2006-ലെ അട്ടിമറിയിൽ കോൺഗ്രസ് ഞെട്ടി, പിന്നിങ്ങോട്ട് UDF യുഗം; ‘ആലുവ കോട്ട’യിൽ വിള്ളൽ വീഴ്ത്താനാവുമോ?

2006-ലെ അട്ടിമറിയിൽ കോൺഗ്രസ് ഞെട്ടി, പിന്നിങ്ങോട്ട് UDF യുഗം; ‘ആലുവ കോട്ട’യിൽ വിള്ളൽ വീഴ്ത്താനാവുമോ?

M
MathrubhumiSource Link
കെ. പത്മജൻ Last Updated: 17 Mar 2026, 05:43 pm IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi  കൊച്ചി: ആലുവയിൽ തിരിഞ്ഞുനോക്കേണ്ടന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതിൽ രണ്ടുണ്ട്കാര്യം. ആലുവയിലെ ജയത്തിന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനില്ലെന്ന തികഞ്ഞ ആത്മവിശ്വാസം ആ പറച്ചലിലുണ്ട്. അതുപോലെതന്നെ പാർട്ടിയിലാരും ആലുവ സീറ്റുകണ്ട് പനിക്കേണ്ടന്ന മറുവ്യാഖ്യാനവുമുണ്ട്. അവിടെ സിറ്റിങ് എം.എൽ.എ. അൻവർ സാദത്ത് തന്നെയാണ് സ്ഥാനാർഥി. ഉറച്ച സീറ്റ് ഉറച്ച ആളെത്തന്നെ ഏല്പിക്കുന്നതിനാൽ, നേതൃത്വത്തിന് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവരുന്നില്ല. To advertise here, യു.ഡി.എഫ് മണ്ഡലമെന്ന് ദശാബ്ദങ്ങളായി അറിയപ്പെടുന്ന ആലുവയിൽ 2006-ൽ മാത്രമാണ് അട്ടിമറി നടന്നത്. എ.എം. യൂസഫാണ് ആലുവയിൽ ചെങ്കൊടി പാറിച്ചത്. മുപ്പതുവർഷത്തോളം ആലുവയിലെ എം.എൽ.എ.യായിരുന്ന കെ. മുഹമ്മദാലിയെയാണ് യൂസഫ് അന്ന് തറപറ്റിച്ചത്. ജനങ്ങൾ അന്നൊരു മാറ്റം ആഗ്രഹിച്ചുവെന്നുവേണം പറയാൻ. കോൺഗ്രസ് വൃത്തങ്ങളെ ആകെ ഞെട്ടിച്ച തിരിച്ചടിയായിരുന്നു അത്. പിന്നിങ്ങോട്ട് അൻവർ സാദത്തിന്റെ യുഗമായിരുന്നു. 2011-ൽ ആലുവ സീറ്റ് തിരിച്ചുപിടിച്ച അദ്ദേഹം പിന്നെ അതാർക്കും വിട്ടുകൊടുക്കാതെ കൈവെള്ളയിൽ സൂക്ഷിക്കുകയാണ്. 2011-ൽ ആലുവ മണ്ഡലത്തിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വന്നിരുന്നു. അതിർത്തിയിൽ വന്ന മാറ്റങ്ങൾ കോൺഗ്രസിന് കൂടുതൽ ഗുണകരമാവുന്ന വിധത്തിലായിരുന്നു. അതിനാൽ ഉറച്ച വിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പുകളിലെല്ലാം അൻവർ സാദത്ത് ഇറങ്ങിയത്. നാലാംതവണയും ജനവിധി തേടാനിറങ്ങുന്ന അൻവർ അതിനുള്ള കരുക്കളെല്ലാം വളരെ നേരത്തേതന്നെ നീക്കിത്തുടങ്ങിയിരുന്നു. അൻവറിനെ സംബന്ധിച്ച് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ട് ഭാവിയിലേക്കുള്ള നിക്ഷേപംകൂടിയാണ്. കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരനായ അൻവർ, മുൻ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ്. നിയമസഭയിൽ കോൺഗ്രസിന്റെ ചാവേർ പോരാളിയെന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. നിയമസഭ വിവാദങ്ങളിൽ ഇളകിമറിയുമ്പോൾ അതിന്റെ അമരത്ത് അൻവറുണ്ടാവും. പാർലമെന്ററിരംഗത്ത് പോരാളിയായി മാറിയ അൻവർ അതിനുള്ള കരുത്തു നേടിയത് എറണാകുളത്തെ സമരഭൂമിയിൽനിന്നാണ്. യൂത്ത് കോൺഗ്രസ് നേതാവെന്ന നിലയിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്നിരുന്ന അദ്ദേഹം പ്രതിപക്ഷത്തായപ്പോൾ ആ ശീലം നിയമസഭയിലും തുടരുന്നതാണ് കണ്ടത്. അൻവറിനെ തറപറ്റിച്ച് ആലുവയിൽ വീണ്ടും ചെങ്കൊടി പാറിക്കാൻ സി.