കാതോരം Last Updated: 04 Apr 2026, 08:10 am IST മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിൽ ഒന്നാണ് ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ചിട്ടപ്പെടുത്തിയ 'സ്നേഹപ്രവാഹം' ഫാ. ജസ്റ്റിൻ പനയ്ക്കൽ | Photo: Facebook വി രൽത്തുമ്പിൽ വന്നുനിറഞ്ഞത് ഈണമോ അതോ ഈശ്വരനോ? ഈശ്വരനെന്ന് തോന്നിയിട്ടുണ്ട് ഫാദർ ജസ്റ്റിൻ പനയ്ക്കലിന്. ഇല്ലെങ്കിൽ ആ ഗാനങ്ങൾ ഇത്രകണ്ട് മനുഷ്യമനസിനെ, ജീവിതത്തെ സ്വാധീനിക്കില്ലല്ലോ. To advertise here, Also Read: 'പൈതലാം യേശുവേ' എന്ന ഗാനം അനശ്വരമാക്കിയ ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു നാല് പതിറ്റാണ്ടിലേറെക്കാലം മുൻപ് പിറന്നുവീണ 'സ്‌നേഹപ്രവാഹ'ത്തിലെ (1983) ഗാനങ്ങളുടെ സ്വാധീനത്തിൽ ജീവിതത്തിന് പുതിയ അർഥതലങ്ങൾ കണ്ടെത്തിയവർ നിരവധി; ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുത്തവരും. 'പൈതലാം യേശുവേ' എന്ന പാട്ടിൽ മുഴുകി പുത്രനഷ്ടത്തിന്റെ തീവ്രവേദന മറികടന്ന അമ്മമാർ, 'ഈശോയെൻ ജീവാധിനായകാ' എന്ന ഗാനത്തിലെ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ എന്ന ഒരൊറ്റ വരിയിലൂടെ ആത്മീയതയിലുള്ള വിശ്വാസം വീണ്ടെടുത്ത പൗരോഹിത്യ വിദ്യാർഥികൾ, ദൈവം നിരുപമസ്‌നേഹം എന്ന ഗാനത്തിലലിഞ്ഞുകൊണ്ട് ആത്മഹത്യാ ചിന്ത കൈവെടിഞ്ഞ യുവാക്കൾ... 'ഒന്നും സ്വന്തം കഴിവാണെന്ന് വിശ്വസിക്കുന്നില്ല ഞാൻ.' -സ്‌നേഹപ്രവാഹത്തിന്റെ സംഗീത ശിൽപിയായ ഫാദർ പനയ്ക്കലിന്റെ വാക്കുകൾ. 'കാരുണ്യവാനായ ദൈവം തന്നെയാവണം ആ ഗാനസൃഷ്ടിയിലുടനീളം എന്നെ ചേർത്തുനിർത്തിയത്.' മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ ഫാ. ജസ്റ്റിൻ പനയ്ക്കൽ ചിട്ടപ്പെടുത്തിയ 'സ്നേഹപ്രവാഹ'വുമുണ്ട്. തരംഗിണിക്ക് വേണ്ടി ആ ഗാനങ്ങളൊരുക്കുമ്പോൾ ഗാനഗന്ധർവന്റെ മുഖവും ശബ്ദവുമേ ഉണ്ടായിരുന്നുള്ളൂ അച്ചന്റെ മനസ്സിൽ. ബ്രദർ ജോസഫ് പറംകുഴി എഴുതിയ 'പൈതലാം യേശുവേ' എന്ന താരാട്ടൊഴിച്ച് ബാക്കിയെല്ലാ പാട്ടിനും ശബ്ദം പകർന്നതും യേശുദാസ് തന്നെ. 