'നമ്മുടെ കുഞ്ഞ്, ഒരു നട്ടുച്ചയ്ക്ക് അങ്ങിറങ്ങിപ്പോവുകയാണ്..ജീവിതത്തിൽനിന്ന്..; കാരണം അറിയണ്ടേ?’

'നമ്മുടെ കുഞ്ഞ്, ഒരു നട്ടുച്ചയ്ക്ക് അങ്ങിറങ്ങിപ്പോവുകയാണ്..ജീവിതത്തിൽനിന്ന്..; കാരണം അറിയണ്ടേ?’

M
MathrubhumiSource Link
അഷിതയുടെ മരണാനന്തരജീവിതങ്ങൾ എന്ന കഥ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അത് ഞാനായിരുന്നു എന്ന പുസ്തകത്തിൽനിന്നും. To advertise here, ത ണുത്തു വിറങ്ങലിച്ച ഒരു വൈകുന്നേരമായിരുന്നു അത്. ചായക്കോപ്പയുമായി ഞാൻ വിമലയെ അന്വേഷിച്ചു ചെല്ലുമ്പോൾ അവൾ അടുക്കളയുടെ ജനലിലൂടെ പുറത്തു മൈതാനത്തിലെ പന്തുകളി നോക്കിനില്ക്കുകയായിരുന്നു. അവളുടെ അരികിൽ ചായ അനുനിമിഷം തണുത്തുകൊണ്ടിരുന്നു. പുറത്തു പന്തു കളിക്കുന്ന ചെറുപ്പക്കാരെ ഞാനും കണ്ടു. അതിൽ ഓരോരുത്തരും അവളുടെ മകന്റെ സമപ്രായക്കാരാവും. അരുൺ അവരോടൊപ്പം എന്നും കളിക്കാൻ പോയിരുന്നിരിക്കുമോ? ആ സന്ദേഹത്തിൽ എന്റെ കൈയിലെ ചായക്കോപ്പ ഒന്നു വിറച്ചു. ശബ്ദം കേട്ട് വിമല തിരിയുകയോ എന്നെ നോക്കുകയോ ചെയ്തില്ല. വലിഞ്ഞുമുറുകിയ അവളുടെ മുഖഭാവം അവൾ ഈ ലോകത്തേയില്ലെന്നു തോന്നിച്ചു. ഞാൻ ചായക്കോപ്പ താഴെ വെച്ചു. പിന്നെ മെല്ലെ അവളുടെ കൈ പിടിച്ചു. അവളുടെ വിരലുകൾ തണുത്തിരുന്നു, മരണത്തോടടുക്കുന്ന ഒരു തണുപ്പ്, മരണത്തിന്റെ നിശ്ചലത. സായാഹ്നം ഇരുണ്ടു തുടങ്ങിയിരുന്നു; ശീതക്കാറ്റ് വീശിയടിക്കാൻ തുടങ്ങി. തെരുവുവിളക്കുകൾ തെളിഞ്ഞു. കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഞങ്ങളുടെ എതിർവശത്തെ ഫ്ളാറ്റുകളിലും വിളക്കുകൾ തെളിഞ്ഞു. എല്ലാ വിളക്കുകളും അണഞ്ഞപോലെ വിമലയുടെ വിളർത്ത മുഖം. ഞാൻ വിമലയുടെ കൈയിൽ ഒന്നമർത്തി മൃദുവായി ഓർമിപ്പിച്ചു, 'വാ, അകത്തേക്കു പോകാം, തണുത്ത കാറ്റ് ഇങ്ങനെ കൊള്ളണ്ട.' വിമല മിണ്ടിയില്ല. വിമല കോളേജുകാലം തൊട്ട് എന്റെ കൂട്ടുകാരിയാണ്. നാലഞ്ചുകൊല്ലം ഹോസ്റ്റലിലെ റൂംമേറ്റ്. ഞങ്ങൾ കൈമാറാത്ത രഹസ്യങ്ങളോ സങ്കടങ്ങളോയില്ല. അന്നും ഇന്നും കൈമാറാൻ അത്രയ്ക്കധികം സന്തോഷങ്ങളൊന്നുമില്ലാത്ത രണ്ടു ജീവിതങ്ങൾ. വിമലയുടെ മകന്റെ മരണവിവരം കേട്ട് അന്വേഷിക്കാൻ വന്നതാണ് ഞാൻ. ഒരേയൊരു മകൻ, ആത്മഹത്യ. ഞാൻ വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു. ഇതേവരെ വിമല