മാലിന്യമുക്തമാക്കൽ നടപ്പായില്ല To advertise here, പുനലൂർ :ജില്ലയുടെ മുഖ്യജലസ്രോതസ്സായ കല്ലടയാർ മാലിന്യമുക്തമാക്കാൻ പുനലൂർ നഗരസഭ കഴിഞ്ഞ ബജറ്റിൽ ആവിഷ്കരിച്ച പദ്ധതി ജലരേഖയായി. ഒരുകോടി രൂപ നീക്കിവെച്ച് ഒരുകൊല്ലം പിന്നിട്ടിട്ടും കല്ലടയാറോ ഇതിൽ ഒഴുകിച്ചേരുന്ന കൈത്തോടുകളോ ശുചീകരിക്കാനോ ബോധവത്‌കരണം നടത്താനോ നഗരസഭയ്ക്കായില്ല. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച, പുതിയ സാമ്പത്തികവർഷത്തേക്കുള്ള ബജറ്റിലും കല്ലടയാർ സംരക്ഷണം മുഖ്യപദ്ധതികളിലൊന്നാണ്. പുഴയുടെ കരയിൽ മുള വെച്ചുപിടിപ്പിച്ച് തീരസംരക്ഷണം നടത്തുമെന്നതാണ് പുതിയ പ്രഖ്യാപനം. പുനലൂർ നഗരമധ്യത്തിലൂടെ ഒഴുകുന്ന കല്ലടയാറ്റിലേക്ക് ഒഴുകിയെത്തുന്ന കലയനാട് തോട്, വെട്ടിപ്പുഴ തോട്, തൊളിക്കോട് തോട് എന്നിവ മാലിന്യമുക്തമാക്കാൻ ശുചിത്വ മിഷനുമായി ചേർന്നുള്ള സമഗ്രപദ്ധതിയാണ് കഴിഞ്ഞ ബജറ്റിൽ നഗരസഭ പ്രഖ്യാപിച്ചത്. ശുചീകരണത്തിനു പുറമേ ബോധവത്‌കരണം, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ, വേലിനിർമാണം എന്നിവയും വിഭാവനം ചെയ്തിരുന്നു. ഇതിനായി ഒരുകോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ ഈ തോടുകളുടെയും കല്ലടയാറിന്റെയും സ്ഥിതി ഇന്ന് പരമദയനീയമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞാണ് ഇവയൊഴുകുന്നത്. പലയിടത്തും കാടുമൂടിയും മണ്ണിടിഞ്ഞും സുഗമമായ ഒഴുക്കും നിലയ്ക്കുന്നു. ഇനി ഞാനൊഴുകട്ടെ, പുനർജനി തുടങ്ങി പല പദ്ധതികളിൽപ്പെടുത്തി മുൻപ് നഗരത്തിലെ തോടുകൾ നഗരസഭ ശുചീകരിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇവ പഴയപടിയായി. ശുചീകരണം തുടർന്നുകൊണ്ടുപോകാനോ മാലിന്യം തള്ളുന്നത് ശാശ്വതമായി തടയാനോ കഴിയാതിരുന്നതാണ് കാരണം. പശ്ചിമഘട്ട മലനിരകളിൽ ഉദ്‌ഭവിച്ച് കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകൾ സംഗമിച്ചു രൂപപ്പെടുന്ന 121 കിലോമീറ്റർ നീളമുള്ള കല്ലടയാർ, ജപ്പാൻ പദ്ധതി ഉൾപ്പെടെ ജില്ലയിലെ ഒട്ടേറെ കുടിവെള്ളപദ്ധതികളുടെ സ്രോതസ്സാണ്. നിയന്ത്രണമില്ലാത്ത മാലിന്യംതള്ളലാണ് കല്ലടയാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

'കണ്ണാടിപോലൊരു കല്ലടയാർ' ബജറ്റിലൊതുങ്ങി
M
MathrubhumiSource Link
about 2 months ago