കൊൽക്കത്ത: ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കടുത്ത പോരാട്ടത്തിൽ നാല് വിക്കറ്റിന് കൊൽക്കത്ത രാജസ്ഥാനെ കീഴടക്കി. രാജസ്ഥാൻ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ കെകെആർ മറികടന്നു. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ കൊൽക്കത്തയെ റിങ്കു സിങ്-അനുകുൾ റോയ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലെത്തിച്ചത്. റിങ്കു അർധസെഞ്ചുറിയോടെ തിളങ്ങി. To advertise here, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കത്തിൽ തന്നെ ഞെട്ടി. ആദ്യ പന്തിൽ തന്നെ ടിം സെയ്‌ഫേർട്ടിനെ ജൊഫ്ര ആർച്ചർ പുറത്താക്കി. രണ്ടാം ഓവറിൽ അജിൻക്യ രഹാനെയും(0) മടങ്ങിയതോടെ കൊൽക്കത്ത 5-2 എന്ന നിലയിലായി. ശേഷം കാമറൂൺ ഗ്രീനാണ് കൊൽക്കത്തയ്ക്കായി പൊരുതിയത്. വെടിക്കെട്ടോടെ കളം നിറഞ്ഞ ഗ്രീൻ 13 പന്തിൽ നിന്ന് 27 റൺസെുത്തു. പിന്നാലെ ആംഗ്രിഷ് രഘുവംശിയും(10) കൂടാരം കയറിയതോടെ കൊൽക്കത്ത അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. ഏഴോവറിൽ ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു. കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ ബൗളർമാർ വിക്കറ്റെടുത്തതോടെ മത്സരം കടുത്തു. പിന്നീട് റോവ്മാൻ പവലാണ് കെകെആർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ താരത്തിന് 23 റൺസ് മാത്രമേ നേടാനായുള്ളൂ. ആറാം വിക്കറ്റിൽ ഒന്നിച്ച രമൺദീപ് സിങ്ങും റിങ്കു സിങ്ങും ചേർന്നാണ് പിന്നീട് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. ആ കൂട്ടുകെട്ടും അധികം മുന്നോട്ടുപോകാതിരുന്നതോടെ കൊൽക്കത്ത പരാജയം മണത്തു. രമൺദീപ് സിങ് പത്ത് റൺസെടുത്ത് പുറത്തായി. എന്നാൽ ഏഴാം വിക്കറ്റിൽ അനുകുൾ റോയ്‌യെ കൂട്ടുപിടിച്ച് റിങ്കു സിങ് നടത്തിയ പോരാട്ടം ടീമിന് ജയപ്രതീക്ഷ തിരികെ കൊണ്ടുവന്നു. 15 ഓവറിൽ 97 റൺസായിരുന്നു കെകെആർ സ്‌കോർ. പിന്നീട് റിങ്കുവും അനുകുളും ചേർന്ന് ശ്രദ്ധയോടെ ബാറ്റേന്തി. 16-ാം ഓവറിൽ 19 റൺസും 17-ാം ഓവറിൽ 12 റൺസും ഇരുവരും ചേർന്ന് അടിച്ചെടുത്തതോടെ കൊൽക്കത്ത ക്യാംപ് ആവേശത്തിലായി. അവസാന രണ്ടോവറിൽ 21 റൺസാണ് വേണ്ടിയിരുന്നത്. ആർച്ചർ എറിഞ്ഞ 19-ാം ഓവറിൽ 12 റൺസ് പിറന്നതോടെ അവസാന ഓവറിലെ ലക്ഷ്യം ഒൻപത് റൺസായി ചുരുങ്ങി. ബ്രിജേഷ് ശർമയുടെ ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച് റിങ്കു സിങ് സ്‌കോർ തുല്യമാക്കി. നാലാം പന്ത് അതിർത്തികടത്തിയ റിങ്കു അർധസെഞ്ചുറി തികച്ച് ടീമിനെ ജയത്തിലെത്തിച്ചു. റിങ്കു 34 പന്തിൽ നിന്ന് 53 റൺസും അനുകുൾ16 പന്തിൽ നിന്ന് 29 റൺസുമെടുത്തു. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം തുടർന്ന കൗമാരതാരം വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് രാജസ്ഥാന് സമ്മാനിച്ചത്. പതിയെ കളി തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറുകയായിരുന്നു. മൂന്നോവറിൽ 20 റൺസ് മാത്രമാണ് രാജസ്ഥാൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. ആ ഘട്ടത്തിൽ വൈഭവ് എട്ട് പന്തിലെടുത്തത് 11 റൺസാണ്. എന്നാൽ നാലാം ഓവർ മുതൽ വൈഭവ് ട്രാക്ക് മാറ്റി. ബൗണ്ടറികൾ കൊണ്ട് താരം സ്‌കോറുയർത്തി. നാലാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ താരം അഞ്ചാം ഓവറിൽ സുനിൽ നരെയ്‌നെ ഒരുതവണ അതിർത്തി കടത്തി. യശസ്വി ജയ്‌സ്വാളും ഒപ്പം ചേർന്നതോടെ ടീം ആറോവറിൽ 63-ലെത്തി. ഒൻപതാം ഓവറിൽ വൈഭവ് പുറത്തായെങ്കിലും ധ്രുവ് ജുറെലിനെ ഒരുവശത്ത് നിർത്തി ജയ്‌സ്വാൾ ടീമിനെ മുന്നോട്ടുനയിച്ചു. 28 പന്തിൽ നിന്ന് 46 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. ശേഷം ജയ്‌സ്വാൾ മിന്നിയതോടെ ടീം പത്തോവറിൽ 95-1 എന്ന നിലയിലായിരുന്നു. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത തിരിച്ചുവന്നു. ജുറെൽ അഞ്ച് റൺസെടുത്തും ജയ്‌സ്വാൾ 29 പന്തിൽ നിന്ന് 39 റൺസെടുത്തും കൂടാരം കയറി. വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ക്യാപ്റ്റൻ പരാഗ്(12), ഡൊണോവൻ ഫെരെയ്‌ര(7) എന്നിവരും പുറത്തായതോടെ രാജസ്ഥാൻ 18 ഓവറിൽ 144-5 എന്ന നിലയിലായിരുന്നു. 19-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കാർത്തിക് ത്യാഗി കത്തിക്കയറിയതോടെ രാജസ്ഥാൻ തകർന്നടിഞ്ഞു. രവീന്ദ്ര ജഡേജ(9), ഹെറ്റ്മയർ(15), രവി ബിഷ്‌ണോയ് എന്നിവരെയാണ് കാർത്തിക് മടക്കിയത്. ഒടുക്കം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് രാജസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചു. വരുൺ ചക്രവർത്തിയും കാർത്തിക് ത്യാഗിയും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ സുനിൽ നരെയ്ൻ രണ്ട് വിക്കറ്റെടുത്തു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്താണ് വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തത്. Content Highlights: Kolkata Knight Riders vs Rajasthan Royals ipl match Published: 19 Apr 2026, 07:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

85ന് 6,എന്ന നിലയിൽനിന്ന് അടിച്ചുകയറി വന്ന് കൊൽക്കത്ത; സിക്സർ ഫിനിഷോടെ റിങ്കു, രാജസ്ഥാന് തോൽവി
M
MathrubhumiSource Link
20 days ago