ഇ ടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ രാഷ്ട്രീയ ചരിത്രം വഴിമാറുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, കേരളം ഉറ്റുനോക്കിയ ആവേശകരമായ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണു അട്ടിമറി വിജയം കരസ്ഥമാക്കിയിരിക്കുന്നു. 20000ത്തിൽ വോട്ടുകൾക്കാണ് വിജയം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന ഈ മണ്ണിൽ മാറ്റത്തിന്റെ കാറ്റ് വീശിയത് അപ്രതീക്ഷിതമല്ലെങ്കിലും, അതിന്റെ തീവ്രത രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. കാൽനൂറ്റാണ്ട് കാലം ചുവപ്പണിഞ്ഞുനിന്ന ഉടുമ്പൻചോലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ പുതിയൊരു അധ്യായം ഇവിടെ കുറിക്കപ്പെടുന്നു. To advertise here, ഉടുമ്പൻചോലയുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ 2001 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്. 1991-ലും 1996-ലും കോൺഗ്രസിലെ ഇ.എം. ആഗസ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നുവെങ്കിലും അതിനുശേഷം മണ്ഡലം യുഡിഎഫിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കെ.കെ. ജയചന്ദ്രനും എം.എം. മണിയും മാറിമാറി പ്രതിനിധീകരിച്ച ഈ മണ്ഡലം എൽഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ ചരിത്രപരമായ മേധാവിത്വത്തിനാണ് സേനാപതി വേണു എന്ന കരുത്തനായ സ്ഥാനാർത്ഥി വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഇടതുപക്ഷത്തിനൊപ്പം നിന്ന തോട്ടം തൊഴിലാളികളും കുടിയേറ്റ കർഷകരും ഇത്തവണ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്. സേനാപതി വേണുവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മധുരപ്രതികാരം കൂടിയാണ്. 2016-ൽ എം.എം. മണിക്കെതിരെ മത്സരിച്ച അദ്ദേഹം വെറും 1,109 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം പത്തു വർഷങ്ങൾക്കിപ്പുറം അദ്ദേഹം തിരിച്ചുപിടിച്ചിരിക്കുന്നു. 2021-ൽ എം.എം. മണി 38,305 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് ഇത്തരമൊരു വൻ അട്ടിമറി നടന്നിരിക്കുന്നത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. കഴിഞ്ഞ തവണത്തെ വൻ ഭൂരിപക്ഷം നൽകിയ ആത്മവിശ്വാസത്തിൽ മണ്ഡലം സുരക്ഷിതമാണെന്ന് കരുതിയ ഇടതുപക്ഷത്തിന് സേനാപതി വേണുവിന്റെ ജനകീയതയും പ്രവർത്തനശൈലിയും വലിയ വെല്ലുവിളിയായി. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വോട്ടർമാർക്കിടയിൽ സജീവമായി നിന്നതാണ് വേണുവിനെ വിജയത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൽ എൽഡിഎഫ് വരുത്തിയ മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായിട്ടുണ്ട്. ജനപ്രിയനായ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിയാണ് സിപിഎം സംസ്ഥാന നേതൃത്വം കെ.കെ. ജയചന്ദ്രനെ കളത്തിലിറക്കിയത്. മണിയാശാൻ മത്സരിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന ചർച്ചകൾ എൽഡിഎഫ് പ്രവർത്തകർക്കിടയിൽ തന്നെ നിലനിന്നിരുന്നു. മണിയെ മാറ്റിയതിലുള്ള അതൃപ്തി ഒരു വിഭാഗം ഇടതുപക്ഷ വോട്ടർമാരെ യുഡിഎഫിലേക്ക് അടുപ്പിച്ചുവെന്ന് വേണം കരുതാൻ. പരിചയസമ്പന്നനായ നേതാവായിട്ടും കെ.കെ. ജയചന്ദ്രന് മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ കഴിഞ്ഞില്ല. എൽഡിഎഫ് പാളയത്തിലുണ്ടായ ഈ അനിശ്ചിതത്വം യുഡിഎഫ് കൃത്യമായി വിനിയോഗിക്കുകയും തങ്ങളുടെ സംഘടനാ ശക്തി വർധിപ്പിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയ മണ്ഡലമായി ഉടുമ്പൻചോല മാറിയത് മാറ്റത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. 