UDF-ന്റെ കുടമാറ്റമോ LDF-ന്റെ വെടിക്കെട്ടോ; NDAയുടെ വിസ്മയമോ? തൃശൂരിൽ തലയെടുപ്പ് ആർക്ക്?

UDF-ന്റെ കുടമാറ്റമോ LDF-ന്റെ വെടിക്കെട്ടോ; NDAയുടെ വിസ്മയമോ? തൃശൂരിൽ തലയെടുപ്പ് ആർക്ക്?

M
MathrubhumiSource Link
കേ രളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന വിശേഷണമുള്ള തൃശൂർ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജില്ല കൂടിയാണ്. സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി ബിജെപിക്ക് ഒരു ലോക്‌സഭാംഗം ഉണ്ടായത്. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂർ അതിനാൽ തന്നെ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന ജില്ലയാണ്. To advertise here, 13 നിയമസഭാ മണ്ഡലങ്ങളാണ് തൃശൂർ ജില്ലയിലുള്ളത്. ലീഡർ കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശൂർ ഒരുകാലത്ത് കോൺഗ്രസിന് വലിയ വേരോട്ടമുള്ള മണ്ണായിരുന്നു. എന്നാൽ ഇന്ന് 13-ൽ 12 മണ്ഡലങ്ങളിലും എൽഡിഎഫിന്റെ കൈവശമാണുള്ളത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയിച്ച സനീഷ് കുമാർ ജോസഫ് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ള വക നൽകിയത്. 2016-ലും തൃശൂർ ജില്ലയിൽ കോൺഗ്രസിന് ഒരു എംഎൽഎ മാത്രമാണുണ്ടായിരുന്നത്. വിജയം തുടരുക എന്ന ഉറച്ച ലക്ഷ്യവുമായാണ് എൽഡിഎഫ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. സിറ്റിങ് എംഎൽഎമാർ തന്നെയാണ് പല മണ്ഡലങ്ങളിലും വീണ്ടും മാറ്റുരയ്ക്കുന്നതെങ്കിലും ചിലയിടങ്ങളിൽ സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ മാറ്റിയിട്ടുമുണ്ട്. കഴിഞ്ഞതവണ എല്ലാ മണ്ഡങ്ങളിലും മൂന്നാമതായ എൻഡിഎ ഇത്തവണ കടുത്ത മത്സരമാകും കാഴ്ചവെക്കുക എന്നാണ് വിലയിരുത്തൽ. സുരേഷ് ഗോപിയുടെ വിജയം തന്നെയാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാനഘടകം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത യുഡിഎഫും ഇത്തവണ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങുന്നത്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളും ഇരുമുന്നണികളും നേർക്കുനേർ ഏറ്റുമുട്ടുന്നയിടങ്ങളും തൃശൂരിലുണ്ട്. പലയിടങ്ങളിലും പ്രവചനം ഏതാണ്ട് അസാധ്യം തന്നെയാണ്. ഈ സാഹചര്യത്തിൽ ഓരോ മണ്ഡലത്തിലേയും കണക്കുകൾ നോക്കാം. 1. ചേലക്കര 2021-ൽ സിപിഎമ്മിലെ കെ. രാധാകൃഷ്ണൻ 39,400 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് ചേലക്കര. പിന്നീട് 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം ലോക്‌സഭയിലെത്തി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഫലം സിപിഎമ്മിന് ആശങ്കയുളവാക്കുന്നതായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ ഭൂരിപക്ഷം രാധാകൃഷ്ണന്റേതിനേക്കാൾ നാലിനൊന്നായി കുറഞ്ഞു. എതിർസ്ഥാനാർഥിയായ കോൺഗ്രസിലെ രമ്യാ ഹരിദാസ് 12,201 വോട്ടിനാണ് പരാജയപ്പെട്ടത്. ഇടതുകോട്ടയായ ചേലക്കരയിലെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസം കോൺഗ്രസ് നേതാക്കൾ ഈ തിരഞ്ഞെടുപ്പ് കാലത്തും പറയുന്നുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം സ്ഥാനാർഥി വോട്ട് കെ. രാധാകൃഷ്ണൻ 83415 സി.