കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് യു.ഡി.എഫ്. നൂറിലധികം സീറ്റുകളുമായി അധികാരം പിടിച്ചെടുക്കുമ്പോൾ, പത്തുവർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം എൽ.ഡി.എഫ്. മുപ്പത്തഞ്ചോളം സീറ്റുകളിലേക്ക് നിലംപൊത്തിയിരിക്കുകയാണ്. എന്നാൽ ഈ വലിയ തരംഗത്തിനിടയിൽ നിശബ്ദമായി സംഭവിച്ച മറ്റൊരു വൻതകർച്ചയുണ്ട് - അതാണ് സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 എന്ന 'ബദൽ പ്രസ്ഥാനം'. To advertise here, പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളിൽ വിരക്തരായ ജനങ്ങൾക്കുമുന്നിൽ ഒരു സ്വപ്നമായി അവതരിച്ച ട്വന്റി-20, വികസനവും ബദലും ഉയർത്തിക്കാട്ടി 2021-ൽ എറണാകുളത്ത് തീർത്തത് ഒരു സുനാമിയായിരുന്നു. കുന്നത്തുനാടും കിഴക്കമ്പലവും കടന്ന് എറണാകുളത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും നിർണായക ശക്തിയായി മാറിയ പാർട്ടി, ഇത്തവണ എൻ.ഡി.എ. പാളയത്തിൽ ചേക്കേറിയതോടെ പതനത്തിന് തുടക്കംകുറിച്ചു. രണ്ടു പാർട്ടികൾ ഒന്നിക്കുമ്പോൾ ഇരട്ടി കരുത്താകുമെന്ന കണക്കുകൂട്ടലുകൾ ഗണിതംവെച്ച് നോക്കുമ്പോൾ ശരിയായിരിക്കും. പക്ഷേ, രാഷ്ട്രീയ ഗണിതത്തിൽ എപ്പോഴും അത് നേട്ടമാകില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എറണാകുളത്തെ തിരഞ്ഞെടുപ്പ് ഫലം. ട്വന്റി-20 എന്ന സിംഹ ഗർജനം എങ്ങനെയാണ് വെറും മുരൾച്ചയായി മാറിയത് എന്ന് പരിശോധിക്കുകയാണിവിടെ. രാഷ്ട്രീയ ആത്മഹത്യ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നണിയുടെ ഭാഗമായത് ട്വന്റി-20ക്ക് രാഷ്ട്രീയമായി, ആത്മഹത്യാപരമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-ൽ എറണാകുളത്തെ നിർണായക ശക്തിയായി മാറിയ പാർട്ടി, ഇത്തവണ ബി.ജെ.പി.ക്കൊപ്പമുള്ള മത്സരത്തിൽ അന്ന് നേടിയ വോട്ടുകളുടെ അടുത്തുപോലും എത്തുന്നതിൽ പരാജയപ്പെട്ടു. കോട്ടയിൽ വിള്ളൽ ട്വന്റി-20യുടെ ഹൃദയഭൂമിയായ കുന്നത്തുനാടാണ് ഈ തകർച്ചയുടെ ഏറ്റവും വലിയ ഉദാഹരണം. 2021-ൽ ഒരു മുന്നണിയുടെയും സഹായമില്ലാതെ മത്സരിച്ച ട്വന്റി-20 സ്ഥാനാർഥി ഡോ. സുജിത് പി. സുരേന്ദ്രൻ 42,701 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തെത്തിയെങ്കിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മുൾമുനയിൽ നിർത്താൻ അന്ന് അവർക്ക് സാധിച്ചു. എന്നാൽ 2026-ൽ ബി.ജെ.പി സഖ്യത്തിൽ മത്സരിച്ച ബാബു ദിവാകരന് ലഭിച്ചത് 40,221 വോട്ടുകൾ മാത്രമാണ്. അന്ന് ഒറ്റക്ക് നേടിയതുപോലും ബി.ജെ.പി.യെ കൂട്ടുപിടിച്ച് നേടാനായില്ല. 2021-ൽ ഇവിടെ ബി.