'സാറ് ചീങ്കണ്ണിയിറച്ചി കഴിച്ചിട്ടുണ്ടോ?’ വിലപ്പെട്ട എന്തോ എനിക്ക് നഷ്ടമായത് പോലെയായിരുന്നു ചോദ്യം

'സാറ് ചീങ്കണ്ണിയിറച്ചി കഴിച്ചിട്ടുണ്ടോ?’ വിലപ്പെട്ട എന്തോ എനിക്ക് നഷ്ടമായത് പോലെയായിരുന്നു ചോദ്യം

M
MathrubhumiSource Link
അ ടുത്തടുത്ത് രണ്ട് അധ്യായങ്ങളിലായി നമ്മുടെ 'സ്വന്തം' കക്ഷിയുടെ കഥ വനപർവ്വത്തിൽ അച്ചടിച്ച് വന്നപ്പോൾ എനിക്കും തെല്ല് ആകാംക്ഷ ഉണ്ടായിരുന്നു. ഇനി പുള്ളിക്കാരന്റെ സഹധർമ്മിണിയെങ്ങാനും അത് വായിച്ച് അങ്ങേരുടെ തലയിൽക്കയറി പൊങ്കാലയിടുമോ എന്നതിലുപരി അതെന്നെ എങ്ങനെ ബാധിക്കും എന്നതായിരുന്നു ഏതൊരു മനുഷ്യനേയും പോലെ എന്റെ സ്വാഭാവികമായ ആകാംക്ഷ. അങ്ങനെ രണ്ടാഴ്ച കടന്നുപോയി. പ്രതീക്ഷിച്ചത് പോലെ അപകടമൊന്നും ഇതുവരെ ഉണ്ടായില്ല. എന്റെ ഫോണിന്റെ സ്‌ക്രീനിൽ അദ്ദേഹത്തിന്റെ നമ്പർ വീണ്ടും തെളിയുമോ എന്ന് അനൽപമായ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. പ്രതികരണമൊന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ പതിയെ ഒരു ദിവസം അദ്ദേഹത്തിന്റെ നമ്പർ ഡയൽ ചെയ്ത് നോക്കി. മറുപടി എന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിരുന്നു. To advertise here, 'എങ്ങനെയുണ്ടായിരുന്നു ഞാൻ എഴുതിയത്? കണ്ടായിരുന്നോ? വീട്ടിൽ വൈഫ് കണ്ടായിരുന്നോ? വല്ല പ്രശ്‌നവും ഉണ്ടായോ?' വല്ലാത്ത ആവേശത്തിൽ ഒറ്റശ്വാസത്തിൽത്തന്നെ ഞാനത് മുഴുവൻ ചോദിച്ചു. 'ങ്ഹാ… കണ്ടായിരുന്നു.' വളരെ ശബ്ദം കുറച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തീർച്ചയായും അതത്ര രസത്തിലല്ല എന്നുറപ്പ്. പക്ഷേ, എനിക്ക് ആ ഉത്തരം മതിയാകുമായിരുന്നില്ല. കഴിഞ്ഞ ലക്കങ്ങളിലെ വനപർവ്വം വായിച്ചിട്ട് പലരും എന്നെ വിളിച്ചിരുന്നു. ചിലർ വാട്​സാപ്പിലും മെസ്സഞ്ചറിലുമൊക്കെ സന്ദേശങ്ങൾ അയച്ചു. എന്തിന് ഫോൺ ചെയ്ത് ഞാൻ അന്നത്തെ എഴുത്തിലൂടെ ലക്ഷ്യംവച്ചതെന്ന് അവർ കരുതുന്ന ഒന്നുരണ്ട് ആളുകളുടെ പേരുകൾ എടുത്തുചോദിച്ച ചില വനംവകുപ്പ് ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. എന്നൊക്കെ പറയാൻ മനസ്സ് വെമ്പി. 'എന്നിട്ട് കൊള്ളാമോ? നിങ്ങളുടെ ഭാര്യ വായിച്ചപ്പോൾ അത് നിങ്ങളാണെന്ന് തിരിച്ചറിഞ്ഞോ?' അങ്ങനെയാണ് ഞാൻ ചോദിച്ചത്. അപ്പോഴും മറുവശത്ത് നിന്ന് കാര്യമായ പ്രതികരണം ഒന്നും ഇല്ലായിരുന്നു. ശ്ശെടാ… ഇതെന്താണ് പറ്റിയത്? സാധാരണയായി എന്റെ ഓരോ സുഹൃത്തുക്കൾ പറഞ്ഞ അനുഭവങ്ങൾ വായനക്കാരുമായി ഞാൻ പങ്കുവെയ്ക്കുമ്പോൾ അവ പബ്ലിഷ് ചെയ്ത് വന്നതിന് ശേഷം 'അവരെങ്കിലും' വലിയ ആവേശത്തിലാണ് വിളിക്കാറുണ്ടായിരുന്നത്. ആ സ്റ്റോറി അവർ ഒരുപാട് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തെന്നും അവരുടെ സുഹൃത്തുക്കളുടെയൊക്കെ പ്രതികരണം അത്യന്തം ആവേശോജ്ജ്വലമായിരുന്നു എന്നുമൊക്കെ തട്ടിവിടാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ പേനയുന്താളനെന്ന