സി. ശ്രീകുമാർ 44015 ഷാജുമോൻ വട്ടേക്കാട് 24045 2024 ഉപതിരഞ്ഞെടുപ്പ് ഫലം യു.ആർ. പ്രദീപ് 64827 രമ്യാ ഹരിദാസ് 52626 കെ. ബാലകൃഷ്ണൻ 33609 ഇത്തവണയും യു.ആർ. പ്രദീപ് തന്നെയാണ് എൽഡിഎഫിനായി മത്സരിക്കുന്നത്. അതേസമയം യുഡിഎഫ് ഇത്തവണ സീറ്റ് ലീഗിന് നൽകി. മുസ്‌ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർഥിയായ ശിവൻ വീട്ടിക്കുന്നാണ് ചേലക്കരയിൽ മാറ്റുരയ്ക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി കഴിഞ്ഞതവണ മത്സരിച്ച കെ. ബാലകൃഷ്ണൻ തന്നെയാണ് രംഗത്തുള്ളത്. 2. കുന്നംകുളം ഹാട്രിക് വിജയം തേടി മുൻമന്ത്രി കൂടിയായ എ.സി. മൊയ്തീനാണ് കുന്നംകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കറിനെ 26631 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016-ൽ സിഎംപിയുടെ സി.പി. ജോണിനെ 7782 വോട്ടിനാണ് മൊയ്തീൻ പരാജയപ്പെടുത്തിയതെങ്കിൽ 2021-ൽ ഭൂരിപക്ഷം നാലിരട്ടിയോളം വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ. അനീഷ് കുമാർ 2016-ൽ 29325 വോട്ടുകളും 2021-ൽ 27833 വോട്ടുകളുമാണ് നേടിയത്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം എ.സി. മൊയ്തീൻ 75532 കെ. ജയശങ്കർ 48901 കെ.കെ. അനീഷ് കുമാർ 27833 കുന്നംകുളത്ത് എ.സി. മൊയ്തീനെ തളയ്ക്കുക എന്ന ലക്ഷ്യം നേടാനായി പി.ടി. അജയ് മോഹനെയാണ് കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയായ അജയ് മോഹൻ മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ കൂടിയാണ്. നേരത്തേ രണ്ട് തവണ പൊന്നാനിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ബിഡിജെഎസ്സിൽ നിന്നുള്ള കെ.ആർ. രജിലാണ് എൻഡിഎ സ്ഥാനാർഥി. 3. ഗുരുവായൂർ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർവും തുടർന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തതുമാണ് ഇത്തവണ ഗുരുവായൂർ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗോപാലകൃഷ്ണനെ അപ്രതീക്ഷിതമായാണ് നേതൃത്വം ഗുരുവായൂരിലേക്ക് അയച്ചത്. വർഗീയത പറഞ്ഞുകൊണ്ട് വരവറിയിക്കാൻ ശ്രമിച്ച അദ്ദേഹം കേസെടുത്തതിന് ശേഷവും സമാനമായ പ്രചാരണമാണ് നടത്തുന്നത്. 2016-ൽ യുഡിഎഫിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത മണ്ഡലമായിരുന്നു ഗുരുവായൂർ. മുസ്‌ലിം ലീഗിൽ നിന്നുള്ള കെ.എൻ.എ. ഖാദറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എന്നാൽ നാട്ടുകാരനായ എൻ.കെ. അക്ബറിന് മുന്നിൽ പിടിച്ച് നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 18268 വോട്ടിനാണ് അക്ബർ വിജയിച്ചത്. നാമനിർദേശപത്രികയിലെ പിഴവ് മൂലം പത്രിക തള്ളിപ്പോയതിനാൽ കഴിഞ്ഞതവണ ബിജെപിക്ക് സ്വന്തം സ്ഥാനാർഥിയില്ലാതിരുന്ന മണ്ഡലമായിരുന്നു ഗുരുവായൂർ. തുടർന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കുകയാണ് ബിജെപി ചെയ്തത്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം എൻ.