'ഞങ്ങളുടെയിടയിൽ എൻജിനീയർമാരുണ്ട്’; ബസ്തറിലെ ചുവന്ന ഇടനാഴിയിൽ നക്സലുകൾ വളഞ്ഞപ്പോൾ

'ഞങ്ങളുടെയിടയിൽ എൻജിനീയർമാരുണ്ട്’; ബസ്തറിലെ ചുവന്ന ഇടനാഴിയിൽ നക്സലുകൾ വളഞ്ഞപ്പോൾ

M
MathrubhumiSource Link
ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിലെ സുപ്രധാനമായ മൂന്നു പ്രദേശങ്ങളിൽ പ്രവർത്തിച്ച പുരാവസ്തുഗവേഷകന്റെ അനുഭവക്കുറിപ്പുകളാണ് ചമ്പൽക്കാട്ടിലെ മണിനാദങ്ങൾ . പുസ്തകത്തിൽനിന്നൊരു ഭാഗം.  To advertise here, ഞ ങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം നക്സൽ പ്രഭാവിത കേന്ദ്രമായ ദന്തേവാഡയിൽനിന്ന് ഒമ്പതു കിലോമീറ്ററുള്ള സാംലൂർ എന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ, സോമൽ ദേവിയെന്ന, സോമേശ്വർ ദേവ് രാജാവിന്റെ പത്നി ഉണ്ടാക്കിയ കെർലി മഹാദേവ് ക്ഷേത്രമായിരുന്നു. നക്സലുകളാൽ വളയപ്പെട്ട സ്ഥലമായതിനാൽ അങ്ങോട്ടു പോകാനോ പുനരുദ്ധാരണപ്രവർത്തനത്തിന് നേതൃത്വം നൽകാനോ ഉദ്യോഗസ്ഥരാരും തയ്യാറായിരുന്നില്ല. ഇത്തരം പ്രതികൂലസാഹചര്യമുള്ളപ്പോൾ ഉദ്യോഗസ്ഥരോട് അവിടെ പോകണമെന്നോ പുനരുദ്ധാരണപ്രവർത്തനം നടത്തണമെന്നോ നിർദേശിക്കുന്നതു ശരിയല്ല. സ്വയം തയ്യാറെടുത്ത് അത്തരം സ്ഥലങ്ങളിൽ പോവുകയും ഒപ്പം അവരെ കൂട്ടുകയും പ്രതിസന്ധികൾ മനസ്സിലാക്കി വേണ്ടപ്പെട്ട എല്ലാ സഹായവും നൽകുകയും വേണം. ഇത്തരം സാഹചര്യത്തിൽ പല നീക്കുപോക്കുകളും ചെയ്യാനും സർക്കാർസംവിധാനങ്ങൾക്ക് അപ്പുറമിരുന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യാനും ദൈനംദിനകാര്യങ്ങൾ നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥനു തികഞ്ഞ സ്വാതന്ത്ര്യം നൽകണം. ഇതോടൊപ്പം ഈ സാഹസികദൗത്യത്തിന്റെ ഭാഗമായി ജോഗി പൂജാരി എന്ന സാമൂഹികപ്രവർത്തകനെ കണ്ടുപിടിച്ച് ക്ഷേത്രപുനരുദ്ധാരണത്തിന് നക്സലുകളുടെ സമ്മതം വാങ്ങിത്തരണമെന്ന് അഭ്യർത്ഥിച്ചു. സഹായിക്കാമെന്നോ ഇല്ലയോ എന്നൊന്നും വ്യക്തമായി അവർ പറഞ്ഞില്ല. അവരുടെ പെരുമാറ്റത്തിൽനിന്ന് വരികൾക്കിടയിലൂടെ നമുക്കു വായിക്കാൻ കഴിയണം. ക്ഷേത്രപുനരുദ്ധാരണം എല്ലാവരുടെയും ആവശ്യമായതിനാലും ഇതുമൂലം പലർക്കും ജോലി കിട്ടുന്നതിനാലും വികസനപ്രവർത്തനം ആരും തടസ്സപ്പെടുത്തിയില്ല. പുനരുദ്ധാരണം സുഗമമായി നടക്കുകയായിരുന്നു. ഒരു ദിവസം മറ്റുദ്യോഗസ്ഥരുമായി ഞാൻ സാംലൂരിലെത്തി. തികച്ചും സാധാരണക്കാരെന്നു തോന്നിക്കുന്ന കുറച്ചുപേർ ഞങ്ങളുടെ അടുത്തു വന്ന് ക്ഷേത്രത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അനുചിതമായോ അസ്വാഭാവികമായോ ഒന്നും തോന്നിയില്ല. കാർക്കശ്യമാർന്ന