Last Updated: 17 March 2026, 02:59 PM IST ജീവിതവുമായി ചേർന്നുനിൽക്കുന്ന ഇമേജറികളും കാവ്യബിംബങ്ങളും മാത്രമേ രചനകളിൽ കടന്നുവരാവൂ എന്നു നിർബന്ധമുണ്ടായിരുന്നു മങ്കൊമ്പിന്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ഫോട്ടോ: മധുരാജ് \ മാതൃഭൂമി മ ധുവിധുവേളയാണ്. പറഞ്ഞിട്ടെന്തു കാര്യം? ഭർത്താവ് സിനിമാത്തിരക്കുകളുമായി ചെന്നൈയിൽ. ഭാര്യ വിരഹാർദ്രയായി ഇങ്ങു നാട്ടിലും. അത്തരമൊരു മാനസികാവസ്ഥയിലാണ് 'ബാബുമോനി'ൽ മധുവിധു ലഹരിയെക്കുറിച്ചൊരു പാട്ടെഴുതുന്നത്. "അകലെ എന്നെയോർത്ത് കഴിയുന്ന ഭാര്യയുടെ മുഖമായിരുന്നു മനസ്സ് നിറയെ. അതുകൊണ്ടു തന്നെ പാട്ടെഴുതാൻ ഒട്ടും പ്രയാസം തോന്നിയില്ല. ഇന്നും ആ ഗാനം കേൾക്കുമ്പോൾ ഓർമ്മവരിക ആ കാലമാണ്." -- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വാക്കുകൾ. To advertise here, പാട്ടിതായിരുന്നു: "നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി അവളുടെ പ്രിയസഖി എനിക്കു നീയൊരു നവവധു നമുക്കെന്നും മധുവിധു..." എ.സി. ത്രിലോക് ചന്ദറിന്റെ സംവിധാനത്തിൽ തമിഴിൽ സൂപ്പർ ഹിറ്റായ 'രാമു'വിന്റെ മലയാളം റീമേക്ക് ആയിരുന്നു ബാബുമോൻ (1975). തമിഴ് ചിത്രത്തിൽ ഇല്ലാത്ത ഒരു ഗാനസന്ദർഭത്തിന് മലയാളത്തിൽ പ്രസക്തിയുണ്ടെന്നു തോന്നി സംവിധായകൻ ഹരിഹരന്. ഭാര്യാഭർത്താക്കൻമാരുടെ പ്രേമരംഗം. പട്ടാളത്തിൽ നിന്ന് ചുരുങ്ങിയ ദിവസത്തെ ലീവിൽ നാട്ടിലെത്തുന്ന ഭർത്താവ്, അത്രയും കാലം ഉള്ളിൽ അടക്കിവെച്ച പ്രണയം മുഴുവൻ ഭാര്യയോട് പ്രകടിപ്പിക്കുന്ന ആ രംഗത്തിന് വേണ്ടി എഴുതിയതാണ് "നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ'' എന്ന പാട്ട്. "പല്ലവിയിലെ എനിക്ക് നീയൊരു നവവധു നമുക്കെന്നും മധുവിധു എന്ന വരിയിൽ നിറഞ്ഞു നിന്നത് അന്നത്തെ എന്റെ അവസ്ഥ തന്നെയായിരുന്നു.," -- മങ്കൊമ്പ്. "കല്യാണം കഴിഞ്ഞ് അധികനാളായിട്ടില്ല. ഞാൻ ചെന്നൈയിലെ ലോഡ്ജ് മുറിയിൽ. ഭാര്യ കനകമ്മ ചമ്പക്കുളത്ത്. തമ്മിൽ കാണുന്ന സന്ദർഭങ്ങൾ എല്ലാം ഞങ്ങളെ സംബന്ധിച്ച് മധുവിധു ആയിരുന്നു. വരികളിലുമുണ്ടാകും ആ മധുവിധുലഹരി..." "കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം തുള്ളിത്തുളുമ്പും നിൻ യൗവനാംഗങ്ങളിൽ നുള്ളി നോവിക്കാനാവേശം എനിക്കാവേശം..." 'ബാബുമോനി'ലെ മറ്റൊരു പാട്ടുമായി ബന്ധപ്പെട്ടുമുണ്ട് മങ്കൊമ്പിന് ഹൃദയസ്പർശിയായ ഒരോർമ്മ: "സ്വന്തം മകനുമായി ഗുരുവായൂരിൽ എന്നെ കാണാനെത്തിയതായിരുന്നു തനി നാട്ടിൻപുറത്തുകാരായ ആ അച്ഛനും അമ്മയും. ജന്മനാ മൂകനായിരുന്ന മകന് സംസാരശേഷി വീണ്ടുകിട്ടിയതിലുള്ള സന്തോഷം പങ്കുവെക്കാനാണ് അവർ വന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ഉറച്ചുവിശ്വസിച്ചു അച്ഛൻ. ഒരിക്കൽ കടുത്ത നിരീശ്വരവാദിയായിരുന്ന അയാളെ അടിയുറച്ച ഭക്തനാക്കി മാറ്റിയത് "ബാബുമോനി"ൽ ഞാനെഴുതിയ "ഇവിടമാണീശ്വര സന്നിധാനം" എന്ന പാട്ടിലെ ഒരൊറ്റ വരിയാണത്രെ: അന്ധന് കാഴ്ച്ച നൽകും വൃന്ദാവനം, ഊമകൾക്ക് നാവ് നൽകും വൃന്ദാവനം. ഒരു പാട്ടെഴുത്തുകാരന് ആനന്ദിക്കാൻ വേറെന്തുവേണം? " ചിത്രത്തിൽ സമാനമായ കഥാസന്ദർഭത്തിലാണ് ഈ പാട്ട് കടന്നുവരുന്നതും. പ്രാർത്ഥനയുടെ ഫലമെന്നോണം മാസ്റ്റർ രഘു അവതരിപ്പിച്ച ബാബു എന്ന കഥാപാത്രത്തിന് സംസാരശേഷി വീണ്ടുകിട്ടുകയാണ് സിനിമയുടെ അവസാനം. മങ്കൊമ്പ് എഴുതി എം.എസ്. വിശ്വനാഥൻ സ്വരപ്പെടുത്തിയ ഈ ഗാനത്തിന് ശബ്ദം പകർന്നത് യേശുദാസും ജയചന്ദ്രനുമാണെന്ന പ്രത്യേകതയുണ്ട്. "വെറുമൊരു സിനിമാപ്പാട്ടിന് ഒരു ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് മനസ്സിലായത് അന്നാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊക്കെയല്ലേ ഉള്ളൂ നമുക്ക് ആത്മസംതൃപ്തിയടയാൻ ?" അതേ ഗാനത്തോട് ഹരിഹരനുമുണ്ട് സവിശേഷമായ ഒരു ആത്മബന്ധം. " ഇവിടമാണീശ്വര സന്നിധാനം ചിത്രീകരിച്ചത് ചെന്നൈയിലെ സത്യാ സ്റ്റുഡിയോയിലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞു ഭാര്യയെ ആദ്യമായി കാണിക്കാൻ കൊണ്ടുപോയ ഷൂട്ടിംഗ് ആണത്. ആ ഗാനരംഗം ഇന്ന് കാണുമ്പോഴും ജീവിതത്തിലെ പ്രണയസുരഭിലമായ ഒരു കാലം ഓർമ്മ വരും.'' ദേവരാജൻ കഴിഞ്ഞാൽ ഏറ്റവുമധികം ഹരിഹരൻ ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചത് എം.എസ്. വിശ്വനാഥനാണ്. ബാബുമോനിൽ (1975) തുടങ്ങുന്നു ആ കൂട്ടുകെട്ട്. "തമിഴിൽ വളരെ തിരക്കുള്ള അവസരത്തിലാണ് എം.എസ്.വിയെ എന്റെ പടത്തിലേക്കു ക്ഷണിച്ചത്. ദിവസം മൂന്നും നാലും പടം ചെയ്യുന്ന കാലമാണ്. എന്നിട്ടും അദ്ദേഹം ക്ഷമയോടെ ബാബുമോനിലെ പാട്ടുകൾ ചെയ്തു. തമിഴിന്റെയും മലയാളത്തിന്റെയും അന്തരീക്ഷങ്ങൾ തമ്മിൽ ഏറെ അന്തരമുണ്ട്. ബാബുമോനിലെ നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങി എന്ന പാട്ടിൽ നമ്മൾ കണ്ടുമുട്ടുക അസ്സൽ മലയാളിയായ എം.എസ്.