കെ. അക്ബർ 77072 കെ.എൻ.എ. ഖാദർ 58804 ദിലീപ് നായർ 6294 എൻ.കെ. അക്ബർ തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള സി.എച്ച്. റഷീദിനെയാണ് മുസ്‌ലിം ലീഗ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ റഷീദ് രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായിരുന്നു. നേരത്തേ 2006-ൽ അദ്ദേഹം ഗുരുവായൂരിൽ നിന്ന് ജനവിധി തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുരുവായൂരിൽ പതിനായിരത്തിൽ താഴെ മാത്രം വോട്ടാണ് ഇതുവര ബിജെപിക്ക് നേടാനായത്. 4. മണലൂർ ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മണലൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മുരളി പെരുനെല്ലി 29732 വോട്ടിനാണ് വിജയിച്ചത്. കോൺഗ്രസിൽ നിന്നുള്ള വിജയ്ഹരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. യുഡിഎഫിന് 2016-ൽ ലഭിച്ച വോട്ടുകൾ പോലും അദ്ദേഹത്തിന് അന്ന് ലഭിച്ചില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എ.എൻ. രാധാകൃഷ്ണന് 2016-ൽ ലഭിച്ചതിനേക്കാൾ 1729 വോട്ടുകൾ കുറയുകയും ചെയ്തിരുന്നു. 2021-ലെ തിരഞ്ഞെടുപ്പ് ഫലം മുരളി പെരുനെല്ലി 29876 വിജയ്ഹരി 48461 എ.എൻ. രാധാകൃഷ്ണൻ 36566 സിപിഎമ്മിലെ സൗമ്യമുഖവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ സി. രവീന്ദ്രനാഥാണ് ഇത്തവണ മണലൂരിലെ എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലം തിരികെ പിടിക്കാനായി ടി.എൻ. പ്രതാപനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഇതുവരെ മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും പരാജയം രുചിക്കാത്തയാളാണ് പ്രതാപൻ. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രവീന്ദ്രനാഥും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച കെ.കെ. അനീഷ് കുമാറാണ് ഇവിടെ ബിജെപി സ്ഥാനാർഥി. 5. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചതിലൂടെ ശ്രദ്ധേയനായ കോൺഗ്രസ് നേതാവ് അനിൽ അക്കരയിൽ നിന്ന് സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് വടക്കാഞ്ചേരി. സേവ്യർ ചിറ്റിലപ്പള്ളിയായിരുന്നു 2021-ൽ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 15168 വോട്ടുകൾക്കാണ് അദ്ദേഹം അനിൽ അക്കരയെ പരാജയപ്പെടുത്തിയത്. ബിജെപിയിൽ നിന്നുള്ള ഉല്ലാസ് ബാബുവായിരുന്നു എൻഡിഎ സ്ഥാനാർഥി. 2021-ലെ തിരഞ്ഞെടുപ്പ് ഫലം സേവ്യർ ചിറ്റിലപ്പള്ളി 81026 അനിൽ അക്കര 65858 ഉല്ലാസ് ബാബു 21747 മണ്ഡലം നിലനിർത്താൻ സേവ്യർ ചിറ്റിലപ്പള്ളി തന്നെയാണ് ഇത്തവണയും എൽഡിഎഫിനായി മത്സരിക്കാനിറങ്ങുന്നത്. യുവമുഖമായ പി.എൻ. വൈശാഖിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന വൈശാഖ് നിലവിൽ വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷകക്ഷി നേതാവാണ്. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിൽ നിന്നുള്ള ഉല്ലാസ് ബാബു തന്നെയാണ് വടക്കാഞ്ചേരിയിൽ നിന്ന് ജനവിധി തേടുന്നത്. 