BoolokamBoolokam
12 മന്ത്രിമാർക്ക് തോൽവി; അടിപതറി പ്രമുഖർ, തകർന്ന് വീണ് കോട്ടകൾ

12 മന്ത്രിമാർക്ക് തോൽവി; അടിപതറി പ്രമുഖർ, തകർന്ന് വീണ് കോട്ടകൾ

M
MathrubhumiSource Link
അട്ടിമറികൾ ഏറെ കണ്ട തിരഞ്ഞെടുപ്പിൽ ഇടതുകോട്ടകൾ തകർത്ത് യു.ഡി.എഫ് മുന്നേറുമ്പോൾ പരാജയപ്പെട്ട പ്രമുഖരിലേറെയും ഇടതുപക്ഷത്തിൽ നിന്നുതന്നെയാണ്. എൽ‍‍ഡിഎഫിലെ പന്ത്രണ്ട് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  To advertise here, നേമം മണ്ഡലത്തിൽ വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി നേരിട്ട പരാജയമാണ് അതിലൊന്ന്. ബി.ജെ.പി.യുടെ രാജീവ് ചന്ദ്രശേഖറിനോടാണ് മന്ത്രി പരാജയം ഏറ്റുവാങ്ങിയത്. 2876 വോട്ടിനാണ് ഇവിടെ ശിവൻകുട്ടി പരാജയപ്പെട്ടത്. 36,931 ആണ് ശിവൻകുട്ടി നേടിയ വോട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനെ 3949 വോട്ടിന് പരാജയപ്പെടുത്തി ശിവൻകുട്ടി വിജയിച്ചുകയറിയ മണ്ഡലമാണിത്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് മത്സരിച്ച് പരാജയപ്പെട്ടത്. യു.ഡി.എഫിന്റെ എം.എം. നസീറിനോട് 7432 വോട്ടിനാണ് പരാജയപ്പെട്ടത്. 2021-ൽ 13,678 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എം.എം.നസീറിനെ തന്നെ പരാജയപ്പെടുത്തി ചിഞ്ചുറാണി ജയിച്ചുകയറിയ മണ്ഡലമാണിത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുപോലും വിവാദങ്ങളിൽ നിറഞ്ഞുനിന്ന മണ്ഡലമാണ് പത്തനാപുരം. മുൻവർഷങ്ങളിൽ ഏറ്റുമുട്ടിയ നേതാക്കളാണ് ഇക്കുറിയും ഇവിടെ ഒന്നുംരണ്ടും സ്ഥാനങ്ങളിൽ ഏറ്റുമുട്ടിയത്. ഗതാഗതവകുപ്പുമന്ത്രി ഗണേഷ് കുമാർ യു.ഡി.എഫിന്റെ ജ്യോതികുമാർ ചാമക്കാലയോട് 8310 വോട്ടിനാണ് പരാജയപ്പെട്ടത്. 2021-ൽ ജ്യോതികുമാർ ചാമക്കാലയെ 14,336 വോട്ടിന്റെ ലീ‍ഡോടെ ഗണേഷ് കുമാർ പരാജയപ്പെടുത്തിയ മണ്ഡലമാണിത്. ഇക്കഴിഞ്ഞ മന്ത്രിസഭയിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആരോഗ്യവകുപ്പിനെ നയിച്ച മന്ത്രി വീണാ ജോർജും തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആറന്മുളയിൽ യു.ഡി.എഫിന്റെ അബിൻ വർക്കിയോട് 18,985 വോട്ടിനാണ് മന്ത്രി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും അബിനും വീണാ ജോർജും ഒരുമിച്ച് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയും പരസ്പരം പഴിചാരുകയുമുണ്ടായിരുന്നു. 2021-ൽ യു.‍ഡി.എഫിന്റെ കെ.ശിവദാസൻ നായരെ 19,003 വോട്ടിന് പരാജയപ്പെടുത്തി വീണാ ജോർജ് ജയിച്ചുകയറിയ മണ്ഡലമാണിത്. ഏറ്റുമാനൂർ മണ്ഡലത്തിൽ പരാജയപ്പെട്ട പ്രമുഖനും നിലവിലെ മന്ത്രിസഭയിൽ നിന്നാണ്. ദേവസ്വം മന്ത്രിയായ വി.എൻ. വാസവനാണ് യു.ഡി.എഫിന്റെ നാട്ടകം സുരേഷിനോട് 19,752 വോട്ടിന് പരാജയപ്പെട്ടത്. 2021-ൽ യു.ഡി.എഫിന്റെ പ്രിൻസ് ലൂക്കോസിനെ 14,303 വോട്ടിന് പരാജയപ്പെടുത്തി വാസവൻ വിജയിച്ച മണ്ഡലമാണിത്. ഇടുക്കി മണ്ഡലത്തിൽനിന്ന് മത്സരിച്ച ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിനും പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിന്റെ റോയ് കെ.പൗലോസ് ആണ് ഇവിടെ വിജയിച്ചത്. 23,882 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റോയ് ജയിച്ചത്. 2021-ൽ 5573 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റോഷി വിജയിച്ച മണ്ഡലമാണിത്. എറണാകുളം കളമശ്ശേരി മണ്ഡലത്തിൽ മത്സരിച്ച വ്യാവസായിക-നിയമ വകുപ്പുമന്ത്രി പി.രാജീവും പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിന്റെ വി.ഇ. അബ്ദുൽ ഗഫൂറിനോട് 16,110 വോട്ടിനാണ് രാജീവ് പരാജയപ്പെട്ടത്. 2021-ൽ ഇതേ സ്ഥാനാർഥികൾ തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഏറ്റുമുട്ടിയത്. അന്ന് 15,336 വോട്ടിനാണ് രാജീവ് വിജയിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രിയായ ആർ.ബിന്ദു തൃശ്ശൂരിലെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ തോമസ് ഉണ്ണിയാടനാണ് ഇവിടെ 10212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 2021-ൽ തോമസ് ഉണ്ണിയാടനെ തന്നെയാണ് മന്ത്രി പരാജയപ്പെടുത്തിയത്. അന്ന് 5,949 വോട്ടിനായിരുന്നു ആർ.ബിന്ദുവിന്റെ ജയം. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷും പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പാണിത്. യു.ഡി.എഫിന്റെ വി.ടി. ബൽറാമിനോടാണ് മന്ത്രി 8385 വോട്ടിന് പരാജയപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.ടി. ബൽറാമിനെ 3016 വോട്ടിന് പരാജയപ്പെടുത്തി എം.ബി. രാജേഷ് വിജയംവരിച്ച മണ്ഡലമാണിത്. വനംവന്യജീവം സംരക്ഷണ വകുപ്പ് മന്ത്രിയായ എം.കെ. ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ വിദ്യാ ബാലകൃഷ്ണനാണ് ഇവിടെ 12612 വോട്ടിന് വിജയം വരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ശശീന്ദ്രൻ വിജയംവരിച്ച മണ്ഡലംകൂടിയാണിത്. അന്ന് യു.ഡി.എഫിന്റെ സുൽഫിക്കർ മയൂരിയെ 38,502 വോട്ടിനാണ് എ.കെ ശശീന്ദ്രൻ പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ച തുറമുഖ-പുരാവസ്തു വകുപ്പ് മുൻ മന്ത്രി അഹമ്മദ് ദേവർകോവിലും പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിന്റെ ഫൈസൽ ബാബുവാണ് അഹമ്മദ് ദേവർകോവിലിനെ 10,795 വോട്ടിന് പരാജയപ്പെടുത്തിയത്. 2021-ൽ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന്റെ നൂർബിനാ റഷീദിനെ പരാജയപ്പെടുത്തി അഹമ്മദ് ദേവർകോവിൽ വിജയിച്ച മണ്ഡലമാണിത്. പട്ടികജാതി-പട്ടികവർഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു മാനന്തവാടി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. യു.ഡി.എഫിന്റെ ഉഷാ വിജയനാണ് മന്ത്രിയെ 10,453 വോട്ടിന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പി.കെ.ജയലക്ഷ്മിയെ 9,282 വോട്ടിന് പരാജയപ്പെടുത്തി ഒ.ആർ. കേളു വിജയിച്ച മണ്ഡലമാണിത്. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്. യു.ഡി.എഫിന്റെ ടി.ഒ. മോഹനനാണ് കടന്നപ്പള്ളിയെ 16702 വോട്ടിന് പരാജയപ്പെടുത്തിയത്. 2021-ൽ യു.ഡി.എഫിന്റെ സതീശൻ പാച്ചേനിയെ 1745 വോട്ടുകൾക്കാണ് കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. ഇതുകൂടാതെ ഇടത്-വലത്-ബി.ജെ.പി ചേരികളിൽ നിന്നായി മറ്റുപ്രമുഖരും പരാജയം ഏറ്റുവാങ്ങിയവരിലുണ്ട്. അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി ദെലീമ ജോജോ യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനോട് പരാജയപ്പെട്ടു. കായംകുളം മണ്ഡലത്തുനിന്ന് യു.പ്രതിഭ യു.ഡി.എഫിന്റെ എം.ലിജുവിനോട് പരാജയം ഏറ്റുവാങ്ങി. ശ്രദ്ധേകേന്ദ്രങ്ങളിലൊന്നായ പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥി ജോസ് കെ.മാണിയെ യു.ഡി.എഫിന്റെ മാണി സി.കാപ്പൻ പരാജയപ്പെടുത്തി. തൃക്കാക്കരയിൽ നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായ അഖിൽ മാരാർ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. യു.ഡി.എഫിന്റെ ഉമാ തോമസ് ആണ് ഇവിടെ വിജയിച്ചത്. തൃശ്ശൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി പദ്മജാ വേണുഗോപാലും മൂന്നാം സ്ഥാനത്തേക്കുപോയി. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലനാണ് വിജയിച്ചത്. ത്രികോണ മത്സരം നിലനിൽക്കുമെന്ന പ്രതീക്ഷിച്ച പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച ശോഭ സുരേന്ദ്രൻ രണ്ടാംസ്ഥാനത്തേക്ക് പോയി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമൊക്കെ വാർത്തകളിൽ നിറഞ്ഞമണ്ഡലമായ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറും പേരാമ്പ്രയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണനും പരാജയപ്പെട്ടു. ബേപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് അൻവറിനെ പരാജയപ്പെടുത്തിയത്. പേരാമ്പ്രയിൽ യു.ഡി.എഫിന്റെ ഫാത്തിമ തഹ്ലിയയാണ് ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്. കോഴിക്കോട് ബാലുശ്ശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എം സച്ചിൻദേവ് യു.ഡി.എഫിന്റെ വി.ടി. സൂരജിനോട് പരാജയപ്പെട്ടു. പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ഷൈലജ യു.ഡി.എഫിന്റെ സണ്ണി ജോസഫിനോടും മഞ്ചേശ്വരത്ത് ബി.ജെ.പി.യുടെ കെ.സുരേന്ദ്രൻ യു.ഡി.എഫിന്റെ എ.കെ.എം അഷ്റഫിനോടും പരാജയപ്പെട്ടു. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!