പതിറ്റാണ്ടുകളായി വനിതാസംവരണബിൽ ഒരു വാഗ്ദാനമായി നിലനിൽക്കുന്നു. പ്രതീകാത്മകമായ നടപടികളുടെ കാലം കഴിഞ്ഞെന്നും തുല്യപങ്കാളിത്തത്തിന്റെ യുഗം ആരംഭിക്കാൻ സമയമായെന്നും പ്രധാന രാഷ്ട്രീയകക്ഷികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. എങ്കിലും, നമുക്കുമുന്നിലുള്ള ഈ നിയമനിർമാണപ്രക്രിയ എന്നെ ആഴത്തിൽ അസ്വസ്ഥനാക്കുകയാണ്. To advertise here, സർക്കാർ 'നാരീശക്തി' എന്ന 'നീതിയുടെ സമ്മാനം' കൊണ്ടുവന്നെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, മുള്ളുകമ്പിയാൽ വരിഞ്ഞാണ് ആ സമ്മാനം അദ്ദേഹം വെച്ചുനീട്ടുന്നത്. 2011-ലെ സെൻസസ് പ്രകാരം പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനോടും മണ്ഡലപുനർനിർണയത്തോടും അദ്ദേഹം വനിതാസംവരണബില്ലിനെ കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഒരു ധാർമിക അനിവാര്യതയെ ജനസംഖ്യാപരമായ വലിയ സങ്കീർണതയിൽ തളച്ചിടുന്നത് എന്തിനാണ്? വനിതാസംവരണം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. നമ്മുടെ നിലവിലുള്ള പാർലമെന്റ് അംഗബലത്തിന്റെ അടിസ്ഥാനത്തിൽ അത് ഉടനടി നടപ്പാക്കാൻ സാധിക്കുന്നതും നടപ്പാക്കേണ്ടതുമാണ്. മണ്ഡലപുനർനിർണയം എന്നത് കേവലം ഭൂപടങ്ങൾ പുനഃക്രമീകരിക്കുന്ന ഒരു ഉദ്യോഗസ്ഥതല നടപടിയല്ല. അത് രാഷ്ട്രീയാധികാരത്തിന്റെ ഭൂപടത്തിൽ വരുന്ന വലിയൊരു മാറ്റമാണ്. വനിതാസംവരണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത്, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരവും സങ്കീർണവുമായ ഭരണപരമായ നടപടികളിലൊന്നിന് ഇന്ത്യൻസ്ത്രീകളുടെ അഭിലാഷങ്ങളെ ബന്ദിയാക്കുന്നതിന് തുല്യമാണ്. ജനസംഖ്യാപരമായ ഭൂരിപക്ഷാധിപത്യം ആഴത്തിലുള്ള ജനസംഖ്യാപരമായ വൈവിധ്യത്തെയാണ് മണ്ഡലപുനർനിർണയത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ നാം അഭിമുഖീകരിക്കുന്നത്. ഇവിടെ കുറഞ്ഞത് മൂന്ന് പ്രധാനകാര്യങ്ങളെങ്കിലും നാം കണക്കിലെടുക്കണം. ഒന്നാമതായി, ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥ. രണ്ടാമതായി, ജനസംഖ്യാനിയന്ത്രണം എന്ന ദേശീയലക്ഷ്യം ശ്രദ്ധാപൂർവം നടപ്പാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന മനുഷ്യവിഭവശേഷിവികസനത്തിനായി നിക്ഷേപം നടത്തുകയുംചെയ്ത തമിഴ്‌നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളും അതിൽ പരാജയപ്പെട്ട പ്രധാനമായും ഉത്തരേന്ത്യയിലുള്ള സംസ്ഥാനങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥ. ഭാവിയിലെ മണ്ഡലപുനർനിർണയങ്ങളിൽ, ജനസംഖ്യാവർധന നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയപ്രാധാന്യം എന്ന പ്രതിഫലം നൽകപ്പെടും, ഭരണപരമായ മികവ് രാഷ്ട്രീയമായ അപ്രസക്തിയിലേക്ക് നയിക്കും എന്നതാണോ നാം നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. ദേശീയ ഖജനാവിലേക്ക് തങ്ങൾക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ സംഭാവന നൽകുന്ന സംസ്ഥാനങ്ങളും കേന്ദ്രഫണ്ടുകളെ പ്രധാനമായും ആശ്രയിച്ചുകഴിയുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് മൂന്നാമത്തെ ഘടകം. കേവലം ജനസംഖ്യയുടെമാത്രം അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയം, നമ്മുടെ രാജ്യത്തെ താങ്ങിനിർത്തുന്ന വിഭവങ്ങളുടെ സിംഹഭാഗവും നൽകുന്ന സംസ്ഥാനങ്ങളുടെ ശബ്ദത്തെ കൂടുതൽ പാർശ്വവത്കരിക്കും. ഒരുപിടി വലിയ ദരിദ്രസംസ്ഥാനങ്ങൾക്ക് സൈദ്ധാന്തികമായി രാജ്യത്തിന്റെ മുഴുവൻ വിധി നിർണയിക്കാൻ കഴിയുന്ന 'ജനസംഖ്യാപരമായ ഭൂരിപക്ഷാധിപത്യം' സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ചെറിയ സംസ്ഥാനങ്ങളെയും സവിശേഷമായ ഭാഷാ-സാംസ്‌കാരിക സ്വത്വങ്ങളും സാമ്പത്തികസംഭാവനകളുമുള്ള സംസ്ഥാനങ്ങളെയും സ്വന്തം രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വെറും കാഴ്ചക്കാരായിമാറ്റുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. നേരേമറിച്ച്, ജനസംഖ്യാവളർച്ച കൂടുതലുള്ളതും എന്നാൽ, സാമ്പത്തിക ഉത്പാദനക്ഷമത കുറഞ്ഞതുമായ സംസ്ഥാനങ്ങൾക്ക്, സാമ്പത്തികമായ ഉത്തരവാദിത്വങ്ങളില്ലാതെതന്നെ അമിതമായ രാഷ്ട്രീയാധികാരം ലഭിക്കാൻ ഇത് കാരണമാകും. നോട്ടുനിരോധനത്തിന്റെ കാര്യത്തിൽ കാണിച്ച അതേ തിടുക്കമാണ് മണ്ഡലപുനർനിർണയത്തിന്റെ കാര്യത്തിലും കാണിക്കുന്നത്. ആ നടപടി രാജ്യത്തിന് വരുത്തിവെച്ച ആഘാതം നമുക്കെല്ലാം അറിയാവുന്നതാണ്. മണ്ഡലപുനർനിർണയം എന്നത് ഒരു 'രാഷ്ട്രീയനോട്ടുനിരോധന'മായിമാറും. അത് ചെയ്യരുത്. നിയമബലമില്ലാത്ത ഫോർമുല ഇനി, മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച 50 ശതമാനം ഫോർമുലയെക്കുറിച്ച് പറയാം. ഒരു സംസ്ഥാനത്തിനും നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെടില്ലെന്നും സഭയുടെ മൊത്തം അംഗബലം 50 ശതമാനം വർധിപ്പിക്കുമെന്നുമാണ് അദ്ദേഹം വാഗ്ദാനംചെയ്തത്. ഇത് നിയമപരമായ ഒരു അടിസ്ഥാനവുമില്ലാത്ത, ദുർബലമായ രാഷ്ട്രീയ ഉറപ്പുമാത്രമാണ്. കാരണം, സർക്കാർ നിയമിക്കുന്ന മണ്ഡലപുനർനിർണയക്കമ്മിഷന് പൂർണസ്വാതന്ത്ര്യം നൽകുന്ന, നിലവിൽ അവതരിപ്പിച്ച നിയമത്തിന് കടകവിരുദ്ധമാണ് ഈ വാഗ്ദാനം. കമ്മിഷന്റെ തീരുമാനങ്ങളെ കോടതിയിൽ ചോദ്യംചെയ്യാനും സാധിക്കില്ല. അമിത് ഷാ പറഞ്ഞ ഈ ഫോർമുലയ്ക്ക് ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സുരക്ഷാകവചവും ഇല്ലാത്തതിനാൽതന്നെ പാർലമെന്റിലെ കേവലഭൂരിപക്ഷം ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ഉപേക്ഷിക്കാനോ മാറ്റാനോ സാധിക്കും. അതുകൊണ്ടുതന്നെ, വളരെ കുറഞ്ഞ കാലയളവിനപ്പുറം ഈ വാഗ്ദാനം നിലനിൽക്കുമെന്നതിന് ഒരു ഉറപ്പുമില്ല. പ്രായോഗികമല്ലാത്ത ലോക്സഭ കൂടാതെ, ലോക്സഭയിലെ അംഗബലം 850 ആയി വർധിപ്പിക്കുന്നത് ലോകത്തെ ഏതൊരു ജനാധിപത്യരാജ്യത്തിലേതിനെക്കാളും വലിയ ഒരു നിയമനിർമാണസഭയെ സൃഷ്ടിക്കും. ഇത് കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടുള്ളതും പ്രായോഗികമല്ലാത്തതും കാര്യക്ഷമമല്ലാത്തതുമായ ഒരു സഭയെ സൃഷ്ടിക്കും. സർക്കാർ പാർലമെന്റ് സമ്മേളനങ്ങളുടെ ദൈർഘ്യം വ്യവസ്ഥാപിതമായി കുറച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒന്നും രണ്ടും ലോക്സഭകൾ വർഷത്തിൽ ശരാശരി 125 ദിവസം സമ്മേളിച്ചിരുന്ന സ്ഥാനത്ത്, 16-ഉം 17-ഉം ലോക്സഭകൾ സമ്മേളിച്ചത് 60 ദിവസത്തിനുതാഴെയാണ്. 