'താരാട്ടായതുകൊണ്ട് സ്ത്രീശബ്ദമായിരിക്കും ഉചിതം എന്ന് തോന്നി ഞങ്ങൾക്ക്. പുതിയൊരു ഗായികയെ പരീക്ഷിച്ചാലോ എന്ന ചിന്ത വന്നപ്പോൾ ചിത്രയുടെ പേര് നിർദേശിച്ചത് യേശുദാസാണ്.' -സ്‌നേഹപ്രവാഹത്തിലെ പാട്ടുകളുടെ വാദ്യവിന്യാസം നിർവഹിച്ചുകൊണ്ട് ഗാനസൃഷ്ടിയിലുടനീളം ഫാ. പനയ്ക്കലിനെ നിഴൽ പോലെ അനുഗമിച്ച റെക്‌സ് ഐസക്സിന്റെ ഓർമ്മ. കുറച്ചു സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും ഗായിക കെ.എസ്. ബീനയുടെ അനിയത്തി ആയാണ് അന്ന് തിരുവനന്തപുരത്തുകാർക്ക് ചിത്രയെ കൂടുതൽ പരിചയം. അച്ഛനോടൊപ്പം സ്‌കൂട്ടറിൽ തരംഗിണി സ്റ്റുഡിയോയുടെ മുറ്റത്ത് വന്നിറങ്ങിയ കോളേജ് കുമാരിയുടെ രൂപം മറന്നിട്ടില്ല റെക്‌സ് മാസ്റ്റർ. മിതഭാഷി. സംസാരത്തിലും പെരുമാറ്റത്തിലും അങ്ങേയറ്റം വിനയാന്വിത. പാട്ട് പഠിച്ചെടുക്കുന്നതിൽ മിടുമിടുക്കിയും. 'പനയ്ക്കലച്ചൻ പാടിക്കൊടുത്ത പാട്ട് ശ്രദ്ധിച്ചു കേട്ടശേഷം കുറച്ചു നേരം ധ്യാനനിരതയായി കണ്ണടച്ചിരുന്നു ചിത്ര. പിന്നെ നേരെ പാട്ടിലേക്ക് കടന്നു. ആദ്യ ടേക്ക് തന്നെ ഓക്കേ ആയെങ്കിലും ചിത്രയുടെ ആഗ്രഹപ്രകാരം ഒന്നുകൂടി റെക്കോർഡ് ചെയ്യുകയായിരുന്നു. അതും ഓക്കേ.' പ്രതിഭയുടേയും പ്രശസ്തിയുടേയും ഉത്തുംഗപഥങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നതേയുള്ളൂ ആ ഇരുപതുകാരി. ആൽബത്തിലെ മുഴുവൻ പാട്ടുകൾക്കും ഓർക്കസ്ട്രേഷൻ നിർവഹിച്ചതിന് പുറമെ 'പൈതലാം യേശു'വിന്റെ പിന്നണിയിൽ സോളോ വയലിൻ വായിച്ചതും റെക്‌സ് തന്നെ. 'നൈജീരിയയിൽ ജോലി ആയിരുന്നതുകൊണ്ട് നാട്ടിൽ വരുമ്പോൾ സ്വന്തം വയലിൻ കൊണ്ടുവന്നിരുന്നില്ല. പകരം ഗോഡ്വിൻ ഫിഗ്വറാഡോയുടെ വയലിൻ കടമെടുത്തു വായിച്ചതായാണ് ഓർമ.' -റെക്‌സ് മാസ്റ്റർ. പനക്കലച്ചന്റെ ആഗ്രഹപ്രകാരം ഇഷ്ടമുള്ള ഏത് ഉപകരണവും പശ്ചാത്തലത്തിൽ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് വിട്ടുകൊടുത്തിരുന്നു യേശുദാസ്. സിതാർ, ജൽ തരംഗ്, ഓർഗൻ, ഗിറ്റാർ, കീബോർഡ്, ഫ്‌ളൂട്ട്, ചെല്ലോ, വയലിൻ എന്നിങ്ങനെ വൈവിധ്യമാർന്ന വാദ്യങ്ങളുടെ ഒരു മഹാസംഗമവേദിയായി മാറി ആ ഗാനങ്ങൾ. അതിന് പുറമെ താളവാദ്യങ്ങളും. സ്‌നേഹവാത്സല്യങ്ങളുടെ നിറകുടമാണ് ചിത്രയുടെ ഓർമ്മയിലെ ഫാ. ജസ്റ്റിൻ പനയ്ക്കൽ. 