JF17 മുതൽ ഹോർമുസ് കടലിടുക്ക് വരെ, എല്ലാം പൊള്ള; അടപടലം പരാജയപ്പെട്ട പാകിസ്താന്റെ 'പ്രമുഖ കരാറുകൾ'

JF17 മുതൽ ഹോർമുസ് കടലിടുക്ക് വരെ, എല്ലാം പൊള്ള; അടപടലം പരാജയപ്പെട്ട പാകിസ്താന്റെ 'പ്രമുഖ കരാറുകൾ'

M
MathrubhumiSource Link
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കടുത്ത സാഹചര്യത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള  പാകിസ്താൻ ഇടപെടലിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഒരു മധ്യസ്ഥന്റെ വേഷത്തിൽ കളംനിറയാൻ നോക്കിയ പാകിസ്താന് പക്ഷേ കാര്യമായി ഒന്നുംചെയ്യാനായില്ലെന്നു മാത്രമല്ല, വലിയ തിരിച്ചടികൾ നേരിടേണ്ടിവന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. To advertise here, പാകിസ്താൻ നടത്തുന്ന ഉയർന്ന തലത്തിലുള്ള പ്രഖ്യാപനങ്ങളും അവയുടെ പ്രായോഗിക പരാജയങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. പ്രതിരോധം, നയതന്ത്രം, സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര ശ്രദ്ധ നേടാനായി രാജ്യം നടത്തുന്ന പല അവകാശവാദങ്ങളും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ്‌ പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ജിഎഫ്-17 വിമാനങ്ങളുടെ വിൽപ്പന, പശ്ചിമേഷ്യയിലെ മധ്യസ്ഥശ്രമം, ഹോർമുസിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഇത്തരം തന്ത്രങ്ങൾ രാജ്യത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന്‌ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേവലം മാധ്യമപ്രചാരണങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ മിക്കപ്പോഴും പരാജയപ്പെടുകയാണ്. ഇറാനിലെ യുദ്ധം രൂക്ഷമാവുകയും പേർഷ്യൻ ഗൾഫിലെ പിരിമുറുക്കം ആഗോള ഊർജ്ജ-വ്യാപാര പ്രവാഹങ്ങളെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ, മേഖലയിൽ ഒരു നയതന്ത്ര-സാമ്പത്തിക ശക്തിയായി മാറാനായിരുന്നു പാകിസ്താന്റെ ശ്രമം. എന്നാൽ, പാകിസ്താൻ ഉദ്യോഗസ്ഥരുടെയും സർക്കാർ അനുകൂല മാധ്യമങ്ങളുടെയും സമീപകാല പ്രഖ്യാപനങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകുന്നതിലും അവ യാഥാർത്ഥ്യമാവുന്നതിൽ പരാജയപ്പെടുന്നതിലുമാണ് കലാശിക്കുന്നത്. ഈ വർഷം ആദ്യം മുതൽ നോക്കിയാൽ, യുഎസുമായും പ്രാദേശിക പങ്കാളികളുമായും സാമ്പത്തിക-പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉന്നതതല പദ്ധതികളെ പാകിസ്താൻ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ആവർത്തിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം ഉണ്ടാകാവുന്ന പുരോഗതിയേക്കാൾ ഉപരിയായി തങ്ങളുടെ സ്വാധീനം ലോകത്തിന് മുന്നിൽ കാണിക്കാൻ വേണ്ടി അവർ മനഃപൂർവം ഉണ്ടാക്കിയെടുത്തവയാണ് ഈ പ്രഖ്യാപനങ്ങളെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രധാനമായും അഞ്ച് മാർഗങ്ങളിലൂടെയാണ് പാകിസ്താൻ തങ്ങളുടെ പ്രതിച്ഛായ മാറ്റാൻ ശ്രമിച്ചത്. JF17 യുദ്ധവിമാന കരാറുകൾ, റൂസ്‌വെൽറ്റ് ഹോട്ടൽ എം.