ആലിപുര്‍ദ്വാറിലെ കല്‍ചിനിയില്‍നിന്ന് സി.പി. ശ്രീഹര്‍ഷന്‍ Last Updated: 29 Apr 2026, 02:48 pm IST പശ്ചിമബംഗാളിലെ കൽച്ചീനി മണ്ഡലത്തിലെ ആർഎസ്പി സ്ഥാനാർത്ഥി പസ്സങ് ലാമ, മമതാ ബാനർജി, കൽച്ചീനി മണ്ഡലത്തിലെ എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ വിശാൽ ലാമ | Photo: Mathrubhumi and PTI ക ൽചിനിയിലെ 'മോധു ചാ ബഗാനി'ൽ (മധു തേയിലത്തോട്ടം) തേയില നുള്ളുന്ന പണി തൽക്കാലം നിർത്തിവച്ച് സ്ത്രീത്തൊഴിലാളികൾ കൂട്ടം കൂടിയിരിക്കുന്നു. രാവിലെ 10 മണി. രാവിലെ ഏഴു മുതൽ 11 മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ചുമണി വരെയുമാണ് ഇവരുടെ തൊഴിൽസമയം. To advertise here, ഇപ്പോൾ തൊഴിലിന് ഇടവേള കൊടുത്ത് അവർ കൂടിയിരിക്കുന്നത് പ്രതീക്ഷാനിർഭരമായ മനസ്സോടെ സ്ഥാനാർഥികളെ കേൾക്കാനാണ്. ആദ്യമെത്തിയത് കൽചിനിയിലെ ഇടതുപക്ഷ സ്ഥാനാർഥിയായ ആർ.എസ്.പിയിലെ പസാങ് ഷെർപ്പയാണ്. അവരുടെ ദുരിതമകറ്റാൻ കൂടെയെപ്പോഴുമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ഷെർപ്പ മടങ്ങിയതിന് പിന്നാലെ സിറ്റിങ് എം.എൽ.എയായ ബി.ജെ.പി സ്ഥാനാർഥി ബിശാൽ ലാമയെത്തി. അദ്ദേഹം തൃണമൂൽ ഭരണത്തിലെ 'ദ്രോഹ'നടപടികളെക്കുറിച്ചാണ് തൊഴിലാളികളോട് വാചാലനാകുന്നത്. 'ദിവസവേതനം 250 രൂപ കിട്ടിയിട്ട് ആറ് മാസമായി. മക്കളെ പഠിപ്പിക്കാനോ വീട്ടിലാർക്കെങ്കിലും അസുഖമായാൽ ചികിത്സിക്കാനോ പണമില്ല. മാലിക് (യജമാനൻ) ഞങ്ങളെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് കൂലി തരാറാവുമ്പോഴേക്ക് സ്ഥലം വിടും. ഇപ്പോൾ ഞങ്ങൾ തന്നെ പശ്ചിംബംഗ ചാ ബഗാൻ സമിതി വഴി തേയില നുള്ളി വിറ്റ് പരസ്പരം പണം വീതിച്ചെടുക്കുകയാണ്. ഒരാൾക്ക് 200 രൂപ കിട്ടും'- തൊഴിലാളിയായ നിമന്തി ബർമൻ മാതൃഭൂമിയോട് പറഞ്ഞു. തേയിലത്തോട്ടങ്ങൾ നഷ്ടത്തിലായപ്പോൾ സർക്കാർ ഇത് നടത്തിക്കാൻ സ്വകാര്യമാനേജ്മെന്റുകളെ ഏൽപ്പിച്ചു. അവർ അൽപ്പം നടത്തി ലാഭമുണ്ടാക്കി മുങ്ങും. പല തോട്ടങ്ങളും അടച്ചുപൂട്ടി. മധു തോട്ടത്തിൽ ആറ് മാസമായി വേതനം മുടങ്ങിയിട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ് വടക്കൻ ബംഗാളിലെ തേയിലത്തോട്ടങ്ങളുൾപ്പെടുന്ന മേഖല. ആദിവാസി, നേപ്പാളി ഗൂർഖ ജനവിഭാഗങ്ങളാണീ തോട്ടം തൊഴിലാളികൾ. ഡാർജിലിങ്-ടെറായ്, സിലിഗുരി, ആലിപുർദ്വാർ, ഡുവാർസ് തുടങ്ങിയ മേഖലകളിലെ 300 ടീ ഗാർഡനുകളിലെ മൂന്നര ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേരുന്ന വോട്ടുബാങ്ക് 15-16 സീറ്റുകളിലെങ്കിലും സ്വാധീനഘടകമാണ്. പക്ഷേ, വോട്ടുകാലത്തല്ലാതെ അവരെയാർക്കും വേണ്ട. 2011-ൽ ഇടതുതകർച്ചയ്ക്ക് ശേഷം ആധിപത്യം നേടിയ തൃണമൂൽ കോൺഗ്രസ് 2016-ലും നേട്ടമാവർത്തിച്ചെങ്കിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ട് ബി.