വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് റദ്ദാക്കിയ ഇറക്കുമതി തീരുവകൾ ബിസിനസ് സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നതിനുള്ള നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായി. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) സജ്ജമാക്കിയ പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളർ പലിശ സഹിതം മടക്കി നൽകുന്ന നടപടി അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതി തിരിച്ചടവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. To advertise here, 2025 ഏപ്രിലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി 20-ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തിൽ പ്രസിഡന്റ് അനാവശ്യമായി കടന്നുകയറിയതായി കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് ഈ തീരുവകൾ അടിച്ചേൽപ്പിച്ചതെന്ന് കോടതി കണ്ടെത്തിയതോടെയാണ് പണം മടക്കി നൽകാൻ വഴിതുറന്നത്. കണക്കുകൾ പ്രകാരം ഏകദേശം 3,30,000-ലധികം ഇറക്കുമതിക്കാർ ഈ തിരിച്ചടവിന് അർഹരാണ്. ഏകദേശം 5.3 കോടിയിലധികം ഷിപ്പിങ്ങുകളിൽ നിന്നായി സമാഹരിച്ച 16,600 കോടി ഡോളറോളം തുകയാണ് സർക്കാർ ഖജനാവിൽ നിന്ന് തിരികെ നൽകേണ്ടി വരിക. ഇതിനകം തന്നെ 56,497 ഇറക്കുമതിക്കാർ പണം സ്വീകരിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി മാത്രം പലിശ ഉൾപ്പെടെ ഏകദേശം 12,700 കോടി ഡോളർ ആദ്യ ഘട്ടത്തിൽ തന്നെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'കേപ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ കൺസോളിഡേറ്റഡ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്രോസസ്സിങ് സംവിധാനത്തിലൂടെയാണ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. വ്യാപാരികൾക്കും അവരുടെ കസ്റ്റംസ് ബ്രോക്കർമാർക്കും സിബിപിയുടെ ഔദ്യോഗിക പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിച്ച് ബാങ്ക് വിവരങ്ങൾ നൽകി പണം കൈപ്പറ്റാവുന്നതാണ്. പുതിയ തീരുവകൾക്കാണ് മുൻഗണന നൽകുന്നത്. അംഗീകരിക്കപ്പെട്ട അപേക്ഷകൾ 60 മുതൽ 90 ദിവസത്തിനുള്ളിൽ പണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും നടപടിക്രമങ്ങളിലെ സങ്കീർണ്ണത കാരണം ഇതിൽ മാറ്റം വന്നേക്കാം. അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ആയിരക്കണക്കിന് എൻട്രികൾ ഒരു ഫയലിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അതിൽ ഒരെണ്ണത്തിൽ തെറ്റായ വിവരം നൽകിയാൽ പോലും മുഴുവൻ അപേക്ഷയും നിരസിക്കപ്പെട്ടേക്കാം. ഡോക്യുമെന്റ് നമ്പറുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും ഡാറ്റാ ഫോർമാറ്റിങിലും ശ്രദ്ധ വേണമെന്ന് ഐസ് മില്ലറിലെ പാർട്ണർ മേഗൻ സുപ്പിനോ ഓർമ്മിപ്പിച്ചു. സിബിപി വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ തടസ്സങ്ങൾ ഒഴിവാക്കാമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിക്കുമ്പോൾ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായേക്കാം. പണം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾ ഒരു ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് കൺസൾട്ടിങ് സ്ഥാപനമായ അർമാനിനോയിലെ നിഗി ഹുയിൻ അഭിപ്രായപ്പെട്ടു. മിനസോട്ടയിലെ 'ആഫ്റ്റർ ആക്ഷൻ സിഗാർസ്' എന്ന സ്ഥാപനം കഴിഞ്ഞ വർഷം മാത്രം 34,000 ഡോളറാണ് തീരുവയായി അടച്ചത്. തങ്ങൾ ഈ അധികഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഉടമ ബ്രാഡ് ജാക്‌സൺ പറഞ്ഞു. പണം തിരികെ ലഭിക്കുന്നത് ബിസിനസിലെ സാമ്പത്തിക ഒഴുക്ക് മെച്ചപ്പെടുത്തുമെങ്കിലും, ഈ പ്രക്രിയ മാസങ്ങളോ വർഷങ്ങളോ നീണ്ടുപോകുന്നത് തങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ നികുതി തിരിച്ചടവ് സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഭൂരിഭാഗം കമ്പനികളും ഉയർന്ന നികുതി കാരണം ഉൽപ്പന്നങ്ങളുടെ വില കൂട്ടിയിരുന്നെങ്കിലും, ലഭിക്കുന്ന റീഫണ്ട് ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിയമമില്ല. എന്നാൽ ഇതിനെതിരെ കോസ്റ്റ്‌കോ പോലുള്ള വലിയ സ്ഥാപനങ്ങൾക്കെതിരെ നിയമപോരാട്ടം നടക്കുന്നുണ്ട്. അതേസമയം, ഫെഡെക്‌സ് പോലുള്ള ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങൾ കസ്റ്റംസിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് അത് ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാകാൻ രണ്ട് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കാം എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

3,30,000ലധികം ഇറക്കുമതിക്കാർ, 16,600കോടി ഡോളർ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി തിരിച്ചടവ്
M
MathrubhumiSource Link
20 days ago