കൊൽക്കത്ത: വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനത്തിന് അക്കങ്ങൾകൊണ്ട് മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. To advertise here, പശ്ചിമ ബംഗാളിലെ 'മഹാ ജംഗിൾ രാജ്'ന് വെല്ലുവിളിയാകുമെന്ന് കരുതി തൃണമൂൽ കോൺഗ്രസ് (ടിഎംസി) വനിതാ സംവരണ ബില്ലിനെ ലോക്സഭയിൽ തടഞ്ഞുവെന്ന് മോദി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തെ തള്ളിക്കളഞ്ഞ മമത, 2023-ൽ തന്നെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ പാസാക്കിയ ബില്ലിനെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിമർശിച്ചു. ഭരണഘടനയിൽ മാറ്റം വരുത്താനും മണ്ഡല പുനർനിർണ്ണയത്തിലൂടെ അധികാരം പിടിച്ചെടുക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. വനിതാ സംവരണ ബില്ലിനെ തങ്ങൾ ഒരിക്കലും എതിർത്തിട്ടില്ലെന്നും എന്നാൽ അതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും മമത വ്യക്തമാക്കി. ടിഎംസിയിൽ നിലവിൽ തന്നെ ലോക്സഭയിൽ 37.9 ശതമാനവും രാജ്യസഭയിൽ 46 ശതമാനവും വനിതാ അംഗങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സംവരണ ബില്ലിനെ ഒരു കവചമാക്കി ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും 2023 സെപ്റ്റംബറിൽ ബിൽ പാസാക്കിയിട്ടും മൂന്ന് വർഷത്തോളം എന്തുകൊണ്ട് അത് നടപ്പിലാക്കിയില്ലെന്നും അവർ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ വാക്കുകൾ കാപട്യം നിറഞ്ഞതാണെന്നും അവർ ആഞ്ഞടിച്ചു. മണ്ഡല പുനർനിർണ്ണയം ഫെഡറൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനായി മണ്ഡലങ്ങൾ അനുകൂലമായി പുനഃക്രമീകരിക്കുകയാണെന്നും മമത ആരോപിക്കുന്നു. ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽ നിന്ന് 816 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ 33 ശതമാനം സംവരണം നടപ്പിലാകൂ എന്ന വ്യവസ്ഥയാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. നിലവിലെ സീറ്റുകളിൽ തന്നെ ഈ സംവരണം നടപ്പിലാക്കാൻ കഴിയില്ലേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിലവിലെ നിയമമനുസരിച്ച് (ആർട്ടിക്കിൾ 334അ) പുതിയ സെൻസസും മണ്ഡല പുനർനിർണ്ണയവും കഴിഞ്ഞാൽ മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ. അതായത് 2034-ന് മുമ്പ് ഇത് നടപ്പിലാകില്ല. എന്നാൽ നിലവിലുള്ള 543 സീറ്റുകളിൽ തന്നെ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. സീറ്റുകൾ 816 ആയി വർദ്ധിപ്പിച്ചാൽ മാത്രമേ വനിതാ സംവരണം മൂലം നിലവിലെ പുരുഷ അംഗങ്ങൾക്ക് സീറ്റ് നഷ്ടപ്പെടാത്ത സാഹചര്യം ഉണ്ടാകൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം. എന്നാൽ നിലവിലെ സീറ്റുകളിൽ തന്നെ സംവരണം നടപ്പിലാക്കുമ്പോൾ പുരുഷ എംപിമാർക്ക് ചില സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നും അത് നേരിടാൻ 'ധൈര്യം' കാണിക്കണമെന്നും പ്രിയങ്ക ഗാന്ധിയും ചൂണ്ടിക്കാട്ടിയിരുന്നു. Content Highlights: CM Mamata Banerjee challenges PM Modi's claims on the Women's Reservation Bill, citing 2026 political agendas. Published: 19 Apr 2026, 04:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

2023ൽ വനിതാ സംവരണബിൽ പാസാക്കി, എന്തുകൊണ്ട് നടപ്പാക്കിയില്ല; കണക്കുകളുമായി മോദിയോട് മമതയുടെ ചോദ്യം
M
MathrubhumiSource Link
21 days ago