'എനിക്കുറപ്പായിരുന്നു, അവൾ എത്തുമെന്ന്'; അമ്മ പറഞ്ഞതുപോലെ സംഭവിച്ചു, ശരണ്യ തിരിച്ചുവന്നു

'എനിക്കുറപ്പായിരുന്നു, അവൾ എത്തുമെന്ന്'; അമ്മ പറഞ്ഞതുപോലെ സംഭവിച്ചു, ശരണ്യ തിരിച്ചുവന്നു

M
MathrubhumiSource Link
വടകര: ''യാത്രപോകാൻ അവൾക്ക് വലിയ ഇഷ്ടമാണ്. അവൾ പോകാത്ത സ്ഥലമില്ല. എങ്ങനെയെങ്കിലും കാടിനു പുറത്തിറങ്ങിയെന്നു കേട്ടാൽ മതിയായിരുന്നു...'' -ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ഓർക്കാട്ടേരിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെക്കണ്ട് പുറത്തിറങ്ങിയ ശേഷം ശരണ്യയുടെ അമ്മ ശൈലജ പറഞ്ഞ വാക്കുകൾ. To advertise here, കൃത്യം രണ്ടരമണിക്കൂറിനുശേഷം ആ സന്തോഷവാർത്തയെത്തി. കുടക് തടിയൻഡമൊൾ കൊടുമുടിയിലെ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി എന്നതായിരുന്നു ആ വാർത്ത. വ്യാഴാഴ്ച രാത്രിമുതൽ തീ തിന്ന് കഴിഞ്ഞ ശൈലജയ്ക്കും ശരണ്യയുടെ അച്ഛൻ ഗോപിക്കും ബന്ധുക്കൾക്കുമെല്ലാം ആശ്വാസം പകർന്ന വാർത്ത. ശരണ്യയെ കണ്ടെത്താൻവേണ്ട നടപടികൾ ഊർജിതമാക്കണമെന്ന ആവശ്യവുമായാണ് ശൈലജയും ഗോപിയും ബന്ധുക്കളും ചേർന്ന് ഓർക്കാട്ടേരിയിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ ഡി.കെ. ശിവകുമാറിനെ കണ്ടത്. വേദിയിൽവെച്ചുതന്നെ കർണാടക പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായും കുടക് എസ്.പി.യുമായും ബന്ധപ്പെട്ട ശിവകുമാർ കഴിയാവുന്ന എല്ലാ സഹായവും വാഗ്ദാനംചെയ്തു. ഓർക്കാട്ടേരിയിലെ പരിപാടിയും കഴിഞ്ഞ് ശിവകുമാർ വേളം പള്ളിയത്തെ പ്രചാരണപരിപാടിയിൽ പങ്കെടുക്കുമ്പോഴേക്കും ശരണ്യയെ കണ്ടെത്തിയെന്ന വാർത്തവന്നു. എവിടെപ്പോയാലും ആപത്തൊന്നുംകൂടാതെ ശരണ്യ തിരിച്ചെത്താറുണ്ടെന്നും അതുപോലെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ശിവകുമാറിനെ കണ്ട ശേഷം ശൈലജ 'മാതൃഭൂമി'യോട് പ്രതികരിച്ചിരുന്നു. അമ്മയുടെ വിശ്വാസം അതുപോലെ യാഥാർഥ്യമായി. 2025 ഏപ്രിലിൽ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേ ഭീകരാക്രമണം നടക്കുന്ന സമയത്ത് ശരണ്യ കശ്മീരിൽ ഉണ്ടായിരുന്നെന്ന് ശൈലജ പറഞ്ഞു. പഹൽഗാമിൽ പോകേണ്ടതായിരുന്നു അവൾ. പക്ഷേ, മഴപെയ്തതുകൊണ്ട് പോയില്ല. ടി.വി.യിൽ ഭീകരാക്രമണവാർത്ത കേട്ട് അവളെ വിളിച്ചപ്പോഴായിരുന്നു കാര്യങ്ങൾ പറഞ്ഞത്. ബുധനാഴ്ചയാണ് ശൈലജ അവസാനമായി ശരണ്യയെ വിളിച്ചത്. വ്യാഴാഴ്ച രാത്രി കാണാതായെന്ന വിവരവുമെത്തി. എനിക്കുറപ്പായിരുന്നു, അവൾ എത്തുമെന്ന് ഇസ്മായിൽ വാണിമേൽ നാദാപുരം: ''എനിക്കുറപ്പായിരുന്നു, എന്റെ മകൾ തിരിച്ചുവരുമെന്ന്, അവൾ എപ്പോഴും പറയാറുണ്ട്, അമ്മ ഒന്നും പേടിക്കേണ്ടതില്ല, ഞാൻ എവിടെപ്പോയാലും തിരിച്ചുവരുമെന്ന്...'' -കുടക് തടിയൻഡമോൾ വനത്തിൽ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയവരോടായി ശരണ്യയുടെ അമ്മ ശൈലജ പറഞ്ഞു. മൂന്നുദിവസമായി കണ്ണീർ വാർത്ത അമ്മയുടെ മുഖത്ത് അപ്പോൾ ആനന്ദാശ്രു തിളങ്ങി. അച്ഛൻ ഗോപിയും ബന്ധുക്കളുമെല്ലാം ആ സന്തോഷത്തിൽ പങ്കുചേർന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് മകളെ അന്വേഷിക്കാൻ കുടകിലേക്കുപോയ സംഘത്തിൽപ്പെട്ട ബന്ധുവായ ഹരിദാസൻ ശരണ്യയെ കണ്ടുകിട്ടിയെന്ന വിവരം വിളിച്ചു പറയുന്നത്. തൊട്ടടുത്തനിമിഷം കുടകിലുണ്ടായിരുന്ന മകൻ ശ്യാമും വിളിച്ചു. വിവരം കേട്ടപാടേ സന്തോഷം കൊണ്ട് ഒന്നുംപറയാൻ സാധിക്കാത്ത അവസ്ഥയിലായെന്ന് ശൈലജ പറഞ്ഞു. ശരണ്യക്ക് ഫോൺ നൽകാൻ പറഞ്ഞെങ്കിലും തങ്ങൾ അവളുടെ അടുത്തേക്ക് പോകുകയാണെന്നും അവൾ ഓകേയാണെന്നുമായിരുന്നു ശ്യാമിന്റെ മറുപടി. ഇതോടെ നാദാപുരം പേരോട് വടക്കയിൽ വീട്ടിൽ ആഹ്ലാദാരവങ്ങൾ മുഴങ്ങി. വിവരമറിഞ്ഞ വീട്ടിലേക്കെത്തിയവർക്ക് ബന്ധുക്കൾ ലഡു വിതരണം ചെയ്തു. ശരണ്യക്ക് ട്രക്കിങ്ങിൽ നല്ല താത്പര്യമുണ്ടായിരുന്നു. അഞ്ച് വർഷത്തിലേറെയായി സ്ഥിരമായി ട്രക്കിങ്ങിന് പോകാറുണ്ട്. ചില സമയത്ത് കൂട്ടുകാരോടൊപ്പവും ചിലപ്പോൾ തനിച്ചുമാണ് ട്രക്കിങ്ങിന് പോകാറുള്ളത്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധയിടങ്ങളിൽ ഇതിനകം ട്രക്കിങ്ങിന് പോയിട്ടുണ്ട്. കൊടൈക്കനാലിൽ വണ്ടിയുമായിട്ടാണ് ട്രക്കിങ്ങിന് പോയത്. ചില സമയത്ത് തിരിച്ചുവന്നതിനുശേഷമാണ് വിവരം വീട്ടുകാരോട് പറയാറുള്ളത്. മുൻകൂട്ടി വിവരം പറഞ്ഞാൽ നിരന്തരം വിളിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അമ്മ പറഞ്ഞു. അഞ്ചുവർഷം മുൻപ് ജോലി കിട്ടിയപ്പോൾ ബുള്ളറ്റ് വാങ്ങിയിരുന്നു. അതു വാങ്ങിയതിന്റെ കാരണം ചോദിച്ചപ്പോൾ ദീർഘദൂരയാത്രയ്ക്ക് നല്ലതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ശൈലജ പറഞ്ഞു. മൂന്നുദിവസം കുടുംബം തീ തിന്നപ്പോഴും മകളുടെ ട്രക്കിങ്ങിനെ തള്ളിപ്പറയാൻ മാതാവ് ഒരുക്കമല്ല. ഇനി ട്രക്കിങ്ങിന് വിടുമോയെന്ന ചോദ്യത്തിന്, അവൾ മുതിർന്ന കുട്ടിയല്ലേ, എല്ലാ സമയത്തും നിരീക്ഷിക്കാൻ പറ്റുമോയെന്ന മറുചോദ്യമായിരുന്നു മറുപടി. Content Highlights: Saranya, a Kerala native, was found safe after going missing during a trek in Kodagu., The family sought help from DK Shivakumar during his 2026 campaign visit to Orkkatteri., The rescue was confirmed following coordinated efforts with Karnataka police., Saranya is an experienced trekker with a history of solo and group expeditions across India. Published: 06 Apr 2026, 07:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എനിക്കുറപ്പായിരുന്നു, അവൾ എത്തുമെന്ന്'; അമ്മ പറഞ്ഞതുപോലെ സ… | Boolokam