എ ത്ര പെട്ടെന്നാണ് തീവണ്ടി ബെംഗളൂരുവിൽ എത്തിയത്. നമ്മുടെ പഴയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അവിടെ ഇലക്ട്രോണിക്ക് സിറ്റിയിൽ താമസിക്കുന്ന, തന്റെ 'സൈബർ മകളെ' കാണാനുള്ള യാത്രയിലായിരുന്നു. പെൺകൊച്ചിന്റെ രണ്ടാമത്തെ പ്രസവത്തോട് അനുബന്ധിച്ച് സഹായത്തിനായി എത്തിയ അദ്ദേഹത്തിന്റെ നല്ലപാതി കുറച്ചുനാളുകളായി അവളോടൊപ്പമാണ് താമസം. എസ്എംവിടി സ്റ്റേഷനിൽ ഞാനിറങ്ങിയപ്പോൾ യാത്ര പറഞ്ഞ് അദ്ദേഹം യശ്വന്ത്പുരിലേയ്ക്ക് യാത്ര തുടർന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തീർത്തും അവിചാരിതമായാണ് എംജി റോഡിലൂടെ നഗരത്തിരക്കുകളിൽ അമ്പരന്നും വായ്‌നോക്കിയും നടന്ന ഞാൻ അദ്ദേഹത്തെ വീണ്ടും കാണുന്നത്. അപ്പോഴും അന്നത്തെ കഥയിൽ എവിടെയൊക്കെയോ ഉണ്ടായ കല്ലുകടി എന്റെ മനസ്സിൽ കിടന്ന് തികട്ടുന്നുണ്ടായിരുന്നു. എന്റെ മനസ്സ് അറിഞ്ഞത് പോലെയാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. To advertise here, 'ഞാനന്ന് പറഞ്ഞുനിർത്തിയതിന് ഒരനുബന്ധമുണ്ട്. ഞാനത് സാറിനോട് മനഃപൂർവം പറയാതിരുന്നതാണ്.' വെയിൽ വീണ് തുടങ്ങിയിട്ടും വിട്ടുമാറാത്ത ചെറിയ തണുപ്പിൽ ബെംഗളൂരുവിലെ റോഡരികിലൂടെ ഞമ്മൾ ഒരുമിച്ച് നടന്ന് തുടങ്ങിയിരുന്നു. എന്റെ മനസ്സിൽ വീണ ആ സംശയത്തിന് അപ്പോൾ ഉത്തരം കിട്ടുമെന്ന് ഞാൻ ശരിക്കും കരുതി. 'സാറെഴുതുന്നത് ചിലതൊക്കെ ഞാൻ കാണാറുണ്ട്. കൂടെ ജോലി ചെയ്തവർ പറഞ്ഞ ചില കാര്യങ്ങളും അതിൽ എഴുതിക്കണ്ടു. പക്ഷേ, എനിക്കതൊന്നും ഒരിക്കലും എഴുതിക്കാണണം എന്നില്ല. കാരണം അത് എന്നെ മാത്രമല്ല മറ്റ് പലരേയും ബാധിക്കാം. പിന്നെ സാറ് ചോദിച്ചത് കൊണ്ട് പറയുന്നുവെന്ന് മാത്രം.' ''ഇല്ല, ഇനി എങ്ങാനും ഞാനതെഴുതിയാലും ഒരിക്കലും നിങ്ങളെ അടയാളപ്പെടുത്തുന്ന തെളിവുകളൊന്നും അതിൽ ചേർക്കില്ല. സ്ഥലം പോലും കാണിക്കില്ല. പോരേ...?'' '’അതൊന്നുമല്ല ശരിക്കുള്ള പ്രശ്‌നം. സാറിനറിയാമല്ലോ എനിക്കതൊന്നും ഒരു ഇഷ്യുവേ അല്ല. പക്ഷേ വീട്ടിൽ പെണ്ണുമ്പിള്ള ഒരേ ബഹളമാണ്. പഴയത് ഓരോന്നായി വെറുതെ വലിച്ച് പുറത്തിടണ്ട എന്നും പറഞ്ഞ്...! സർവ്വീസിലിരിക്കെ നമ്മുടെ കൈയ്യിലിരുപ്പും അത്ര നല്ലതായിരുന്നല്ലോ. ഇപ്പോൾ പിള്ളേരും പിള്ളേരുടെ പിള്ളേരുമായി. ഇനിയെന്തിനാണ് അതൊക്കെ പറയുന്നതെന്നാണ് അവളുടെ ചോദ്യം.'’ ചിരിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്. ആ പറഞ്ഞതിന്റെ അർഥം കുറെയൊക്കെ എനിക്കറിയാം. എല്ലാം പുറത്ത് പറയാനാകില്ലെങ്കിലും! 'അവരോട് ധൈര്യമായിരിക്കാൻ പറയൂ. ഇനി ഞാനെന്തെങ്കിലും എഴുതിയാൽപ്പോലും ഒരാളും അതിലൂടെ നിങ്ങളെ തിരിച്ചറിയുകയില്ല. അതുറപ്പ്. പണ്ട് നിങ്ങളോടൊപ്പം സ്റ്റേഷനിൽ കൂടെയുണ്ടായിരുന്നവർ പോലും.'' '’അതെനിക്കറിയാം. സാറെന്നെ താറടിച്ച് കാണിക്കില്ലെന്നും ഞാനവളോട് പറഞ്ഞതുമാണ്… ങ്ഹാ… എന്തെങ്കിലുമാകട്ടെ.'' അദ്ദേഹം അനുവാദം തരികയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. 