വെള്ളനാട്: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ അന്വേഷണ ഉദ്യോഗസ്ഥനായ പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ എസ്.ശ്രീജുവിനു മുന്നിലാണ് ശശി കീഴടങ്ങിയത്. റെയ്‌ഞ്ചോഫീസിലെത്തിയ ശശിയോടു കസേരയിലിരിക്കാൻ വനപാലകർ പറഞ്ഞെങ്കിലും താൻ പ്രതിയാണെന്നും പ്രതിയുടെ സ്ഥാനം തറയിലാണെന്നും പറഞ്ഞ് ശശി ഓഫീസിലെ തറയിലിരുന്നു. To advertise here, അറസ്റ്റ് രേഖപ്പെടുത്തിയശേഷം വനപാലകർ ഇദ്ദേഹത്തെ മുള്ളൻപന്നിയെ അടിച്ചുകൊന്ന വാളിയറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തശേഷം നെടുമങ്ങാട് വനംകോടതി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ശശിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറ ശ്രീരാമകൃഷ്ണ ആശ്രമത്തിനുസമീപം രജിതയുടെ തിരുവാതിരവീട്ടിൽ രാവിലെ ഏഴുമണിയോടെ ഒരു മുള്ളൻപന്നിയെ കണ്ടെത്തി. ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അരുണും കുടുംബവും ഉടൻതന്നെ നാട്ടുകാരെയും വാർഡ് അംഗം ഷൈലജയെയും വിവരം അറിയിച്ചു. ഷൈലജ ഈ വിവരം പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചു. തുടർന്ന് 7.30-ഓടെ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലുണ്ടായിരുന്ന ഇരുമ്പുകമ്പിയെടുത്ത് മുള്ളൻപന്നിയുടെ തലയ്ക്കടിച്ചു കൊന്നെന്നാണ് കേസ്. മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം :വെള്ളനാട് ശശി തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. വൈകീട്ട് അഞ്ചുമണിയോടെയാണ് ശശിയെ ഫോറസ്റ്റ് അധികൃതർ വാളിയറയിൽ തെളിവെടുപ്പിനെത്തിച്ചത്. ഇതറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്തുന്നതിനിടെ ശശി കരിങ്കല്ലെടുത്തു മാധ്യമപ്രവർത്തകരെ എറിഞ്ഞു. മാതൃഭൂമി ലേഖകൻ സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേയായിരുന്നു ആക്രമണം. തുടർന്ന് അസഭ്യം പറയുകയും ചെയ്തു. ശശി ഒളിവിൽക്കഴിഞ്ഞത് 25 ദിവസം :മുള്ളൻപന്നിയെ കൊന്നശേഷം 25 ദിവസം നാട്ടിലും ജില്ലാപ്പഞ്ചായത്ത് ഓഫീസിലും സെക്രട്ടേറിയറ്റിലും ശശി കറങ്ങിനടന്നെങ്കിലും വനംവകുപ്പ് അധികൃതർ അറസ്റ്റു ചെയ്തിരുന്നില്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. Content Highlights: Vellanad Panchayat President surrendered to forest officials after 25 days in hiding., Accused was remanded for 14 days by the Nedumangad Forest Court., The incident involved the killing of a porcupine using an iron rod., The accused allegedly attacked media personnel during the evidence collection process. Published: 25 Mar 2026, 07:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

25 നാൾ ഒളിവിൽ, ഓഫീസിലും സെക്രട്ടേറിയേറ്റിലും ശശി കറങ്ങി നടന്നു, വനംവകുപ്പ് കണ്ടില്ല; ഒടുവിൽ കീഴടങ്ങി
M
MathrubhumiSource Link
about 2 months ago