ടെക്‌നോളജി ഡെസ്‌ക് Last Updated: 18 April 2026, 11:12 AM IST എന്‍വിഡിയയുടെ ചിപ്പുകള്‍ സമ്പുഷ്ട യുറേനിയം അല്ല, മറിച്ച് ചൈനയ്ക്ക് സ്വയം നിര്‍മ്മിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണെന്ന് എന്‍വിഡിയ സിഇഒ. ജെന്‍സന്‍ ഹുവാങ്, ഡാരിയോ അമോദെയി | Photo - AP, AFP അമേരിക്കയിൽനിന്ന് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയുടെ പേരിൽ കൊമ്പുകോർത്ത് പ്രമുഖ ടെക് സിഇഓമാർ. എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഓ ഡാരിയോ അമോദെയിയും ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഓ ജെൻസൻ ഹുവാങ്ങും തമ്മിലാണ് ഏറ്റുമുട്ടൽ. യു.എസ് കമ്പനികൾ ചൈനയ്ക്ക് ആധുനിക ചിപ്പുകൾ നൽകുന്നത് ഉത്തര കൊറിയക്ക് ആണവായുധം വിൽക്കുന്നതിന് തുല്യമാണെന്ന അമോദെയിയുടെ പരാമർശമാണ് ഹുവാങ്ങിനെ ചൊടിപ്പിച്ചത്. To advertise here, അടുത്തിടെ എഴുതിയ ഒരു ലേഖനത്തിലാണ് എൻവിഡിയയെ പരോക്ഷമായി ഉന്നംവെക്കുന്ന പരാമർശം അമോദെയി നടത്തിയത്. എഐ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ ചൈനയ്ക്ക് നൂതനമായ ചിപ്പുകൾ വിൽക്കുന്നത് അവർക്ക് വലിയ കുതിപ്പുണ്ടാകാൻ ഇടയാക്കുമെന്ന് അമോദെയി വാദിച്ചിരുന്നു. 'ചൈനീസ് കമ്പനികൾക്ക് ചിപ്പ് നൽകുന്നത് ഉത്തര കൊറിയയ്ക്ക് ആണവായുധം വിൽക്കുന്നതിന് തുല്യമാണ്. എന്നിട്ട് മിസൈൽ ഭാഗങ്ങൾ ബോയിങ് നിർമ്മിച്ചുവെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് സമാനമാണ്' - ലേഖനത്തിൽ അമോദെയി എഴുതി. ലേഖനത്തിൽ എൻവിഡിയയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചൈനയിലേക്കുള്ള യുഎസ് ചിപ്പ് വിൽപ്പന തുടരണമെന്ന് വാദിച്ച ഹുവാങ്ങിനെയാണ് ഈ വിമർശനം ലക്ഷ്യമിടുന്നതെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. അടുത്തിടെ ഒരു പോഡ്കാസ്റ്റിലും സമാനമായ പരാമർശം ഉയർന്നുവന്നതോടെ എൻവിഡിയ സിഇഒ ശക്തമായി പ്രതികരിച്ച് രംഗത്തെത്തി.'ബുദ്ധിശൂന്യത' എന്നാണ് അമോദെയയുടെ വാദത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അമോദെയിയുടെ വാദം ഹുവാങ് പൂർണമായും തള്ളിക്കളഞ്ഞു. ഇത്തരത്തിൽ എഐയെ താരതമ്യം ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്. എൻവിഡിയയുടെ ചിപ്പുകൾ സമ്പുഷ്ട യുറേനിയം അല്ല, മറിച്ച് ചൈനയ്ക്ക് സ്വയം നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയെ ന്യായീകരിച്ച ഹുവാങ് അത് എൻവിഡിയക്ക് പ്രതിവർഷം 50 ബില്യൺ (5000 കോടി) ഡോളർ വരെ വരുമാനമുണ്ടാക്കുമെന്ന് അവകാശപ്പെട്ടു. ചിപ്പ് വിൽക്കാതിരുന്നാൽ അത് ആഗോള എഐ വികസനത്തെ വിഭജനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.എഐ വികസനത്തെ രണ്ട് വിഭാഗങ്ങളായി വിഭജിക്കും. ഒന്ന് ചൈനയിൽ വികസിപ്പിക്കുന്ന ഓപ്പൺ-സോഴ്‌സ് മോഡലുകളും മറ്റൊന്ന് യുഎസിൽ ആധിപത്യം സ്ഥാപിക്കുന്ന ക്ലോസ്ഡ്-സോഴ്‌സ് മോഡലുകളും ആയിരിക്കും. ഇത് അമേരിക്കക്ക് ഭയാനകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഹുവാങ് പറഞ്ഞു. ചൈനയിലേക്കുള്ള യുഎസ് ചിപ്പ് കയറ്റുമതിയെ ശക്തമായി എതിർക്കുന്ന ടെക് മേധാവികളിൽ ഒരാളാണ് അമോദെയി. നൂതനമായ ചിപ്പുകൾ നിർമ്മിക്കുന്നതിൽ ചൈന വളരെ പിന്നിലാണെന്നും അമേരിക്കയുടെ സാങ്കേതിക മുന്നേറ്റം നിലനിർത്താൻ ചിപ്പ് കയറ്റുമതി നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിപണി നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഹുവാങ് വാദിക്കുന്നത്. Content Highlights: Dario Amodei compares China chip exports to nuclear proliferation., Jensen Huang labels the analogy as 'lunacy' during a 2026 podcast., Nvidia argues that cutting off the Chinese market risks fragmenting the global AI ecosystem., Huang addresses concerns regarding competition from Google TPUs and Meta chips., The debate highlights the tension between national security and commercial growth. Published: 18 Apr 2026, 11:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഉത്തര കൊറിയയ്ക്ക് ആണവായുധം വിൽക്കുന്നതുപോലെ'; AI ചിപ്പിൽ കൊമ്പുകോർത്ത് ടെക് CEOമാർ
M
MathrubhumiSource Link
22 days ago