'ഞാനന്ന് ജോയിൻ ചെയ്യാൻ പോയപ്പോൾ കണ്ട ഡെപ്യൂട്ടിയുടെ കഥ സാറോർക്കുന്നോ? @@@@ ..(പേര്) സാറിന്റെ കാര്യം. ഫോറസ്റ്റർ പറഞ്ഞത് പോലെ പിറ്റേന്ന് ഉയിർത്തെഴുന്നേറ്റ അദ്ദേഹം നേരെ ഒരൊറ്റ പോക്കായിരുന്നു. കണ്ടാൽ നമ്മുടെ പഴയകാല നടൻ കൃഷ്ണൻകുട്ടി നായരുടേതു പോലെ മെലിഞ്ഞ ശരീരപ്രകൃതമാണ്. യൂണിഫോമിലല്ലാത്തപ്പോൾ എപ്പോഴും മുണ്ടോ ലുങ്കിയോ ആയിരിക്കും പുള്ളിയുടെ വേഷം. ഒരു പഴയ രാജ്ദൂത് മോട്ടോർ സൈക്കിളാണ് അദ്ദേഹത്തിന് അന്നുണ്ടായിരുന്നത്.' 'ങ്ഹാ… അതിന്റെ കഥ അതിലും വലിയ തമാശയാണ്. ഒരു ദിവസം രാത്രി വീട്ടിലേയ്ക്ക് പോയ അദ്ദേഹം വഴിയിൽ നിന്നിരുന്ന കാട്ടുപോത്തിൻ കൂട്ടത്തിലൊന്നിന്റെ ചന്തിയിൽ ബൈക്ക് കൊണ്ടിടിച്ചിട്ട് കീറിപ്പറിഞ്ഞ ഷർട്ടുമായി അണ്ടർവെയറിൽ അഞ്ച് കിലോമീറ്ററോളം ഓടിയാണ് അവസാനം സ്റ്റേഷനിൽ തിരിച്ചെത്തിയത്! നല്ല ഫിറ്റായിരുന്ന സാറ് രാത്രി എങ്ങനെ സ്റ്റേഷനിലേയ്ക്കുള്ള വഴി തെറ്റാതെ കണ്ടെത്തിയെന്നതാണ് അത്ഭുതം. വണ്ടിയിടിച്ചപ്പോൾ ഭയന്നുപോയ കാട്ടുപോത്തുകൾ ജീവനും കൊണ്ടോടിയെങ്കിലും ടാറിട്ട റോഡിൽ വീണ ഡെപ്യൂട്ടി സാറിന്റെ ശരീരത്തിൽ പലയിടത്തും തോല് കാണാനേ ഇല്ലായിരുന്നു. നല്ല ചെമപ്പ് നിറമായിരുന്നു മൊത്തത്തിൽ.' മനസ്സിൽ ആ ചിത്രം വീണ്ടും കാണുന്ന മാതിരി അദ്ദേഹം ഊറിച്ചിരിക്കുന്ന ശബ്ദമാണ് ഇപ്പോൾ കേൾക്കുന്നത്. 'അത്തവണ വീട്ടിൽപ്പോയ സാറ് പിന്നെ തിരിച്ചെത്തുന്നത് പത്ത് ദിവസം കഴിഞ്ഞും.' 'അതെന്താ കക്ഷി ലീവിലായിരുന്നോ..?' 'ഏയ്.. ലീവോ.. അതൊന്നുമല്ല. അത് പുള്ളിയുടെ സ്ഥിരം പതിവാണ്. അന്നൊക്കെ ആര് ചോദിക്കാനാണ്… ആരോട് പറയാൻ...?' ‘'അപ്പോൾ കക്ഷി ജി ഡിയിൽ എങ്ങനെ ഹാജർ മാർക്ക് ചെയ്യും...?'’ (മുൻപത്തെ അധ്യായത്തിൽ സൂചിപ്പിച്ചത് മാതിരി ഫോറസ്റ്റ് സ്റ്റേഷനുകളിലെ ആധികാരിക രേഖയാണ് ജനറൽ ഡയറി. സ്റ്റേഷൻ അധികാരിയായ ഡെപ്യൂട്ടി റെയ്ഞ്ചറാണ് തലേദിവസത്തെ ഡ്യൂട്ടി കഴിഞ്ഞത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയും അന്ന് ഹാജരുള്ള സ്റ്റാഫിനെ വിവിധ ഡ്യൂട്ടികൾക്കായി നിയോഗിച്ചുകൊണ്ടും രാവിലെ എട്ട് മണിയോടെ അത് ഓപ്പൺ ചെയ്യുന്നതും എന്ന് ഓർക്കുമല്ലോ.) അന്നും പതിവുപോലെ ഡയറിയിൽ ''നിശ്ചിത ഭാഗത്തെ വനാന്തരങ്ങൾ പരിശോധിക്കാനായി ഫീൽഡിലേയ്ക്ക് പോകുന്നു'' എന്ന് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വീട്ടിലേയ്ക്ക് പോയത്! തുടർന്നുള്ള പത്ത് ദിവസവും കക്ഷി ഫീൽഡിൽ നിന്നും തിരിച്ചെത്തിയതായി രേഖപ്പെടുത്തലുകളൊന്നും പിന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹം ഹാജരില്ലാത്ത ഓരോ ദിവസവും ഡയറിയുടെ താളുകളിൽ 'ഡെപ്യൂട്ടി റെയ്ഞ്ചർ ഡ്യൂട്ടിയിൽ...' എന്ന് സ്റ്റേഷനിൽ നേരത്തെ എത്തുന്ന സ്റ്റാഫുകൾ ആരെങ്കിലും രേഖപ്പെടുത്തി വയ്ക്കും! തന്നെയുമല്ല ഡയറിയുടെ ഒറിജിനൽ തരാതരം പോലെ റെയ്ഞ്ചിൽ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. നീണ്ട പത്ത് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ക്രാന്തദർശിയായ ഡെപ്യൂട്ടി റെയ്ഞ്ചർ തന്റെ ജൂനിയേഴ്‌സിനോടായി പറഞ്ഞത്രേ. 