ജെ.പി വേരോട്ടമുണ്ടാക്കിത്തുടങ്ങി. തൃണമൂലിന് പകരം ബി.ജെ.പി എന്നതല്ലാതെ മറ്റൊരു മാർഗം തൊഴിലാളികൾക്ക് മുന്നിലില്ലെന്നതാണ് സ്ഥിതിയെന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ പറയുന്നു. ഇടതുപക്ഷം തീർത്തും ദുർബലം. 2000-വരെ ഇടതുസർക്കാർ എന്തെങ്കിലുമൊക്കെ ചെയ്തിരുന്നുവെന്നാണ് തിരിഞ്ഞുനോക്കുമ്പോൾ പറയാനാവുകയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പിന്നീട് പ്രാദേശികതലത്തിലെ അഴിമതികളും മറ്റും ഇടതുപാർട്ടികളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ, മേഖലയിൽ നിന്നകറ്റി. ഇന്നിപ്പോൾ, തൃണമൂലിന്റെ 'ദാദാഗിരി'(ഗുണ്ടാവിളയാട്ടവും ധാർഷ്ട്യവും) തൊഴിലാളികളെ ബി.ജെ.പിയെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. പി.എഫ് പോലുള്ള ആനുകൂല്യങ്ങൾക്കും കേന്ദ്രപദ്ധതിയിലൂടെയുള്ള ആശ്വാസനടപടികൾക്കും ടീ ബോർഡ് അടക്കമുള്ള സംവിധാനമുണ്ടായിട്ടും കേന്ദ്രസർക്കാരും ഒന്നും ചെയ്യുന്നില്ലെന്നാണ് തൊഴിലാളികളുടെ അനുഭവം. പക്ഷേ, തൃണമൂലിന്റെ തെറ്റുകളെ മുതലെടുത്ത് ബി.ജെ.പി ഇവർക്കിടയിലേക്ക് കടന്നുകയറിയിരിക്കുന്നു. തൊഴിലാളിരോഷം ശമിപ്പിക്കാനും വൈവിധ്യവൽക്കരണത്തിലൂടെ തോട്ടംമേഖലയിലെ നഷ്ടം നികത്താനും 2020 മുതലിങ്ങോട്ട് മമത സർക്കാർ കൊണ്ടുവന്ന 'ടീ ടൂറിസം', 'ചാ സുന്ദരി' പദ്ധതികളൊന്നും ഫലമുണ്ടാക്കിയിട്ടില്ല. 'ചാ സുന്ദരി'യിലൂടെ തൊഴിലാളികൾക്ക് 5 ഡെസിമൽ ഭൂമിയും (2178 ചതുരശ്ര അടി) ചാ സുന്ദരി എക്സ്റ്റൻഷൻ സ്‌കീമിലൂടെ വീട് വയ്ക്കാൻ 1.20ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. പക്ഷേ, ഇത് തൊഴിലാളിയെ അവരുടെ നിലവിലെ വാസസ്ഥലത്ത് നിന്ന് അകറ്റുന്നതും സ്വാഭാവികജീവിതം ഇല്ലാതാക്കുന്നതുമാണെന്ന ആക്ഷേപത്തിന് വഴിവച്ചു. തൊഴിലാളികളുടെ എതിർപ്പും രോഷവും ക്ഷണിച്ചുവരുത്തി. 25- 60 പ്രായത്തിലുള്ള സ്ത്രീകൾക്കായി 1200 രൂപയുടെ ലാഖി ഭണ്ഡാർ സ്‌കീം മമത പ്രഖ്യാപിച്ചെങ്കിലും 1200 രൂപ മാസം കിട്ടിയിട്ടെന്ത് കാര്യമെന്ന് നിമന്തി ബർമൻ ചോദിക്കുന്നു. പശ്ചിമ ബംഗാളിലെ കൽച്ചീനി മണ്ഡലത്തിലെ ആർഎസ്പി സ്ഥാനാർത്ഥി പസ്സങ് ലാമ പ്രചരണത്തിനിടെ മധു ടീ എസ്റ്റേറ്റിൽ. ഫോട്ടോ:സാബു സ്കറിയാച്ചൻ ടീ ടൂറിസം പദ്ധതിയിലൂടെ തോട്ടത്തിന്റെ 15 ശതമാനം ടൂറിസത്തിനായി വകമാറ്റാനായിരുന്നു വ്യവസ്ഥ. തൊഴിൽ കുറഞ്ഞും