തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ആർഎസ്എസുമായി ബന്ധമുണ്ട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് വി.ഡി. സതീശൻ. ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎം ആണെന്നും അതിൽ കോൺഗ്രസിന് പങ്കില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനകൾ ചരിത്രമറിയാവുന്ന കേരള ജനത അജ്ഞയോടെ തള്ളിക്കളയുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. To advertise here, മുഖ്യമന്ത്രി ലക്ഷണമൊത്ത ഒരു ആർഎസ്എസ് ഏജന്റാണെന്നും അദ്ദേഹത്തിന്റെ പക്കലുള്ളതിനേക്കാൾ ചിത്രങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പ്രതിപക്ഷ നേതാവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം; ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. കാരണം ലക്ഷണമൊത്തെ ആർഎസ്എസ് ഏജന്റ് പിണറായി വിജയനാണ്. 1977-ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയ എംഎൽഎ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം-ആർഎസ്എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർഎസ്എസ് നേതാവ് കെ.ജി. മാരാർ? അതേ കെ.ജി. മാരാർ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുത്തതും പിണറായി വിജയൻ നിഷേധിക്കുമോ? 1989-ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ വി.പി. സിങിന് പിന്തുണ നൽകിക്കൊണ്ട് സിപിഎം നേതാക്കളായ ഇഎംഎസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഗൂഗിളിൽ പരതിയാൽ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആർഎസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വർഗീയതയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും പിണറായി വിജയൻ പറയുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി സഖ്യം കേരളത്തിൽ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്റർ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതൻ പിണറായി വിജയനാണ്. വി.ഡി. സതീശനല്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ആർഎസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇക്കാര്യം ചോദിച്ചപ്പോൾ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. ദേശീയപാത തകർന്ന് വീണപ്പോൾ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിൻ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. നിർമ്മല സീതാരാമനുമായി ഡൽഹിയിൽ പുട്ടും കടലയും കഴിക്കാൻ പോയപ്പോൾ സംസ്ഥന ഗവർണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. അമിത്ഷാ പറഞ്ഞപ്പോൾ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം. ശ്രീയിൽ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയൻ എന്നാണ്, വി.ഡി. സതീശനെന്നല്ല. ഒരു ഘട്ടത്തിൽ ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നൽകിയ ആളുടെ പേരും പിണറായി വിജയൻ എന്നാണ്, വി.ഡി. സതീശൻ എന്നല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. പിടിക്കപ്പെട്ടപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ എഡിജിപിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്. തൃശൂർ പൂരം കലക്കി ബിജെപിയെ തൃശൂരിൽ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. സംഘ്പരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാൾ ചിത്രങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂ. Content Highlights: VD Satheesan challenges Pinarayi Vijayan's claims regarding CPM's anti-RSS stance. Allegations of past historical cooperation between CPM leaders and RSS. Claims of secret meetings and political adjustments between the CM and BJP leadership. Assertion that the opposition holds photographic evidence of these associations. Published: 26 Mar 2026, 05:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'RSS നേതാവ് കെ.ജി. മാരാർ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്, മറക്കരുത്’
M
MathrubhumiSource Link
about 1 month ago