എന്തെങ്കിലും അതിനെക്കുറിച്ചു സംസാരിക്കുകയോ ഒന്ന് പൊട്ടിക്കരയുകയോ ഉണ്ടായില്ല. അതാണ് എനിക്കു മനസ്സിലാവാഞ്ഞത്. ആദ്യത്തെ പ്രേമം തകർന്നപ്പോൾ ഒരാഴ്ചയോളം അവൾ നിർത്താതെ കരഞ്ഞത് എനിക്കോർമവന്നു. അതിൽനിന്ന് ഈ സ്തോഭരഹിതമായ മുഖഭാവത്തിലേക്കുള്ള ദൂരം ഞാൻ മനസ്സുകൊണ്ട് അളക്കുകയായിരുന്നു. ഇരുളിന് കനം കൂടി. ഞങ്ങൾക്ക് പരസ്പരം മുഖം കാണാൻ വയ്യാതെയായി. അവളുടെ തൊട്ടടുത്താണ് ഞാൻ നില്ക്കുന്നത്. എന്നിട്ടും അവളവിടെ ഇല്ലെന്നു തോന്നി. അലോസരപ്പെടുത്തുന്ന ഒരു തോന്നലായിരുന്നു അത്. ഞാൻ മെല്ലെ വിളിച്ചു: 'വിമലേ...' അവൾ മുഖം തിരിച്ച് എന്നെയൊന്നു നോക്കി. വീണുടഞ്ഞ കുപ്പിച്ചില്ലിന്റെ കഷ്ണംപോലെ ഒരു നോട്ടം. ഞാൻ പറഞ്ഞു, 'നമുക്ക് സിറ്റിങ് റൂമിലേക്കിരിക്കാം.' അവൾ പൊടുന്നനേ തിരിഞ്ഞു. താക്കോൽ കൊടുത്ത പാവയെപ്പോലെ യാന്ത്രികമായി സിറ്റിങ് റൂമിലേക്കു നടന്നു. അവളുടെ നിഴൽ ചുവരിലൂടെ അടിവെച്ചു നീങ്ങുന്നത് നോക്കി, അതിന്റെ യാന്ത്രികത നോക്കി ഞാൻ രണ്ടു നിമിഷംകൂടി അവിടെത്തന്നെ നിന്നു. റൂമിലേക്കു ചെന്ന് അവൾ ലൈറ്റിടാതെ ഇരുണ്ട സോഫയിൽ മറ്റൊരു ഇരുട്ട് ഘനീഭവിച്ചപോലെ ഇരിപ്പുറപ്പിച്ചിരുന്നു. ഞാൻ അവൾക്കെതിരേ ഇരുന്നു. രണ്ടുംകല്പിച്ചു ഞാൻ ചോദിക്കുകയാണ്, 'വിമലേ നമ്മുടെ അപ്പുവിന് എന്താ പറ്റിയത്?' ഇരുട്ടിൽ അവളുടെ കണ്ണിൽ ഒരു തിളക്കമായി കണ്ണുനീരിന്റെ നനവ് കണ്ടു എന്നു തോന്നി. അവൾ ചോദിച്ചത്,'രാത്രി നിനക്കെന്താണ് വേണ്ടത്... ചപ്പാത്തിയോ ചോറോ?' എന്നായിരുന്നു. തീർത്തും സ്തബ്ധയായി ഞാൻ അവളെ നോക്കിയിരുന്നുപോയി. അനേകം അനേകം താഴിട്ടു പൂട്ടിയ ഒരു കോട്ടപോലെയാണ് അവളെന്ന് എനിക്കു തോന്നി. ഏതു വാക്കാണ് താക്കോലാവുക എന്നറിയാതെ ഞാൻ വീണ്ടും ചോദിക്കുകയാണ്, 'വിമലേ, അപ്പു എന്തിനാണ് അത് ചെയ്തത്?' പുസ്തകത്തിന്റെ കവർ പേജ് പിന്നെ നിർത്താതെ ബാലിശമായ ഒരുതരം വൈരാഗ്യത്തോടെ അപ്പുവിനെ ഉൾക്കണ്ണിൽ കണ്ടുകൊണ്ട് അവനോടായെന്നവണ്ണം ഞാൻ നിർത്താതെ പറഞ്ഞുപോയി, 'എന്തിന്റെ കുറവുണ്ടായിട്ടാണ്? പ്രേമനൈരാശ്യത്തിൽ ആത്മഹത്യ ചെയ്യുന്ന മജ്നുമാരുണ്ടോ ഇപ്പോഴും? നീയും അവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ? അവന്റെ പപ്പയുടെ ഓമനയായിരുന്നല്ലോ അവൻ. പിന്നെന്താണ് വിമലേ എന്താണ്... എന്തായാലും പറ.' ഇരുട്ടിൽനിന്ന് വിമലയുടെ മന്ദ്രമായ മറുചോദ്യം ഉയർന്നു... 