സ്വന്തം ലേഖകന്‍ Last Updated: 29 March 2026, 08:08 AM IST പേടകത്തിലേക്ക് കയറിയപ്പോള്‍ നെഞ്ചുചുരുങ്ങി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മൈക്രോഗ്രാവിറ്റിയെ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്. 1. ശുഭാംശു ശുക്ല വിദ്യാര്‍ഥികള്‍ക്കൊപ്പം 2. ശുഭാംശു ശുക്ലയെ സല്യൂട്ട് ചെയ്യുന്ന ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍. ഫോട്ടോ - മാതൃഭൂമി തിരുവനന്തപുരം: ''ഇ-മെയിലിന് മറുപടി നൽകി ഞാൻ കൈയിലിരുന്ന ലാപ്ടോപ് സമീപത്തുവെച്ചു. ലാപ്ടോപ് താഴേക്കു ഒഴുകിപ്പോയപ്പോഴാണ് ഭൂമിയിലല്ലെന്ന യാഥാർഥ്യത്തിലേക്ക് ഞാനെത്തിയത്'' - ബഹിരാകാശത്തെ രസകരമായ അനുഭവങ്ങൾ ഇന്ത്യൻ വ്യേമസേന ഗ്രൂപ്പ് ക്യാപ്റ്റനും ടെസ്റ്റ് പൈലറ്റുമായ ശുഭാംശു ശുക്ല കുട്ടികളുമായി പങ്കുവെച്ചു. മാറിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഒരാഴ്ചയോളം വേണ്ടിവന്നതായി ഗവ. മോഡൽ സ്‌കൂളിൽ കുട്ടികളോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു. To advertise here, '' പ്രതിസന്ധികൾ തരണംചെയ്യാൻ പരിശീലനം നേടിയിരുന്നെങ്കിലും ഭൂമിയിൽനിന്ന് യാത്ര ആരംഭിച്ച നിമിഷംതന്നെ മനസ്സ് ശൂന്യമായി. പേടകത്തിലേക്ക് കയറിയപ്പോൾ നെഞ്ചുചുരുങ്ങി ശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. മൈക്രോഗ്രാവിറ്റിയെ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്. ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ടപ്പോൾ സ്വന്തംവീടായി തോന്നി. ഭൂമിയിലെത്തിയപ്പോൾ നേരിട്ട പ്രധാന വെല്ലുവിളി വീഴാതെ നടക്കലായിരുന്നു. 20 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചശേഷം ഭൂഗുരുത്വാകർഷണത്തിൽ എങ്ങനെ ജീവിക്കണമെന്ന് ശരീരം മറക്കുന്നു.'' - അദ്ദേഹം പറഞ്ഞു. ആകാശം രാജ്യത്തിന്റെ അതിരല്ലെന്നും ഒരോരുത്തരും അവരുടേതായ സാധ്യതകൾ കണ്ടെത്തണമെന്ന സന്ദേശവും ശുഭാംശു പങ്കുവെച്ചു. 2040-ഓടെ ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ദൗത്യം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തെ വിലാസം 'ഭൂമി' ലോക്ഭവനിൽ ബഹിരാകാശ യാത്രാനുഭവം പങ്കുവെച്ച് ശുഭാംശു ശുക്ല തിരുവനന്തപുരം: ''എവിടെപ്പോയാലും സ്വന്തം വീടാണ് നമ്മുടെ മേൽവിലാസം. 2025 ജൂൺ 25 മുതൽ 20 ദിവസം ബഹിരാകാശത്ത് താമസിച്ചപ്പോൾ എന്റെ മേൽവിലാസം ഭൂമിയായിരുന്നു. ഒരു നാടോ ഒരു രാജ്യമോ അല്ല; ബഹിരാകാശത്ത് നിൽക്കുന്നവർക്ക് ഭൂമിയെന്ന ഗ്രഹമാണ് വീട്. എന്നാൽ, തിരികെ വരാറായപ്പോൾ ഭൂമിയിലേക്കാണ് മടങ്ങുന്നതെങ്കിലും ബഹിരാകാശം നഷ്ടമാകുന്നുവെന്ന തോന്നലുമുണ്ടായിട്ടുണ്ട്.'' അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ആദ്യ ഇന്ത്യൻ യാത്രക്കാരനായ ശുഭാംശു ശുക്ല പറഞ്ഞു. കേരള ലോക്ഭവൻ സംഘടിപ്പിച്ച ചടങ്ങിൽ ബഹിരാകാശ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. വ്യോമസേനയിലെ പൈലറ്റ് എന്നത് ബഹിരാകാശയാത്രികനാകാൻ സഹായിച്ചിട്ടുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ റോക്കറ്റ് പതുക്കെയാണ് പോകുന്നതെന്ന് തോന്നും. അതിന്റെ വേഗത ഊഹിക്കാവുന്നതിലും അപ്പുറമാണ്. എട്ടു മിനിറ്റിനുള്ളിൽ പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 28,500 കിലോമീറ്റർ വേഗതയിലേക്കാണ് റോക്കറ്റ് കുതിച്ചത്. യുദ്ധവിമാനങ്ങളിൽനിന്ന് വ്യത്യസ്തമാണ് റോക്കറ്റിന്റെ യാത്ര. സൂര്യപ്രകാശം ഉള്ളപ്പോൾ 120 ഡിഗ്രി ചൂടും ഇല്ലാത്തപ്പോൾ മൈനസ് 120 ഡിഗ്രി തണുപ്പുമാണ് ബഹിരാകാശത്ത്. അമിതമായ റേഡിയേഷനും ഉണ്ട്. ബഹിരാകാശനിലയത്തിൽ എത്തുന്ന നിമിഷം മുതൽ ബെൽറ്റുകൾകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഒഴുകുന്ന അനുഭവമാണ്. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ എനിക്ക് അഞ്ച് സെന്റീമീറ്ററോളം ഉയരം കൂടി. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ പഴയ ഉയരത്തിലേക്ക് മാറി. വിശപ്പുണ്ടാകില്ല. വയർ നിറഞ്ഞതുപോലെ തോന്നും. ആദ്യത്തെ മൂന്നോ നാലോ ദിവസങ്ങളിൽ ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ല. പേശികൾ ക്ഷയിക്കും. 20 ദിവസംകൊണ്ട് അഞ്ച് കിലോ ഭാരം കുറഞ്ഞു. അതിൽ നാലു കിലോയും പേശികളായിരുന്നു. അതുകൊണ്ടാണ് ബഹിരാകാശനിലയത്തിൽ ദീർഘകാലം കഴിയുന്നവർ ദിവസവും രണ്ടുമണിക്കൂർ വ്യായാമം ചെയ്യുന്നത്. ശ്വസിക്കുമ്പോൾ കാർബൺ ഡയോക്സൈഡ് മേഘംപോലെ തലയ്ക്ക് ചുറ്റും നിൽക്കും. ഫാൻ ഉപയോഗിച്ചാണ് അത് നീക്കം ചെയ്യുന്നത്. ബഹിരാകാശത്ത് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുമെന്നും ശുഭാംശു ശുക്ല പറഞ്ഞു. ശാസ്ത്രബിരുദവും സൈനിക പശ്ചാത്തലവുമില്ലാത്തവർക്കും ബഹിരാകാശസഞ്ചാരികളാകാമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിനുശേഷം അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഇന്ത്യ ഇൻ സ്പെയ്സ്, ഇന്ത്യ ഇൻ സ്ട്രെങ്ത്, ദ യൂത്ത് റോഡ് മാപ് ടു വികസിത് ഭാരത് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ശുഭാംശു ശുക്ലയെ പൊന്നാടയണിയിച്ചു. ശ്രീപദ്മനാഭവിഗ്രഹവും നിലവിളക്കും ഉപഹാരമായി നൽകി. Content Highlights: First-hand account of living in microgravity for 20 days., Physical challenges: muscle atrophy, fluid shift, and height changes., Scientific insights on rocket velocity and extreme thermal conditions., The emotional perspective of viewing Earth as a single home from space., Future outlook on India's 2040 moon mission goals. Published: 29 Mar 2026, 08:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'മണിക്കൂറിൽ 28,500 കി.മീ വേഗം; നെഞ്ച് ചുരുങ്ങി, ശ്വസിക്കാൻ കഴിഞ്ഞില്ല'; അനുഭവം വിവരിച്ച് ശുഭാംശു
M
MathrubhumiSource Link
about 1 month ago