മലപ്പുറം: പതിനാറിൽ പതിനാറും തൂത്തുവാരും. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമായിരുന്നു ഇത്. പ്രത്യേകിച്ച് മുസ്‌ലിംലീഗിന്. ഒടുവിൽ വോട്ടെണ്ണൽദിനത്തിൽ ആ ആത്മവിശ്വാസം നൂറുശതമാനവും തെളിഞ്ഞു. മലപ്പുറം ജില്ലയിലെ 16-ൽ 16 സീറ്റുകളിലും യുഡിഎഫ് ജയിച്ചു. സമ്പൂർണവിജയം. To advertise here, തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ പഞ്ചായത്തിൽ മുഴുവൻ സീറ്റും നേടിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് അന്നേ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പറഞ്ഞിരുന്നു. ആ വിജയം ഉറപ്പാക്കാനായി ജില്ലയിലെ യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. ജില്ലയിൽ സാധാരണയായി തിരഞ്ഞെടുപ്പ് വേളയിൽ തലപൊക്കുന്ന കോൺഗ്രസ്-ലീഗ് തർക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ നേതൃത്വം ഇടപെട്ട് പരിഹരിച്ചു. യുഡിഎഫ് എന്ന ലേബലിൽ ഒറ്റക്കെട്ടായി പ്രവർത്തകരും രംഗത്തിറങ്ങി. ഇതിനൊപ്പം ശക്തമായ സർക്കാർ വിരുദ്ധവികാരം യുഡിഎഫിന് വോട്ടാക്കി മാറ്റാനും കഴിഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളും ജില്ലയിൽ വലിയ ചർച്ചയായി. വെള്ളാപ്പള്ളി നടേശൻ നിരന്തരം നടത്തിയ വർഗീയ പരാമർശങ്ങളും സിപിഎം അതിനെതിരെ മൗനംപാലിച്ചതും വെള്ളാപ്പള്ളിയെ സർക്കാർ കൊണ്ടുനടന്നതും യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയമായി. പൊന്നാനിയും തവനൂരും താനൂരും നിലമ്പൂരുമായിരുന്നു 2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ് വിജയിച്ചത്. ഇതിൽ നിലമ്പൂർ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. പിന്നെ യുഡിഎഫിന്റെ മുന്നിലുണ്ടായിരുന്നത് ബാക്കി മൂന്ന് സീറ്റുകളിലെ അട്ടിമറികളായിരുന്നു. പൊന്നാനിയിലും തവനൂരും താനൂരും ശക്തരായ സ്ഥാനാർഥികളെ അണിനിരത്തിയതോടെ ആദ്യകടമ്പ തന്നെ യുഡിഎഫ് കടന്നു. രൂപവത്കരിച്ചതുമുതൽ കെ.ടി. ജലീൽ വിജയിച്ച മണ്ഡലമാണ് തവനൂർ. 2006-ൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിച്ച് തിരഞ്ഞെടുപ്പിൽ ചരിത്രംകുറിച്ച കെ.ടി. ജലീൽ 2011 മുതൽ 2021 വരെ പിന്നീട് രൂപവത്കരിച്ച തവനൂരിലും ജയിച്ചിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞ അദ്ദേഹം പാർട്ടി സ്ഥാനാർഥിപ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. എങ്ങനെപോയാലും മലപ്പുറത്ത് തോൽക്കില്ലെന്ന് ഇടതുപ്രവർത്തകർ ഉറപ്പിച്ച മണ്ഡലമായിരുന്നു തവനൂർ. പക്ഷേ, വി.എസ്. ജോയ് എന്ന യുവനേതാവിനെ രംഗത്തിറക്കി യുഡിഎഫ് ആദ്യം ഇടതുക്യാമ്പിനെ ഞെട്ടിച്ചു. തവനൂരിലെ സാമുദായിക സമവാക്യങ്ങൾക്കപ്പുറമുള്ള സ്ഥാനാർഥിയായിരുന്നു വി.എസ്. ജോയ്. വളരെ ചുരുക്കം ക്രിസ്ത്യൻ വോട്ടുകളുള്ള തവനൂർ പോലെയുള്ള മണ്ഡലത്തിൽ വി.എസ്. ജോയിയെ കളത്തിലിറക്കി യുഡിഎഫ് നൽകിയതും ശക്തമായ സന്ദേശമായിരുന്നു. വി.