർവാഹിനി സ്വന്തമാക്കാനുള്ള നീക്കങ്ങളും ജർമ്മനിയുമായി ചേർന്ന് ആറ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ചർച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. Content Highlights: Commissioning of India's third indigenous SSBN INS Aridhaman in 2026., Equipped with 8 VLS tubes capable of carrying K-4 or K-15 missiles., Powered by an 83MW indigenous Compact Light Water Reactor., Enhances India's 'Second-strike' and 'Continuous At-Sea Deterrence' capabilities., Strategic base located at Project Varsha. Published: 03 Apr 2026, 12:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അരിദമൻ'-ഇതൊരു വാക്കല്ല, കരുത്താണ്; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി നാവികസേനയുടെ ഭാഗമാവുന്നു
M
MathrubhumiSource Link
about 1 month ago