മധുര സെൻട്രലിൽ നിന്നും ജനവിധി തേടുന്ന ഭർത്താവും സംവിധായകനുമായ സുന്ദർ സി. ജയിച്ചാൽ ഇറച്ചിക്കടകൾ നിരോധിക്കുമെന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ നീതി കക്ഷി (പിഎൻകെ) സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുന്ദർ സിക്ക് എതിരെ നടക്കുന്ന കുപ്രചാരണങ്ങളെ ഖുശ്ബു സോഷ്യൽ മീഡിയയിലൂടെ തള്ളിക്കളഞ്ഞു. To advertise here, മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ, സുന്ദർ സി. അധികാരത്തിൽ വന്നാൽ മധുര സെൻട്രൽ മണ്ഡലത്തിലെ ഇറച്ചിക്കടകൾ നിരോധിക്കുമെന്ന രീതിയിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സുന്ദർ സി. തന്നെ ആദ്യം രംഗത്തെത്തി. "തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടുമെന്ന് ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്. ജനങ്ങളുടെ വികാരങ്ങളെയും അവകാശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. നേരിട്ട് മത്സരിക്കാൻ ധൈര്യമില്ലാത്തവർ കുറുക്കുവഴികളിലൂടെ നടത്തുന്ന ഇത്തരം തരംതാഴ്ന്ന പ്രവൃത്തികൾക്ക് ഒത്തൊരുമയിലൂടെ നമ്മൾ മറുപടി നൽകും’- സുന്ദർ സി. കുറിച്ചു. സുന്ദറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഭരണകക്ഷിയായ ഡി.എം.കെ. ആണ് ഈ വ്യാജവാർത്തകൾക്ക് പിന്നിലെന്ന് ഖുശ്ബു ആരോപിച്ചു. സുന്ദറിന്റെ സത്യസന്ധതയെ നേരിടാൻ കഴിയാത്തവർ വ്യാജകഥകൾ മെനയുകയാണെന്നും ഡി.എം.കെ. ഭയത്തിലാണെന്നും ഖുശ്ബു പറഞ്ഞു. പിന്തുണ നേടാനായി ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും മധുരയിലെ ജനങ്ങൾ സുന്ദറിനൊപ്പമാണെന്നും ഖുശ്ബു വ്യക്തമാക്കി. 2010-ൽ ഡി.എം.കെയിലൂടെ രാഷ്ട്രീയം തുടങ്ങിയ ഖുശ്ബു പിന്നീട് കോൺഗ്രസിലും തുടർന്ന് 2020-ൽ ബി.ജെ.പിയിലും ചേർന്നു. 2025-ൽ തമിഴ്‌നാട് ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിതയായി. ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് സുന്ദർ സി. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അണ്ണാ ഡി.എം.കെ. സഖ്യത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. Content Highlights: Khushbu Sundar refutes false claims regarding a meat shop ban in Madurai., Sundar C clarifies his election stance against misinformation campaigns. Published: 08 Apr 2026, 02:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ജയിച്ചാൽ ഇറച്ചിക്കടകൾ പൂട്ടിക്കുമെന്ന് വ്യാജപ്രചാരണം'; ഭർത്താവിനെതിരെ വന്ന ആരോപണങ്ങൾക്കെതിരെ ഖുശ്ബു
M
MathrubhumiSource Link
about 1 month ago