എസ്. ജോയ് എന്ന യുവനേതാവിനെ ജയിപ്പിക്കാനായി മണ്ഡലത്തിലെ മുസ്‌ലിംലീഗ് സംവിധാനം മുഴുവനും അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതോടെ എൽഡിഎഫ് ക്യാമ്പും ചെറുതായി അപകടം മണത്തു. പക്ഷേ, ഏതുതരംഗത്തിലും തവനൂർ കൈവിടില്ലെന്ന് തന്നെയായിരുന്നു എൽഡിഎഫിന്റെ ആത്മവിശ്വാസം. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ വി.എസ്. ജോയ് എന്ന യുവരക്തത്തിന് 14,647 വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് തവനൂർ സമ്മാനിച്ചത്. അങ്ങനെ ചരിത്രത്തിലാദ്യമായി തവനൂരിൽ യുഡിഎഫ് അക്കൗണ്ടും തുറന്നു. പൊന്നാനിയെന്ന ഇടതുകോട്ട പൊളിച്ചതാണ് ജില്ലയിലെ യുഡിഎഫ് ക്യാമ്പിന്റെ മറ്റൊരു അഭിമാനം. മാറ്റത്തിന്റെ ഏതുകാറ്റ് വീശിയാലും പൊന്നാനിയിൽ വീഴില്ലെന്ന് സിപിഎമ്മും എൽഡിഎഫും ഒരുപോലെ വിശ്വസിച്ചിരുന്നു. എന്നാൽ, എം.കെ. സക്കീർ എന്ന മുൻ പി.എസ്.സി. ചെയർമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിടത്തുത്തന്നെ എൽഡിഎഫിന് പണിപാളി. പ്രാദേശിക പാർട്ടിപ്രവർത്തകരിൽനിന്ന് സ്ഥാനാർഥിക്കെതിരേ എതിർപ്പുണ്ടായെങ്കിലും മുൻ വർഷങ്ങളിലേതുപോലെ അത് വോട്ടെടുപ്പിൽ പ്രതിഫലിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപേ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ.പി. നൗഷാദലി. സാമൂഹിക-സാംസ്‌കാരി രംഗങ്ങളിൽ സജീവമായും ജനങ്ങളുമായി നേരിട്ട് ഇടപെട്ടും അദ്ദേഹം മണ്ഡലത്തിൽ സാന്നിധ്യമുറപ്പിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം വോട്ടായി മാറി. ഒടുവിൽ ഫലംപ്രഖ്യാപിച്ചപ്പോൾ ഇടതിന്റെ പൊന്നാനിയും യുഡിഎഫിന്റെ കൈകളിലെത്തി. 13,267 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നൗഷാദലിയുടെ വിജയം. 2016-ൽ വി. അബ്ദുറഹിമാനിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത താനൂരും ഇത്തവണ യുഡിഎഫ് തിരിച്ചുപിടിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസാണ് താനൂരിന്റെ പുതിയ എംഎൽഎ. ആദ്യം സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹിമാനെയാണ് സിപിഎം താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പക്ഷേ, താനൂരിൽ മത്സരിക്കാൻ അദ്ദേഹം വിമുഖത കാണിച്ചതോടെ സിപിഎമ്മിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നു. അങ്ങനെ ടി. മുഹമ്മദ് സമീർ എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചെങ്കിലും സ്ഥാനാർഥി നിർണയത്തിൽ തുടക്കത്തിലുണ്ടായ കല്ലുകടി ഇടതുപ്രവർത്തകരെ പോലും നിരാശരാക്കി. ഒടുവിൽ ഫലംപ്രഖ്യാപിച്ചപ്പോൾ മുസ്‌ലിംലീഗിന്റെ വിദ്യാർഥി നേതാവ് പി.കെ. നവാസ് 27,131 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താനൂർ പിടിച്ചെടുത്തു. മന്ത്രി വി. അബ്ദുറഹിമാനാണ് യുഡിഎഫ് തരംഗത്തിൽ അടിതെറ്റിയ ജില്ലയിലെ പ്രമുഖരിൽ മറ്റൊരാൾ. മണ്ഡലം മാറി ഇത്തവണ സ്വന്തം മണ്ഡലമായ തിരൂരിൽ മത്സരിച്ച അദ്ദേഹത്തിന് പക്ഷേ, 'ഹോംഗ്രൗണ്ടി'ൽ തോൽക്കാനായിരുന്നു വിധി. സിറ്റിങ് എംഎൽഎയായ കുറുക്കോളി മൊയ്തീൻ തിരൂർ ലീഗിന്റെ കോട്ടയാണെന്ന് ഇത്തവണയും തെളിയിച്ചു. 