'എന്തായാലും ഇനിയെന്താണ്?' എനിക്കുത്തരം മുട്ടി. അതെ, എന്തായാലും ഇനിയെന്ത് പ്രസക്തി? നിരന്തരമുള്ള വെട്ടുകൾക്കെതിരേ ഉയർത്തിയ പരിചയായി അന്തരീക്ഷത്തിൽ അവളുടെ ചോദ്യം നിന്നു. നിഷ്‌കരുണം ഞാൻ വീണ്ടും ആഞ്ഞുവെട്ടി. 'എന്നു പറഞ്ഞാലെങ്ങനെയാ വിമലേ...' ക്ഷോഭത്തിൽ എന്റെ സ്വരം ഉലഞ്ഞു. 'നമ്മൾ വളർത്തുന്ന ഒരു കുഞ്ഞ്, നമ്മുടെ കുഞ്ഞ്, ഒരു നട്ടുച്ചയ്ക്ക് അങ്ങിറങ്ങിപ്പോവുകയാണ്... ലോകത്തിൽനിന്ന്, ജീവിതത്തിൽനിന്ന്... നമ്മളെ വിട്ട്... അതിന്റെ കാരണം അറിയണ്ടേ? അറിയാതെ നമുക്ക് സ്വസ്ഥത കിട്ടുമോ?' അവളുടെ കൈകൾ എന്റെ കൈകൾക്കുള്ളിൽ നേരിയതായി വിറയ്ക്കുന്നതു ഞാൻ അറിഞ്ഞു. ഇപ്പോൾ ഞങ്ങൾക്കിടയിൽ വെട്ടും തടയും കഴിഞ്ഞുള്ള പൊടിപടലമടങ്ങിയ മൂകതയിൽ പെട്ടെന്ന് അവൾ പറഞ്ഞുതുടങ്ങി: 'അന്ന് ഉച്ചയ്ക്ക് ഞാൻ ഊണു കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നു. അവൻ അപ്പുറത്തെ മുറിയിൽ ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. അതു കേട്ടുകേട്ടാണ് ഞാൻ ഉറക്കത്തിലേക്കു വഴുതിവീണത്. ഇടയ്ക്കെപ്പോഴോ അവൻ കടന്നുവന്നു. എന്റെ മൊബൈലിനു കൈ നീട്ടി. അതു നോക്കാതെ തിരിച്ചു തന്നു. എന്റെ കണ്ണിലേക്കു കുറെ നേരം സങ്കടത്തോടെ നോക്കിനിന്ന് അവൻ മുറിയിൽനിന്നിറങ്ങിപ്പോയി. ഞാൻ സ്വസ്ഥമായി ഉറങ്ങി. രണ്ടു മണിക്കൂർ കഴിഞ്ഞ് ചായയുമായി ഞാൻ വിളിക്കാൻ ചെന്നപ്പോഴാണ്...' എന്റെ ഹൃദയം പ്രകമ്പനംകൊണ്ടു. എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. സമുദ്രത്തിൽ തിരമാലകളുടെ തല്ലേറ്റ്, നിർമമായി നില്ക്കുന്ന ഒരു സമുദ്രശിലപോലെ ഇരുന്നു, വിമല. ഞാൻ അവളുടെ കൈ പിടിച്ചു. അവൾ എന്റെ കൈ മെല്ലെ തലോടി. ഞാൻ ലജ്ജയില്ലാതെ കരയാൻ തുടങ്ങി. എന്റെ വിമല, പാവം വിമല. എനിക്ക് ജീവിതത്തിൽനിന്നിറങ്ങിപ്പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും ഒരു മാത്ര ഓർമ വന്നു. അവരെച്ചൊല്ലി മാഴ്കുന്ന അമ്മമാരെയും. 'ഇപ്പോഴും ആ നേരമാകുമ്പോൾ ഒരാന്തൽ വരും.' വിമല താഴ്ന്ന സ്വരത്തിൽ പറഞ്ഞു, ഏതാണ്ടൊരു സ്വകാര്യംപോലെ. അതു കേട്ട് ഞാൻ ആകെ ആളിക്കത്തുന്നതായി എനിക്കു തോന്നി. ഞങ്ങൾക്കിടയിൽ മൗനം ഇപ്പോൾ അലയടങ്ങിയ ഇരുണ്ട കടൽപോലെ. 