അ രനൂറ്റാണ്ട് പിന്നിട്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയജീവിതത്തിന് വിരാമമിടുകയാണ് കേരളാ കോൺഗ്രസ് അതികായൻ പി.ജെ. ജോസഫ്. ദീർഘകാലം അദ്ദേഹം പ്രതിനിധീകരിച്ച തൊടുപുഴ മണ്ഡലത്തിൽ ഇക്കുറി സ്ഥാനാർഥിയാവുക അദ്ദേഹത്തിന്റെ മൂത്തമകൻ അപു ജോൺ ജോസഫ്. ഇടത്-വലത് മുന്നണികളുടെ ഭാഗമായി ആറുവട്ടം മന്ത്രിയായിട്ടുള്ള- ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ജോസഫ്, 1968-ൽ കേരളാ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിളർന്നും വളർന്നും മുന്നണിമാറിയും രാഷ്ട്രീയകാലാവസ്ഥയ്ക്ക് അനുസരിച്ച് പടരുന്ന കേരളാ കോൺഗ്രസിന്റെ നെടുനായകരിലൊരാളായി മാറാൻ അധികം വൈകിയില്ല. ആകെ 11 തവണ തൊടുപുഴയിൽ മത്സരിച്ചു. ഇതിൽ പത്തുവട്ടവും ജയിച്ചു. ഒരുവട്ടം ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. To advertise here, 1970-ലാണ് പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലെത്തിയത്. ഏഴുകൊല്ലത്തിനിപ്പുറം 77-ൽ ആന്റണി മന്ത്രിസഭയിൽ അംഗമായി. കെ.എം. മാണിയുടെ പകരക്കാരനായിട്ടായിരുന്നു ആ സ്ഥാനാരോഹണം. തിരഞ്ഞെടുപ്പുകേസിൽ മാണിയുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു അത്. 1978 ജനുവരി 16-ന് ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ്, എട്ടുമാസത്തിനിപ്പുറം മാണി കുറ്റവിമുക്തനാക്കപ്പെട്ടതോടെ 78 സെപ്റ്റംബറിൽ രാജിവെക്കുകയും ചെയ്തു. പിന്നീട് അഞ്ച് മന്ത്രിസഭകളിൽ കൂടി അംഗമായി. വിദ്യാഭ്യാസം, പൊതുമരാമത്ത്, എക്‌സൈസ്, റവന്യൂ, ജലവിഭവം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 1981-'82 റവന്യൂ-വിദ്യാഭ്യാസ-എക്‌സൈസ്, 1982-'87ൽ റവന്യൂ-ഭവനനിർമാണം, 1996-ൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, 2006-ൽ പൊതുമരാമത്ത്, 2011-ൽ ജലവിഭവം എന്നിങ്ങനെ മന്ത്രിസ്ഥാനങ്ങൾ കൈകാര്യം ചെയ്തത്. അൻപതുകൊല്ലത്തിലധികം നീണ്ട രാഷ്ട്രീയജീവിതത്തിൽ രണ്ടുവട്ടം മാത്രമാണ് ജോസഫിന് പരാജയം രുചിക്കേണ്ടി വന്നിട്ടുള്ളൂ. അതിൽ ആദ്യത്തേത് 1991-ലെ പൊതുതിരഞ്ഞെടുപ്പിലും രണ്ടാമത്തേത് 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമായിരുന്നു. 91-ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ പോരാട്ടത്തിൽ കോൺഗ്രസിന്റെ കെ.എം. മാത്യുവിനോടാണ് പരാജയപ്പെട്ടത്. ജോസഫ് ഇടത് മുന്നണിയുടെ ഭാഗമായി, (1996-2001)വിദ്യാഭ്യസവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്താണ് സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റത്തിന് വഴിതെളിച്ച ഡിപിഇപി നടപ്പാക്കിയതും കോളേജിൽനിന്ന് വേർപെടുത്തി പ്ലസ് ടു സമ്പ്രദായം കൊണ്ടുവന്നതും. പ്ലസ് ടുവിനെ കോളേജിൽനിന്ന് പിരിച്ച ജോസഫിനെതിരേ കെഎസ്‌യു അന്ന് വലിയ പ്രതിഷേധമായിരുന്നു നടത്തിയത്. പിന്നാലെ 2001-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.ടി. തോമസിനോട് ജോസഫ് തോറ്റു. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 2006-ൽ പി.