6. ഒല്ലൂർ മന്ത്രി കെ. രാജന്റെ മണ്ഡലമാണ് ഒല്ലൂർ. 2016-ൽ ലഭിച്ചതിനേക്കാൾ 8258 വോട്ട് കൂടുതൽ നേടിയാണ് അദ്ദേഹം 2021-ൽ ഒല്ലൂരിൽ നിന്ന് നിയമസഭയിലെത്തുന്നതും മന്ത്രിയാകുന്നതും. യുഡിഎഫിനായി കോൺഗ്രസിൽ നിന്ന് ജോസ് വള്ളൂരാണ് മത്സരിച്ചത്. സാമുദായിക വോട്ടിന്റെ പിൻബലമുണ്ടാകുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും യുഡിഎഫിന് കെ. രാജന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. 21506 വോട്ടിനാണ് ജോസ് വള്ളൂർ രാജനോട് പരാജയപ്പെട്ടത്. അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന ബി. ഗോപാലകൃഷ്ണന് 4601 വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞു. 2021-ലെ തിരഞ്ഞെടുപ്പ് ഫലം കെ. രാജൻ 76657 ജോസ് വള്ളൂർ 55151 ബി. ഗോപാലകൃഷ്ണൻ 22295 7. തൃശൂർ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമാണ് തൃശൂർ. മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പിൻഗാമിയായെത്തിയ പി. ബാലചന്ദ്രനാണ് സിറ്റിങ് എംഎൽഎ. കോൺഗ്രസ് നേതാവ് പദ്മജാ വേണുഗോപാലിനെ 946 വോട്ടിനാണ് ബാലചന്ദ്രൻ പരാജയപ്പെടുത്തിയത്. സുരേഷ് ഗോപിയായിരുന്നു ബിജെപിയുടെ സ്റ്റാർ കാൻഡിഡേറ്റ്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം പി. ബാലചന്ദ്രൻ 44263 പദ്മജാ വേണുഗോപാൽ 43317 സുരേഷ് ഗോപി  40457 രാഷ്ട്രീയസമവാക്യങ്ങൾ മാറിമറിഞ്ഞതോടെ കൗതുകകരമായ മത്സരമാണ് ഇത്തവണ തൃശൂരിൽ നടക്കുന്നത്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പദ്മജ ഇന്ന് ബിജെപി സ്ഥാനാർഥിയാണ്. അന്ന് എതിരിട്ട സുരേഷ് ഗോപി ഇന്ന് പദ്മജയ്ക്കായി പ്രചാരണത്തിനുണ്ട്. കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് സിപിഐ ഇത്തവണ തൃശൂരിൽ രംഗത്തിറക്കിയത്. തൃശൂർ കോർപ്പറേഷന്റെ മുൻ മേയറും പ്രതിപക്ഷകക്ഷി നേതാവുമൊക്കെയായിരുന്ന രാജൻ ജെ. പല്ലനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത്. ഡിസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണ് ഇത്. 8. ഇരിങ്ങാലക്കുട മുൻമുഖ്യമന്ത്രി സി. അച്യുതമേനോനെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലമാണ് ഇരിങ്ങാലക്കുട. അതേ ഇരിങ്ങാലക്കുടയിൽ നിന്ന് ചരിത്രത്തിലാദ്യമായി വനിതാ അംഗം നിയമസഭയിലെത്തുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. മൂന്നുതവണ എംഎൽഎയായിരുന്ന കേരളാ കോൺഗ്രസിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടനെ 5949 വോട്ടിനാണ്, എ. വിജയരാഘവന്റെ ഭാര്യ കൂടിയായ സിപിഎം സ്ഥാനാർഥി ആർ. ബിന്ദു പരാജയപ്പെടുത്തിയത്. മുൻ ഡിജിപി ഡോ. ജേക്കബ് തോമസായിരുന്നു ബിജെപിക്ക് വേണ്ടി ഇവിടെ മത്സരിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം ആർ. ബിന്ദു 62493 തോമസ് ഉണ്ണിയാടൻ 56544 ഡോ. ജേക്കബ് തോമസ് 34329 കൈവിട്ട മണ്ഡലം തിരികെ പിടിക്കാനായി തോമസ് ഉണ്ണിയാടൻ തന്നെയാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്തുള്ളത്. ഉണ്ണിയാടന്റെ പഴയ എതിരാളിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ബിന്ദു തന്നെയാണ് എൽഡിഎഫിനായി മത്സരിക്കുന്നത്. സന്തോഷ് ചെറാക്കുളമാണ് ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. 