രാ ഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്നാണ് പരിചയസമ്പന്നനായ ഒരു നേതാവ് എന്നോട് പറഞ്ഞത്. ഏത്? ഒരാളോട് അയാൾ സ്ഥാനാർഥിയാണെന്ന് രാഷ്ട്രീയപാർട്ടി പറയുക. അയാളാകട്ടെ താൻ സ്ഥാനാർഥിയാണെന്ന് വീട്ടുകാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും പറയുക. പക്ഷേ അവസാനം മറ്റൊരാൾ സ്ഥാനാർഥിയാകുക. പറഞ്ഞുപോയ വാക്കുകൾ എല്ലാം മരിച്ച മത്സ്യം പോൽ ചീയുക. ഇതൊക്കെ രാഷ്ട്രീയത്തിൽ സ്വാഭാവികമാണ് എന്നാണറിവുള്ളവർ പറയുന്നത്. എന്നാൽ ഒരു നാഗരികസമൂഹത്തിന് ഇത് ചേർന്നതാണോ? ഈ അപമാനങ്ങൾ ഒഴിവാക്കാൻ കഴിയില്ലേ? എട്ടുവരിപ്പാതകളും അച്ചടിഭാഷകളും മാത്രമാണോ നാഗരികത? സ്ഥാനാർഥിനിർണയവും നാഗരികമാകണ്ടേ? ഇത്തരം ചോദ്യങ്ങൾ എന്നെ അലട്ടുകയാണ്. എന്നാൽ പ്രശ്നം അത്ര ലളിതമല്ല. അവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്. സ്ഥാനാർഥിയാകാൻ തയ്യാറെടുക്കുന്ന ഒരാൾ ഒരു വ്യക്തിയാണോ അതോ ഒരു പൗരനാണോ എന്ന ദാർശനികചോദ്യമാണത്. To advertise here, ഈ ചോദ്യത്തിന് ദാർശനികമായ ഉത്തരം നൽകിയത് പൊതുവേ ദാർശനികഭാഷയിലൊന്നും സംസാരിക്കാറില്ലാത്ത കെ. സുധാകരൻ എന്ന കോൺഗ്രസ്സ് നേതാവാണ്. ആ വാചകം ഇതാണ്: ‘പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്.’ സുധാകരന്റെ വാചകത്തിലെ ‘ഞാൻ’ എന്നയാൾ വ്യക്തിയാണോ അതോ പൗരനാണോ? വ്യക്തിക്ക് പൗരസമൂഹത്തോട് കടപ്പാടില്ല, എന്നാൽ പൗരന് പൗരസമൂഹത്തോട് കടപ്പാടുണ്ട്. പ്രണയനൈരാശ്യം, അമ്മയുടെ മരണം, കുഞ്ഞിന്റെ മരണം എന്നതൊക്കെ വ്യക്തിദുഃഖങ്ങളാണ്. എന്നാൽ സീറ്റുകിട്ടാത്തതിനാൽ പാർട്ടി വിട്ട ജി.സുധാകരനും പാർട്ടി മാറാനാലോചിച്ച കെ.സുധാകരനും അനുഭവിച്ച ദുഃഖങ്ങൾ വ്യക്തി എന്ന നിലയിലുള്ളതാണോ പൗരൻ എന്ന നിലയിലുള്ളതാണോ? ഇവിടെയാണ് വ്യക്തി ഒറ്റപ്പെടുന്നത്. പൗരസമൂഹം അവനെ ഉപേക്ഷിക്കുന്നത്. The Myth of Sisyphus ൽ അൽബേർ കാമു പറഞ്ഞതോർമ്മ വന്നു "വ്യക്തിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, എന്നിട്ടും അവന് എല്ലാം ചെയ്യാൻ കഴിയുന്നു. ആ അത്ഭുതകരമായ അവസ്ഥയിൽ, ഞാൻ അവനെ ഒരേസമയം ഉയർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അവനെ പൊളിച്ചുപൊടിയാക്കുന്നത് ലോകമാണ്, അവനെ മോചിപ്പിക്കുന്നത് ഞാനാണ്. ഞാൻ അവന് അവന്റെ എല്ലാ അവകാശങ്ങളും നൽകുന്നു." ഇത് പൗരസമൂഹത്തിലെ ഒറ്റപ്പെട്ടുപോയ വ്യക്തിക്കായി എഴുതപ്പെട്ട മാനിഫെസ്റ്റോ ആണ്. ‘പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്’ എന്ന വാചകമാണ് ഈ ലക്കം ആഴ്ചപ്പാടുകളുടെ വിക്ഷേപണത്തറ. ആ വാചകത്തെ ഞാൻ പിന്തുണയ്ക്കുന്നതുകൊണ്ടല്ല , മറിച്ച് ആ വാചകത്തിൽ ഒരു വ്യക്തി വല്ലാതെ ഒറ്റപ്പെട്ടുപോകുന്നതുകൊണ്ടാണ്. ഒരു വ്യക്തിയെ നമ്മൾ സമൂഹത്തിൽ എവിടെയാണ് നിർത്തിയിരിക്കുന്നത്? ആൾക്കൂട്ടത്തിൽ തിരിച്ചറിയാനാകാത്ത, വ്യതിരക്തതയില്ലാത്ത, ഒരു മുഖമാണോ അതിലെ വ്യക്തി? പൗരസമൂഹത്തിന്റെ അടിസ്ഥാനഘടകമായ 'പൗരന്' സമൂഹത്തിൽ നിന്നും മാറി ഒരു വ്യക്തിത്വമില്ലേ? ജനാധിപത്യത്തിലെ ഇത്തരം പ്രാഥമികമായ ചോദ്യങ്ങളെ കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ തരം തിരിവുകളെ മുൻനിർത്തി ഒന്നന്വേഷിക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ . സീറ്റു കിട്ടാത്ത എൽദോസ് കുന്നപ്പിള്ളി ബൈബിൾ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഒരു വാചകം പറഞ്ഞു, 'ഒഴിവാക്കപ്പെട്ട കല്ല് മൂലക്കല്ല് ആകും' എന്ന്. വ്യക്തിയുടെ ദുഃഖമാണ് എൽദോസ് കുന്നപ്പിള്ളിയുടേത്. എന്നാൽ ബൈബിളിലെ സന്ദർഭം പൗരസമൂഹത്തിന്റേതാണ്. "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു" എന്നത് ബൈബിളിലെ (സങ്കീർത്തനം 118:22, മത്തായി 21:42) പ്രസിദ്ധമായ ഒരു വചനമാണ്. യഹൂദ നേതാക്കൾ തള്ളിക്കളഞ്ഞ യേശുക്രിസ്തുവിനെ ദൈവം സഭയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനക്കല്ലായി (മൂലക്കല്ല്) ഉയർത്തി എന്നാണ് ഇതിന്റെ അർത്ഥം. എൽദോസ് കുന്നപ്പിള്ളി എന്ന വ്യക്തി തൻ്റെ ഒറ്റപ്പെടലിനെ യഹൂദജനതയുടെ രക്ഷകനിലയിലേക്ക് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. അങ്ങനെ തെറ്റായ സന്ദർഭത്തിലും ബൈബിൾ ഉദ്ധരിക്കാനുള്ള അവകാശം കൂടിയാണ് അൽബേർ കാമു തകർന്നുപോകുന്ന വ്യക്തികൾക്ക് നൽകുന്നത്. ഇന്ന് ജോസഫ് വാഴക്കൻ എന്ന കോൺഗ്രസ്സ് നേതാവ് ചാനലുകളോട് സംസാരിക്കുമ്പോൾ പറഞ്ഞതുകേട്ടു, 'എന്നോട് വാക്ക് പറഞ്ഞിരുന്നു. ഉറപ്പു പറഞ്ഞിരുന്നു, ഞാനായിരിക്കും