ടി. തോമസിനെ ജോസഫ് പരാജയപ്പെടുത്തി. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ പുറപ്പുഴ ഗ്രാമത്തിൽ വയറ്റാട്ടിൽ പാലത്തിനാൽ പി.ഒ. ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1941 ജൂൺ 28-നാണ് ജോസഫിന്റെ ജനനം. രാഷ്ട്രീയത്തിലേക്ക് നയിച്ചതും മാതൃകയായതും പിതാവ് ജോസഫ് ആയിരുന്നു. പുറപ്പുഴ ഗവ. എൽ.പി. സ്‌കൂൾ, സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂൾ, കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, മദ്രാസ് ലയോള കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എഴുപതുകളിൽ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭനായ യുവനേതാവായിരുന്നു ജോസഫ്. അതിവേഗം കേരള കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തി. 1973-ൽ യൂത്ത്ഫ്രണ്ട് പ്രസിഡന്റ് ആയി. 1979-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ആയി. 1980-ൽ യുഡിഎഫിന്റെ സ്ഥാപക കൺവീനർ ആയതും ജോസഫ് ആയിരുന്നു. കേരളാ കോൺഗ്രസിന്റെ 1987-ലെ പിളർപ്പ് പി.ജെ. ജോസഫ് ഗ്രൂപ്പിന്റെ ജനനത്തിന് കാരണമായി. പിന്നീട് ഇടതുമുന്നണിയുടെ ഭാഗമായി. 2010 വരെ ദീർഘകാലം എൽഡിഎഫിന്റെ ഭാഗമായി. വി.എസ്. സർക്കാരിൽ മന്ത്രിയായിരുന്ന ജോസഫ് 2010 ഏപ്രിൽ-30 ന് മന്ത്രിസ്ഥാനം രാജിവെച്ച് കേരളാ കോൺഗ്രസ് മാണിയിൽ ലയിച്ചു. മാണിയുടെ ക്ഷണത്തിന് പിന്നാലെ ആയിരുന്നു ഇത്. എന്നാൽ ഒൻപതുകൊല്ലത്തിനിപ്പുറം കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിൽ ജോസഫ് പക്ഷവും ജോസ് കെ. മാണി പക്ഷവും രൂപപ്പെടുകയും പിന്നീടത് പിളർപ്പിൽ കലാശിക്കുകയും ചെയ്തു. ജോസഫ് യുഡിഎഫിൽ തുടരുകയും ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്ക് പോവുകയും ചെയ്തു. കർഷകരാഷ്ട്രീയത്തിന്റെ ചൂടറിയുന്ന, മുന്നണിഭേദമന്യേ ബന്ധങ്ങൾ സൂക്ഷിക്കുന്ന നേതാവാണ് പി.ജെ. ജോസഫ്. മികച്ച കർഷകൻ, ഗായകൻ തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. സുദീർഘ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നുള്ള പിന്മാറ്റത്തിന് കാരണമായി അദ്ദേഹം പറയുന്നത് ആരോഗ്യപരമായ കാരണങ്ങളാണ്. മത്സരിക്കുന്നില്ലെങ്കിലും സജീവമായി പ്രചാരരംഗത്തുണ്ടാകുമെന്നും ഉറപ്പുപറയുന്നു. Content Highlights: PJ Joseph retires from electoral politics after 50 years., His son, Apu John Joseph, to contest from Thodupuzha., Served as a minister in multiple Kerala governments holding portfolios like Revenue and Education., A key figure in Kerala Congress history, known for his long tenure as a legislator., Transition from active electoral politics due to health reasons. Published: 17 Mar 2026, 07:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

6 സർക്കാരുകളിൽ മന്ത്രി, ആദ്യം വഹിച്ചത് ആഭ്യന്തരം; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് PJ ജോസഫ്
M
MathrubhumiSource Link
about 2 months ago