മുഖഭാവവുമില്ല. കുറച്ചുകഴിഞ്ഞപ്പോൾ അവർ റായ്പുരിലെ മാത്രമല്ല, എന്റെ കോഴിക്കോട് കൊടുവള്ളിയിലെയും മേൽവിലാസം എഴുതിയെടുക്കാൻ തുടങ്ങിയപ്പോൾ എനിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. അതേവരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ജോഗി പൂജാരി ഈ ദിവസം ഞങ്ങളുടെ കൂടെയില്ലായിരുന്നു. അദ്ദേഹമെവിടെയെന്ന് സുധീർ ജായോട് ചോദിച്ചപ്പോൾ, അത്യാവശ്യ കാര്യത്തിനുവേണ്ടി ജഗദൽപുരിൽ പോയതാണെന്നറിഞ്ഞു. ചതിച്ചതാണോ? നേരിയ സംശയം. ഉറഞ്ഞുകൂടിയ ഭയം പുറത്തുകാണിക്കാതെ ഞാനവരുമായി ചെറിയ സംഭാഷണത്തിലേർപ്പെട്ടു. ''നിങ്ങൾക്ക് ക്ഷേത്രപുനരുദ്ധാരണത്തോട് എതിർപ്പാണെങ്കിൽ സാംലൂർ ക്ഷേത്രത്തിനു നീക്കിവെച്ച പണം ഇതിനുപയോഗിക്കാതെ മറ്റു വല്ല ചരിത്രസ്മാരകത്തിനും മാറ്റിച്ചെലവഴിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ല. നിങ്ങളുടെ പരിപൂർണ്ണപിന്തുണയോടുകൂടിയല്ലാതെ ഞങ്ങൾക്ക് ഒരു കല്ലുപോലും മാറ്റാൻ കഴിയില്ല. എന്നാൽ, എത്രയോ വർഷത്തിനുശേഷമാണ് ആയിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ സർക്കാർ മുന്നോട്ടുവന്നത്. ഇന്ന് ഈ വികസനം നിങ്ങൾ നിർത്തിവെപ്പിച്ചാൽ, ഇതിനുശേഷം ആരും ഈ സാഹസത്തിനു മുതിരില്ല. മാത്രമല്ല, ജോലിക്കാർ മുഴുവനും ആദിവാസികളാണ്. അവർക്കിത് ഭക്ഷണത്തിനും പട്ടിണിയിൽനിന്നു രക്ഷപ്പെടാനുമുള്ള വഴിയാണ്. അത് മുടക്കണമോ?'' ഞാൻ ചോദിച്ചു. ആരും ഒരുത്തരവും പറഞ്ഞില്ല. ''സർക്കാർ ഇവർക്കുവേണ്ടി നിർദ്ദേശിച്ച ദിവസക്കൂലിയിൽ കുറച്ചാണ് കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാം. ക്ഷേത്രത്തിനുവേണ്ടിയുള്ള കല്ലിലും കുമ്മായത്തിലും ഞങ്ങൾ കുറച്ചു കാണിച്ച് അന്യായമായി പണം സമ്പാദിക്കുന്നെങ്കിൽ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം,'' ഞാൻ തുടർന്നു. ''ഞങ്ങളുടെയിടയിൽ എൻജിനീയർമാരുണ്ട്. അവർ എല്ലാം പരിശോധിച്ചു. ദിവസക്കൂലിയിൽ നിങ്ങൾ കുറവുവരുത്തിയിട്ടില്ല,'' അവരുടെ മറുപടി വന്നു. ''പരാതിയൊന്നുമില്ലെങ്കിൽ, നന്നായിപ്പോകുന്ന ഈ ക്ഷേത്രനിർമ്മാണ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ എന്നെ അനുവദിക്കണം,'' ഞാൻ താഴ്മയോടെ പറഞ്ഞു. കുറേ നേരം ആരും ഒന്നും പറഞ്ഞില്ല. പ്രവർത്തനം അനുവദിക്കുമോ ഇല്ലയോ... ആശങ്കാകുലമായ നിമിഷങ്ങൾ. ഇതിലൊന്നും ശ്രദ്ധിക്കാതെ ഒരു ഭയപ്പാടുമില്ലാതെ തൊഴിലാളികൾ അവരുടെ ജോലി അഭംഗുരം നടത്തുന്നുണ്ടായിരുന്നു. തീ കത്തിപ്പടരുന്നത് ഞങ്ങളുടെ മനസ്സിലാണ്. കുറച്ചുനിമിഷങ്ങളുടെ ഒരു ചെറിയ കൂടിയാലോചനയ്ക്കുശേഷം