നിലയിൽ നമ്മൾ അസ്സാരം വിജ്രംഭിച്ച് പോകുന്നതും പതിവാണല്ലോ. ഇതെന്തായാലും പണ്ടാരാണ്ട് പറഞ്ഞത് മാതിരി നനഞ്ഞ പടക്കം പോലെയുള്ള ഒരു പ്രതികരണമാണല്ലോ! നേരത്തെ സൂചിപ്പിച്ചത് മാതിരി ആൾ പഴയ തലമുറയിൽപ്പെട്ട ഒരു തനി ഫോറസ്റ്റുകാരനാണ്. ഫോറസ്റ്റ് ഗാർഡായി സർവീസിൽക്കയറി റെയ്ഞ്ചർ ഗ്രേഡ് വരെയെത്തിയ അദ്ദേഹത്തിന് അതൊന്നും വലിയ കാര്യമാകില്ല എന്നുറപ്പ്. (പണ്ട് ഇപ്പോഴത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരെ ഫോറസ്റ്റ് ഗാർഡുമാരെ, ലോപിപ്പിച്ച്, 'ഗരുഡന്മാർ' എന്നാണ് വിളിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞത് ഞാനിവിടെ ഓർമിക്കുന്നു. കൂടെപ്പിറപ്പുകളെപ്പോലെ കാണുന്ന അവരിനി ഇത് വായിച്ചിട്ട് എന്നെ എടുത്ത് 'ഉടുക്കാൻ' വരില്ലെന്നാണ് പ്രതീക്ഷ. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരടുത്ത സുഹൃത്തിന്റെ പൊലീസിൽ ഏഡ്ഡ് ആയിരുന്ന അച്ഛനെ ഉദ്ദേശിച്ച് 'ചട്ടി' എന്നാണ് അവൻ കേൾക്കാതെ നമ്മൾ കളിയാക്കി വിളിച്ചിരുന്നത്. അദ്ദേഹം തലയിൽ വയ്ക്കുന്ന ചട്ടിത്തൊപ്പിയെ പ്രതിയാണ് ആ പേര് ആരോ വിളിച്ച് തുടങ്ങിയതെന്ന് വ്യക്തം. അതുപോലെ വെറ്ററിനറി ഡോക്ടറായ സുഹൃത്തിനെ 'മൃഗമെന്നും' എന്റെ പിൻഭാഗം ലേശം തള്ളിയതിനാൽ 'ബാക്ക് എൻജിൻ ഓട്ടോയെന്നും' അല്ലെങ്കിൽ തെറികൂട്ടി 'കാടൻ @#ഫ%!&*' നെന്നും ഒക്കെ വിളിച്ചിരുന്നതും തികച്ചും സ്വാഭാവികമായിരുന്നല്ലോ.) ഇപ്പോൾ നല്ല വിദ്യാഭ്യാസമുള്ള യുവതലമുറയാണ് പൊലീസിലെ സിവിൽ പൊലീസ് ഓഫീസറന്മാരെപ്പോലെ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന തസ്തികയിലും വരുന്നത് എന്നത് തീർത്തും അഭിമാനകരമാണ്. 'സാറെന്താണ് വിചാരിക്കുന്നത്..? ഇന്നത്തെക്കാലത്ത് ഇതൊക്കെ ആരെങ്കിലും വായിക്കുമോ? ഇതെന്നല്ല ആരും ഒന്നും വായിക്കില്ല. അതൊക്കെ പണ്ടായിരുന്നു. അദ്ദേഹം സംസാരിച്ച് തുടങ്ങിയപ്പോൾത്തന്നെ മോന്തയ്ക്കിട്ട് പെരുക്കിയത് മാതിരി ഞാൻ ചൂളിപ്പോയിരുന്നു. ഭാഗ്യം ഞാൻ ഫോണിലായിരുന്നതിനാൽ എന്റെ മുഖത്ത് തെളിയുന്ന നവരസങ്ങൾ അയാളുടെ മുന്നിൽ വെളിപ്പെടുന്നില്ല. അത്രയും ആശ്വാസം! 'ഞാനന്ന് ഈ വിവരം വീട്ടിൽ സൂചിപ്പിച്ചപ്പോൾത്തന്നെ അവൾ സാറിന്റെ കഥവരുന്ന മാതൃഭൂമിയുടെ ലിങ്കിൽ കയറി നോക്കിയതാണ്. അവളതിൽ ജോയിൻ ചെയ്യുകയും ചെയ്തു. പക്ഷേ ഒന്നുപോലും വായിച്ച് കാണില്ലെന്നതാണ് സത്യം. അല്ലെങ്കിലും ഈ എഴുതുന്നത് മുഴുവൻ ആർക്കെങ്കിലും വായിക്കാൻ പറ്റുമോ? ഇപ്പോൾ അക്ഷരം പഠിച്ച കുട്ടി മുതൽ മന്ത്രിമാർ വരെ നിറുത്താത്ത എഴുത്തല്ലേ...?' എന്തായാലും അപ്പോളയാൾ ഒന്ന് നിറുത്തി. 'ഇന്നത്തെ കാലത്ത് വല്ല സീരിയലോ സിനിമയോ, എന്തിന് യുറ്റ്യൂബ് വീഡിയോ ആണെങ്കിൽപ്പോലും ആളുകൾ കുത്തിയിരുന്ന് കാണും. അല്ലാതെ ഈ എഴുത്തൊക്കെ കണക്കാണ്. ഇതൊക്കെ ആര് വായിക്കാനാണ്..?' ശരിക്കും ഒരു വെള്ളിടി വെട്ടിയത് പോലെ. അല്ലെങ്കിൽ നെഞ്ച് തകർന്ന് പോയത് പോലെ എന്നും പറയാം എന്ന് തോന്നുന്നു. 