'അമിതമായ ആഗ്രഹങ്ങളില്ല. ആരെക്കുറിച്ചും പരാതി പറഞ്ഞുകേട്ടിട്ടില്ല. തികച്ചും സുതാര്യനായ വ്യക്തി. എന്നെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങളുടെ കമ്പനിക്ക് വേണ്ടി ഒരു ആൽബം ചെയ്യാൻ സമ്മതമാണോ എന്നൊരിക്കൽ ആരാഞ്ഞപ്പോൾ വിനയപൂർവം ക്ഷണം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ മറുപടി ഓർമ്മയുണ്ട്: നിയോഗം പോലെ, ഉൾവിളി പോലെ സംഭവിച്ച പാട്ടായിരുന്നു പൈതലാം യേശുവേ. ആ ഒരൊറ്റ പാട്ട് മതി ജീവിതകാലം മുഴുവൻ ആത്മസംതൃപ്തിക്ക്. അതങ്ങനെ നിലനിൽക്കട്ടെ.' കേൾവിജ്ഞാനമായിരുന്നു ജസ്റ്റിന്റെ ഏറ്റവും വലിയ കൈമുതൽ. വീട്ടിനടുത്തുള്ള സിനിമാക്കൊട്ടകയിൽ സ്ഥിരമായി വെച്ചു കേൾപ്പിച്ചിരുന്ന ഹിന്ദി പാട്ടുകളുടെ റെക്കോർഡുകൾ കേട്ടും ഏറ്റുപാടിയുമാണ് സാധകം. രാഗജ്ഞാനത്തിനും കടപ്പാട് ഹിന്ദി ഗാനങ്ങളോടുതന്നെ. നൗഷാദിന് വേണ്ടി ലതാ മങ്കേഷ്‌കർ പാടിയ ഗാനങ്ങൾ സ്ത്രീശബ്ദത്തിൽ പാടിക്കൊണ്ടാണ് ഗാനമേളാവേദിയിലെ അരങ്ങേറ്റം. 1962-ൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ഉപരിപഠനത്തിനായി റോമിലേക്ക് തിരിച്ച ഫാ. പനയ്ക്കൽ അവിടെ വെച്ചാണ് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയത്. പാശ്ചാത്യ സംഗീതവും ഗ്രിഗോറിയൻ സംഗീതവുമായി അടുക്കുന്നതും റോമിലെ പഠനകാലത്തു തന്നെ. ചെറുപ്പം മുതലേ പാട്ടുകൾ ഈണമിട്ടു പാടുന്ന ശീലമുണ്ട് അച്ചന്. അധികവും ശിഷ്യരായ വൈദിക വിദ്യാർഥികളുടേയും സഹപ്രവർത്തകരുടേയും വരികൾ. കുവൈത്തിലെ ഒരു ചടങ്ങിനിടെ യാദൃച്ഛികമായി യേശുദാസിനെ കാണാനിടവന്നതായിരുന്നു സംഗീതജീവിതത്തിലെ വഴിത്തിരിവ്. അച്ചന്റെ സംഗീത ചിന്തകളിൽ ആകൃഷ്ടനായ യേശുദാസ് തരംഗിണിക്ക് വേണ്ടി ഒരു ഭക്തിഗാന റെക്കോർഡ് ഒരുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുന്നു. തരംഗിണിയുടെ 'തളിർമാല്യം' (1982) എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പിറവി അങ്ങനെയാണ്. ഗ്രാമഫോൺ റെക്കോർഡ് ആയി പുറത്തുവന്ന ആ സമാഹാരത്തിൽ നാല് പാട്ടുകളുണ്ടായിരുന്നു. യേശുദാസിനൊപ്പം ഗായികയായി സീമാബഹനും. 'സ്‌നേഹപ്രവാഹം' പിറകെ വന്നു. ഗാനരചയിതാക്കൾ മിക്കവരും പുതുമുഖങ്ങൾ: സിസ്റ്റർ മേരി ആഗ്‌നസ്, ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, ഫാ. മാത്യു മൂത്തേടം, ബ്രദർ ജോസഫ് പറംകുഴി, ബ്രദർ മാത്യു ആശാരിപ്പറമ്പിൽ, ബ്രദർ ജോസ് വേതമട്ടിൽ എന്നിവർ. യേശുദാസ് പാടിയ പതിനൊന്ന് പാട്ടുകളുണ്ടായിരുന്നു