മറ്റും നഷ്ടത്തിലായ തോട്ടങ്ങളിൽ തൊഴിലാളികളെ കൂടുതൽ പട്ടിണിക്കിടാൻ വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാകവേ, ടൂറിസത്തിനായി 30 ശതമാനം ഭൂമി വകമാറ്റുന്നതിന് പുതിയ വ്യവസ്ഥാ ഭേദഗതി കൊണ്ടുവരികയാണ് സർക്കാർ ചെയ്തത്. ഇതും രോഷം ഇരട്ടിയാക്കി. സർക്കാർ പദ്ധതികളുടെ പേര് പറഞ്ഞ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന പ്രാദേശിക തൃണമൂൽ നേതാക്കളുടെ 'ശല്യ'ത്തെ പ്രതിരോധിക്കാൻ ബി.ജെ.പിക്കാരാണെത്തുന്നത് എന്നതാണ് അവരെ പിന്തുണയ്ക്കാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. യഥാർഥത്തിൽ തൊഴിലാളിക്ഷേമപദ്ധതി നടത്തിപ്പിലൊക്കെ തൃണമൂൽ, ബി.ജെ.പി ട്രേഡ് യൂണിയനുകൾ ഒരേ സമീപനമാണെങ്കിലും തൊഴിലാളിക്ക് മുന്നിൽ വേറൊരു മാർഗമില്ലെന്ന് സന്നദ്ധപ്രവർത്തകർ. കൽചീനിയിൽ നിന്ന് കണ്ടുമുട്ടിയ ആർ.എസ്.പി സ്ഥാനാർഥി പസാങ് ഷെർപ്പ യും ബി.ജെ.പി സ്ഥാനാർഥി ബിശാൽ ലാമ യും മാതൃഭൂമിയോട്: പസാങ് ഷെർപ്പ : ' ഇത്തവണ ഞാൻ ജയിക്കും. കാരണം താഴെത്തട്ടിൽ ഇവർക്കൊപ്പമാണ് ഞാനെപ്പോഴും. 40 വർഷമായി ഇവരുടെയിടയിലാണ് ജീവിക്കുന്നത്. മറ്റുള്ളവർ ഇവരെ ദ്രോഹിക്കുക മാത്രമാണ്.' ബിശാൽ ലാമ : 'പരിതാപകരമാണ് ഈ പാവങ്ങളുടെ ജീവിതം. 15 വർഷമായി സംസ്ഥാനസർക്കാർ ഒന്നും ചെയ്തില്ല. മിനിമം കൂലി പോലും നടപ്പാക്കുന്നില്ല. ഇതൊക്കെ പൂട്ടിപ്പോയ തോട്ടമാണ്. തൊഴിലാളികൾ സ്വയം പണിയെടുത്താണിപ്പോൾ പ്രവർത്തിക്കുന്നത്. ചാ സുന്ദരി പരാജയപ്പെട്ട പദ്ധതിയാണ്. ബി.ജെ.പിക്കേ ഇവരെ രക്ഷിക്കാനാവൂവെന്ന് ഇവർക്കറിയാം.' Content Highlights: Over 3.5 lakh tea garden workers in North Bengal act as a decisive 15-16 seat vote bank., Workers face severe wage theft and unemployment, with many plantations being abandoned by private management., State schemes like 'Cha Sundari' and 'Tea Tourism' face backlash for failing to address core livelihood issues., Shift in political loyalty from TMC to BJP is driven by local corruption and lack of viable alternatives., 2026 election dynamics hinge on whether the ruling government can address the deep-seated grievances of the tea community. Published: 19 Apr 2026, 10:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

15-16 സീറ്റിൽ സ്വാധീനഘടകം, എന്നിട്ടും...; ആ തേയിലത്തോട്ടങ്ങളിൽ പുകയുന്നത് രോഷം, മറികടക്കുമോ മമത?
M
MathrubhumiSource Link
21 days ago