അവരുടെ മറുപടി വന്നു. ''ഞങ്ങൾക്കീ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ പണം വേണം. ഒരു ചെറിയ സംഭാവന വേണം.'' അവർ ട്രാക്കു മാറ്റി. ''ചെറിയ സംഭാവനയാണെങ്കിൽ ഞാനൊപ്പിച്ചുതരാം. വലുതാണെങ്കിൽ ക്ഷേത്രപ്പണിയിൽനിന്നഡ്ജസ്റ്റ് ചെയ്യണം.'' അവസരം പാഴാക്കാതെ ഞാൻ പറഞ്ഞുതീർത്തു. പുസ്തകത്തിന്റെ കവർ പേജ് ഭാഗ്യമെന്നു പറയട്ടെ, 2003-ൽ അവർ 10,000 രൂപയേ ആവശ്യപ്പെട്ടുള്ളൂ. എനിക്ക് പരിപൂർണ്ണസമ്മതമായതിനാൽ പണമെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ക്ഷേത്രമായതിനാലും കുറേപ്പേർക്ക് ജോലി നൽകുന്നതിനാലും ഈ സംഭാവനയ്ക്കൊരു പ്രത്യുപകാരം ചെയ്യാൻ അവർ തയ്യാറായി. ''ആന്ധ്രയിൽനിന്ന് ചുവപ്പ് ഇടനാഴിയിലൂടെ നക്സലുകൾ വരുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കാം. ജോലി നിർത്തണം. അവർ പോയിക്കഴിഞ്ഞാൽ വീണ്ടുമറിയിക്കാം. അപ്പോൾ നിങ്ങൾക്ക് തുടർന്നു പ്രവർത്തിക്കാം.'' ഈ ഒത്തുതീർപ്പിൽ തിരുമൊഴിക്കെതിരില്ലാതെ അവരുടെ എല്ലാ ആജ്ഞയും ഞാൻ അംഗീകരിച്ചു. ഒരുവർഷത്തിനുള്ളിൽ ക്ഷേത്രത്തിനും പരിസരത്തിനും ഒരു പുതുജീവൻ നൽകാനായി. നാം പൊതുവേ സമൂഹവിരുദ്ധരും ക്രിമിനലുകളും വിദ്രോഹികളുമായി ചിത്രീകരിക്കുന്നവർക്ക് മറ്റൊരു വശമുണ്ട്. അത് തിരിച്ചറിയാൻ കഴിഞ്ഞാൽ, അവരുടെ ഹൃദയതന്ത്രികളെ സ്പർശിക്കാൻ കഴിഞ്ഞാൽ, ചിലപ്പോൾ നമുക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഭരണകൂടത്തിനും പോലീസിനും ചെയ്യാൻ കഴിയാത്ത പലതും ചിലപ്പോൾ ചില വ്യക്തികൾക്കും എൻ.ജി.ഒകൾക്കും സാമൂഹികപ്രതിബദ്ധതയുള്ള സംഘടനകൾക്കും ചെയ്യാൻ കഴിയും. ഗോത്രവികസനത്തിൽ സർക്കാർ ഗണ്യമായ തുക അനുവദിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും ആദിവാസികളിലേക്ക് എത്തുകയോ പിന്നാക്കപ്രദേശങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോ വേണ്ട രൂപത്തിൽ ഉപയോഗപ്പെടുത്തുന്നില്ല. പലയിടത്തും ജീവിതം കഷ്ടവും ദുഷ്‌കരവുമാണ്. സ്‌കൂളുകളില്ല, ആശുപത്രികളില്ല. എല്ലായിടത്തും ചുമലിൽ ജീവിതഭാരവുമായി വേച്ചുവേച്ചു നടക്കുന്ന മനുഷ്യപ്പേക്കോലങ്ങളെ കാണാം. ഇത്തരം സ്ഥിതിഗതികളാണ് ശങ്കർ നിയോഗിയെപ്പോലുള്ളവരെ ഛത്തീസ്ഗഢ് മുക്തി മോർച്ച സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഡോ. ബിനായക് സെൻ, രൂപാന്തർ എന്ന സംഘടന സ്ഥാപിക്കുകയും വില്ലേജ് ക്ലിനിക്കുകൾ നിർമ്മിച്ച് അവിടെ കാൽനടയായിപ്പോകുന്ന ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു. അവർ ചെയ്യുന്ന മാനുഷികസേവനങ്ങളെ അംഗീകരിക്കുന്നതിനുപകരം