ഏറ്റുമാനൂരെ സ്ഥാനാർഥി എന്ന്. അതുകൊണ്ടാണ് ഞാൻ ഇത്രയും തയ്യാറെടുപ്പുകൾ എടുത്ത'തെന്ന്. എന്നാൽ ഏറ്റുമാനൂരിൽ UDF സ്ഥാനാർഥി മറ്റൊരാളാണ്. വാഴക്കൻ നിരാശ പ്രകടിപ്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പടമുള്ള നിരവധി പുതിയ ഫ്ലക്സ് ബോർഡുകളും അച്ചടിച്ച പുത്തൻ പോസ്റ്ററുകളും വീട്ടുവളപ്പിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. വാക്കും ഉറപ്പും പറഞ്ഞ വാക്ക് പാലിക്കാതിരിക്കലും അതുവഴി വ്യക്തി അനുഭവിക്കുന്ന വ്യഥയും രാഷ്ട്രീയത്തിന് ഒരു പ്രശ്നമല്ല. കാരണം രാഷ്ട്രീയം ഇവിടെ തെറ്റുചെയ്യുന്നില്ല. രാഷ്ട്രീയത്തിൽ അതെല്ലാം സാധുവാണ്. വ്യക്തിയോട് അതിന് കടപ്പാടില്ല. രാഷ്ട്രീയത്തിന് വ്യക്തിയുമായി ഉടമ്പടികൾ ഇല്ല. വ്യക്തി ഇല്ലാതാകുകയും പൗരസമൂഹം എന്ന കൂട്ടായ്മ മാത്രം നിലനിൽക്കുകയും ആ പൗരസമൂഹത്തിൻ്റെ ഒരു unit, ഒരു മാത്ര എന്നത് പൗരസമൂഹത്തിനടിമപ്പെട്ട പൗരനാണ് വ്യക്തിയല്ല എന്നും മനസ്സിലാക്കണം. സങ്കടപ്പെടുന്ന ജോസഫ് വാഴക്കൻ വ്യക്തിയാണ്. ഈ പ്രശ്നത്തിൽ സണ്ണി എം. കപിക്കാട് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിനു നൽകിയ വാക്ക് പാലിക്കാതിരുന്നതിനെ അദ്ദേഹം പൗരസമൂഹത്തിലെ അടിസ്ഥാനഘടകമായ പൗരൻ എന്ന നിലയിൽ അഭിമുഖീകരിച്ചു എന്നതിലാണ്. അദ്ദേഹം പറഞ്ഞു: 'ഞാൻ അങ്ങോട്ടു ചോദിച്ചതല്ല. അവർ ഇങ്ങോട്ടുവെച്ച ഓഫർ ആയിരുന്നു. പാർലമെന്ററി രാഷ്ട്രീയം എൻ്റെ മേഖലയല്ല. പക്ഷേ, ഇങ്ങോട്ടാവശ്യപ്പെട്ടപ്പോൾ , ആലോചിച്ചിട്ട് ഞാൻ പറഞ്ഞു, സമ്മതമാണെന്ന് . എന്നാൽ അവരെക്കൊണ്ട് അതിനു കഴിഞ്ഞില്ല. അതിൽ എനിക്കെന്ത് വിഷമം? വിശ്വാസവഞ്ചന എന്നൊന്നും ഞാനതിനെ വിളിക്കില്ല. രാഷ്ട്രീയമല്ലേ? അവരുടെ തിരഞ്ഞെടുപ്പുവിജയവും സർക്കാർ രൂപീകരണവുമാണ് അവർക്ക് പ്രധാനം. അതിന് എന്നെ മാറ്റിനിർത്തണമെന്നാണ് അവർക്ക് തോന്നുന്നതെങ്കിൽ അവർ അത് ചെയ്യും.' സണ്ണി കപിക്കാടിനെ എൽദോസ് കുന്നപ്പിള്ളിയിൽ നിന്നും വ്യത്യസ്തനാക്കുന്ന ഘടകമാണ് രാഷ്ട്രീയമെന്നത്. പറഞ്ഞ വാക്ക് വി.