24,137 വോട്ടിനാണ് കുറുക്കോളി മൊയ്തീൻ മന്ത്രി വി. അബ്ദുറഹിമാനെ തറപറ്റിച്ചത്. ചരിത്രഭൂരിപക്ഷത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ നിയമസഭയിലെത്തുന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. വേങ്ങരയിൽനിന്ന് മാറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിച്ചത് തന്നെ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള വിജയത്തിനായിരുന്നു. അത് ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലവും. 85327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തിന്റെ 'സുൽത്താൻ' ഇത്തവണ നിയമസഭയിലെത്തുന്നത്. വേങ്ങരയിൽ കെ.എം. ഷാജിയും ലീഗിന്റെ കോട്ട ഭദ്രമാക്കി. 30325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുസ്വതന്ത്രനായ സബാഹ് കുണ്ടുപുഴക്കലിനെ കെ.എം. ഷാജി തോൽപ്പിച്ചത്. ലീഗിന്റെ ഉരുക്കുകോട്ടകളായ ഏറനാട്ടിൽ പി.കെ. ബഷീറും( ഭൂരിപക്ഷം- 41,289) കൊണ്ടോട്ടിയിൽ ടി.പി. അഷ്‌റഫലിയും(56017) മഞ്ചേരിയിൽ എം. റഹ്‌മത്തുള്ളയും(57,887) മങ്കടയിൽ മഞ്ഞളാംകുഴി അലിയും(45,609) തിരൂരങ്ങാടിയിൽ പി.എം.എ. സമീറും(63, 387) വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമും(51,289) മിന്നുംജയം നേടി. കഴിഞ്ഞതവണ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗ് വിജയിച്ച പെരിന്തൽമണ്ണയിൽ സിറ്റിങ് എംഎൽഎ നജീബ് കാന്തപുരം ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ച് വിജയത്തിന് മാറ്റ് കൂട്ടി. 32,431 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം. വണ്ടൂരിലും നിലമ്പൂരിലും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാർ വിജയം ആവർത്തിച്ചു. വണ്ടൂരിൽ 47,939 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.പി. അനിൽകുമാറിന്റെ വിജയം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കൗത്ത് 54,851 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. Content Highlights: UDF achieved a 16/16 clean sweep in Malappuram district., Strategic unity between Congress and Muslim League overcame internal disputes., Key LDF strongholds like Ponnani, Tanur, and Tavanur were reclaimed by UDF., P.K. Kunhalikutty secured a record-breaking majority of 85,327 votes., Anti-incumbency and controversies surrounding V. Abdurahiman influenced results. Published: 04 May 2026, 06:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

16-ൽ 16; തവനൂരിലും പൊന്നാനിയിലും അട്ടിമറി; മലപ്പുറം ജില്ലയിലെ ചുവപ്പ് മായ്ച്ച് യുഡിഎഫ്; സമ്പൂർണ ജയം
M
MathrubhumiSource Link
about 3 hours ago
