തൃശ്ശൂർ: വിദ്യാർഥികൾക്കിടയിൽ ആശങ്ക പരന്ന സാഹചര്യത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വ്യക്തത വരുത്താൻ സംസ്ഥാനതല മോണിറ്ററിങ് സമിതി സർവകലാശാലകൾക്ക് ശുപാർശ നൽകി. ഇന്റേൺഷിപ്പ് എപ്പോൾ പൂർത്തിയാക്കണം, ഏതൊക്കെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പുകളാവാം തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ മാർഗനിർദേശമിറക്കാനാണ് ശുപാർശ. To advertise here, നാലാം സെമസ്റ്റർ വിദ്യാർഥികൾ ഈ വേനലവധിക്കാലത്ത് ഇന്റേൺഷിപ്പ് ചെയ്യണമെന്ന നിർദേശമാണ് നേരത്തേയുണ്ടായിരുന്നത്. പതിനായിരക്കണക്കിന് കുട്ടികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സ്ഥാപനങ്ങൾ കണ്ടെത്താനാവാത്തതാണ് പ്രതിസന്ധിയായത്. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരീക്ഷകളടക്കം പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ടെന്നും ഇന്റേൺഷിപ്പ് ചെയ്യാൻ വിദ്യാർഥികൾക്ക് പരമാവധി സമയം അനുവദിക്കണമെന്നുമാണ് പ്രധാന ശുപാർശ. ഇതനുസരിച്ച് വിദ്യാർഥികൾ അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് മുൻപായി മാത്രം (സർവകലാശാല റെഗുലേഷൻ പ്രകാരം) ഇന്റേൺഷിപ്പ് പൂർത്തീകരിച്ചാൽമതി. കുറഞ്ഞത് 90 മണിക്കൂറോ 15 ദിവസമോ ഇന്റേൺഷിപ്പ് ചെയ്യണം. നാലാംസെമസ്റ്ററിനുശേഷമുള്ള വേനലവധിയിലോ അഞ്ചാംസെമസ്റ്ററിന്റെ കൂടെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്തിയോ ഇത് പൂർത്തിയാക്കാം. മേജർ, മൈനർ, ഇന്റർഡിസിപ്ലിനറി, അനുബന്ധവിഷയങ്ങളിലും താത്‌പര്യമുള്ള മറ്റുമേഖലകളിലും ഇന്റേൺഷിപ്പ് ചെയ്യാവുന്നതാണ്. കേരള സ്റ്റേറ്റ് ഹയർഎജ്യുക്കേഷൻ കൗൺസിലിന്റെ പോർട്ടലിൽ (https://internshipkerala.org/) രജിസ്റ്റർചെയ്ത സ്ഥാപനങ്ങളിലോ സംഘടനകളിലോ സ്ഥലങ്ങളിലോ ഇന്റേൺഷിപ്പ് ചെയ്യാം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഇന്റേൺഷിപ്പ് അവസരങ്ങളും ഈ പോർട്ടൽ വഴി ലഭ്യമാവും. കോളേജുകൾക്കും വിദ്യാർഥികൾക്കും നേരിട്ടും സ്ഥാപനങ്ങൾ കണ്ടെത്താം. സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുണ്ടാവണം. എന്നാൽ, മറ്റു അവസരം ലഭിക്കാത്തപക്ഷം, സ്റ്റാർട്ട് അപ്പ് സംരംഭങ്ങളും 10 വർഷ പ്രവൃത്തിപരിചയമില്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലും ഇന്റേൺഷിപ്പ് ചെയ്യാം. സംസ്ഥാന, കേന്ദ്രസർക്കാർ ഏജൻസികളുടെ സഹായത്തോടെ സജ്ജമാക്കിയ സെൻറേഴ്സ് ഓഫ് എക്സലൻസ് അല്ലെങ്കിൽ ലബോറട്ടറികൾ എന്നിവയിലും ഇന്റേൺഷിപ്പ് അവസരമുണ്ട്. അംഗീകൃതമായ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ (മറ്റു കോളേജുകൾ ഉൾപ്പെടെ), സർവകലാശാല വകുപ്പുകൾ, ഗവേഷണ ലബോറട്ടറികൾ, അല്ലെങ്കിൽ വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണ ഇന്റേൺഷിപ്പ് ചെയ്യാം.

90 മണിക്കൂർ അല്ലെങ്കിൽ 15 ദിവസം; ബിരുദ ഇന്റേൺഷിപ്പിന് പുതിയ നിബന്ധനകൾ
M
MathrubhumiSource Link
about 1 month ago