'ലിവനേത്' കോത്താഴത്തുകാരനാണോയെന്തോ...? എന്തായാലും ഒരെഴുത്തുകാരന്റെ ആത്മഗൗരവത്തിന് മുകളിലാണ് അയാളിപ്പോൾ താണ്ഡവം ചവിട്ടുന്നത്. 'ഞാൻ മുൻപ് പറഞ്ഞത് പോലെ നിങ്ങൾ എന്നെപ്പറ്റി മോശമായി എഴുതില്ലെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ ഞാനതൊന്നും വായിക്കാൻ മിനക്കെടാറുമില്ല.' അതും കൂടി കേട്ടപ്പോൾ എനിക്ക് തൃപ്തിയായി.  ഫെയ്​സ്ബുക്കിലും നവമാധ്യമങ്ങളിലും ഒറ്റയ്ക്കും ഗ്രൂപ്പുകൾ ചേർന്നും തള്ളിമറിക്കാറുള്ള എന്നെപ്പോലുള്ള ആത്മരതിക്കാരായ എല്ലാ എഴുത്തുകാരുടേയും മുഖപടങ്ങളാണ് അയാൾ   വലിച്ച് കീറിയിട്ടത്! എന്താണ് അയാളോട് പറയേണ്ടത്? എങ്ങനെയാണ് എഴുതിത്തുടങ്ങുന്ന ഓരോരുത്തരേയും പോലെ 'പേരെടുത്ത' എഴുത്തുകാരൻ എന്ന് സ്വയമങ്ങ് വിശ്വസിക്കുന്ന ഈ ഞാൻ അയാളോട് ക്ഷമിക്കേണ്ടത്? പക്ഷേ, അയാൾ അതുകൊണ്ടും നിറുത്താനുള്ള ഭാവമില്ലായിരുന്നു. ‘'പിന്നെ നിങ്ങളീ എഴുതുന്നതൊന്നും അധികം ആരും കാണുകയും വായിക്കുകയും ഇല്ല എന്നറിയാവുന്നത് കൊണ്ടാണ് ഞാനങ്ങോട്ട് വിളിക്കാതിരുന്നത്. എന്തായാലും നമ്മുടെ ഫോറസ്റ്റുകാർ ആരും അതൊട്ട് മൈൻഡ് ചെയ്യുകയുമില്ലെന്നും എനിക്കറിയാം. അവർക്കൊക്കെ വെടിവച്ചാൽ പുകയാ...!'' ഇനി ആരെങ്കിലുമൊക്കെ വായിക്കുകയോ സംഗതി എന്റെ വീട്ടിൽ അറിഞ്ഞ് പ്രശ്‌നം ഉണ്ടാവുകയോ ഒക്കെ ചെയ്തിരുന്നെങ്കിൽ ഞാൻ തീർച്ചയായും അങ്ങോട്ട് വിളിച്ചേനേ. ഇനിയാണെങ്കിലും എന്നെങ്കിലും എന്റെ വിളി വന്നാൽ അന്ന് പ്രശ്‌നമാണെന്ന് ഉറപ്പിച്ചോളൂ..!' അയാൾ വികൃതശബ്ദത്തിൽ ചിരിച്ചു. ചെറിയ ഭീഷണിയുടെ ലാഞ്ചനകൾ അതിലുണ്ടായിരുന്നോ? അടിച്ച് നിലത്തിട്ടതും പോരാഞ്ഞിട്ട് എന്നെ അവിടെയിട്ട് ചവിട്ടി മെതിക്കുകയാണ് സാമദ്രോഹി. എന്തായാലും അയാൾ പറഞ്ഞ പറഞ്ഞ ഒരു കഥ കൂടി പറയാം. '’പണ്ടത്തെ കാലത്തെ കഥയാണ്. നിങ്ങളെപ്പോലെയുള്ള പുതിയ പിള്ളേർക്ക് ചിന്തിക്കാൻ പറ്റാത്തത്.'’ പുള്ളി പറഞ്ഞ് തുടങ്ങി. ഹോ… എന്തൊരാശ്വാസമാണ് അത് കേട്ടപ്പോൾ തോന്നിയത്! അങ്ങേരിപ്പോൾ 'സാറ്' വിളിയൊക്കെ നിറുത്തിയെന്ന് തോന്നുന്നു. എന്നാലും 'പിള്ളേരെന്ന' ഗണത്തിൽ എന്നേയും കൂടി ഉൾപ്പെടുത്തിയ ആ മഹാനുഭാവന്റെ അഭിസംബോധന കേട്ടപ്പോൾ ഈ പ്രായത്തിലും വല്ലാത്ത ഒരുൾപ്പുളകം സർവാംഗം പടർന്ന് കയറുകയുണ്ടായി എന്നത് നേര്. സദാ എന്റെ പ്രായത്തെപ്പറ്റിയും ശരീരത്തിൽ അത് പ്രതിഫലിപ്പിക്കുന്ന അസ്‌കിതകളെപ്പറ്റിയും പറഞ്ഞ് മനസ്ഥൈര്യം തകർത്തുകൊണ്ടിരിക്കുന്ന സ്വന്തം പെണ്ണുമ്പിള്ളയെ എന്തു ചെയ്യണമെന്ന ചിന്തയാണ് എന്റെ മനസിൽ തത്സമയം ഓടിയത്. പക്ഷേ എന്ത് പറയാനാണ്? 