സ്‌നേഹപ്രവാഹത്തിൽ. ദേവാലയങ്ങളിലും ക്രിസ്തീയ ഭവനങ്ങളിലും ഇന്നും പതിവായി ആലപിക്കപ്പെടുന്ന സ്തുതിഗീതങ്ങൾ: ദൈവം നിരുപമസ്‌നേഹം, ദൈവം പിറക്കുന്നു, ഈശോയെൻ ജീവാധിനായക, എൻ ജീവിതമാം, ജീവിതഗർത്തത്തിൽ, കർത്താവാം യേശുവേ, മഞ്ഞു പൊതിയുന്ന, നായകാ ജീവദായകാ, യേശുവെന്റെ പ്രാണനാഥൻ, സ്‌നേഹസ്വരൂപാ, പുതിയൊരു പുലരി വിടർന്നു... ചരിത്രവിജയമായിരുന്നു 'സ്‌നേഹപ്രവാഹം'. ഒന്നൊഴിയാതെ എല്ലാ പാട്ടുകളും ഹിറ്റ്. ചിത്രയുടെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായി നിലനിൽക്കുന്നു നാല് പതിറ്റാണ്ടിനിപ്പുറവും പൈതലാം യേശുവേ. 'വരികൾ നോക്കാതെ തന്നെ എപ്പോൾ എവിടെ വെച്ചും പാടാൻ കഴിയുന്ന പാട്ടാണത്. അത്രകണ്ട് മനസ്സിൽ പതിഞ്ഞിരിക്കുന്നു ആ വരികൾ. ഇന്നും എവിടെ ചെന്നാലും ജാതിമതഭേദമന്യേ ആ ഗാനത്തിനായുള്ള ആവശ്യം ഉയരാറുണ്ട്. പാടുമ്പോൾ ഇത്രത്തോളം സ്വീകരിക്കപ്പെടുമെന്നോ ആഘോഷിക്കപ്പെടുമെന്നോ സങ്കൽപിക്കുന്നില്ലല്ലോ നമ്മൾ.' -ചിത്ര പറയുന്നു. സ്‌നേഹപ്രവാഹത്തിന് ശേഷം സ്‌നേഹസന്ദേശം എന്നൊരു ആൽബം കൂടി അതേ വർഷം തരംഗിണിക്ക് വേണ്ടി ചെയ്തു ഫാ. ജസ്റ്റിൻ പനയ്ക്കൽ. ഗായകരായി യേശുദാസും ജെൻസിയും. പിന്നെ നാൽപതു വർഷത്തോളം നീണ്ട മൗനം. 'എന്റെ ജന്മനിയോഗം പൂർത്തിയായി' എന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ചു ചോദിച്ചവർക്കുള്ള അച്ചന്റെ മറുപടി. നീണ്ട ഇടവേളക്ക് വിരാമമിട്ട് അടുത്തകാലത്താണ് ഫാദർ പനയ്ക്കൽ സംഗീതലോകത്ത് തിരിച്ചെത്തിയത്. ആ തിരിച്ചുവരവ് അധികം നീണ്ടില്ലെന്നു മാത്രം. തൊണ്ണൂറ്റി ഒന്നാം വയസ്സിലായിരുന്നു അച്ചന്റെ വിയോഗം . 'സ്‌നേഹപ്രവാഹ'ത്തിലെ സിസ്റ്റർ മേരി ആഗ്‌നസിന്റെ ഭക്തിനിർഭരമായ വരികളിൽ ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ ജീവിതമുണ്ട്; ജീവിതവീക്ഷണവും: 'രക്ഷകാ നിന്നിൽ ഞാൻ ആനന്ദം കൊള്ളുന്നു, നിൻ പുകൾ പാടുന്നു നന്ദിയോടെ, എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെ ഞാൻ നിൻ കൈയിലർപ്പണം ചെയ്തിടുന്നു...'

'പൈതലാം യേശുവേ' ജന്മനിയോഗം; ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ സംഗീതയാത്രയും 'സ്‌നേഹപ്രവാഹ'ത്തിന്റെ പിറവിയും
M
MathrubhumiSource Link
about 1 month ago