വിയെ തന്നെ. നസീറും ശ്രീവിദ്യയും അഭിനയിച്ച ആ പ്രേമരംഗം ചിത്രീകരിച്ചത് ബാംഗ്ലൂരിൽ വെച്ചാണ്. പക്ഷെ കണ്ടാൽ, പുഴയോരവും വയലേലകളും മുള്ളുവേലിയും ഒക്കെയുള്ള ഒരു കുട്ടനാടൻ ഗ്രാമമാണെന്നെ തോന്നൂ.'' ഹരിഹരനെ പോലെ കവിതയേയും സംഗീതത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരു സംവിധായകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് വിശ്വസിച്ചു മങ്കൊമ്പ്. "സാധാരണക്കാരന്റെ ഹൃദയത്തെ തൊടുന്ന വരികളും സംഗീതവും ഏതെന്ന് നന്നായി അറിയാം അദ്ദേഹത്തിന്. പരീക്ഷണങ്ങൾക്ക് സന്നദ്ധമായ മനസ്സുമുണ്ട്. അയലത്തെ സുന്ദരിക്ക് പാട്ടെഴുതാൻ ഇരിക്കുമ്പോൾ ഒരു കാര്യം ഞങ്ങൾ തീരുമാനിച്ചിരുന്നു. ഉപയോഗിച്ചു തേയ്മാനം വന്ന വാക്കുകൾ ഗാനങ്ങളുടെ തുടക്കമായി വരരുത്. ത്രയംബകം, ലക്ഷാർച്ചന, ഹേമമാലിനി, സ്വർണചെമ്പകം തുടങ്ങിയ വാക്കുകൾ വെച്ചുള്ള പാട്ടുകൾ എഴുതിയത് ആ ഉദ്ദേശ്യത്തോടെ തന്നെ.'' ജീവിതവുമായി ചേർന്നുനിൽക്കുന്ന ഇമേജറികളും കാവ്യബിംബങ്ങളും മാത്രമേ രചനകളിൽ കടന്നുവരാവൂ എന്നു നിർബന്ധമുണ്ടായിരുന്നു മങ്കൊമ്പിന്. അര നൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിൽ മലയാളികൾക്ക് മങ്കൊമ്പ് സമ്മാനിച്ച ഗാനങ്ങളുടെ നിര എത്ര വൈവിധ്യമാർന്നതും വർണ്ണാഭവുമെന്ന് നോക്കുക: ലക്ഷാർച്ചന കണ്ടു (അയലത്തെ സുന്ദരി), ആഷാഢമാസം ആത്മാവിൻ മോഹം (യുദ്ധഭൂമി- ആർ.കെ. ശേഖർ), ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ, നാദങ്ങളായ് നീ വരൂ, തുമ്പപ്പൂ കാറ്റിൽ (നിന്നിഷ്ടം എന്നിഷ്ടം-കണ്ണൂർ രാജൻ), രാജസൂയം കഴിഞ്ഞു (അമ്മിണി അമ്മാവൻ - ദേവരാജൻ), എന്റെ മനസ്സൊരു ശ്രീകോവിൽ (പ്രാർത്ഥന - ദക്ഷിണാമൂർത്തി), ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ, തൃപ്രയാറപ്പാ (ഓർമ്മകൾ മരിക്കുമോ-എം.എസ്. വിശ്വനാഥൻ), കാളിദാസന്റെ കാവ്യഭാവനയെ , താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിന, ആശ്രിത വത്സലനേ (സുജാത- രവീന്ദ്ര ജെയ്ൻ), ഗംഗയിൽ തീർത്ഥമാടിയ (സ്നേഹത്തിന്റെ മുഖങ്ങൾ - എം.എസ്. വിശ്വനാഥൻ), ഒരു പുന്നാരം കിന്നാരം (ബോയിംഗ് ബോയിംഗ് - രഘുകുമാർ), കാമിനിമാർക്കുള്ളിൽ (ലവ് മാരേജ് - ആഹ്വാൻ സെബാസ്റ്റ്യൻ), ഈ ജീവിതമൊരു പാരാവാരം, ദേവാമൃത ഗംഗയുണർത്തും (ഇവനെന്റെ പ്രിയപുത്രൻ - കെ.ജെ. ജോയ്), നവനീത ചന്ദ്രികേ (അവൾക്ക് മരണമില്ല- ദേവരാജൻ ), അഷ്ടമംഗല്യ സുപ്രഭാതത്തിൽ (ചെന്നായ വളർത്തിയ കുട്ടി - അർജ്ജുനൻ)

'ഭാര്യയുടെ മുഖമായിരുന്നു ആ പാട്ടെഴുതുമ്പോൾ മനസ്സിൽ'; മങ്കൊമ്പ് വിടവാങ്ങിയിട്ട് ഒരു വർഷം
M
MathrubhumiSource Link
about 2 months ago