ജെ.പി.ക്ക് ലഭിച്ച 7,218 വോട്ടുകൾ കൂടി കണക്കിലെടുത്താൽ, സഖ്യം ഇവിടെ അമ്പതിനായിരത്തിന് മുകളിൽ വോട്ട് നേടേണ്ടതായിരുന്നു. പകരം ട്വന്റി-20ക്ക് സ്വന്തം വോട്ടുകൾ പോലും സംരക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയും പെരുമ്പാവൂരും: ചോരുന്ന വോട്ട് ബാങ്ക് തൃപ്പൂണിത്തുറയിൽ 2021-ൽ എൻ.ഡി.എ.യുടെ കെ.എസ്. രാധാകൃഷ്ണൻ ഒറ്റയ്ക്ക് നേടിയത് 23,756 വോട്ടുകളാണ്. എന്നാൽ ഇത്തവണ എൻ.ഡി.എ. ബാനറിൽ മത്സരിച്ചെങ്കിലും ട്വന്റി-20യുടെ അഞ്ജലി നായർക്ക് ലഭിച്ചത് 29,471 വോട്ടുകൾ മാത്രമാണ്. രണ്ട് പാർട്ടികളുടെയും വോട്ടുകൾ കൂട്ടിയാൽ കിട്ടേണ്ട വലിയ മാർജിൻ ഇവിടെ കണ്ടില്ല. പെരുമ്പാവൂരിലും സ്ഥിതി വിഭിന്നമല്ല. 2021-ൽ ചിത്രാ സുകുമാരൻ (ട്വന്റി 20) നേടിയത് 20,536 വോട്ടുകളാണ്. ബി.ജെ.പി.യുടെ ടി.പി. സിന്ധുമോൾ 15135 വോട്ടുകളും നേടി. ഇത്തവണ എൻ.ഡി.എ.യുടെ ഭാഗമായിട്ടും ട്വന്റി 20 സ്ഥാനാർഥി ജിബി പാത്തിക്കലിന് 22,497 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അങ്കമാലിയിൽ 2021-ൽ എൻ.ഡി.എ. മാത്രം നേടിയത് 8677 വോട്ടുകളായിരുന്നുവെങ്കിൽ ഇത്തവണ സഖ്യത്തിൽ പ്രോമി കുര്യാക്കോസിന് നേടാനായത് വെറും 9,893 വോട്ട് മാത്രമാണ്. സഖ്യം അടിത്തറ തോണ്ടിയോ? 2021-ലെ മാറ്റത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കാട്ടി ട്വന്റി-20 നേടിയെടുത്തത് വലിയൊരു വിഭാഗം സ്വതന്ത്ര വോട്ടർമാരെയും യുവാക്കളെയുമായിരുന്നു. എന്നാൽ ബി.ജെ.പി.യുമായുള്ള സഖ്യം ഈ 'അരാഷ്ട്രീയ' അല്ലെങ്കിൽ 'നിഷ്പക്ഷ' വോട്ടർമാരെ പാർട്ടിയോട് അകറ്റി എന്നുവേണം കരുതാൻ. കൊച്ചിയിൽ 2021-ൽ ട്വന്റി-20യുടെ ഷൈനി ആന്റണി 19,676 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ട്വന്റി-20 സ്ഥാനാർഥി സേവ്യർ ജൂലപ്പന് ലഭിച്ചത് 11,854 വോട്ട് മാത്രം. ഇതുതന്നെ ഈ അകൽച്ച വ്യക്തമാക്കുന്നുണ്ട്. തൃക്കാക്കരയിലും കോട്ടം തൃക്കാക്കരയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച അഖിൽ മാരാർക്ക് 21,424 വോട്ടുകൾ ലഭിച്ചു. എന്നാൽ 2021-ൽ ട്വന്റി-20 സ്ഥാനാർത്ഥി ഡോ. ടെറി തോമസ് മാത്രം 13,897 വോട്ടുകൾ ഇവിടെ നേടിയിരുന്നു. ബി.ജെ.പി. സ്ഥാനാർഥി എസ്. സജി 15,485 വോട്ടുകളും നേടി. ഇത് രണ്ടുംകൂടി കണക്കിലെടുക്കുമ്പോൾ സഖ്യത്തിന് കാര്യമായ കോട്ടമുണ്ടായി എന്ന് മനസ്സിലാക്കാം.

BJP സഖ്യം ട്വന്റി-20യുടെ അടിത്തറ തോണ്ടി; ഗർജനം വെറും മുരൾച്ചയായി, കോട്ടകളിൽ വലിയ വിള്ളൽ
M
MathrubhumiSource Link
about 2 hours ago