'ഇന്ന് നീയൊക്കെ ഫീൽഡ് പരിശോധന കഴിഞ്ഞ് തിരിച്ചെത്തി എന്ന് കാണിച്ച് ''ശൂ'' വരച്ച് ജി ഡി ക്ലോസ് ചെയ്യുന്നതിനുമുമ്പ് രണ്ട് പേജ് എനിക്കായി ബാക്കിയിട്ടേക്കണം.'അതെന്തിനാണെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും അവർ അദ്ദേഹത്തെ അനുസരിച്ചു. അന്ന് രാത്രിയിൽ പ്രതീക്ഷിക്കാത്ത മറ്റൊരു സംഭവം കൂടി അവിടെ അരങ്ങേറി. ആ മകരമാസത്തിലെ കൊടുംതണുപ്പത്ത് ടോർച്ച് പോലും ഇല്ലാതെ ലുങ്കിയുമുടുത്ത് ധരിച്ചിരുന്ന ഷർട്ടിന് പുറത്തായി കൈയ്യില്ലാത്ത ഒരു സ്വറ്ററും എടുത്തണിഞ്ഞ് സ്റ്റേഷന്റെ പിന്നിൽ താമസിക്കുന്ന ശരവണനെന്ന 'ഒഴിപ്പുകാരന്റെ ' (മദ്യം രഹസ്യമായി ചില്ലറ വിൽപന നടത്തുന്നയാൾ) ഷെഡ്ഡിൽപ്പോയി അത്യാവശ്യം ചെലുത്തിയിട്ട് മടങ്ങുകയായിരുന്നു നമ്മുടെ ഏമാൻ. പക്ഷേ, അവിടെ നിന്ന് മടങ്ങുമ്പോൾ അബദ്ധം പറ്റി വഴിയിലുള്ള ചെറിയ തോട് കവച്ച് കടക്കാനുള്ള ശ്രമത്തിൽ കാലിടറി അദ്ദേഹം തോട്ടിലെ തണുത്തുറഞ്ഞ വെള്ളത്തിലേയ്ക്ക് വീണുപോകുകയായിരുന്നു! നാനൂറോ അഞ്ഞൂറോ മില്ലി അകത്താക്കിയ ശേഷം തിരികെ വരുമ്പോൾ നാട്ടുവെളിച്ചത്തിൽ മറുകരയിലായി നിന്നിരുന്ന ചോരക്കാലി മരത്തിന്റെ നിഴൽ തോട്ടിലെ വെള്ളത്തിന് മുകളിലായി കണ്ടപ്പോൾ പുതുതായി ആരോ അവിടെ പാലം കൊണ്ടിട്ടതാണെന്ന് തെറ്റിദ്ധരിച്ചാണ് അതിലേയ്ക്ക് കാലുവച്ചതും വെള്ളത്തിലേയ്ക്ക് വീണുപോയതെന്നുമാണ് അദ്ദേഹം പിന്നീട് പറഞ്ഞത്! എന്തായാലും കുതിർന്ന പൂച്ചയെപ്പോലെ സ്റ്റേഷനിൽ ചെന്നുകയറിയ അദ്ദേഹത്തിന്റെ 'പിടിത്തമൊക്കെ' ഏതാണ്ട് ശമിച്ചിരുന്നതിനാൽ തുണിയൊക്കെ പിഴിഞ്ഞിട്ട ശേഷം ജി ഡിയെടുത്ത് കൂനിക്കൂടിയിരുന്ന് എന്തോ ഗഹനമായി കുത്തിക്കുറിക്കുന്നതാണ് പിന്നീട് കണ്ടത്! അതും കഴിഞ്ഞ് കൃത്യം നാല് ദിവസം കഴിഞ്ഞപ്പോഴാണ് പത്ത് നാല്പത് കിലോമീറ്ററുകൾ താണ്ടി റെയ്ഞ്ച് ഓഫീസർ അദ്ദേഹത്തെ കാണാനായി കലിതുള്ളിക്കൊണ്ട് സ്റ്റേഷനിലെത്തുന്നത്. അയച്ച ഡയറിയുടെ കോപ്പി തപാലിലൂടെ അദ്ദേഹത്തിന്റെ മുന്നിൽ എത്തിയത് അന്നാകണം എന്ന് തോന്നുന്നു. കാരണം ക്ഷുഭിതനായെത്തിയ റെയ്ഞ്ചറുടെ കൈയ്യിൽ അതും ഉണ്ടായിരുന്നു! എല്ലാപേരും കേൾക്കെ റെയ്ഞ്ചർ വായിച്ചുകേൾപ്പിച്ച ആ ഡയറിയിൽ ഒന്നാം ദിവസം മുതൽ (അതായത് മുങ്ങി വീട്ടിലേയ്ക്ക് പോയ ആദ്യദിവസം) കർമ്മധീരനായ ഡെപ്യൂട്ടി റെയ്ഞ്ചറുടെ 'വനപർവ്വം' ആരംഭിക്കുകയാണ്! പ്രസ്തുത ദിവസം നിശ്ചിത വനഭാഗങ്ങൾ ചുറ്റി സഞ്ചരിക്കുന്നതിനിടെ അപരിചിതരായ നാല് പേരെ തീർത്തും സംശയകരമായ സാഹചര്യത്തിൽ അദ്ദേഹം കാടിനകത്ത് കാണുകയാണ്. പിന്നീട് 'മരം മറഞ്ഞുനിന്ന്' അവരുടെ ഓരോ നീക്കങ്ങളും