'നിനക്കറിയുമോ?' വിമല പിന്നെയും പറഞ്ഞു: 'ഞാൻ ഗൂഗിളിൽ കുറെ പരതി. മരിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ചവരാണ് കഴുത്തിൽ കുരുക്കിടുന്നതത്രേ. അതിനപാരധൈര്യം വേണം. മറ്റെല്ലാറ്റിലും ഞരമ്പ് മുറിക്കലിലും, മണ്ണെണ്ണ ഒഴിച്ച് കത്തുന്നതിലും, കായലിൽ ചാടുന്നതിലും ആരെങ്കിലും ഒന്ന് രക്ഷിച്ചേക്കുമെന്ന് അവസാന നിമിഷംവരെ അബോധപൂർവമായി എങ്കിലും ആഗ്രഹിക്കുമത്രേ.' ആത്മഗതമെന്നപോലെ വിമലയുടെ ചോദ്യമുയർന്നു, 'മരണത്തെ അഭിമുഖീകരിക്കാൻ കാണിച്ച ചങ്കുറപ്പ് എന്താ എന്റെ മോന് ജീവിതത്തെ അഭിമുഖീകരിക്കാൻ ഉണ്ടാവാഞ്ഞത്, പറയ്...' എന്റെ ഹൃദയം സ്തംഭിച്ചുപോകുമെന്ന് എനിക്കു തോന്നി. 'നിർത്ത്... നിർത്ത്,' ഞാൻ ഒച്ചയിട്ടു. 'നമ്മുടെ കുഞ്ഞുങ്ങൾ, നമ്മൾ പാലൂട്ടി താരാട്ടി, കാലോ കൈയോ വളരുന്നതെന്നു നോക്കി നമ്മുടെ നെഞ്ചിൽ ചവിട്ടി കുതിച്ച് വളരുന്ന ഈ കുഞ്ഞുങ്ങളെ... അവസാനനിമിഷം പിരിഞ്ഞുപോകുമ്പോഴെങ്കിലും പിൻവിളി വിളിക്കാൻ നമ്മെക്കുറിച്ചുള്ള ഓർമകൾക്ക് കഴിയാതെപോകുന്നതെന്താ... ദൈവമേ!' വിമല മുഖം തിരിച്ച് ആദ്യമായി എന്റെ മുഖത്തേക്ക് ഒരക്ഷരം പറയാതെ നോക്കി. ആ നോട്ടം! ജന്മാന്തരങ്ങളുടെ കത്തിമുനയിൽ കോർത്തുകിടന്ന് പിടയുന്ന ആ നോട്ടം! അവൾ പറയുകയായിരുന്നു എത്രയോ ശാന്തവും വിനമ്രവും ആയ സ്വരത്തിൽ, 'ഒരുപക്ഷേ ഞാൻ അവനു നല്ല അമ്മ അല്ലായിരുന്നിരിക്കാം. അടുത്ത ജന്മം നീ അവനെ മകനായി സ്വീകരിക്കുമോ? പറയ്, നീ നല്ല അമ്മയല്ലേ.' കടലലകളിൽപ്പെട്ട് ഉഴറുന്ന ഒരു പുൽനാമ്പിനെ എന്നപോലെ ഞാനവളെ ചേർത്തുപിടിച്ചു. നെറുകയിൽ മൃദുവായി ഒരുമ്മ കൊടുത്ത് ഞാൻ പറഞ്ഞു: 'സാരമില്ല... സാരമില്ല വിമലേ, അവൻ ഇപ്പോൾ എവിടെയെങ്കിലും പുനർജനിച്ച് ഏതെങ്കിലും തൊട്ടിലിൽ കൈകാലിട്ടടിച്ച് കളിക്കുന്നുണ്ടാകും. അല്ലെങ്കിൽ പരലോകത്ത് സുഖമായി ഇരിക്കുന്നുണ്ടാകും. ഈശ്വരനിൽ, പുനർജന്മത്തിൽ, മരണാനന്തരജീവിതത്തിൽ ഒക്കെ നിനക്ക് വിശ്വാസമില്ലേ?' എന്റെ കൈകളിൽനിന്നൂർന്നുമാറി നേരേ മുഖത്തു നോക്കി ചുണ്ടു കോട്ടിയ ഒരു ചിരിയോടെ അവൾ ചോദിച്ചത് അപ്പോഴാണ്. 'വിശ്വസിക്കാതിരിക്കുന്നതെങ്ങനെ... മരണാനന്തരജീവിതമാണല്ലോ ഞാൻ ഇപ്പോൾ ജീവിക്കുന്നത്...'

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'നമ്മുടെ കുഞ്ഞ്, ഒരു നട്ടുച്ചയ്ക്ക് അങ്ങിറങ്ങിപ്പോവുകയാണ്..… | Boolokam