തിരുവനന്തപുരം: തിരഞ്ഞെടുപ്പുചൂടിലേക്ക് മുന്നണികൾ മാറിയതോടെ പോർവിളികൾ കടുക്കുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബി.ജെ.പി.-സി.പി.എം. 'ഡീൽ' ആരോപണം ഉയർത്തിയതോടെയാണ് ചൂടുകൂടിയത്. ബി.ജെ.പി.യുടെ ബി-ടീമാണ് കോൺഗ്രസെന്നും പ്രതിപക്ഷനേതാവിനെ നുണയനെന്നും ആരോപിച്ചുള്ള പ്രതിരോധമാണ് സി.പി.എം. തീർക്കുന്നത്. നാണംകെട്ട പാർട്ടിയെന്നാണ് കോൺഗ്രസിനെ ബി.ജെ.പി. വിശേഷിപ്പിച്ചത്. To advertise here, സ്ഥാനാർഥിനിർണയത്തിനുപിന്നാലെ ആദ്യം വാക്കിന്റെ മുനകൂർപ്പിച്ചത് പ്രതിപക്ഷനേതാവാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട് മണ്ഡലത്തിൽ ഒരു വ്യവസായിയെ സ്വതന്ത്ര പരീക്ഷണത്തിനിറക്കിയത് ചൂണ്ടിക്കാട്ടിയാണ് സതീശൻ ബി.ജെ.പി.-സി.പി.എം. 'ഡീൽ' ആരോപണം ഉയർത്തിയത്. ബി.ജെ.പി.ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിക്കുന്ന രീതി എൻ.ഡി.എ. സ്വീകരിച്ചത് ഡീൽ ആരോപണത്തിന് ബലം പകർന്നു. എന്നാൽ, ഇത് ഏറ്റുപിടിക്കാനോ, മറുപടി പറഞ്ഞ് വിഷയം ചർച്ചയിൽനിർത്താനോ സി.പി.എം. ഒരുങ്ങിയില്ല. പകരം, ആരോപണം ഉന്നയിച്ച സതീശനെ സംശയത്തിൽ നിർത്തുന്ന രീതി സ്വീകരിച്ചു. എന്നാൽ എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും പത്തുമണ്ഡലങ്ങളിലെ 'ഡീൽ' ആവർത്തിച്ചു. 'നുണേശൻ' എന്ന രീതിയിൽ സതീശനെ ലക്ഷ്യമിട്ടുള്ള പ്രചാരണരീതി സി.പി.എം. നേരത്തെ തുടങ്ങിയിരുന്നു. സൈബറിടത്തിൽ പ്രത്യേകം പേജുകളുണ്ടാക്കി. പാർട്ടി മുഖപത്രത്തിൽ പരസ്യംനൽകി. സതീശന്റെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം ഓരോദിവസവും നുണ പറഞ്ഞുകൊണ്ടേയിരിക്കുമെന്നുമാണ് ഡീൽ ആരോപണത്തെ പ്രതിരോധിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. നുണേശൻ പ്രചാരണത്തെ ഏറ്റുപിടിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ, ഗോവിന്ദന്റെ വാക്കുകൾക്ക് പ്രതിപക്ഷനേതാവ് മറുപടി നൽകി. ആരോഗ്യമന്ത്രിയെ കെ.എസ്.യു.കാർ കഴുത്തുപിടിച്ച് തിരിച്ചെന്നും കൈപിടിച്ച് ഒടിച്ചെന്നും പച്ചക്കള്ളം വിളിച്ചുപറഞ്ഞയാളാണ് ഗോവിന്ദൻ. അതിലും വലിയ നുണ എന്താണെന്നായിരുന്നു സതീശന്റെ ചോദ്യം. ഡീൽ ആരോപണത്തിൽ, നാണംകെട്ട പാർട്ടിയെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ വിശേഷിപ്പിച്ചത്. പാലക്കാട് വ്യവസായിയെ സ്ഥാനാർഥിയാക്കിയ സി.പി.എമ്മിന്റെ രീതിയെ ന്യായീകരിച്ചതും രാജീവ് ചന്ദ്രശേഖറാണെന്നതാണ് ശ്രദ്ധേയം. ശബരിമല ഉൾപ്പെടുന്ന റാന്നിയടക്കം ഘടകകക്ഷിക്ക് നൽകിയതിനെക്കുറിച്ച് ബി.ജെ.പി. വിശദീകരിച്ചിട്ടില്ല. ഇത് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാക്കുന്നുണ്ട്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണം അപക്വം - എം.വി. ശ്രേയാംസ് കുമാർ കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം.-ബി.ജെ.പി. മുന്നണികൾ തമ്മിൽ ഡീൽ ഉണ്ടാക്കിയെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വമെന്ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. ബി.ജെ.പി.ക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതും പോരാടുന്നതും ഇടതുപക്ഷമാണെന്നും ഒത്തുതീർപ്പുകൾ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രേയാംസ് കുമാർ. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പലതും സംഭവിക്കും. സീറ്റു കിട്ടിയില്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും മാറുമെന്നതും അങ്ങനെയല്ലേ കാണേണ്ടതുള്ളൂ. സുരേന്ദ്രൻപിള്ളയുടേത് തെറ്റിദ്ധാരണയുടെ ഭാഗമായി സംഭവിച്ചതാണ്. അദ്ദേഹമത് തിരുത്തി. നമ്മുടെ കാതലായ പ്രശ്‌നം കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കും എന്നതാണ്. എല്ലാ മേഖലയിലും ഭാവി അടിസ്ഥാനമാക്കി പ്രവർത്തിച്ച സർക്കാരിന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. പുതുതലമുറ മാറിച്ചിന്തിക്കാൻ തുടങ്ങി. നമ്മുെട ഭാവി, സംസ്ഥാനം, സാമ്പത്തിക സാമൂഹികമേഖല ഇവയെല്ലാം എങ്ങനെയായിരിക്കും എന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.വി. ഗോവിന്ദൻ വലിയ നുണയൻ - വി.ഡി. സതീശൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം അറിയാത്ത ബിസിനസുകാരൻ. ആകാശത്തുനിന്നും നൂലിൽക്കെട്ടിയാണ് ബി.ജെ.പി. അദ്ദേഹത്തെ കേരളത്തിൽ ഇറക്കിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചുവെന്നു പറഞ്ഞ കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിലൊരാളാണ് എം.വി. ഗോവിന്ദൻ. അവളോടൊപ്പം എന്നു കാണിക്കാൻ മുഖ്യമന്ത്രി ചായക്കപ്പ് പ്രദർശിപ്പിച്ചത് പി.ആറിന്റെ ഭാഗമാണ്. സുധാരന് കമ്യൂണിസ്റ്റ്മാനിഫെസ്റ്റോ മനസ്സിലായില്ല - എ. വിജയരാഘവൻ തലകീഴായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതുകൊണ്ടാണ് ജി. സുധാകരൻ ഇങ്ങനെയായത്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗസമരചരിത്രമാണെന്ന മാനിഫെസ്റ്റോയിലെ ആദ്യവാചകം സുധാകരനു മനസ്സിലായിട്ടില്ല. 'ചെറ്റ' വിളിയിൽ അഭിമാനം - ജി. സുധാകരൻ അടിസ്ഥാനവർഗത്തിന്റെ പുരയാണ് ചെറ്റപ്പുര. മുഖ്യമന്ത്രിയുടെ വിളിയിൽ ഞാൻ അഭിമാനംകൊള്ളുന്നു. എ. വിജയരാഘവൻ 10 യോഗത്തിൽ പങ്കെടുത്താൽ എനിക്ക് 5000 വോട്ട് കൂടും. എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്നാണ് മന്ത്രി പി. പ്രസാദ് പറയുന്നത്. പിന്നെ അയാളെന്തിനാ രണ്ടാമത് മത്സരിക്കുന്നത്. 'ചെറ്റത്തരത്തിൽ' എതിർപ്പ് - കെ.സി. വേണുഗോപാൽ ജി. സുധാകരൻ പാർട്ടിവിട്ടതിനെ 'ചെറ്റത്തരം' എന്ന് വിശേഷിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ യഥാർഥ മുഖമാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അനാവശ്യ പദപ്രയോഗമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന അഭിപ്രായമുള്ള സി.പി.എം. നേതാക്കളുമുണ്ട്, പുറത്തുപറയുന്നില്ലെന്നുമാത്രം. Content Highlights: Escalating political friction between major Kerala fronts., Congress alleges a secret pact between CPM and BJP in key constituencies., CPM labels Opposition Leader VD Satheesan a 'liar' (Nunesan)., BJP criticizes Congress, dismissing the deal allegations as baseless., Internal conflicts within parties surfacing during candidate selection. Published: 23 Mar 2026, 08:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഡീൽ' ആരോപണം കടുപ്പിച്ച് കോൺഗ്രസ്; പ്രതിപക്ഷ നേതാവ് നുണയനെന്ന് സിപിഎം, കോൺഗ്രസിനെതിരേ ബിജെപി
M
MathrubhumiSource Link
about 2 months ago