'അന്നൊക്കെ വീഞ്ഞ്* വല്ലാതെ തലയ്ക്ക് കയറുമ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലെ സാറന്മാരുമായി '@#$%# (പേര്) കാട്ടിൽ' വേട്ടയ്ക്ക് പോയിട്ടുണ്ട്. ഒന്നല്ല പലപ്രാവശ്യം. കാട്ടിറച്ചി തിന്ന് മടുത്തിട്ടുമുണ്ട് അന്നൊക്കെ. ആ തടിയാണ് ഇപ്പോഴും ഉള്ളതെന്ന് കൂട്ടിക്കോളൂ. ഇന്നാണ് നിങ്ങളെപ്പോലുള്ളവർക്ക് അതൊന്നും കണികാണാൻ പോലും കിട്ടാത്തത്!' കാട്ടി (വീഞ്ഞ്* ആറ് ദിവസമെങ്കിലും മുപ്പെത്തുന്ന വാഷ് വാറ്റിയെടുക്കുന്ന ചാരായം വീണ്ടും കർശന സുരക്ഷയിൽ ഒന്നുകൂടി വാറ്റിയെടുക്കുന്നത്. കാരണം ആ പ്രക്രിയയ്ക്കിടയിൽ തീ പിടിക്കാനുള്ള സാധ്യത അധികമാണ് എന്നത് തന്നെ. കാഴ്ചയിൽ തനി പച്ചവെള്ളം മാതിരി ഇരിക്കുന്ന വീഞ്ഞ് ഓറഞ്ചോ കൈതച്ചക്കയോ ഒക്കെ ഇട്ടാണ് വാറ്റിയെടുക്കുന്നത്. അതിനാൽത്തന്നെ ചാരായത്തിന്റെ രൂക്ഷഗന്ധം ഉണ്ടാകാറില്ല. വെള്ളം ചേർക്കാതെ നീറ്റായി അകത്താക്കുന്ന ആ ദ്രാവകത്തിൽ വെള്ളം ചേർത്താൽ രൂപാന്തരം പ്രാപിച്ച ലായനി കഞ്ഞിവെള്ളത്തിന്റെ നിറം ആർജ്ജിക്കുന്നതും കാണാം.) ഒന്ന് ചിരിച്ചുകൊണ്ടാണ് അയാൾ വീണ്ടും നിറുത്തിയത്. മുമ്പ് നടന്ന എന്തൊക്കെയോ സംഭവങ്ങൾ ഓർത്തെടുക്കുന്നത് മാതിരി ഒരു നിമിഷത്തെ ഇടവേള. 'അങ്ങനെ പോയ ഒരവസരത്തിൽ നമ്മുടെ ഏഡ്ഡിന്റെ തലയിൽ കെട്ടിവച്ച ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ച് നിന്ന ഒരു മുതുക്കൻ മ്‌ളാവിനെ മുറ്റിയ ഇറച്ചിയിലാകെ ചകിരിയായിരിക്കും എന്ന് കരുതി വിട്ടുകളഞ്ഞ സംഭവം വരെ ഉണ്ട്. അത്ര സുലഭമായിരുന്നു അന്ന് കാട്ടിറച്ചിയൊക്കെ.' അയാൾ പരിഹാസത്തോടെ എന്നെ നോക്കി. പിന്നെ പറഞ്ഞു. 'അല്ലെങ്കിലും നമുക്കന്ന് വല്ല കേഴയും കൂരനുമൊക്കെ മതിയല്ലോ. എന്തിനാണ് വലിയ മ്‌ളാവും കാട്ടിയുമൊക്കെ...!' കേഴമാൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ ഞാൻ നെയ്യാർ വന്യജീവി സങ്കേതത്തിൽ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കെ നെയ്യാർ ഡാമിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ഒരു പൊലീസുദ്യോഗസ്ഥൻ സ്വകാര്യ സംഭാഷണത്തിനിടെ എന്നോട് പറഞ്ഞതാണ് ഞാനപ്പോൾ ഓർത്തത്. 'സാറ് ചീങ്കണ്ണിയിറച്ചി കഴിച്ചിട്ടുണ്ടോ? കഴിഞ്ഞ പ്രാവശ്യം ഇവിടെ ഇരുന്നപ്പോൾ രണ്ടുമൂന്ന് പ്രാവശ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഫോറസ്റ്റിൽ ആയതുകൊണ്ട് നിങ്ങൾക്ക് കിട്ടില്ല. ഹ..ഹ..ഹ...' വിലപ്പെട്ട എന്തോ എനിക്ക് നഷ്ടമായത് പോലെയാണ് അദ്ദേഹം അത് പറഞ്ഞത്. 'സാധാരണ മീൻ പോലെ തന്നെയാണ്. വെള്ള ഇറച്ചി. ഏതാണ്ട് മീനിന്റെ രുചിയും തന്നെ. നമ്മുടെ വറ്റയോ മോദയോ ഒക്കെ മാതിരി.' ശരിക്കും അന്നൊക്കെ മുൻ അധ്യായത്തിൽ സൂചിപ്പിച്ചത് മാതിരി ചീങ്കണ്ണികളുടെ ആക്രമണത്തിൽ വനംവകുപ്പ് പൊറുതി മുട്ടിയിരുന്ന നാളുകളാണ്. ചീങ്കണ്ണി ആക്രമണങ്ങളിൽ അക്കാലത്ത് അനവധി മനുഷ്യർക്ക് പരിക്കേൽക്കുകയും രണ്ട് മരണങ്ങൾ വരെ സംഭവിക്കുകയും ചെയ്തിരുന്നു. നെയ്യാർ ജലസംഭരണിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവരുടെ വലകളിൽ ചെറിയ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ പെടാറുണ്ടെന്നും അതിരാവിലെ വലയെടുക്കുന്ന അവർ അതിനേയും ആഹാരമാക്കാറുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നു. (ഒൻപത് ചതുരശ്ര അടിയ്ക്ക് മുകളിൽ വരുന്ന നെയ്യാർ ജലസംഭരണിയിൽ ഫിഷറീസ് വകുപ്പ് മുൻകാലത്തെപ്പോഴൊക്കെയോ തുറന്ന് വിട്ടിട്ടുള്ള കട്ട്‌ല, മൃഗാൽ, രോഹു തുടങ്ങിയ മത്സ്യങ്ങളെ പിടിക്കാനായി പരിസരവാസികളായ ചിലരൊക്കെ ജലസംഭരണിക്ക് കുറുകെ വല കെട്ടാറുണ്ടായിരുന്നുവെന്നത് സത്യമാണ്. 