ഡി. സതീശൻ പാലിക്കാത്തതിൽ സണ്ണിയ്ക്ക് വിഷമമില്ല. ഞാൻ വാക്കു കൊടുത്തില്ല എന്ന് സതീശൻ ഇപ്പോൾ പറയുന്നത് സണ്ണിയെ ഞെട്ടിക്കുന്നുമില്ല. 1820-ൽ ജർമ്മൻ ദാർശനികൻ ഹെഗൽ എഴുതിയ ഒരു പുസ്തകമാണ് കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കുവാൻ എന്നെ സഹായിക്കാനെത്തിയത്. Elements of the Philosophy of Right എന്ന പുസ്തകമാണത്. സ്ഥാനാർഥി നിർണയത്തിലെ വ്യക്തിനിരാശകൾ ഇല്ലാതാക്കാനുള്ള മനഃശാസ്ത്ര വഴികാട്ടിയാണ് ഈ പുസ്തകം. ശരിയുടെ ദർശനമെന്നാകാം പുസ്തകത്തിന്റെ മലയാള പരിഭാഷ. മനുഷ്യന്റെ സ്വതന്ത്രമായ ഇച്ഛാശക്തി എന്ന സങ്കൽപ്പത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ് "ശരിയുടെ തത്ത്വചിന്ത" ആരംഭിക്കുന്നത്. ജീവിക്കുന്ന സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ വിവിധവ്യവസ്ഥകളുടെ സങ്കീർണമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടു മാത്രമേ ഒരു പൗരന്റെ സ്വതന്ത്ര ഇച്ഛാശക്തിക്ക് സ്വയം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് ഹെഗൽ വാദിക്കുന്നു. ജി. സുധാകരനും കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിയും സണ്ണി കപിക്കാടും ജോസഫ് വാഴക്കനും യഥാർഥത്തിൽ സ്വതന്ത്രരല്ല. രാഷ്ട്രീയമാണ് ധാർമികതയുടെ യാഥാർഥ്യം. സ്വന്തം ജീവിതപരിചയത്തിൽ നിന്ന് അത് പഠിച്ചതുകൊണ്ടാണ് ഹെഗലിനെ വായിക്കാത്ത കെ. സുധാകരൻ പറഞ്ഞത് ' പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്' എന്ന്. തല കുത്തി നിന്നാണ് ഹെഗൽ ലോകത്തെ മനസ്സിലാക്കിയതെന്നും അതുകൊണ്ടാണ് അത് തലതിരിഞ്ഞു പോയതെന്നും പറഞ്ഞ മാർക്സിന്റെ ശിഷ്യൻ ജി . സുധാകരൻ പറഞ്ഞത് സന്ന്യസിക്കാനല്ല ആരും രാഷ്ട്രീയത്തിൽ വരുന്നതെന്നാണ്. ഒരു വിപ്ലവകാരിക്ക് സന്ന്യാസിയുടെ മനസ്സുണ്ടാകണമെന്ന് ജി. അരവിന്ദന്റെ ഉത്തരായണത്തിലുണ്ട്. ആ മനോഹര സിനിമയുടെ അൻപത്തൊന്നാം വാർഷികമാണിത്. അമ്പലപ്പുഴയിൽ അരിവാളിനും ചുറ്റികയ്ക്കും നക്ഷത്രത്തിനുമെതിരെ മത്സരിക്കുന്ന ജി. സുധാകരൻ സ്വയം വിളിക്കുന്നത് ഒരു ജനകീയ സ്വതന്ത്രനെന്നാണ്. അതെന്ത് സ്വതന്ത്രൻ? വീണ്ടും ഹെഗൽ ജയിക്കുന്നു. അൽബേർ കാമു വ്യക്തിക്കുള്ള മരുന്നുമായി പുറത്തു കാത്തുനിൽക്കുന്നു.

'പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്' | ആഴ്ചപ്പാടുകൾ
M
MathrubhumiSource Link
about 2 months ago