ദുബായ് : മികച്ച നടപ്പാതകൾ നിർമിച്ചുകൊണ്ട് ലോകത്തിൽ കാൽനട യാത്രക്കാർക്ക് ഏറ്റവും അനുയോജ്യ നഗരമായി ദുബായിയെ മാറ്റിയെടുക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) നൂതന സംരംഭത്തിന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ദുബായ് വാക്ക് എന്നപേരിൽ 6,000 കിലോമീറ്ററിലേറെ ദൂരത്തിൽ നടപ്പാതകൾ നിർമിക്കാൻ ആർ.ടി.എ. പദ്ധതി ആവിഷ്കരിച്ചു. 2040 ആകുമ്പോഴേക്കും പൂർത്തിയാക്കുംവിധമാണ് നടപ്പാത നിർമാണ കരാർ നൽകിയിരിക്കുന്നത്. To advertise here, ചരിത്രപ്രസിദ്ധമായ അൽ റാസ് പ്രദേശത്തെ കേന്ദ്രീകരിച്ചാണ് നടപ്പാത നിർമാണം ആവിഷ്‌കരിച്ചിരിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും നഗരത്തിലൂടെയുള്ള സഞ്ചാരപാത മികവുറ്റതാക്കുകയാണ് ഉദ്ദേശ്യം. നടത്തം, സൈക്ലിങ് എന്നിവകൂടാതെ പൊതുഗതാഗത സൗകര്യവുമായി നടപ്പാത സംയോജിപ്പിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ദുബായ് വാക്കിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായ അൽ റാസ് വികസത്തിൽ 12 കിലോമീറ്റർ നടപ്പാതയും അഞ്ച് കിലോമീറ്റർ സൈക്ലിങ് ട്രാക്കും നിർമിക്കും. എമിറേറ്റിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. 2027-ൽ ആദ്യഘട്ടം ദുബായിയുടെ നഗര സുസ്ഥിരത നിലനിർത്തിക്കൊണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുകയെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് അർബൻ പ്ലാൻ 2040-ലെ '20 മിനിറ്റ് നഗരം' എന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് നടപ്പാത നിർമാണത്തിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായുള്ള നടപ്പാത ഉപഭോക്താക്കൾക്ക് 80 ശതമാനം അവശ്യസേവനങ്ങളും ആർ.ടി.എ. ലഭ്യമാക്കും. അതിനായി അനുബന്ധ സൗകര്യങ്ങളുമുണ്ടാക്കും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുകയും സാംസ്കാരിക ഘടകങ്ങളെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. 2027 ആകുമ്പോഴേക്കും നടപ്പാത നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കും. തുടർന്ന് 2040-ൽ നഗരവ്യാപകമായി ശൃംഖല വികസിപ്പിക്കും. എമിറേറ്റിൽ 160 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടപ്പാത വികസനവും നവീകരണവും ഉൾപ്പെടെ പൂർത്തിയാക്കുക. ആഗോളതലത്തിൽ മുന്നിൽനിൽക്കുന്ന കാൽനട യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യ പദ്ധതിയായിരിക്കും ആർ.ടി.എ. യുടെ ദുബായ് വാക്ക് മാസ്റ്റർ പ്ലാൻ. 110 നടപ്പാലങ്ങളും അണ്ടർപാസുകളും പദ്ധതിയിൽ ഉൾപ്പെടും. 2025-ൽ 16 ശതമാനമുള്ള കാൽനടപ്പാതകൾ 2040 ആകുമ്പോഴേക്കും 25 ശതമാനമായി വർധിപ്പിക്കുംവിധമാണ് പദ്ധതി പൂർത്തീകരണം. ഹിസ്റ്റോറിക് അൽ റാസ് വാക്ക്‌വേ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പൈതൃകസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ‘ഹിസ്റ്റോറിക് അൽ റാസ് വാക്ക്‌വേ’ ആണ് പ്രധാനം. അൽ അഹ്‌മദിയ സ്‌കൂൾ, ശൈഖ് സയീദ് അൽ മക്തൂംഹൗസ്, അൽറാസ് പബ്ലിക് ലൈബ്രറി, അൽ ഫാഹിദി ഫോർട്ട്, അൽ ഷിന്ദഗ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് ഉൾപ്പെടെ പ്രധാന സാംസ്‌കാരിക, ചരിത്ര അടയാളങ്ങൾ പദ്ധതിയുടെ ഭാഗമാക്കും. 'പൈതൃക പാത' നിർമിച്ചുകൊണ്ടായിരിക്കും ഇവയുടെ സംരക്ഷണം ഉറപ്പാക്കുക. വിശാലമായ നടപ്പാതകളിൽ തണലുകൾ, ഇരിപ്പിടങ്ങൾ, വഴികാട്ടാൻ സംവിധാനങ്ങൾ എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുമായി സഹകരിച്ച് അൽറാസിനുള്ളിലെ കലാപരമായ ഇടങ്ങൾ നവീകരിക്കുകയും ചെയ്യും. പൊതുഗതാഗതസംവിധാനങ്ങളായ മെട്രോ, ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളുമായി അൽ റാസ് വാക്ക്‌വേ ബന്ധിപ്പിക്കും. സ്മാർട്ട് മൊബിലിറ്റി സേവനങ്ങൾ, ഡിജിറ്റൽ വേഫൈൻഡിങ്, സംയോജിത നാവിഗേഷൻ സംവിധാനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി തത്സമയവിവരങ്ങൾ അറിയാനുള്ള സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. കാൽനടയാത്രക്കാർക്കുള്ള സുഖസൗകര്യങ്ങളുടെ ഭാഗമായി ഷേഡിങ്, മിസ്റ്റിങ് സംവിധാനങ്ങൾ, ഗ്രീൻ കോറിഡോറുകൾ എന്നിവയുമുണ്ടാകും, അതുവഴി കാലാവസ്ഥാവ്യതിയാനം തിരിച്ചറിയാനും സാധിക്കും. നടപ്പാതകളിൽ ചുമർച്ചിത്രങ്ങൾ, ശില്‌പങ്ങൾ, കലാ ഇൻസ്റ്റലേഷനുകൾ എന്നിവയടക്കം വിപുലമായ വാസ്തുവിദ്യരീതികളും വർണവെളിച്ചങ്ങളിൽ അവതരിപ്പിക്കും. താമസകേന്ദ്രങ്ങളെ വാണിജ്യ, സാംസ്കാരിക, ഗതാഗതശൃംഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഏകീകൃത നഗരഘടന സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പൊതുവായ ലക്ഷ്യം. വിനോദസഞ്ചാരമേഖലയും പദ്ധതിയിലൂടെ അഭിവൃദ്ധിപ്പെടുമെന്നാണ് കണക്കാക്കുന്നത്.

6,000 കിലോമീറ്ററിലേറെ നടപ്പാതകളുമായി ദുബായ് വാക്ക് പദ്ധതി
M
MathrubhumiSource Link
about 2 months ago