1958 - മുതൽ ജലസംഭരണിയും നെയ്യാർ വന്യജീവി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാക്കിയതിന് ശേഷം അത്തരത്തിലെ മത്സ്യബന്ധനം അനഃധികൃതവും കുറ്റകരവുമാണ്.) 'നിങ്ങൾ വല പിടിക്കുമ്പോൾ ചീങ്കണ്ണികളെയൊന്നും കിട്ടിയിട്ടില്ലേ?' അദ്ദേഹത്തിന്റെ അടുത്ത ചോദ്യം കുഴപ്പിക്കുന്ന ഒന്നായിരുന്നു. ഞാനുള്ളപ്പോൾ അത്തരത്തിൽ ചീങ്കണ്ണികൾ മീൻ വലകളിൽ കുടുങ്ങിയത് കണ്ടിട്ടില്ല എന്നതാണ് സത്യം. ഒരുവിധം വലുതാണെങ്കിൽ അവ മീൻവല പൊട്ടിച്ച് പോകാറുണ്ടായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. അതോടെ ആ വലകൾ ഉപയോഗ ശൂന്യമാകുകയും ചെയ്യുമത്രേ. ഫീൽഡിൽ നിന്ന് രാത്രി വൈകിയോ മറ്റോ ജലസംഭരണിയിലൂടെ തിരിച്ച് വരുമ്പോൾ ബോട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഔട്ട്‌ബോർഡ് എൻജിനുകൾ പലപ്പോഴും പരിസരവാസികൾ മീൻ പിടിക്കാനായി കുറുകെ വലിച്ച് കെട്ടുന്ന വലകളിൽ കുരുങ്ങിപ്പോകുകയും ചെയ്യുമായിരുന്നു. നാട്ടുവെളിച്ചമുള്ളപ്പോൾ കണ്ണ് കാണാവുന്ന മീനുകൾ കുറുകെ കെട്ടിയ വലയിൽ കുടുങ്ങില്ലെന്നാണ് പറയാറുള്ളത്. അതുപോലെ മഴ പെയ്ത് റിസർവോയറിൽ വെള്ളം നിറഞ്ഞ ശേഷം മീൻ പിടിക്കാനായി വല കെട്ടുന്നത് കുറവാണ്. കാലവർഷത്തിന്റെ തുടക്കത്തിൽ വെള്ളം കയറിവരുന്ന സമയത്താണെങ്കിലാകട്ടെ ചാകരയും. അണക്കെട്ടുകൾ നിർമ്മിച്ചപ്പോൾ വെള്ളം കെട്ടിനിന്ന് ഉണങ്ങി നശിച്ചുപോയതും ഇപ്പോൾ അവശേഷിക്കുന്നതുമായ മരങ്ങളുടെ കുറ്റികൾ പലയിടത്തും എഴുന്ന് നിൽക്കുന്നത് ഒഴിവാക്കി ആഴമുള്ള വെള്ളച്ചാലുകളിലൂടെ വേനൽക്കാലത്ത് ബോട്ട് ഓടിക്കാൻ പ്രാവീണ്യം സിദ്ധിച്ചവരാണ് അവിടങ്ങളിലെ ബോട്ട് ഡ്രൈവർന്മാർ. എങ്കിലും വെള്ളം വലിഞ്ഞ റിസർവ്വോയറിലൂടെ നിലാവില്ലാത്ത രാത്രികളിൽ യാത്ര ചെയ്യുമ്പോൾ കുറുകെ കെട്ടിയിരിക്കുന്ന മീൻവലകളെ ഏറെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള വലകളിൽ നിന്നും കണ്ടുകെട്ടിയിട്ടുള്ളതും ഉടനടി നശിച്ച് പോകാവുന്നതുമായ തൊണ്ടിമുതലുകൾ (മത്സ്യങ്ങൾ) വച്ച് കേസെഴുതി നാട്ടുകാരെ വെറുപ്പിക്കാൻ ഒരിടത്തും വനംവകുപ്പുകാർ സാധാരണയായി ശ്രമിക്കാറില്ല എന്നതാണ് സത്യം. തന്നെയുമല്ല പല വന്യജീവി സങ്കേതങ്ങളിലും ഇപ്പോൾ ആദിവാസി സമൂഹത്തിന് മീൻ പിടിക്കുവാനും വിപണനം നടത്തുവാനും ഉള്ള അനുവാദവും കൊടുത്തിട്ടുണ്ട്. വലയിൽ കുടുങ്ങിയ മീനുകൾ ഇനി വല പിടിച്ച് ഓഫീസിലേക്ക് കൊണ്ട് വന്നാൽത്തന്നെ 'അവർ രണ്ട് മീൻ പിടിക്കാൻ ശ്രമിച്ചുവെന്നല്ലേ ഉള്ളൂ. എത്ര പറഞ്ഞാലും മീനില്ലാതെ അവർക്ക് ചോറുണ്ണാനാകില്ല പോലും. എന്ത് പറയാനാണ്. ഇത്തവണത്തേയ്ക്ക് കൂടി അങ്ങ് ക്ഷമിച്ചേയ്ക്ക്...