പി.എമ്മിന് നന്നായി വിയർക്കേണ്ടിവരും. അതിന് പോര് നയിക്കാൻ ഇറക്കിവിടാൻ പറ്റിയൊരാൾ ആലുവയിലെ പാർട്ടിയിൽ ഇല്ലെന്നതാണ് യാഥാർഥ്യം. തിരഞ്ഞെടുപ്പാവുമ്പോൾ മണ്ഡലത്തിനുചേർന്നതെന്ന് നേതൃത്വത്തിന് തോന്നുന്ന ഒരാളെ കണ്ടെത്തി രംഗത്തിറക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പാർട്ടി മെഷീനറിയെല്ലാം സ്ഥാനാർഥിക്കൊപ്പം ഉണ്ടാവും. പിന്നെയെല്ലാം സ്ഥാനാർഥിയുടെ മിടുക്ക്. ഇക്കുറിയും അത്തരമൊരു അന്വേഷണത്തിലായിരുന്നു സി.പി.എം. ബി.ജെ.പി.യിൽനിന്ന് പാർട്ടി അനുഭാവിയായി എത്തിയ എ.കെ. നസീറിന്റെ പേര് ആദ്യഘട്ടത്തിൽ നേതാക്കൾ ചർച്ചചെയ്തു. എന്നാൽ അതിന് മുകളിൽനിന്നുള്ള അംഗീകാരം കിട്ടിയില്ല. പിന്നീട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ജെ. റിയാസിന്റെ പേരുവന്നു. എന്നാൽ പാർട്ടിയിൽനിന്നുതന്നെ സ്ഥാനാർഥി വേണമെന്ന നിർദേശമുയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ മുൻ എം.പി. എ.എം. ആരിഫിന്റെ പേര് നിശ്ചയിക്കുന്നത്. ‌ആലപ്പുഴയിൽനിന്ന് പാർലമെന്റിൽ എത്തിയിട്ടുള്ള ആരിഫ് മൂന്നുതവണ അരൂരിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ട്. ആരിഫിലൂടെ ആലുവയിൽ മാറ്റുമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. ആലുവ എൻ.ഡി.എ.യ്ക്ക് വലിയ സാധ്യതകളില്ലാത്ത മണ്ഡലമാണ്. ട്വന്റി-20യും മറ്റും മുന്നണിയിലേക്കുവന്ന സാഹചര്യത്തിൽ ഇക്കുറി കരുത്തുകൂടിയേക്കും. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എ. വിനോദിനെയാണ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്. മുകളിൽനിന്ന് തീരുമാനംവരുന്നതും കാത്തിരിക്കുകയാണ് എൻ.ഡി.എ. ക്യാമ്പ്. ആലുവയിൽനിന്ന് സഭയിലെത്തിയവർ 1957-ടി.ഒ. ബാവ (കോൺ.), 1960-ടി.ഒ.ബാവ (കോൺ.), 1965-വി.പി. മരയ്ക്കാർ (കോൺ.), 1967-എം.കെ.എ. ഹമീദ് (സ്വത.), 1970-എ.എ. കൊച്ചുണ്ണി (കോൺ.), 1977-ടി.എച്ച്. മുസ്തഫ(കോൺ.), 1980-കെ. മുഹമ്മദാലി (കോൺ.), 1982-കെ. മുഹമ്മദാലി (കോൺ.), 1987-കെ. മുഹമ്മദാലി (കോൺ.), 1991-കെ. മുഹമ്മദാലി (കോൺ.), 1996-കെ. മുഹമ്മദാലി (കോൺ.), 2001-കെ. മുഹമ്മദാലി (കോൺ.), 2006-എ.എം. യൂസഫ് (സി.പി.എം.), 2011-അൻവർ സാദത്ത് (കോൺ.), 2016-അൻവർ സാദത്ത് (കോൺ.), 2021-അൻവർ സാദത്ത് (കോൺ.). ആലുവ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ, ഭരിക്കുന്ന മുന്നണി ബ്രാക്കറ്റിൽ ആലുവ നഗരസഭ (യു.ഡി.എഫ്.), ചെങ്ങമനാട് (യു.ഡി.എഫ്.), ചുർണിക്കര (യു.ഡി.എഫ്.), എടത്തല (യു.ഡി.എഫ്.), കാഞ്ഞൂർ (യു.ഡി.എഫ്.), കീഴ്മാട് (യു.ഡി.എഫ്.), നെടുമ്പാശ്ശേരി (യു.ഡി.എഫ്.), ശ്രീമൂലനഗരം (യു.ഡി.എഫ്.).

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2006-ലെ അട്ടിമറിയിൽ കോൺഗ്രസ് ഞെട്ടി, പിന്നിങ്ങോട്ട് UDF യുഗ… | Boolokam