അദ്ദേഹം സുസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നു! (മരത്തിന്റെ മറവില്ലാതെ നിന്ന് നോക്കിക്കൂടേ എന്ന് ദയവായി വനംവകുപ്പുകാരോട് ചോദിക്കരുതേ. വനംവകുപ്പ് ഉദ്യോഗസ്ഥർ ''ബീറ്റ് സഞ്ചാരത്തിനിടയിൽ വടക്കുകിഴക്കായോ തെക്കുപടിഞ്ഞാറായോ ഒക്കെ വെട്ടുശബ്ദം കേൾക്കുന്നതും തുടർന്ന് 'മരം മറഞ്ഞ് നോക്കി' പ്രതികളെ തിരിച്ചറിയുന്നതും തുടർന്ന് കൃത്യം തടഞ്ഞും പേരുവിവരം ചോദിച്ചും മഹസ്സർ തയ്യാറാക്കുന്നതും അവരുടെ കുറ്റസമ്മതമൊഴി കൈയ്യോടെ എഴുതി വാങ്ങുന്നതും ഒക്കെ കാലകാലങ്ങളായി പിന്തുടരുന്ന രീതിയാണ് എന്നുമാത്രം തത്ക്കാലം മനസ്സിലാക്കിയാൽ മതി!). അന്നത്തെ ദിവസം അവർ കാട്ടിൽ തങ്ങുന്നതായിക്കണ്ടിട്ടും വിടാനുള്ള ഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലത്രേ. സമയം കളയാതെ അത്യാവശ്യം ഉയരമുള്ള ഒരു പാലി മരത്തിൽ അള്ളിപ്പിടിച്ച് കയറി അതിന്റെ മുകളിൽ തട്ടിക്കൂട്ടിയ മച്ചാനിലിരുന്നാണ് ധീരനായ ആ ഡെപ്യൂട്ടി റെയ്ഞ്ചർ തന്റെ സൂക്ഷ്മനിരീക്ഷണം തുടരുന്നത്! കൊടുംകാട്ടിലെ എല്ലാ അപകടങ്ങളേയും പ്രതിബന്ധങ്ങളേയും ഇരട്ടച്ചങ്കനായി നേരിട്ട അദ്ദേഹം സ്ഥലം മാറിമാറി ആ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ദിവസങ്ങളോളം അവരെ ഒറ്റയ്ക്ക് പിന്തുടരുന്നു! ദിനരാത്രങ്ങൾ പിന്നിടുന്നതിനിടയിൽ കാട്ടിൽ വച്ച് കണ്ടതും നേരിട്ടതുമായ വന്യജീവികളെക്കുറിച്ചും അവയിൽ പലതിന്റേയും ആക്രമണങ്ങളിൽ നിന്ന് അദ്ദേഹം സാഹസികമായി രക്ഷപ്പെട്ടതിനെക്കുറിച്ചും ഒക്കെ അതിൽ ലഘുവിവരണങ്ങൾ ഉൾച്ചേർത്തിട്ടുമുണ്ട്. കുളിയും ജപവും പ്രഭാത കൃത്യങ്ങളും ഒക്കെ പോട്ടെ എന്ന് വയ്ക്കാം. എന്നാൽ, വെറുംകൈയ്യോടെ വനഭാഗങ്ങൾ ചുറ്റി സഞ്ചരിക്കാനിറങ്ങിയ അദ്ദേഹം ആ വലിയ ദൗദ്യത്തിൽ മുഴുകിയിരുന്നപ്പോൾ ജീവൻ നിലനിർത്താനായി എന്താണ് കഴിച്ചിരുന്നത് എന്നതിനെപ്പറ്റി അതിൽ തെല്ലും പരാമർശമില്ലായിരുന്നു എന്നതാണ് രസകരമായ വസ്തുത. ഒറ്റയ്ക്ക് അലഞ്ഞപ്പോൾ വനാന്തരത്തിലെ കായ്കനികൾ ഭക്ഷിച്ച് വിശപ്പടക്കിയിരിക്കാം എന്ന് കരുതാനേ നിവൃത്തിയുള്ളൂ! അനന്തമായി നീണ്ട കാത്തിരിപ്പിന്റെ അവസാനം രണ്ടും കല്പിച്ച് ഇളിയിൽ ചുറ്റിയ തുകൽവാറിൽ നിന്ന് ഊരിപ്പിടിച്ച ആയുധങ്ങളുമായി എന്തിനും പോന്ന ആ നാൽവർ സംഘത്തിന് മുന്നിൽ ചാടി വീഴുമ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം തിരിച്ചറിയുന്നത്! (കൃത്യമായി പറഞ്ഞാൽ വീട്ടിൽ നിന്ന് തിരിച്ചെത്തിയ പത്താം ദിവസം.) അതായത് നാളത്രയും അദ്ദേഹം വിടാതെ പിന്തുടർന്നിരുന്ന ആ നാല് വനംകൊള്ളക്കാരും വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിക്കായി ഈറ്റവെട്ട് കരാറെടുത്തവർ ഏർപ്പാട് ചെയ്ത തൊഴിലാളികളായിരുന്നു എന്നതാണത്! (അഹോരാത്രം രഹസ്യ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തിന്റെ കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷപ്പെട്ട