79.51 ശതമാനമെന്ന ഉയർന്ന പോളിങ് ശതമാനം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് യുഡിഎഫ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. പ്ലാന്റേഷൻ മേഖലകളിൽ സാധാരണയായി ഇടതുപക്ഷത്തിന് അനുകൂലമായി ഉണ്ടാകാറുള്ള ഉയർന്ന പോളിങ് ഇത്തവണ യുഡിഎഫിന് അനുകൂലമായ ഒരു തരംഗമായി മാറിയെന്നാണ് വിലയിരുത്തൽ. സർക്കാരിനെതിരായ രോഷം വോട്ടായി മാറുകയും അത് സേനാപതി വേണുവിന്റെ പെട്ടിയിൽ വീഴുകയും ചെയ്തു. കുടിയേറ്റ കർഷകർക്കിടയിലെ പ്രധാന പ്രശ്നമായ വന്യജീവി-മനുഷ്യ സംഘർഷമാണ് ഈ വിജയത്തിന്റെ പിന്നിലെ ഏറ്റവും വലിയ ഘടകമെന്ന് പറയാം. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണം മൂലം കൃഷി നശിക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സർക്കാർ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതിയും യുഡിഎഫ് വലിയ ആയുധമാക്കി. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന വോട്ടർമാരുടെ വിലയിരുത്തൽ ഫലത്തിൽ പ്രതിഫലിച്ചുവെന്നും യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ഭൂമി സംബന്ധമായ പട്ടയ പ്രശ്നങ്ങളും ഉടുമ്പൻചോലയിലെ കർഷകരെ ഭരണപക്ഷത്തിന് എതിരാക്കി. തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് നിയമപരമായ രേഖകൾ ലഭിക്കാത്തത് കർഷകർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിരുന്നു. പട്ടയം നൽകുന്നതിലെ കാലതാമസവും ചുവപ്പുനാടകളും വികസന നേട്ടങ്ങളുടെ ശോഭ കെടുത്തി. പട്ടയ വിതരണത്തിനായി സർക്കാർ നടത്തിയ ശ്രമങ്ങൾ ജനങ്ങളിലേക്ക് വേണ്ടത്ര എത്തിയില്ലെന്ന് മാത്രമല്ല, നിലവിലുള്ള സങ്കീർണതകൾ കർഷകരെ വലയ്ക്കുകയും ചെയ്തു. സ്വന്തം മണ്ണിൽ അവകാശമില്ലാത്ത കർഷകരുടെ വേദന തിരഞ്ഞെടുപ്പിൽ വോട്ടായി മാറിയെന്നും വിലയിരുത്തലുണ്ട്. മണ്ഡലത്തിലെ കുടിയേറ്റ കർഷക സമൂഹം ഇത്തവണ യുഡിഎഫിനൊപ്പം ഉറച്ചുനിന്നു. എൽഡിഎഫിനും യുഡിഎഫിനും ഇടയിൽ മുൻപ് വിഭജിക്കപ്പെട്ടിരുന്ന ഈ സ്വിംഗ് സെഗ്‌മെന്റ് ഇത്തവണ യുഡിഎഫിലേക്ക് ചായുകയായിരുന്നു. ഭൂമി സംബന്ധമായ പ്രശ്നങ്ങളും നിർമ്മാണ നിരോധനങ്ങളും ഈ വിഭാഗത്തെ വലിയ രീതിയിൽ അസ്വസ്ഥരാക്കിയിരുന്നു. യുവ വോട്ടർമാർക്കിടയിൽ എൽഡിഎഫിനുള്ള സ്വാധീനം മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണെന്ന രാഷ്ട്രീയ നിരീക്ഷണം ശരിയാണെന്ന് ഫലം തെളിയിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പോരായ്മകൾ യുഡിഎഫ് വലിയ ആയുധമാക്കി. പുതിയ തലമുറയുടെ ചിന്താഗതിയിൽ വന്ന മാറ്റം ഇടതുപക്ഷത്തിന്റെ കേഡർ വോട്ടുകളെപ്പോലും സ്വാധീനിച്ചു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മണ്ഡലത്തിൽ കുറഞ്ഞ 17,500 വോട്ടുകൾ എൽഡിഎഫിന് വിനയായി മാറി. ഇതിൽ ബഹുഭൂരിപക്ഷവും ഇരട്ട വോട്ടുകളായിരുന്നുവെന്നും അത് എൽഡിഎഫിന് ലഭിച്ചിരുന്ന വോട്ടുകളാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. വ്യാജ വോട്ടുകൾ നീക്കം ചെയ്തതോടെ തിരഞ്ഞെടുപ്പിൽ അട്ടിമറി സാധ്യതകൾ കുറഞ്ഞുവെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. വോട്ടർപട്ടികയിലെ ഈ ശുദ്ധീകരണം കൃത്യമായ ജനവിധി പ്രതിഫലിക്കാൻ സഹായിച്ചു. ഇടതുമുന്നണിയുടെ പല ഉറച്ച വോട്ടുകളും ഇത്തരത്തിൽ നഷ്ടമായത് അവരുടെ ഭൂരിപക്ഷത്തെ വലിയ രീതിയിൽ ബാധിച്ചു. വോട്ടർപട്ടികയിലെ ഈ മാറ്റം രാഷ്ട്രീയ ഗതിവിഗതികളെത്തന്നെ മാറ്റിമറിച്ചു. തോട്ടം തൊഴിലാളികൾക്കിടയിൽ എൽഡിഎഫിനുണ്ടായിരുന്ന വോട്ട് വിഹിതത്തിൽ ചോർച്ചയുണ്ടായതായാണ് പ്രാഥമിക നിരീക്ഷണം. പെൻഷനുകളും ക്ഷേമപദ്ധതികളും എൽഡിഎഫിനെ തുണയ്ക്കുമെന്ന് കരുതിയെങ്കിലും അതിനേക്കാൾ വലിയ ജീവിതപ്രശ്നങ്ങൾ തൊഴിലാളികളെ അലട്ടിയിരുന്നു. കേരളത്തിലെ യുഡിഎഫ് തരംഗത്തിന് കരുത്ത് പകരുന്നതായിരുന്നു ഉടുമ്പൻചോലയിലെ ഈ വിജയം. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് ഈ മണ്ണ് തിരിച്ചുപിടിച്ചപ്പോൾ അത് കേരള രാഷ്ട്രീയത്തിലെ ഒരു പുതിയ ശക്തിപ്രകടനമായി മാറുന്നു.

MM മണിയുടെ ഉടുമ്പൻചോലയിൽ തിരിച്ചടി; കാൽനൂറ്റാണ്ടിന്റെ ചുവപ്പ് കോട്ട തകർത്ത് സേനാപതി വേണുവിന് വിജയം
M
MathrubhumiSource Link
about 4 hours ago