ഒ.യു., ക്രിപ്റ്റോ കറൻസി പങ്കാളിത്തം, പശ്ചിമേഷ്യയിലെ മധ്യസ്ഥത, ഹോർമുസിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട അവകാശവാദം എന്നിവയായിരുന്നു പാകിസ്താന്റെ കൈയിലുണ്ടായിരുന്ന തുറുപ്പുചീട്ടുകൾ. അവ ഓരോന്നും എന്തായിരുന്നുവെന്നും എങ്ങനെ അവ പരാജയപ്പെട്ടുവെന്നും പരിശോധിക്കാം. 1, JF17 യുദ്ധവിമാന കരാറുകൾ: ബംഗ്ലാദേശിന് JF17 യുദ്ധവിമാനങ്ങൾ വിൽക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ അന്താരാഷ്ട്രതലത്തിൽ വലിയ താൽപര്യമുണ്ടെന്നും വായ്പകൾക്ക് പകരമായി ഇവ കൈമാറാൻ ചർച്ചകൾ നടക്കുന്നുണ്ട് എന്നുമായിരുന്നു പാകിസ്താന്റെ അവകാശവാദം. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയ പുരോഗതിയുണ്ട് എന്ന് കാണിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. എന്നാൽ, ഈ കരാറുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക കരാറുകൾ ഒപ്പിട്ടിട്ടില്ലെന്നും പാകിസ്താന് പുറത്തുള്ള രാജ്യങ്ങളോ വിവരശേഖരണ വിഭാഗങ്ങളോ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2, റൂസ്‌വെൽറ്റ് ഹോട്ടൽ എം.ഒ.യു (MoU): പാകിസ്താന്റെ ഉടമസ്ഥതയിലുള്ള റൂസ്‌വെൽറ്റ് ഹോട്ടൽ ഉൾപ്പെടെയുള്ള വസ്തുവകകളുടെ വികസനത്തിനായി ഫെബ്രുവരിയിൽ പാകിസ്താൻ യുഎസ് ജനറൽ സർവീസസ് അഡ്മിനിസ്‌ട്രേഷനുമായി ഒരു ധാരണാപത്രം ഒപ്പിട്ടു. റിയൽ എസ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് സ്റ്റീവ് വിറ്റ്‌കോഫിന്റെ പങ്കാളിത്തമുള്ള ഈ നീക്കത്തെ ട്രംപ് കാലഘട്ടത്തിലെ വലിയൊരു സാമ്പത്തിക മുന്നേറ്റമായാണ് പാകിസ്താൻ മാധ്യമങ്ങൾ ചിത്രീകരിച്ചത്. എന്നാൽ, ഇതിലും ഇതുവരെയും ശ്രദ്ധേയമായ ഒരു പുരോഗതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 3, ക്രിപ്റ്റോകറൻസി പങ്കാളിത്തം: ട്രംപ് കുടുംബവുമായി ബന്ധമുള്ള വേൾഡ് ലിബർട്ടി ഫിനാൻഷ്യലുമായി (World Liberty Financial) സഹകരിക്കുന്ന എസ്സി ഫിനാൻഷ്യൽ ടെക്‌നോളജീസുമായി (SC Financial Technologies) ചേർന്നാണ് പാകിസ്താൻ ഈ പങ്കാളിത്തം പ്രഖ്യാപിച്ചത്. അതിർത്തി കടന്നുള്ള ഡിജിറ്റൽ ഇടപാടുകൾക്കായി പാകിസ്താൻ ഈ കമ്പനിയുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് മാധ്യമങ്ങളിൽ ഈ വാർത്ത വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. എന്നാൽ, എല്ലായ്‌പ്പോഴത്തെയും പോലെ, പ്രഖ്യാപനത്തിന് ശേഷം ഈ സംരംഭത്തിൽ ശ്രദ്ധേയമായി ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്ക് വലിയ സ്വീധാനമുണ്ട് എന്ന് വരുത്തിത്തീർക്കാൻ പാകിസ്താൻ പ്രയോഗിക്കുന്ന രീതിയാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. 