സമയത്ത് കാര്യഗൗരവമില്ലാത്ത ആ അതിഥിത്തൊഴിലാളികൾ ഈറ്റവെട്ടിൽ ഏർപ്പെട്ടിരുന്നിരിക്കാം എന്ന് വ്യംഗ്യം.) എന്തായാലും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കുന്ന മഹസ്സറുകളിലെ ഭാഷ്യം മാതിരി 'അവരുടെ ദേഹപരിശോധന നടത്തിയതിൽ 'ശങ്കിതരുടെ' പോക്കറ്റുകളിൽ നിന്ന് റെയ്‌ഞ്ചോഫീസിൽ നിന്നും കൊടുത്ത സാധുവായ ഈറ്റ പാസ്സുകൾ കണ്ടെത്തിയും നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടും അവരെ ജോലി തുടർന്ന് ചെയ്യാൻ അനുവദിച്ച് അദ്ദേഹം തന്റെ ലാവണത്തിലേയ്ക്ക് മടങ്ങിയെത്തി 'ടി വിവരം' ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയായിരുന്നത്രേ! എന്താ വിശ്വാസം വരുന്നില്ലേ..? ചുരുക്കം പറഞ്ഞാൽ ആ പത്ത് ദിവസവും കർമ്മധീരനായ നമ്മുടെ ഡെപ്യൂട്ടി റെയ്ഞ്ചർ ലീവും എടുത്തിട്ടില്ല വീട്ടിലും പോയിട്ടില്ല എന്ന് സാരം! ജോലി തന്നെ ശരണം! ആ കഥ മുഴുവൻ വായിച്ചുകേട്ടപ്പോൾ കാല്പനികതയുടെ ആൾരൂപമായി തങ്ങളുടെ മുന്നിൽ നിൽക്കുന്ന അവതാര പുരുഷനെ അവിടത്തെ ഇളമുറക്കാരൊക്കെയും അത്ഭുതപരതന്ത്രരായി കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു. തോളിൽ മൂന്ന് സ്റ്റാറും പതിപ്പിച്ച് ഇതികർത്തവ്യമൂഢനായി നിന്ന ചെറുപ്പക്കാരനായ റെയ്ഞ്ച് ഓഫീസറും അതിൽപ്പെടും! എന്നാൽ, ആ കാലത്തിനുള്ളിൽത്തന്നെ സർവ്വീസിൽ മൂന്നോ നാലോ സസ്‌പെൻഷൻനുകൾ വാങ്ങിക്കഴിഞ്ഞിരുന്ന 'ഡെപ്യൂട്ടി മഹാനുഭാവൻ' അപ്പോഴും തെല്ലും കൂസുന്നുണ്ടായിരുന്നില്ല! ആദ്യം എന്ത് പറയണം എന്നാലോചിച്ചും അവസാനം എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് ഉത്തമബോധ്യം വന്നും റെയ്ഞ്ച് ഓഫീസർ ശാഠ്യം വെടിഞ്ഞ് കാൽപനികതയും അതിഭാവുകത്വവും നിറഞ്ഞ ആ വരികൾക്ക് ഉൾപ്രേരകമായി വർത്തിച്ചതും സ്റ്റേഷന് പിന്നാമ്പുറത്തെ തമിഴ്വംശജൻ ശരവണൻ ഒഴിക്കുന്നതുമായ അരിയങ്ങാടിയിട്ട്* വാറ്റിയ 'തീത്തൈലം' ഇനിയൊരിക്കൽ തനിക്കും പരീക്ഷിക്കണം എന്നാഗ്രഹമുണ്ടെന്നും മാത്രം ഉണർത്തിച്ച് നിരുപാധികം പിൻവാങ്ങുകയായിരുന്നത്രേ! (*അങ്ങാടിക്കടകളിൽ നിന്ന് ലഭിക്കുന്ന ചില ആയുർവ്വേദ കൂട്ടുകളിട്ടും ചാരായം വാറ്റാറുണ്ട്. കൂടുതൽ ആസ്വാദ്യമെന്ന് കരുതുന്നതും ഇളം തവിട്ടുനിറത്തിൽ കാണുന്നതുമായ അതിന് ഈഥൈൽ ആൽക്കഹോളിന്റെ രൂക്ഷഗന്ധത്തിന് പകരം ആയുർവ്വേദ ഔഷധങ്ങളുടെ നനുത്ത ഗന്ധമായിരിക്കും കാണുക. അത് 'നീറ്റായി' (വെള്ളം ചേർക്കാതെ) വായിലേയ്ക്ക് കമഴ്ത്തിയിട്ടാണ് പിന്നാലെ വെള്ളം കുടിക്കാറ് പതിവ്. ചില നാട്ടുമ്പുറങ്ങളിൽ പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി സ്ത്രീകൾക്കും അത് നൽകാറുണ്ട്.) ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ പാത്രങ്ങളും ഒളിപ്പിച്ച കോടയും അതുപോലെ തന്നെയാണ് ഒറ്റപ്പെട്ട ഒരു ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ടാം ശനിയാഴ്ചയോട് അനുബന്ധിച്ച് മിക്കവരും ലീവിലോ കോമ്പൻസേറ്ററി ഓഫിലോ ഒക്കെ ആയിരുന്ന സമയത്ത് അവിടത്തെ ഒരു വാച്ചറെക്കൊണ്ട് അയാളുടെ കാശിന് വാങ്ങിയ മദ്യം ഒരുമിച്ചിരുന്ന് അകത്താക്കിയ ശേഷം ഒന്നും രണ്ടും പറഞ്ഞുതെറ്റി അവസാനം അയാളെ മർദ്ദിച്ച് അവശനാക്കിയ രണ്ട് സ്റ്റാഫുകളുടെ കഥയും! അതും പോരാഞ്ഞ് ആ ബുദ്ധി രാക്ഷസന്മാർ തങ്ങളുടെ സ്‌പോൺസറും സഹകുടിയനുമായിരുന്ന ആ പാവത്താനെ 'സ്റ്റേഷൻ ആക്രമിക്കാനും അവരെ അപായപ്പെടുത്താനും ശ്രമിച്ചപ്പോൾ മിതമായ ബലപ്രയോഗത്തിലൂടെ കീഴടക്കി കസ്റ്റഡിയിലെടുക്കുന്നുവെന്ന്' കാണിച്ച് സ്റ്റാഫുകളുടെ ഹാജരും ദിനസരി ഡ്യൂട്ടിയും മാത്രം രേഖപ്പെടുത്തുന്ന ജനറൽ ഡയറിയുടെ പേജുകളിൽ നെടുനീളത്തിൽ മഹസ്സറായി എഴുതി വയ്ക്കുകയും ചെയ്തു! (താന്താങ്ങളുടെ ശരിക്കുമുള്ള കൈയ്യിലിരുപ്പ് നന്നായി അറിയാവുന്നതിനാൽ തങ്ങൾ കൊടുക്കുന്ന റിപ്പോർട്ട് മേലുദ്യോഗസ്ഥന്മാർ അവഗണിച്ചാലോ എന്ന് കരുതിയാണവർ അതിബുദ്ധിയായി ആ അറ്റകൈ പ്രയോഗം നടത്തിയത്. അതാകുമ്പോൾ ആർക്കും നിഷേധിക്കാനും കണ്ടില്ലെന്നും പറയാനുമാകില്ലല്ലോ.) എന്തായാലും താമസംവിനാ സസ്‌പെൻഷനിലായ അവരിരുവരും കൂടിച്ചേർന്ന് തല്ലുകൊണ്ട് ഹോസ്പിറ്റലിലായ പാവം വാച്ചർക്ക് കുറച്ച് കാശൊക്കെ സംഘടിപ്പിച്ച് കൊടുത്ത് വല്ലവിധേനയും കേസ്സിൽ നിന്ന് തടിയൂരി രക്ഷപ്പെട്ട് പോകുകയായിരുന്നു. കാടാറുമാസം നാടാറുമാസം എന്ന മാതിരി രണ്ട് കൊല്ലം കൂടുമ്പോഴെങ്കിലും നിർബന്ധമായും ഒരു സസ്‌പെൻഷൻ വാങ്ങാൻ അവരിരുവരും സർവ്വീസിലുടനീളം പ്രതിജ്ഞാബദ്ധരും ആയിരുന്നു എന്നും ഞാനോർക്കുന്നു. അത്തരത്തിലൊരാൾ ചെയ്ത മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാം. കാടിനോട് ചേർന്നുള്ള അമ്പലങ്ങളിലും മറ്റും ഭക്തന്മാർ നടയ്ക്കിരുത്തുന്ന മൂരിക്കുട്ടന്മാർ കാടിനുള്ളിൽ അലഞ്ഞുതിരിഞ്ഞും തിന്നുകൊഴുത്തും വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ ബാധ്യത ആകാറുണ്ട് എന്നത് സത്യമാണ്. പ്രത്യേകിച്ച് മേഞ്ഞ് പോകാൻ സാധ്യതയുള്ള സസ്യങ്ങളുടെ തോട്ടനിർമ്മാണത്തിൽ അവ വലിയ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. (അത്തരത്തിലെ കന്നുകാലികൾ വനാതിർത്തികളിലുള്ളവർ മേയാൻ വിടുന്ന കൂട്ടങ്ങളിലെ ചിലവയെപ്പോലെ കാട് കയറുകയും പിന്നീട് മനുഷ്യരോട് തീരെ ഇണക്കമില്ലാത്തതായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കാട് കയറുന്ന കന്നുകാലികളെ എലൃമഹ അിശാമഹ െഎന്നാണ് ഇംഗ്‌ളീഷിൽ പറയുന്നത്.) അങ്ങനെ അലഞ്ഞുനടക്കുന്ന കാലികളെ കാട്ടിൽ നിന്ന് ഒഴിവാക്കണം എന്ന് ഡി എഫ് ഓ ഒരു മീറ്റിംഗിൽ പറഞ്ഞതിന്റെ പിറ്റേന്നുതന്നെ അനുസരണ ശീലം മാത്രം കൈമുതലായുള്ള 'ആ സുമനസ്സ്' അടുത്തുള്ള പ്രശസ്തമായ ക്ഷേത്രത്തിൽ ആരോ നേർച്ചയായി കൊടുത്തതും രാത്രിയാകുമ്പോൾ വന്യമൃഗങ്ങളെ ഭയന്ന് സ്റ്റേഷന് മുന്നിലെ വിളക്കുമരത്തിനടിയിൽ പതിവായി