പത്തനാപുരത്തെ താത്‌കാലികസമിതി To advertise here, പുനലൂർ :പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗയൂണിയന്റെ സ്വത്തുവകകൾ ഒരു കുടുംബത്തിന്റേതല്ലെന്നും നിർധനരായ നൂറുകണക്കിനു നായന്മാരുടെ അധ്വാനഫലമായി ആർജിച്ചതാണെന്നും 13 അംഗ താത്‌കാലിക ഭരണസമിതി. പ്രസിഡന്റായിരുന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപരവും സമുദായ താത്‌പര്യങ്ങൾക്ക് വിരുദ്ധവുമായ നടപടികളോടുള്ള എതിർപ്പുമൂലമാണ് ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ച് ഭരണസമിതി പിരിച്ചുവിടുന്നതിന് ഇടയാക്കിയതെന്നും ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ളയുടെ നേതൃത്വത്തിൽ താത്‌കാലികസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി, ലംബോദരൻപിള്ള ഉൾപ്പെടെ മഹാരഥന്മാരായ ഒട്ടേറെ സമുദായ നേതാക്കന്മാരുടെ അധ്വാനഫലമായാണ് പത്തനാപുരം താലൂക്ക് യൂണിയൻ ഇന്നത്തെ നിലയിൽ എത്തിയത്. ആർ. ബാലകൃഷ്ണപിള്ളയുടെ പങ്കും ചെറുതായി കാണുന്നില്ല. ആ സ്വത്തുവകകളുടെ സംരക്ഷണംകൂടി ലക്ഷ്യംവെച്ചാണ് എൻ.എസ്.എസ്. നേതൃത്വം ഇപ്രകാരമുള്ള തീരുമാനത്തിലെത്തിയത്. യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് നിലവിലുള്ള കെട്ടിടത്തിൽ പദ്‌മ കഫെ ആരംഭിക്കാൻ നാലുകോടിയിലേറെ രൂപ ചെലവു വന്നെന്നത് സമുദായാംഗങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല. എൻ.എസ്.എസിന് ലാഭകരമായ രീതിയിൽ കരാർ നൽകുന്നതിന് വിരുദ്ധമായി തന്റെ ഇഷ്ടക്കാർക്ക് കരാർ നൽകുന്നതിൽ മാത്രമായി പ്രസിഡന്റിന്റെ താത്‌പര്യം ഒതുങ്ങിയതാണ് കഫെ നിർമാണത്തിൽ ഇത്രയും ചെലവുകൂടാൻ കാരണം. യൂണിയൻ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ ഭരണസമിതി അംഗത്തെ ഗുണ്ടകളെ വിട്ട് തല്ലുന്ന പ്രവർത്തനം ഒരു നായർ സമുദായാംഗവും അംഗീകരിക്കില്ല. സമുദായാചാര്യൻ മന്നത്ത് പദ്‌മനാഭന്റെയും മുൻ യൂണിയൻ പ്രസിഡന്റ് ആർ. ബാലകൃഷ്ണപിള്ളയുടെയും പ്രതിമകൾ നിർമിക്കാൻ യൂണിയൻ ഭരണസമിതി തീരുമാനമെടുത്തിരുന്നു. ഇതിനായി മുഴുവൻ കരയോഗങ്ങളും തങ്ങളാൽ കഴിയുന്നതിനപ്പുറമുള്ള സംഭാവന നൽകി. 60 ലക്ഷത്തിൽപ്പരം രൂപ ഇത്തരത്തിൽ യൂണിയനിൽ എത്തി. ഒന്നരവർഷംമുൻപ് പയ്യന്നൂർ സ്വദേശിക്ക് പ്രതിമനിർമാണച്ചുമതലയും നൽകി. എന്നാൽ ഇതുവരെ പ്രതിമ സ്ഥാപിച്ചിട്ടില്ല. പണത്തെക്കുറിച്ചും വിവരമില്ല. പണം നൽകിയ കരയോഗം അംഗങ്ങളോടു മറുപടി പറയാൻ കഴിയുന്നില്ല. യൂണിയന്റെ കീഴിലുള്ള വിദ്യാലയങ്ങളും സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായിട്ടും ഇടപെടാൻ പ്രസിഡന്റിനു കഴിഞ്ഞില്ല. വർഷങ്ങളായി യൂണിയൻ ആസ്ഥാനവുമായി ആലോചിച്ചല്ല തീരുമാനങ്ങളെടുക്കുന്നത്. ധാർഷ്ട്യവും ധിക്കാരവും മുഖമുദ്രയാക്കി മുന്നോട്ടുപോകാൻ എന്നും കഴിയില്ല. പത്തനാപുരം താലൂക്കിലെ 148 കരയോഗങ്ങൾക്കുംവേണ്ടി എൻ.എസ്.എസ്. നേതൃത്വത്തിനു വിധേയപ്പെട്ട് സമുദായാംഗങ്ങളുടെ ക്ഷേമംമാത്രം മുൻനിർത്തിക്കൊണ്ട് പ്രവർത്തിക്കുകയാണ് പുതിയ ഭരണസമിതിയുടെ കർത്തവ്യം-അംഗങ്ങൾ പറഞ്ഞു. Published: 15 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'എൻ.എസ്.എസ്. യൂണിയന്റേത് കുടുംബസ്വത്തല്ല, നായന്മാരുടെ അധ്വാനഫലം'
M
MathrubhumiSource Link
about 2 months ago