അവരെ കള്ളക്കേസിൽ കുടുക്കാനാണ് പലപ്പോഴും ഭരണകൂടം തയ്യാറാകുന്നത്. നമ്മെക്കാൾ എത്രയോ വലിയ ഈ മനുഷ്യസ്നേഹികളെ മനസ്സിലാക്കുകയും അവരുടെ സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യണം. നക്സലുകളുടെ ഒളിത്താവളങ്ങളെക്കുറിച്ച് ഇവർ രഹസ്യവിവരം ചോർത്തിത്തരുന്നില്ല എന്ന ഒറ്റക്കാരണത്താൽ അവരെ എതിർച്ചേരിയിൽ നിർത്തുകയല്ല വേണ്ടത്. അവർക്കു കഴിയുന്ന സേവനം അവർ ചെയ്യട്ടെ. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിന്റെ അധിപയും 'സ്‌ക്രോൾ' എന്ന പ്രസിദ്ധ വെബ്സൈറ്റിന്റെ മാദ്ധ്യമപ്രവർത്തകയുമായ മാലിനി സുബ്രഹ്‌മണ്യത്തിന് ഇതേപോലെ കണക്കില്ലാത്ത ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. ബസ്തറിൽ താമസിച്ച് അവിടെ നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ, കൊലപാതകങ്ങൾ, സ്ത്രീചൂഷണം, ആത്മസമർപ്പണം എന്നിവയെക്കുറിച്ച് തുറന്നടിച്ചെഴുതാൻ അസാമാന്യധൈര്യം കാണിച്ച വ്യക്തിയായിരുന്നു മാലിനി. ഈ പേടിയില്ലാത്ത റിപ്പോർട്ടിങ്ങിനാൽ 2016ൽ ഇന്റർനാഷണൽ ഫ്രീഡം പ്രസ് അവാർഡും 2017-ൽ ഓക്‌സ്ഫാം പെൻ അവാർഡും ലഭിച്ചു. രണ്ടാമത്തെ അവാർഡ് ജയിലിലടച്ച സൗദി അറേബ്യൻ കവി അഷ്റഫ് ഫയിസിനൊപ്പമായിരുന്നു പങ്കിട്ടത്. പക്ഷേ, പല ദേശീയ, അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയ മാലിനിയെ കള്ളക്കേസുകളിൽ കുടുക്കി നിർബ്ബന്ധമായി വീടൊഴിപ്പിച്ചാണ് പോലീസ് ബസ്തറിൽനിന്നു പുറത്താക്കിയത്. മാലിനിയുമായി എനിക്ക് അടുത്ത കുടുംബബന്ധമുണ്ടായിരുന്നു. ഭോപാലിൽ 2005 മുതൽ 2008 വരെ ഒരേ അപ്പാർട്ട്മെന്റിൽ അഭിമുഖമായാണ് ഞങ്ങൾ താമസിച്ചത്. അന്ന് മാലിനി ഇത്ര വലിയ ആക്റ്റിവിസ്റ്റും മാദ്ധ്യമപ്രവർത്തകയുമായിരുന്നില്ല. ബസ്തറിൽ പോയതിനുശേഷം വനവാസികളുടെ ജീവിതയാഥാർത്ഥ്യം കണ്ടപ്പോഴാണ് മാലിനിയുടെ യഥാർത്ഥ അവതാരം തുടങ്ങുന്നത്. നിർഭയം ശരിയായ വിവരം റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം പോലീസിനെയും അധികാരികളെയും ശത്രുപക്ഷത്താക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്ത പത്രപ്രവർത്തകനായിരുന്നു സൽമാൻ രവി. ബസ്തറിൽ എന്റെ ദൗത്യം പരിമിതമായതിനാൽ അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ, മദ്ധ്യപ്രദേശിൽ വർഷങ്ങൾക്കുശേഷം ബടേശ്വർ ക്ഷേത്രങ്ങളുടെയും ചമ്പൽകൊള്ളക്കാരുടെയും വാർത്തകൾ തയ്യാറാക്കാൻ ബി.ബി.