ടെഹ്‌റാൻ: ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'അപ്രായോഗികമായ' ഒരു സൈനിക നടപടിക്കോ അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഒരു 'മോശം കരാറിനോ' തയ്യാറാകേണ്ടി വരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയും സൈനിക പിരിമുറുക്കവും തുടരുന്ന സാഹചര്യത്തിലാണ് ഐആർജിസിയുടെ പുതിയ പ്രസ്താവന ഞായറാഴ്ച പുറത്തുവന്നത്. To advertise here, യുഎസിനോടുള്ള റഷ്യ, ചൈന, യൂറോപ്പ് എന്നിവരുടെ നിലപാടിലെ മാറ്റവും, നാവിക ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ നൽകിയ ഒരു മാസത്തെ സമയപരിധിയും ചൂണ്ടിക്കാട്ടി യുഎസിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള സാഹചര്യം ചുരുങ്ങിയതാണെന്ന് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഉപരോധങ്ങളും സൈനിക ഭീഷണികളും മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. 'ഇതിൽ മനസിലാക്കാൻ ഇത്രയേ ഉള്ളൂ; ഒന്നുകിൽ ഇറാനുനേരെ ഒരു സൈനിക നടപടി ആരംഭിക്കുക, അത് വിജയിക്കുക അപ്രായോഗികമാണ്. അല്ലെങ്കിൽ ഇറാനുമായി യുഎസ് മോശം എന്നുകരുതുന്ന ഒരു കരാറിൽ ഒപ്പിടുക. ഇതിൽ ഒന്ന് ട്രംപിന് തിരഞ്ഞെടുക്കേണ്ടിവരും. തീരുമാനമെടുക്കാനുള്ള യുഎസിന്റെ സമയവും സാഹചര്യവും ചുരുങ്ങിയിരിക്കുന്നു.' ഐആർജിസി എക്‌സിൽ കുറിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച 14 നിർദ്ദേശങ്ങൾ അടങ്ങിയ പദ്ധതിയെക്കുറിച്ച് പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഐആർജിസിയുടെ ഈ പ്രസ്താവന. സൈനിക പിൻമാറ്റം, ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ നിബന്ധനകൾ ട്രംപ് ഭരണകൂടം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം, ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചിരുന്നു. 'അവർ എന്തെങ്കിലും മോശമായി ചെയ്താൽ ആക്രമണത്തിന് സാധ്യതയുണ്ട്, തീർച്ചയായും അത് സംഭവിക്കാം.' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. മിയാമിയിലേക്കുള്ള യാത്രയ്ക്കിടെ ഇറാന്റെ നിർദേശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'അവർ എനിക്ക് കരാറിന്റെ സത്തയെക്കുറിച്ച് പറഞ്ഞു തന്നു. അവർ ഇപ്പോൾ അതിന്റെ കൃത്യമായ രൂപം എനിക്ക് നൽകും.' എന്നായിരുന്നു ട്രംപിന്റെ മറുപടി. വെള്ളിയാഴ്ച, ഇറാന്റെ പുതിയ നിർദ്ദേശത്തിൽ താൻ സംതൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ യുഎസ് അതിന്റെ സമീപനം മാറ്റിയാൽ ചർച്ചകൾക്ക് തയ്യാറാണെന്നായിരുന്നു ഇറാന്റെ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുഎസ് ഉപരോധം അവസാനിപ്പിക്കുന്നതിനും പകരമായി ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശം. നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും, യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തടസപ്പെട്ടിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് നാവിക ഉപരോധം തുടരുമ്പോൾ, ഇറാൻ വാണിജ്യ കപ്പൽ ഗതാഗതത്തിനായുള്ള തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. പാകിസ്താനിൽ നടന്ന ആദ്യഘട്ട ചർച്ചകൾ കരാറിലെത്താതെയാണ് അവസാനിച്ചത്. ഇറാന്റെ ആണവ പദ്ധതിക്ക് മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കരാറിൽ മാത്രമേ താൻ ഒപ്പിടൂ എന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ലോകത്തെ 20% എണ്ണ-വാതക വിതരണത്തെ ബാധിക്കുകയും യുഎസിലെ ഇന്ധനവില വർധിപ്പിക്കുകയും ചെയ്ത ഹോർമുസ് കടലിടുക്ക് ഉപരോധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ വലിയ ആഭ്യന്തര സമ്മർദമുണ്ട്. Content Highlights: IRGC asserts US decision-making room has narrowed regarding the ongoing conflict. Trump is reviewing a new Iranian proposal to end the war and reopen the Strait of Hormuz. Domestic pressure mounts on the US due to rising gasoline prices caused by the blockade. Stalled peace talks in Pakistan highlight the divide over nuclear program conditions. Published: 03 May 2026, 09:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അസാധ്യമായ സൈനിക നടപടി അല്ലെങ്കിൽ മോശം കരാർ'; ട്രംപിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഇറാൻ
M
MathrubhumiSource Link
about 8 hours ago
