മാ ർച്ച് 14-ന് രാവിലെ 9.50ന് ഗരീബ്‌രഥിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കെ.പി നൗഫലിന്റെ ഉള്ളിലൂടെ ഭീതി നിറഞ്ഞ രാപ്പകലുകൾ കടന്നുപോയിട്ടുണ്ടാകും. പത്ത് ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനും പ്രതിസന്ധികൾക്കും ശേഷമാണ് കണ്ണൂർ പുതിയതെരു സ്വദേശിയായ നൗഫൽ വീടണഞ്ഞത്. സ്‌ഫോടനത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കും കത്തിയമർന്ന ജീവനുകൾക്കുമിടയിലൂടെ ടെഹ്‌റാനിൽ നിന്ന് അർമേനിയ വഴിയാണ് നൗഫൽ രക്ഷപ്പെട്ടത്. ആ സമയത്തെ അനിശ്ചിതത്വം ഇപ്പോൾ വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്ന് നൗഫൽ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു. To advertise here, ഒമാനിലും ഷാർജയിലുമെല്ലാം ജോലി ചെയ്തിരുന്ന നൗഫൽ നാട്ടുകാരനായ സുൾഫീക്കർ അലിയുടേയും ഹിഷാമിന്റേയും കമ്പനിയിൽ ജോലി തേടിയാണ് ഇറാനിലെ ഉറുമിയയിലെത്തുന്നത്. ആപ്പിൾ മരങ്ങളാൽ സമ്പന്നമായ ഉറുമിയയിലെ ഒരു ആപ്പിൾ കമ്പനിയായിരുന്നു ഇത്. ദക്ഷിണേന്ത്യയിലേക്ക് ആപ്പിൾ കയറ്റുമതി ചെയ്യുന്ന ടീമിനൊപ്പമായിരുന്നു നൗഫലിന്റെ ജോലി. എന്നാൽ യുദ്ധം തുടങ്ങിയ ഫെബ്രുവരി 28-ന് നൗഫൽ ടെഹ്‌റാനിലായിരുന്നു. നാട്ടിലേക്ക് വരാൻ വേണ്ടിയാണ് ഉറുമിയയിലെ ആപ്പിൾ പാടത്ത് നിന്ന് നൗഫൽ ഇറാന്റെ തലസ്ഥാന നഗരിയിലെത്തിയത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. ടെഹ്‌റാനിന് കുറച്ച് അകലേയുള്ള റൊബാത് കരീമിൽ താമസം ശരിയാക്കി. അവിടെ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നത് മാത്രമായിരുന്നു ആശ്വാസം. കുറച്ച് കഴിഞ്ഞതോടെ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയത്. ഭാര്യ നൂറിയേയും മക്കളായ മുഹമ്മദ് നസൂഹിനേയും നഫീസത്തുൽ മിസിരയേയും ഓർത്തപ്പോൾ സങ്കടം കൂടി. ഇനി അവരെ ഒരിക്കലും കാണാൻ കഴിയില്ലേ എന്നു വരെ ചിന്തിച്ചു. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്നതു മാത്രമായി മുമ്പിലുള്ള ലക്ഷ്യം. യുദ്ധം തുടങ്ങിയതിനാൽ വിമാനങ്ങൾ റദ്ദാക്കുകയും അതിർത്തി റോഡുകൾ അടക്കുകയും ചെയ്തിരുന്നതിനാൽ ഒന്നും എളുപ്പമായിരുന്നില്ല. ഇറാനിനുള്ളിലെ ലോക്കൽ നെറ്റ് വർക്ക് ഉപയോഗിച്ചായിരുന്നു മറ്റുള്ളവരുമായി സംസാരിച്ചിരുന്നത്. ഇതിനിടയിൽ തൊഴിലാളികളെ രക്ഷപ്പെടുത്താൻ സുൾഫീക്കർ അലിയും ഹിഷാമും തങ്ങളാൽ കഴിയുന്നവിധം ശ്രമിച്ചു. ഇറാന്റെ അയൽരാജ്യമായ അസർബെയ്ജാൻ വഴി രക്ഷപ്പെടാനായിരുന്നു ആദ്യ ശ്രമം. എന്നാൽ റോഡ് അടച്ചതിനാൽ അത് നടന്നില്ല. ഇതിനിടെ ടെഹ്‌റാനിൽ താമസിക്കുന്ന കശ്മീർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മുസമ്മിൽ താമസിക്കുന്നിടത്ത് സ്‌ഫോടനങ്ങളുണ്ടായി. അവർ താമസം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ആശങ്ക വർധിച്ചു. അർമേനിയയിലൂടെ ആളുകളെ കടത്തിവിടുന്നുണ്ട് എന്നറിഞ്ഞതോടെ ആ വഴി തിരഞ്ഞെടുത്തു. 