കണ്ണൂർ: മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ സി.പി.എം. ഭരിക്കുന്ന മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാരും ആറു സെക്രട്ടറിമാരുമുൾപ്പെടെ 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. 2007 മുതൽ 2012 വരെ അഡൂർ, കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻകടവ് എന്നിവിടങ്ങളിൽനിന്ന് മണലെടുത്ത കേസിലാണ് സി.പി.എം. നേതാക്കളായ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും പൂഴിത്തൊഴിലാളി കമ്മിറ്റി ഭാരവാഹികളുമായവർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. മണലെടുക്കാനുള്ള കടവ് കമ്മിറ്റികൾക്ക് പകരം പൂഴിത്തൊഴിലാളി കമ്മിറ്റികളുണ്ടാക്കിയാണ് അഞ്ചുവർഷക്കാലം കൊള്ള നടത്തിയത്. നിയമവിധേയമല്ലാതെ സ്വകാര്യ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച പൂഴിത്തൊഴിലാളി കമ്മിറ്റികളാണ് മണൽവാരലും വില്പനയുമടക്കം കൈകാര്യം ചെയ്തിട്ടുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തിയത്. To advertise here, മലപ്പട്ടം സർവീസ് സഹകരണ ബാങ്കിൽ അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റി തുറന്ന നാല് അക്കൗണ്ടിലായി 8,33,18,974 രൂപയാണ് എത്തിയത്. എന്നാൽ, അതേ കാലത്തെ മലപ്പട്ടം പഞ്ചായത്തിലെ മണൽ വിറ്റുവരവ് രജിസ്റ്ററിൽ 2,07,11,971 രൂപയുടെ പൂഴി മാത്രമാണ് വിറ്റതായി കാണിച്ചത്. അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റികൾ വഴി മണൽ വിറ്റ് 6,26,07,003 രൂപയുടെ നഷ്ടം പഞ്ചായത്തിനും സർക്കാറിനും വരുത്തിവെച്ചെന്നും പ്രതികൾ പരസ്പരം അന്യായമായ നേട്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മണൽവില്പനയുടെ മറവിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്നതായി അറിഞ്ഞിട്ടും സെക്രട്ടറിമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ക്ലാർക്കുമാരും കടവ് വാച്ച്‌മാൻമാരും അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റിയുടെ ഭാരവാഹികളും ഗൂഢാലോചന നടത്തി മണൽക്കടവുകളിൽനിന്ന് നിയമവിരുദ്ധമായി ശേഖരിച്ച് മണൽ വിൽക്കാൻ അവസരമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ അവരുടെ ചുമതല നിർവഹിച്ചില്ലെന്നും വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കോവുന്തല കൂടാരംവീട്ടിൽ കെ.സി.അനിൽകുമാർ (58), അടിച്ചേരി ചിറ്റിക്കുന്നോൻ വീട്ടിൽ സി.സുധാമണി (54) എന്നിവരാണ് കേസിൽ ഉൾപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ. ഇവർ പ്രതികൾ 01. കൂട്ടുംമഖം കാവുമ്പായി അരുണിമയിൽ ടി.പി.സഹദേവൻ (65) (ഇപ്പോൾ താമസം കുറുമാത്തൂർ ഇയ്യൂർ മധുരിമയിൽ) 2007 ഏപ്രിൽ ഒന്ന് മുതൽ മേയ് 16 വരെ മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറി. 02. ആലപ്പുഴ ഹരിപ്പാട് വാര്യം ആനന്ദഭവനത്തിൽ ജി.എസ്.ശ്രീലേഖ (58)- 2007 മേയ് 21 മുതൽ 2008 മേയ് 20 വരെ സെക്രട്ടറി. 03. പടിയൂർ പുത്തൻപറമ്പ് മിഥുൻ നിവാസിൽ കെ.പി.രാമകൃഷ്ണൻ (71)- 2008 മേയ് മുതൽ 2011 മാർച്ച് 31 വരെ സെക്രട്ടറി. 04. മലപ്പട്ടം ചൂളിയാട് കരുവാൻ ഹൗസിൽ കെ.നാരായണൻ (63). മണൽവാരലും വിൽപ്പനയും വിഭാഗത്തിന്റെ ചുമതലയുള്ള യു.ഡി. ക്ലാർക്കായും 2011 ഏപ്രിൽ ഒന്ന് മുതൽ ജൂലായ് മൂന്ന് വരെ സെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 05. കോഴിക്കോട് മേരിക്കുന്ന് തിയേറ്റർ റോഡ് സ്മരണയിൽ എം.മധുസൂദനൻ (52). നിലവിൽ കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി. 2011 ജൂലായ് നാല് മുതൽ ഡിസംബർ നാല് വരെ മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി. 06. മലപ്പട്ടം നായനാർ ഹൗസിൽ ടി.പി.ഉണ്ണികൃഷ്ണൻ (58). 2007 മേയ് 17 മുതൽ 20 വരെ സെക്രട്ടറിയുടെ അധിക ചുമതല. 2011 ഡിസംബർ രണ്ട് മുതൽ 2016 ഫെബ്രുവരി ഒന്ന് വരെ സെക്രട്ടറി. 