ഉറങ്ങാനെത്തുന്നതുമായ ഒരു കൊഴുത്ത മൂരിക്കുട്ടനെ നാട്ടിൽ നിന്നും വിളിച്ചുവരുത്തിയ അറവുകാർക്ക് പിടിച്ചുകൊടുത്തത് വലിയ വിഷയമായിത്തീർന്നിരുന്നു. (അന്യമതസ്ഥനായ ഒരാൾ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രവൃത്തി മതസ്പർധയായി ആരും കണ്ടിരുന്നില്ലെന്നും ഓർക്കുക. അത്രയ്ക്കായിരുന്നു സർവ്വീസിലുടനീളം അദ്ദേഹത്തിന്റെ കൊടുംചെയ്ത്തുകൾ.) താൻ വളർത്താനായി വാങ്ങി കാട്ടിൽ വിട്ടിരുന്ന കന്നുകാലികളിലൊന്നാണ് അതെന്നാണ് അദ്ദേഹം ആ കശാപ്പുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാൻസായി കാശ് വാങ്ങിയിരുന്നതെന്ന് പിന്നീടറിഞ്ഞു! 'ഇവിടെ ഞാൻ പറയാൻ വന്ന കഥയിലെ ട്വിസ്റ്റ് അന്ന് ചാരായം മറിച്ച് വിറ്റതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് ബീറ്റ് സഞ്ചാരത്തിനിടയിൽ മാഞ്ചോലയ്ക്കടുത്ത് ഒളിച്ചിട്ട നിലയിൽ ഞങ്ങൾ രണ്ട് കന്നാസുകൾ കൂടി കണ്ടെത്തിയെന്നതാണ്. സത്യത്തിൽ അപ്പോൾ വീണ്ടും കോളടിച്ചെന്നാണ് ഞങ്ങൾ ഉള്ളിൽക്കരുതിയത്. എന്നാലപ്പോൾ കന്നാസെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോരാൻ ആകുമായിരുന്നില്ല. അതുകൊണ്ട് അതെടുത്ത് കഷ്ടി അമ്പത് വാരയകലെയായി ഇടതിങ്ങി വളരുന്ന കൊങ്ങിണിക്കാടുകൾക്കടിയിൽ കൊണ്ട് പതുക്കിയിട്ടിട്ടാണ് ഞങ്ങൾ സ്റ്റേഷനിലേയ്ക്ക് മടങ്ങിയത്. പിന്നീട് സൗകര്യം പോലെ കച്ചവടത്തിന് ആളെത്തപ്പാം എന്നും കരുതി. അതിനുശേഷം ആ വർഷം നട്ടുപിടിപ്പിച്ച മുളയും ഇലവും ചേർന്ന 'മിക്‌സഡ് പ്ലാന്റേഷൻ' ഒന്ന് ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോഴുണ്ട് സാക്ഷാൽ റജി സ്റ്റേഷനടുത്തുള്ള തട്ടുകടയിൽ അതാ ഞങ്ങളേയും കാത്ത് നിൽക്കുന്നു! തേടിയ വള്ളി കാലിൽ ചുറ്റിയ മാതിരി! 'സാറന്മാരെന്ത് പണിയാണിന്ന് കാണിച്ചത്...? ഞാൻ പറഞ്ഞുവിട്ടിട്ട് ചോദിച്ച കാശും തന്ന് വാങ്ങിക്കൊണ്ടുപോയ ചരക്കല്ലേ 'ലൂസ് ഒഴിച്ച്' കൊടുക്കാനായിട്ട് അയാൾ മാഞ്ചോലക്കൊണ്ട് വച്ചിരുന്നത്. അതെടുത്ത് നിങ്ങൾ വീണ്ടും മറിച്ച് വിറ്റോ..? എന്തായാലും വല്ലാത്ത ചെയ്ത്തായിപ്പോയി. ദാ.. കരച്ചിലും വിളിയുമായി അയാൾ എന്റെ കൂടെത്തന്നെയുണ്ട്… നിങ്ങൾ തന്നെ സംസാരിക്ക്..!' ചെന്നപാടെ അയാൾ ഉച്ചത്തിലാണത് പറഞ്ഞത്. 'അതാരെങ്കിലും കേട്ടോ എന്നാണ് ഞങ്ങൾ പെട്ടെന്ന് ചുറ്റിനും നോക്കിയത്. ഭാഗ്യം. പ്രശ്‌നമൊന്നുമില്ല. സത്യത്തിൽ അപ്പോഴാണ് ഞങ്ങൾ റജി നിൽക്കുന്നതിന് ലേശം അകലെയായി കദനഭാരത്താൽ ഏത് നിമിഷവും വിങ്ങിപ്പൊട്ടാനായി കാത്തുനിൽക്കുന്ന ആ മുഖകമലം കാണുന്നത് തന്നെ!' 'എന്ത് പറയാനാണ് സാർ...? സാധനം തിരിച്ചുകൊടുത്ത് വല്ലവിധേനയും പ്രശ്‌നം അവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ഭാഗ്യത്തിന് അതൊന്നും സ്റ്റേഷനിലെ മറ്റാരും അറിഞ്ഞതുമില്ല. അതുതന്നെ ആശ്വാസം.'