സി. റിപ്പോർട്ടറായി അദ്ദേഹം വന്നപ്പോൾ ഞങ്ങൾ കണ്ടുമുട്ടി. നക്സലുകളെക്കുറിച്ചുള്ള എന്റെ അറിവു പരിമിതമാണ്. ആഴത്തിൽ അറിയാൻ കഴിഞ്ഞത് സൽമാൻ രവിയിൽനിന്നാണ്. സംഘട്ടനമേഖലകളിൽ കടന്നുചെന്ന് വനവാസികളുടെ ദുസ്സഹമായ ജീവിതം തൊട്ടറിയുന്ന മാലിനിയെപ്പോലുള്ളവരെ വിശ്വാസത്തിലെടുത്ത് അഭിപ്രായങ്ങളറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങിയാൽ ചില കാര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. അവരെ അർബൻ നക്സലുകളെന്നു പറഞ്ഞ് മാറ്റിനിർത്തുകയല്ല വേണ്ടത്. മറിച്ച് അവരെ മനസ്സിലാക്കി കൂടുതൽ അടുക്കാതെ ചെയ്യാൻ പറ്റുന്ന സഹായങ്ങൾ നൽകുക. അതിന്റെ ചെറിയൊരു ഉദാഹരണമാണ് സാംലൂറിൽ ആർക്കിയോളജിക്കൽ സർവേ ചെയ്തത്. മണ്ണിൽ ജോലി ചെയ്യുന്നവന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, അവന്റെ ജീവിതത്തെ സ്പർശിക്കാനും, സാമൂഹിക സംവേദനക്ഷമത കാണിക്കാനും കഴിഞ്ഞാൽ, ഔദ്യോഗികമായി സാധിച്ചെടുക്കാൻ കഴിയാത്ത പല കാര്യങ്ങളും പരസ്പരം മനസ്സിലാക്കുന്നതിലൂടെയും സഹകരണത്തിലൂടെയും, എല്ലാവരുടെയും നന്മയ്ക്കായി വിപരീതപരിതഃസ്ഥിതിയിലും നടപ്പിലാക്കാൻ കഴിയും. നക്സൽ ഭീഷണിയെ നേരിടാൻ പല വഴികളിലൂടെ, സമൂഹത്തിലെ പല ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഇന്നത്തെ ഏകവഴിസമീപനം മാറ്റി ബഹുമുഖസമീപനം (Multi-pronged Approach) അവലംബിക്കേണ്ടിയിരിക്കുന്നു. 'സ്നേഹവും ദയയുമാണ് ഏറ്റവും വലിയ മതം. ഈ രണ്ടു ഗുണവുമുണ്ടാവാൻ ഒരു മതത്തിന്റെയോ ഈശ്വരന്റെയോ ആവശ്യമില്ല' (ദലൈലാമ). സ്നേഹവും കരുണയുമുപയോഗിച്ച് നക്സൽ പ്രശ്നത്തിന്റെ ക്രൂരതയെ അൽപ്പമെങ്കിലും ശമിപ്പിക്കാൻ പറ്റുമോ എന്നു ചിന്തിക്കുന്നതു നന്ന്. സ്നേഹത്തിന്റെ ഭാഷ കൊടുംക്രിമിനലുകൾക്ക് എപ്പോഴും മനസ്സിലാകുന്ന ഭാഷയല്ല. പണം ഇഷ്ടംപോലെ സംഭരിച്ചതിനുശേഷം, ഇതേവരെ സംഭരിച്ച പണം സുരക്ഷിതമായി വെക്കാൻ, ആത്മസമർപ്പണത്തിലൂടെ രക്ഷാവഴികൾ അന്വേഷിക്കുകയും, പോലീസ് പലയിടത്തുനിന്നും, നിരന്തരമായി വേട്ടയാടുമ്പോഴുള്ള സന്ധികളിലാണ് സന്നദ്ധസംഘടനകളുടെയും, സ്വയംസേവാസംഘങ്ങളുടെയും പ്രവർത്തനം ശരിക്കും ഫലപ്രദമാവുക. ഇത്തരം സന്ദർഭങ്ങൾ ഒരുമിച്ചുകൂടുന്നത് മനസ്സിലാക്കാൻ കഴിയുന്ന ക്രാന്തദർശികളായ സ്വയംസേവാസംഘനേതൃത്വത്തെ തയ്യാറാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ധ്യാത്മവും ദർശനശാസ്ത്രവുമൊക്കെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. അദ്ധ്യാത്മവും ദർശനവുമൊക്കെ പരിവർത്തനത്തിന്റെ ഉപകരണങ്ങളാക്കി (transformation tool) ഉപയോഗിക്കാൻ നമുക്കു കഴിയണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഞങ്ങളുടെയിടയിൽ എൻജിനീയർമാരുണ്ട്’; ബസ്തറിലെ ചുവന്ന ഇടനാഴിയി… | Boolokam