25- ഓളം ആളുകൾ ചേർന്ന് 'അർമേനിയൻ ഗ്യാങ്' എന്ന കൂട്ടായ്മ ഉണ്ടാക്കി. ആ സമയത്തൊന്നും എംബസിയുടെ സഹായവും ലഭിച്ചില്ല. മാർച്ച് അഞ്ചിന് ടെഹ്‌റാനിൽ നിന്ന് റോഡ് വഴി സംഘം ഉറുമിയയിലെത്തി. രണ്ട് ദിവസമാണ് ഈ യാത്രയ്‌ക്കെടുത്തത്. ഇതിനിടയിൽ ഫൈറ്റർ ജെറ്റുകളും മിസൈലുകളും ഡ്രോണുകളുമെല്ലാം കണ്ടു. എന്നാൽ ഇറാനിലെ ആളുകൾക്ക് ആശങ്കളൊന്നുമില്ലായിരുന്നെന്നും അവർ വീടിന് പുറത്തിറങ്ങുകയും കടകൾ തുറയ്ക്കുകയും ചെയ്തിരുന്നുവെന്നും നൗഫൽ പറയുന്നു. വിജനമായ റോഡുകളാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും ആളുകളെല്ലാം വാഹനങ്ങളെടുത്ത് പുറത്തിറങ്ങിയതാണ് കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വാർ ഫ്രീ സോൺ ആയതിനാൽ ആക്രമിക്കപ്പെടില്ലെന്ന ആശ്വാസത്തോടെ ഒരു ദിവസം ഉറുമിയയിൽ കഴിഞ്ഞു. നിയമപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചശേഷം ഉറുമയയിൽനിന്ന് പല സംഘങ്ങളായി അർമേനിയയിലെത്തി. ഓൺ അറൈവൽ വിസ ലഭിച്ചിരുന്നെങ്കിലും വിമാനങ്ങൾ റദ്ദാക്കിയതിനാൽ അർമേനിയയിൽ ഹോട്ടൽ റൂമെടുത്ത് അഞ്ച് ദിവസം തങ്ങേണ്ടി വന്നു. അർമേനിയയിൽ നിന്ന് ദുബായ് വഴി അഹമ്മദാബാദിലെത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ ആ വിമാനങ്ങളെല്ലാം ക്യാൻസൽ ചെയ്തു. ഇതോടെ ഒമാൻ വഴി മുംബൈയിലെത്താമെന്ന് കരുതി. നേരത്തെ ഒമാനിൽ ജോലി ചെയ്തതിനാൽ വിസ കൈയിലുണ്ടായിരുന്ന നൗഫലിന് ഒമാനിലേക്ക് വേഗത്തിൽ ടിക്കറ്റ് കിട്ടി. ഒമാനിലെത്തിയതോടെ അവിടെ നിന്ന് മുംബൈയിലേക്ക് വിമാനം കയറി. അതിനുശേഷം മുംബൈയിൽ നിന്ന് ട്രെയ്‌നിൽ സ്വന്തം നാട്ടിലേക്കും. Content Highlights: Naufal, a Kannur native, was stranded in Iran during the war outbreak., He faced severe uncertainty, internet blackouts, and travel restrictions., Successfully escaped, Traveled via Iran, Armenia, Oman, and Mumbai to finally reach Kerala. Published: 24 Mar 2026, 03:46 pm IST ABOUT THE AUTHOR മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

25 പേരുടെ ‘അർമേനിയൻ ഗ്യാങ്’, വഴിയിൽ ഫൈറ്റർ ജെറ്റുകൾ കണ്ടു; ടെഹ്‌റാനിൽനിന്ന് വീടണഞ്ഞ് നൗഫൽ
M
MathrubhumiSource Link
about 2 months ago