ആ വലകൾ അങ്ങ് തിരികെ കൊടുത്തേര്. ഒഴിവാക്കാനാകാത്ത കേസ്സായത് കൊണ്ടാണ് ഞാൻ വിളിച്ചത്. ഇനി കെട്ടരുതെന്ന് ഞാനവരോട് കർശനമായി പറഞ്ഞേക്കാം.', എന്നാകും നമുക്കും ഒഴിവാക്കാനാകാത്ത രാഷ്ട്രീയനേതാക്കന്മാർ വിളിച്ച് പറയുന്നത്. അത് കേൾക്കാതിരുന്നാൽ അവർക്ക് വിഷമമാകും. പിന്നീടത് നമുക്കും തലവേദനയാകും. കാരണം മീൻപിടിത്തം അത്ര വലിയ ഒരു കുറ്റമായി സാധാരണ മനുഷ്യർക്ക് തോന്നില്ല എന്നത് തന്നെ. അങ്ങനെ വരുമ്പോൾ പിടിക്കുന്ന വലകൾ റിസർവോയറിന് കരയ്ക്ക് കൊണ്ടുവന്ന് അവിടെ വച്ചുതന്നെ വെട്ടിനശിപ്പിച്ച് ഇടുകയാണ് ശേഷിക്കുന്ന ഉപാധി. അങ്ങനെയാകുമ്പോൾ അതിന്മേൽ പിന്നീട് ശുപാർശകൾ ഉണ്ടാവില്ല. (ഇവിടെ വലയിൽക്കുടുങ്ങിപ്പോയതും അഴുകിപ്പോകാവുന്നതുമായ 'തൊണ്ടിമുതലുകൾ' എന്തുചെയ്യാം എന്നുള്ള തീരുമാനം ഉദ്യോഗസ്ഥർക്ക് യുക്തം പോലെ കൈക്കൊള്ളുകയും ചെയ്യാം എന്നൊരു 'ചെറിയ സൗകര്യവും' അതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നോർക്കുമല്ലോ.) നമ്മുടെ സ്വന്തം കക്ഷിയ്ക്ക് ആദ്യനിയമനം തരമായ ആ ഓണംകേറാമൂലയിലെ ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് ഒന്ന് തിരിച്ചുപോകാം. പുതുതായി നിയമനം കിട്ടിയെത്തിയ അവർ രണ്ട് പേരുടെയും ആദ്യനിയമനം സർവീസിലെ പ്രശ്‌നക്കാരുടേയും ഉഴപ്പന്മാരുടേയും 'മക്കയായ ആ ലാവണത്തിൽ' ആയതിന് പിന്നിലും മത്സ്യങ്ങൾ തന്നെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ആ സംഭവം ഏതാണ്ട് ഇങ്ങനെയാണ്. അത്യവശ്യം ചില ഔദ്യോഗിക ഡ്യൂട്ടികളും മടുക്കാത്ത ചീട്ടുകളിയും പതിവ് മദ്യപാനവും ഒക്കെയായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന നമ്മുടെ പഴയ ഡെപ്യൂട്ടി റെയ്ഞ്ചർ സാറിന്റെ സ്റ്റേഷന്റെ കീഴിൽ വരുന്ന ഒരു ഔട്ട്‌പോസ്റ്റാണ് രംഗം. അവിടത്തെ ഫോറസ്റ്റർക്കും മൂന്ന് ഫോറസ്റ്റ് ഗാർഡുമാർക്കും പറ്റിയ നിർദോഷമായ ഒരബദ്ധമാണ് വിഷയം. മേൽ സൂചിപ്പിച്ചത് പോലെ അവരുടെ ലാവണത്തിന് ഒന്നുരണ്ട് കിലോമീറ്റർ അകലെയായുള്ള ഒരു ജലസംഭരണിയിൽ നിന്ന് പരിസരവാസികളായ ചില നാട്ടുകാർ മീൻ പിടിക്കുന്നത് അന്ന് പതിവായിരുന്നു. അങ്ങനെ പിടിക്കുമ്പോൾ അതിൽനിന്ന് അത്യാവശ്യം മീൻ ഡാമിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാർക്കും ഒപ്പം വനം ഔട്ട്‌പോസ്റ്റിലുള്ള നമ്മുടെ സാറന്മാർക്കും നൽകാറുമുണ്ട്. പുറമേ വല്ലപ്പോഴും ആരെങ്കിലും സമ്മാനമായി നൽകുന്ന മദ്യക്കുപ്പികളും. മൊത്തത്തിൽ വലിയ തെറ്റില്ലാതെ കാര്യങ്ങൾ നടന്നുപോകുന്ന കാലം! പലപ്പോഴും അവർ നൽകുന്ന വലിയ മീനുകളുടെ കഷണങ്ങൾ ഒരു ചീനച്ചട്ടിക്കുള്ളിലിട്ട് വറുക്കാനാകാത്തത്ര 'യമണ്ടൻമാരായിരുന്നു' എന്നാണ് എന്റെ സുഹൃത്ത് ഓർമിക്കുന്നത്. അങ്ങനെയിരിക്കെയാണ് പുറംനാട്ടുകാരായ ഏതോ പാർട്ടി അവിടെ മീൻ പിടിത്തത്തിനായി എത്തിയത്. അത് സ്ഥലത്തെ സ്ഥിരം മീൻ പിടിത്തക്കാരുമായുള്ള ഉടക്കിൽ കലാശിച്ചു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. എന്തായാലും അക്കൂട്ടർ നൽകിയ മദ്യം അകത്താക്കിയ ശേഷം അവരുടെ സംഭാവനയിലുണ്ടായിരുന്ന ആറ്റുവാളയോ വരാലോ പോലുള്ള തദ്ദേശീയ മത്സ്യങ്ങൾ വറുക്കണമോ അതോ കപ്പയ്‌ക്കൊത്ത് കൂട്ടാനായി കറിയാക്കണമോ എന്നുള്ള ഒരു ചെറിയ അഭിപ്രായവ്യത്യാസം ആ ഔട്ട്‌പോസ്റ്റിലെ നാല് സുഹൃത്തുക്കൾ തമ്മിൽ ഉടലെടുക്കുകയുണ്ടായത്രേ. ഉച്ചച്ചൂടിൽ കള്ള് കേറിക്കൊണ്ടിരുന്നത് അനുസരിച്ച് അവരുടെ വഴക്കും മൂത്ത് വന്നു. പിന്നെ രണ്ടുപേർ വീതം ചേരി തിരിഞ്ഞായി വാഗ്വാദം. അതങ്ങനെ തഴയ്ക്കുന്നതിനിടെ ഒരാൾക്ക് പഴയ എന്തോ കുടിപ്പക ഉള്ളിൽ തികട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട അയാൾ സഹപ്രവർത്തകന്റെ കരണക്കുറ്റിക്കിട്ട് ഒന്ന് പെരുക്കുകയും ചെയ്യുന്നു! ദേഹം വേദനിച്ച് തുടങ്ങുമ്പോഴാണല്ലോ അകത്ത് കിടക്കുന്ന മദ്യം തനിനിറം കാണിക്കുന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കണ്ണ് കാണാതായ അയാൾ മറ്റൊന്നും നോക്കാതെ കൈയ്യിൽക്കിട്ടിയത് എടുത്ത് അപരനെ വീക്കുകയായിരുന്നു. പക്ഷേ, കഷ്ടകാലത്തിന് അതവിടെ വിറക് കീറാനായി വച്ചിരുന്ന ഒരു ചെറിയ കൈക്കോടാലിയായിപ്പോയി എന്ന് മാത്രം! എതിരാളിയെ ഉന്നംവച്ച് വീശിയ അതിന്റെ മൂർച്ച കറങ്ങിത്തിരിഞ്ഞ് അവരെ പിടിച്ചുമാറ്റാനെത്തിയ മറ്റൊരു കൂട്ടുകാരന്റെ കാലിലാണ് പതിച്ചതെന്നത് മറ്റൊരു സത്യം! വെട്ടുകൊണ്ട് പിളർന്ന കാലിൽ നിന്ന് ചോര ചാലിട്ട് ഒഴുകുന്നതിന് ഒപ്പം തന്നെ അയാൾ വലിയ വായിൽ നിലവിളിക്കാനും തുടങ്ങി. സംഗതി കൈവിട്ട് പോയതോടെ പിടിത്തം മാറിയ മൂന്ന് പേരും ചേർന്ന് ഒരു വണ്ടി സംഘടിപ്പിച്ച് സുഹൃത്തിനെ അവിടെ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിച്ചതിനാൽ വലിയ അപകടം ഒന്നും ഇല്ലാതെ അതങ്ങനെ പോയി. പക്ഷെ മേപ്പടി സംഭവം പുറത്തറിയുകയും ഏതോ മഞ്ഞപ്പത്രക്കാർ പിറ്റേന്ന് അച്ചുനിരത്തുകയും ചെയ്തതോടെ കൂട്ടുകാർ നാലുപേരും സസ്‌പെൻഷനായി വീട്ടിലാകുകയും ചെയ്തു എന്നതാണ് കഥയുടെ ആത്യന്തികമായ ബാക്കിപത്രം! അത്തരത്തിൽ ഉരുവം കൊണ്ട വേക്കൻസികളിലാണ് മേൽപ്പറഞ്ഞ എന്റെ സുഹൃത്തും അയാളുടെ കൂട്ടുകാരനും ആദ്യനിയമനം കിട്ടിയെത്തിയത്. അതും സാക്ഷാൽ കൃഷ്ണൻകുട്ടി നായരുടെ അപരനായ നമ്മുടെ ഡെപ്യൂട്ടിയുടെ മുന്നിൽ! ആനന്ദലബ്ധിക്കിനിയെന്ത് വേണം. ഇതൊക്കെയാണെങ്കിലും നമ്മുടെ സ്വന്തം കക്ഷിയിൽ നിന്നും എഴുത്തിനെപ്പറ്റിയുള്ള അപഹാസങ്ങളും കൊടിയ അവഗണനകളും കേട്ട് സ്തബ്ധനായി നിൽക്കവേ എന്റെ മനസ്സിൽ ഒരു പുത്തൻ ഐഡിയ ഉരുത്തിരിഞ്ഞ് വരുന്നുണ്ടായിരുന്നു. എന്തായാലും ഈ അധ്യായത്തിൽ എന്റെ സ്വന്തം ഭാര്യയെ മോശമായി ചിത്രീകരിച്ച് കഴിഞ്ഞ സ്ഥിതിക്ക് അത് കുറച്ചുകൂടിയൊന്ന് പൊലിപ്പിച്ചിട്ട് അവളെക്കൊണ്ട് എനിക്കെതിരേ ഒരു കേസ്സ് കൊടുപ്പിക്കുകയും വക്കീൽ നോട്ടീസ് അയപ്പിക്കുകയും ചെയ്തിട്ട് അതെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റി