850 അംഗങ്ങളുള്ള ഒരു സഭയിൽ ഭൂരിഭാഗം എം.പി.മാർക്കും അർഥവത്തായ പങ്കാളിത്തത്തിന് അവസരം ലഭിക്കണമെങ്കിൽ ചോദ്യോത്തരവേളയ്ക്കും ശൂന്യവേളയ്ക്കും നിലവിൽ അനുവദിച്ചിരിക്കുന്ന സമയം കുറഞ്ഞത് ഇരട്ടിയാക്കേണ്ടിവരും. അല്ലാത്തപക്ഷം, ഭൂരിഭാഗം പ്രതിനിധികളും ഫലത്തിൽ നിശ്ശബ്ദരാക്കപ്പെടും. 543 അംഗങ്ങളിൽത്തന്നെ പലർക്കും ചോദ്യങ്ങൾ ചോദിക്കാൻ നിലവിൽ അവസരം ലഭിക്കുന്നില്ല. പരിഹാരം എളുപ്പമല്ല ഒരു പ്രദേശത്തിനും തങ്ങൾ തഴയപ്പെട്ടുവെന്ന തോന്നൽ ഉണ്ടാക്കാത്തവിധത്തിലുള്ള ചരിത്രപരമായ ഒരു ഒത്തുതീർപ്പ് നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഉദാഹരണങ്ങൾ നൽകിയതിന് ബി.ജെ.പി. അംഗങ്ങളിൽ ഒരാൾ എന്നെ വിമർശിച്ചെങ്കിലും വൈവിധ്യമാർന്ന രാജ്യങ്ങൾ ഇതേ സങ്കീർണതകളെ എങ്ങനെയാണ് നേരിട്ടതെന്ന് പരിശോധിക്കുന്നതിൽ തെറ്റൊന്നുമില്ല. ഉദാഹരണത്തിന്, 1787-ൽ അമേരിക്കൻ ഭരണഘടനാശില്പികൾ വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കംകാരണം ഒരു പ്രതിസന്ധി നേരിട്ടു. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ജനപ്രതിനിധിസഭയും വലുപ്പവ്യത്യാസമില്ലാതെ ഓരോ സംസ്ഥാനത്തിനും കൃത്യം രണ്ടുസീറ്റുവീതമുള്ള സെനറ്റും എന്ന ഒരു ദ്വിമണ്ഡല നിയമനിർമാണസഭയായിരുന്നു അവർ കണ്ടെത്തിയ പരിഹാരം. അതായത്, ഗോവയോ സിക്കിമോ പോലുള്ള ചെറിയ സംസ്ഥാനമായാലും ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനമായാലും ഉപരിസഭയിൽ തുല്യ എണ്ണം സീറ്റുകൾ ഉണ്ടായിരിക്കും. അതൊരു ആശയമാണ്. നാം അത് അതേപടി സ്വീകരിക്കണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ, നാം അത് ചർച്ചചെയ്യേണ്ടതുണ്ട്. നമ്മുടേത് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഗൗരവതരമായ ഒരു മണ്ഡലപുനർനിർണയചർച്ചയിലൂടെ നാം വിഭാവനംചെയ്യേണ്ടത് നമ്മുടെ രാജ്യത്തിലെയും രാഷ്ട്രീയവ്യവസ്ഥയിലെയും ഏറ്റവുംചെറിയ വർക്കുപോലും തങ്ങളുടെ ശബ്ദം കേൾപ്പിക്കത്തക്കരീതിയിലുള്ള ഒരു സമവാക്യം രൂപപ്പെടുത്തുക എന്നതാണ്. ഭരണകക്ഷി ഉദ്ധരിച്ച 'ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം' എന്ന തത്ത്വം, നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് 'ഒരു സംസ്ഥാനം, ഒരു തുല്യപങ്കാളി, ഒരു മൂല്യം' എന്ന തത്ത്വവുമായി സന്തുലിതമാക്കണമെന്ന് ഈ മാതൃകകൾ നമ്മെ പഠിപ്പിക്കുന്നു. ഭാരതം ഒരു പുതിയ മണ്ഡലപുനർനിർണയപ്രക്രിയയിലേക്ക് അടുക്കുമ്പോൾ, ജനസംഖ്യാപരമായ യാഥാർഥ്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ, ചില വലിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഘടനാപരമായ ആധിപത്യം തടയാൻ സഹകരണാത്മക ഫെഡറലിസത്തിന്റെ അന്തസ്സത്തയ്ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.

'തിടുക്കം കാണിച്ചാൽ മണ്ഡലപുനർനിർണയം എന്നത് ഒരു 'രാഷ്ട്രീയ നോട്ടുനിരോധന'മായി മാറും, അത് ചെയ്യരുത്'
M
MathrubhumiSource Link
22 days ago