07. കോവുന്തല കൂടാരം വീട്ടിൽ കെ.സി.അനിൽകുമാർ (58). ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും നിയമപ്രകാരമുള്ള കടവുകമ്മിറ്റികളുടെ ചെയർമാനായും 2000 മുതൽ 2010 വരെ പ്രവർത്തിച്ചു. 08. അടിച്ചേരി ചിറ്റിക്കുന്നോൻ വീട്ടിൽ സി.സുധാമണി (54). 2010 മുതൽ 2015 വരെ മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്. 09. ചൂളിയാട് കടവ് സൂപ്പർവൈസർ അഡുവാപ്പുറം ചൂളിയാട് കൊയ്യോട് പുതിയപുരയിൽ കെ.പി.രമേശൻ (58). 10. പരിപ്പൻ കടവ് സൂപ്പർവൈസർ കാപ്പാട്ടുകുന്ന് ആലോട്ടിൽ ഹൗസിൽ എം.പി.അബ്ദുൾ മജീദ് (59). 11. ഒണക്കുകണ്ടം കടവ് സൂപ്പർവൈസർ അടിച്ചേരി കാന്തപ്രത്ത് കുറ്റിയട് ഹൗസിൽ കെ.കെ.ദാമോദരൻ (68). 12. അഡൂർ തൈക്കടവ് സൂപ്പർവൈസർ അഡൂർ വേങ്ങേരി വീട്ടിൽ വി.രവീന്ദ്രൻ (61). 13.അഡൂർ പൂഴിത്തൊഴിലാളി കമ്മിറ്റി മുൻ പ്രസിഡന്റുമാരായ അഡൂർ അമ്പിലോത്ത് വീട്ടിൽ എ.നാരായണൻ (70). 14. പടപ്പക്കരി കൃഷ്ണനിവാസിൽ കെ.കെ.കുഞ്ഞികൃഷ്ണൻ (84). 15. അടിച്ചേരി കണ്ടത്തിൽ വീട്ടിൽ കെ.വി.സുധാകരൻ (57). 16. കൊവുന്തല പയ്യൻ പുത്തൻവീട്ടിൽ പി.പി.മാധവൻ (72). 17. അഡൂർ കോവുന്തല (ഒണക്കുകണ്ടം) പൂഴിത്തൊഴിലാളി കമ്മിറ്റി മുൻ കൺവീനർമാരായ മലപ്പട്ടം കൊവുന്തല മഞ്ഞേരിവീട്ടിൽ സി.കെ.ഷാജി (53). 18. കളംകണ്ടിയിൽ ഹൗസിൽ കെ.കെ.അസീസ് (57). 19. ചൂളിയാട് പൂഴിത്തൊഴിലാളി കമ്മിറ്റി മുൻ പ്രസിഡന്റുമാരായ മലപ്പട്ടം അടുവാപ്പുറം കാലിക്കര വീട്ടിൽ കെ.നാരായണൻ (75). 20. രാമപുരം ഹൗസിൽ എം.എം.സജിത്ത് (47), 21. കോയാടൻ കോറോത്ത് വീട്ടിൽ കെ.കെ.ഗോപാലൻ (84). 22. 2006 നവംബർ 16 മുതൽ 2011 മേയ് 31 വരെ മണൽവാരലും വിൽപ്പനയും വിഭാഗം കൈകാര്യം ചെയ്തിരുന്ന സീനിയർ ക്ലാർക്ക് മേൽപ്പറമ്പ ചന്ദ്രത്തിൽ വീട്ടിൽ പുരുഷോത്തമൻ ചന്ദ്രത്തിൽ (57). 23. 2011 ജൂൺ മുതൽ 2012 ജൂലായ് വരെ മണൽവാരലും വിൽപ്പനയും വിഭാഗം കൈകാര്യം ചെയ്തിരുന്ന സീനിയർ ക്ലാർക്കും ഇപ്പോൾ ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ ഉദയഗിരി പ്ലാവിൻകീഴിൽ പി.യു.താഹിറ (45). നദീതീര സംരക്ഷണ നിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചു മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ, കേരള നദീതീര സംരക്ഷണനിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചാണ് മലപ്പട്ടത്തെ സി.പി.എം. നേതാക്കൾ കൊള്ളനടത്തിയതെന്ന് വിജിലൻസ് കുറ്റപത്രം വ്യക്തമാക്കുന്നു. 2002-ലെ നിയമപ്രകാരം ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലെ പുഴകളിൽനിന്ന് മണൽ വിലനിശ്ചയിച്ച് വിൽക്കുന്നതിനുള്ള അധികാരം അതത് പഞ്ചായത്തുകൾക്കാണ്. വിലനിർണയം, അളവ്, കടവുകളുടെ സുരക്ഷ എന്നിവ നോക്കേണ്ടത് കടവ് കമ്മിറ്റികളാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പ്രദേശത്തെ അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് ഓഫീസർ എന്നിവർ അനൗദ്യോഗിക അംഗങ്ങളായും പ്രവർത്തിക്കും. കളക്ടർ നാമനിർദേശം ചെയ്യുന്ന രണ്ട് പരിസ്ഥിതി പ്രവർത്തകരും അംഗങ്ങളായിരിക്കണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടവ് കമ്മിറ്റിയുടെ ചെയർമാനായും സെക്രട്ടറി കൺവീനറായും പ്രവർത്തിക്കണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ അഡൂർ കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻ കടവ് എന്നിവിടങ്ങളിൽനിന്ന് മണലെടുക്കുന്നതിന് കടവുകമ്മിറ്റികൾ എന്ന ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്തു. സമാന്തരവും നിയമവിധേയമവുമല്ലാത്തതും സ്വകാര്യവ്യക്തികളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റികളാണ് മണൽവാരലും വിൽപ്പനയുമടക്കം ചെയ്തത്.

6.26 കോടിയുടെ മണൽക്കൊള്ള: സിപിഎം ഭരിക്കുന്ന മലപ്പട്ടം പഞ്ചായത്തിലെ 23പേർക്കെതിരെ കുറ്റപത്രം
M
MathrubhumiSource Link
17 days ago