ഇത്തവണ സത്യത്തിൽ ഞാനും അറിയാതെ ഉച്ചത്തിൽ ചിരിച്ചുപോയി. ഓരോരോ സ്ഥലങ്ങളിൽ ഓരോരോ മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകളേ! എന്നിരുന്നാലും നേരത്തെ സൂചിപ്പിച്ചത് മാതിരി എന്റെ മനസ്സിൽ വീണുകിടന്ന ആ കരട് അപ്പോഴും മാറിയിട്ടില്ലായിരുന്നു. കഥനത്തിലെിടെയോ ഒരു പോരായ്മ ഇപ്പോഴും ശേഷിക്കുന്നുണ്ട് എന്നൊരു തോന്നൽ. കഥ കേട്ടപ്പോൾ മുതൽ ആ സംശയം എന്റെ ഉള്ളിൽ കൂടുകൂട്ടാൻ തുടങ്ങിയതാണ്. ഇപ്പോഴത് മൊട്ടയിട്ട് വിരിഞ്ഞ് കുഞ്ഞുങ്ങളും ആയിരിക്കുന്നു. പറക്കമുറ്റിത്തുടങ്ങിയ അവയെ ഇനി എന്റെ ഉള്ളിൽ അടച്ചിടാനാവില്ല തന്നെ! 'അല്ലാ...ഞാനൊരു സംശയം ചോദിച്ചോട്ടെ...' എന്റെ നേർക്ക് തിരിച്ച അദ്ദേഹത്തിന്റെ മുഖത്ത് നോക്കിക്കൊണ്ടാണ് ഞാനത് ചോദിച്ചത്. 'ങ്മും..?' എന്നൊരു മൂളലായിരുന്നു പ്രതിവചനം.'അന്ന് പാതിരാത്രി ആ കൊടുംതണുപ്പത്ത് മെമ്പറുടെ വീട്ടിന് മുന്നിലെ കലുങ്കിനടിയിൽ അവർ ഏഴ് കന്നാസ് ചാരായം കൊണ്ട് ഒളിപ്പിച്ച് വച്ചത് അത്ര കൃത്യമായി റജി കണ്ടതെങ്ങനെയാണ്...? ആ ആനക്കാട്ടിൽ എന്തിനാണയാൾ ആ രാത്രി പോയത്...?'ഞാൻ ഭയന്നത് പോലെ തന്നെ അർത്ഥഗർഭമായ ഒരു മൌനമാണ് തുടർന്ന് ഞങ്ങൾക്കിടയിൽ പിറവിയെടുത്തത്. ബെംഗളൂരുവിലെ വീതി കൂടിയ റോഡിലൂടെയുള്ള വണ്ടികളുടെ തിരക്കും ഹോണിന്റെ കാതടപ്പിക്കുന്ന ഒച്ചകളും അപ്പോൾ എനിക്ക് അസഹനീയമായത് പോലെ തോന്നി. ഒരു വശത്ത് വനംവകുപ്പുകാർ പാതിരാത്രി ചെന്ന് തട്ടി വിളിക്കുമ്പോൾ വിളി കാത്തിരുന്നത് പോലെ ഉറക്കച്ചടവിൽ പുറത്തേയ്ക്ക് വരുന്ന ചെറുപ്പക്കാരിയും സുന്ദരിയുമായ മെമ്പർ! അവരുടെ മുറിയിൽ ഒന്നും അറിയാതെ മതിമറന്നുറങ്ങുന്ന ബാല്യം വിടാത്ത രണ്ട് കുഞ്ഞുങ്ങൾ. ശേഷം മെമ്പർ വിളിച്ചതനുസരിച്ച് പാതിയഴിഞ്ഞ ലുങ്കിയും ക്രമം തെറ്റിക്കിടക്കുന്ന ഉടുപ്പിന്റെ കുടുക്കുകളുമായി കള്ളിന്റെ മണവുമായി വേച്ചുവേച്ച് പുറത്തേയ്ക്ക് വന്ന് ഒപ്പം ചേരുന്ന കണവൻ! മറുവശത്ത് കട്ടിംഗിലെ മെമ്പറുടെ വീടിന് താഴെ കലുങ്കിനടിയിൽ ആളൊഴിഞ്ഞ രാത്രിയിൽ അതീവ രഹസ്യമായി ഏഴ് കന്നാസുകൾ കൊണ്ടൊളിപ്പിച്ച വാറ്റുകാർ! ആ സംഭവം കൃത്യമായി കണ്ട് വനംവകുപ്പുകാരെ വിളിച്ചുണർത്തി അവർക്ക് പണി 'പാലുംവെള്ളത്തിൽ' കൊടുക്കുന്ന സ്ഥലത്തെ 'പ്രധാന പയ്യൻസ്' റജി! എവിടെയൊക്കെയോ കണ്ണികൾ തമ്മിൽ ചേരാതെ വരുന്നു! മൂന്ന് കിലോമീറ്ററെങ്കിലും അകലെ താമസിക്കുന്ന റജി മദപ്പാടിൽ അലഞ്ഞ് തിരിയുന്ന ചില്ലിക്കൊമ്പനെപ്പോലും ഭയക്കാതെ ആ രാത്രി എന്തിനാകാം അവിടെയെത്തിയത്? ആകാംക്ഷ സഹിയാഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞ് നോക്കി. അപ്പോഴേയ്ക്കും കക്ഷി എന്റെ മുന്നിലേയ്ക്ക് കടന്ന് കഴിഞ്ഞിരുന്നു. അതോടെ ആ സംശയത്തിന് ഒരിക്കലും ഉത്തരം കിട്ടാൻ പോകുന്നില്ലെന്നെനിക്ക് വ്യക്തമായി! (തുടരും)

'മദപ്പാടിൽ അലഞ്ഞ ചില്ലിക്കൊമ്പനെപ്പോലും ഭയക്കാതെ എന്തിനാവാം പാതിരാത്രി അയാൾ അവിടെയെത്തിയത്?’
M
MathrubhumiSource Link
about 1 month ago