വിവാദ നായകനായാലോ എന്നതാണത്! സംഗതി അറ്റകൈ പ്രയോഗമാണെങ്കിലും അത് ക്ലച്ച് പിടിച്ചാൽ ഞാൻ പിന്നാരാ...? ഇനി ഐഡിയ ഭയങ്കരം ഒന്നുമല്ലെങ്കിൽപ്പോലും പുരുഷപ്രജകൾക്ക് ലൈക്കും കമന്റും ഷെയറുമൊക്കെ കൂട്ടാൻ വേറെ എളുപ്പവഴികൾ ഇല്ലെന്നത് മാർഗത്തെ സാധൂകരിക്കുമല്ലോ. തന്നെയുമല്ല സ്വന്തം ഭാര്യയാകുമ്പോൾ അത് ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത നടപടിയാണ്. സംഭവം വൈറലായിക്കഴിഞ്ഞാൽ കേസ് പിന്നീട് രാജിയാക്കി എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. പ്രൊമോഷന്റെ അപാരസാധ്യതകളെപ്പറ്റി അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ. പക്ഷേ, വലിയ ഉപയോഗം ഉണ്ടെന്ന് തോന്നുന്നില്ല.  അപ്പോഴാണ് എന്റെ കൈയ്യിലിരുന്ന 'കൈപ്പേശി' പ്രതീക്ഷിക്കാതെ ചിലച്ചത്. തികഞ്ഞ അസ്വാരസ്യത്തോടെയാണ് അത് കടന്നെടുത്തതും നമ്പർ നോക്കിയതും. എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി. കാരണം അത് ആ കാലമാടൻ (സോറി ആ മാന്യദേഹം) തന്നെയാണ്! എന്നാലും ഇതൊരു വല്ലാത്ത കുരിശായല്ലോ കർത്താവേ. അയാളുടെ ഭാര്യ ഞാനെഴുതിയത് വായിച്ചോ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞറിഞ്ഞോ കക്ഷിയെ പഞ്ഞിക്കിട്ടിട്ടുണ്ട് എന്നുറപ്പാണ്. അയാളുടെ 'നോൺ വെജിറ്റേറിയൻ' കഥകൾ കൂടി ഞാൻ എഴുതുമെന്നാകും അവർ ന്യായമായും ഭയക്കുന്നത്. (അത് ഞാൻ ശേഖരിച്ച് വച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.) അല്ലെങ്കിൽ പറഞ്ഞിരുന്നത് പോലെ ഈ അസമയത്ത് അങ്ങേര് എന്നെ വിളിക്കില്ലല്ലോ. ഇനി അവരുടെ തെറിവിളി ഞാനും കേൾക്കേണ്ടി വരുമോ, ആവോ? ഭാര്യയുടെ അടുത്ത് തന്നെയായിരുന്നതിനാൽ ഫോണെടുക്കാൻ എനിക്ക് തെല്ല് സങ്കോചം തോന്നി. താമസിയാതെ എന്തായാലും ഞാനിനി അയാളുടെ ഫോൺ എടുക്കാനേ പോകുന്നില്ലെന്ന് തീരുമാനിച്ചുറച്ചു. അല്ലെങ്കിലേ ഒന്നിന് പുറമേ മറ്റൊന്നായി ഓരോരോ ഏടാകൂടങ്ങളാണ് ഈയ്യിടെയായി ഉച്ചീമ്മേ വന്ന് കേറുന്നത്. ഒരുവശത്ത് എന്തിനും പോന്ന ആ പഴയ ഫോറസ്റ്റുകാരനും അയാളുടെ ഭാര്യയും! മറുവശത്ത് 'അതിഫയങ്കരിയായ' എന്റെ അർദ്ധാംഗിനി! ചുരുക്കത്തിൽ ചെകുത്താനും കടലിനും ഇടയിൽ. അതുകൊണ്ട് തത്ക്കാലത്തേയ്‌ക്കെങ്കിലും ഈ അനുഭവമെഴുത്ത് മതിയാക്കുന്നതായിരിക്കാം ആരോഗ്യത്തിന് നല്ലതെന്ന് തോന്നുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ട് നിറുത്തിയതും ആകുമല്ലോ. അതിനാൽ മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഒരർധവിരാമത്തിലേയ്ക്ക് ഞാൻ പ്രവേശിക്കുകയാണ്. ഈ ഷേയ്പ്പിൽത്തന്നെ തിരിച്ച് വരികയാണെങ്കിൽ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും കാണാം. അതുവരേയ്ക്കും എല്ലോർക്കും വണക്കം! (അവസാനിച്ചു)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'സാറ് ചീങ്കണ്ണിയിറച്ചി കഴിച്ചിട്ടുണ്ടോ?’ വിലപ്പെട്ട എന്തോ എ… | Boolokam