9. കയ്പമംഗലം തീരദേശമണ്ഡലമായ കയ്പമംഗലത്ത് ഇടത് ആധിപത്യം നിലനിർത്തിക്കൊണ്ടാണ് 2021-ൽ രണ്ടാം തവണയും സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസൺ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിൽ നിന്നുള്ള യുവമുഖം ശോഭാ സുബിനെ 22698 വോട്ടിനാണ് ടൈസൺ പരാജയപ്പെടുത്തിയത്. ശ്രീലാലാണ് എൻഡിഎ സ്ഥാനാർഥിയായിരുന്നത്. 2021-ലെ തിരഞ്ഞെടുപ്പ് ഫലം ഇ.ടി. ടൈസൺ 73161 ശോഭാ സുബിൻ 50463 സി.ഡി. ശ്രീലാൽ 9066 പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസൺ പറവൂരിലേക്ക് വണ്ടി കയറിയപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജിനെയാണ് കയ്പമംഗലത്ത് സിപിഐ അവതരിപ്പിച്ചത്. വത്സരാജ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. തോട്ടുങ്ങൽ കുടുംബാംഗമായ ടി.എം. നാസറാണ് കോൺഗ്രസിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൊടുങ്ങല്ലൂർ താലൂക്ക് കാർഷികവികസന ബാങ്ക് പ്രസിഡന്റും സംസ്ഥാന സഹകരണ മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റി പ്രസിഡന്റുമാണ് നാസർ. ബിഡിജെഎസ്സിൽ നിന്നുള്ള അതുല്യഘോഷ് വെട്ടിയാട്ടിലാണ് എൻഡിഎ സ്ഥാനാർഥി. 10. പുതുക്കാട് ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമാണ് പുതുക്കാട്. 2016-ൽ സി. രവീന്ദ്രനാഥ് 38478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ പിന്നീട് 2021-ൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രന്റെ ഭൂരിപക്ഷം രവീന്ദ്രനാഥിന്റേതിനേക്കാൾ 11125 വോട്ട് കുറവായിരുന്നു. 27253 വോട്ടിനാണ് രാമചന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥി സുനിൽ അന്തിക്കാടിനെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് മുൻ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 5026 വോട്ട് കൂടിയപ്പോൾ എൻഡിഎ സ്ഥാനാർഥി എ. നാഗേഷിന് 1040 വോട്ട് കുറഞ്ഞു. 2021-ലെ തിരഞ്ഞെടുപ്പ് ഫലം കെ.കെ. രാമചന്ദ്രൻ 73365 സുനിൽ അന്തിക്കാട് 46012 എ. നാഗേഷ് 34893 സിറ്റിങ് എംഎൽഎ കെ.കെ. രാമചന്ദ്രൻ തന്നെയാണ് ഇത്തവണയും ഇടത് സ്ഥാനാർഥി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. ബാബുരാജിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ചെങ്ങാലൂർ സ്വദേശിയായ ബാബുരാജിന്റെ ആദ്യ നിയമസഭാ മത്സരമാണ് ഇത്. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിൽ നിന്ന് നാഗേഷ് തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. 11. നാട്ടിക സിറ്റിങ് എംഎൽഎ ബിജെപിയിലേക്ക് കൂടുമാറിയതോടെ ഇടതുപക്ഷത്തിന് കനത്ത ആഘാതമേറ്റ മണ്ഡലമാണ് നാട്ടിക. സിപിഐ സ്ഥാനാർഥിയായി 2021-ൽ വിജയിച്ച സി.