4, പശ്ചിമേഷ്യയിലെ മധ്യസ്ഥത: ഗൾഫ് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുള്ള രാജ്യത്തിന്റെ താൽപര്യം റോയിട്ടേഴ്സ്, ഫിനാൻഷ്യൽ ടൈംസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പാകിസ്താൻ വാർത്തകളായി നൽകിയിരുന്നു. ഈ മധ്യസ്ഥതാ ചർച്ചകൾ സുഗമമാക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്താൻ സന്ദർശിക്കുമെന്നും പാക് അധികൃതർ സൂചിപ്പിച്ചിരുന്നു. എന്നാൽ, അത്തരം സന്ദർശനങ്ങളൊന്നും നടന്നില്ല എന്നുമാത്രമല്ല, ഇതോടെ പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങൾ പ്രായോഗികതലത്തിൽ പരാജയപ്പെടുകയും ചെയ്തു. ഗൾഫ് മേഖലയിലെ പ്രതിസന്ധി ഘട്ടത്തിൽ ഒരു പ്രധാന നയതന്ത്ര ശക്തിയായി മാറാൻ പാകിസ്താൻ ആഗ്രഹിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ, കാര്യങ്ങൾ കൃത്യമായി പിന്തുടരുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉണ്ടായ വീഴ്ചകൾ ഈ മധ്യസ്ഥ ശ്രമങ്ങൾ വാർത്തകളിൽ മാത്രം ഒതുങ്ങിപ്പോകാൻ കാരണമായി. 5, ഹോർമുസിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട അവകാശവാദം: പാകിസ്താന്റെ പതാക വഹിക്കുന്ന 20 കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ അനുമതി നൽകുമെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, മേഖലയിൽ വിന്യസിക്കാൻ വിരലിൽ എണ്ണാവുന്ന കപ്പലുകൾ മാത്രമേ പാകിസ്താന് ഉള്ളൂ എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് പാകിസ്താന്റെ പ്രഖ്യാപനങ്ങളും യഥാർത്ഥ പ്രവർത്തനക്ഷമതയും തമ്മിലുള്ള വലിയ അന്തരമാണ് വെളിവാക്കിയത്. ഈ സംഭവങ്ങളെല്ലാംതന്നെ പാകിസ്താന്റെ ഒരു സ്ഥിരം രീതിയെയാണ് പൊളിച്ചുകാട്ടുന്നത്. പശ്ചിമേഷ്യയിലെ രാജ്യങ്ങൾ വിശ്വസനീയമായ പങ്കാളികളെ തിരയുമ്പോൾ ഇത്തരം പൊള്ളയായ അവകാശവാദങ്ങൾ പാകിസ്താന്റെ വിശ്വാസ്യതയെ ചെറുതല്ലാത്ത വിധം ഇല്ലാതാക്കാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഫലങ്ങൾ നൽകാതെ മാധ്യമ പ്രചാരണങ്ങളിലൂടെയും ഉന്നതതല പ്രഖ്യാപനങ്ങളിലൂടെയും തങ്ങളുടെ സ്വാധീനം വെളിപ്പെടുത്താൻ ശ്രമിക്കുക എന്നത് പാകിസ്താന്റെ എല്ലായിപ്പോഴത്തെയും രീതിയാണ്. പ്രാദേശിക അശാന്തിക്കിടയിൽ തങ്ങളുടെ തന്ത്രപരമായ പ്രസക്തി നിലനിർത്താനാണ് ഈ നീക്കമെങ്കിലും, ഇത് അന്താരാഷ്ട്ര പങ്കാളികൾക്കിടയിൽ പാകിസ്താന്റെ വിശ്വാസ്യത തകർക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

JF17 മുതൽ ഹോർമുസ് കടലിടുക്ക് വരെ, എല്ലാം പൊള്ള; അടപടലം പരാജ… | Boolokam