സി. മുകുന്ദനാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ കാരണം ബിജെപി കൂടാരത്തിലെത്തിയത്. അദ്ദേഹമാണ് ഇത്തവണ നാട്ടികയിലെ ബിജെപി സ്ഥാനാർഥിയും. യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂരിനെ 28431 വോട്ടിനാണ് മുകുന്ദൻ 2021-ൽ പരാജയപ്പെടുത്തിയത്. ബിജെപിയിലെ ലോചനൻ അമ്പാട്ടായിരുന്നു എൻഡിഎ സ്ഥാനാർഥി. 2021-ലെ തിരഞ്ഞെടുപ്പ് ഫലം സി.സി. മുകുന്ദൻ 72930 സുനിൽ ലാലൂർ 44499 ലോചനൻ അമ്പാട്ട് 33716 സിപിഐയുടെ വനിതാ മുഖമായ ഗീതാ ഗോപിയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി. സി.സി. മുകുന്ദൻ ഉണ്ടാക്കിയ ക്ഷീണം മണ്ഡലം നിലനിർത്തിക്കൊണ്ട് തീർക്കാനായി അരയും തലയും മുറുക്കിയാണ് ഇക്കുറി സിപിഐ മത്സരത്തിനിറങ്ങുന്നത്. സുനിൽ ലാലൂർ തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങുന്നത്. സി.സി. മുകുന്ദനിലൂടെ നാട്ടികയിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 12. കൊടുങ്ങല്ലൂർ സിപിഐയുടെ മറ്റൊരു കരുത്തുറ്റ മണ്ഡലമാണ് കൊടുങ്ങല്ലൂർ. നിലവിലെ എംഎൽഎ വി.ആർ. സുനിൽ കുമാർ 23893 വോട്ടിനാണ് 2021-ൽ ഇവിടെനിന്ന് വിജയിച്ചത്. യുഡിഎഫിനായി കോൺഗ്രസിൽനിന്ന് എം.പി. ജാക്‌സണാണ് അന്ന് മത്സരിച്ചത്. സന്തോഷ് ചെറാക്കുളമായിരുന്നു കൊടുങ്ങല്ലൂരിലെ ബിജെപി സ്ഥാനാർഥി. 2021-ലെ തിരഞ്ഞെടുപ്പ് ഫലം വി.ആർ. സുനിൽ കുമാർ 71457 എം.പി. ജാക്‌സൺ 47564 സന്തോഷ് ചെറാക്കുളം 28204 വി.ആർ. സുനിൽ കുമാർ തന്നെയാണ് കൊടുങ്ങല്ലൂരിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. അദ്ദേഹത്തെ എതിരിടാനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജാണ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയാണ് വർഗീസ് ജോർജ്. 13. ചാലക്കുടി 2021-ൽ തൃശൂർ ജില്ലയിൽ യുഡിഎഫ് വിജയിച്ച ഏകമണ്ഡലമാണ് ചാലക്കുടി. കോൺഗ്രസ് സ്ഥാനാർഥിയായ ടി.കെ. സനീഷ് കുമാർ ജോസഫാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നുള്ള ഡെന്നീസ് കെ. ആന്റണിയെ പരാജയപ്പെടുത്തിയത്. 1057 വോട്ടിനായിരുന്നു സനീഷിന്റെ വിജയം. ബിഡിജെഎസ്സിൽ നിന്നുള്ള കെ.എ. ഉണ്ണികൃഷ്ണനായിരുന്നു എൻഡിഎ സ്ഥാനാർഥി. 2021-ലെ തിരഞ്ഞെടുപ്പ് ഫലം ടി.കെ. സനീഷ് കുമാർ ജോസഫ് 61888 ഡെന്നീസ് കെ. ആന്റണി 60831 കെ.എ. ഉണ്ണികൃഷ്ണൻ 17301 സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിർത്താനായി കോൺഗ്രസ് ഇത്തവണയും സനീഷ് കുമാർ ജോസഫിനെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായ നീക്കമാണ് എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്. ചാലക്കുടി മുൻസിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലർ ബിജു എസ്. ചിറയത്തിനെ മറുകണ്ടം ചാടിച്ചാണ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥിയാക്കിയത്. മുൻസിപ്പൽ അംഗത്വം രാജിവെച്ചാണ് അദ്ദേഹം ജനവിധി തേടുന്നത്. ട്വന്റി ട്വന്റിയിൽ നിന്നുള്ള ചാർളി പോളാണ് എൻഡിഎ സ്ഥാനാർഥി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

UDF-ന്റെ കുടമാറ്റമോ LDF-ന്റെ വെടിക്കെട്ടോ; NDAയുടെ വിസ്മയമോ… | Boolokam