UFO, ആണവോർജം, ബഹിരാകാശം; കാണാതാവുകയോ മരിക്കുകയോ ചെയ്യുന്ന ശാസ്ത്രജ്ഞർ; അന്വേഷിക്കുമെന്ന് ട്രംപ്

UFO, ആണവോർജം, ബഹിരാകാശം; കാണാതാവുകയോ മരിക്കുകയോ ചെയ്യുന്ന ശാസ്ത്രജ്ഞർ; അന്വേഷിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: 2023 മുതൽ അമേരിക്കയിൽ ഉന്നത ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്ന പത്തിലധികം ശാസ്ത്രജ്ഞർ കാണാതാവുകയോ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയോ ചെയ്ത സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. യുഎഫ്ഒ (UFO), ബഹിരാകാശ പദ്ധതികൾ, ആണവ സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഇതിൽ ഭൂരിഭാഗം പേരും എന്നത് വലിയ ആശങ്ക ഉയർത്തുന്നു. വൈറ്റ് ഹൗസ് വക്താവ് ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിഞ്ഞതായി സ്ഥിരീകരിച്ചതോടെയാണ് ഇത് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2023 മുതൽ ഒരു ഡസനോളം യുഎസ് ശാസ്ത്രജ്ഞരെ നിഗൂഢ സാഹചര്യത്തിൽ കാണാതാവുകയോ അവർ മരിക്കുകയോ ചെയ്‌തെന്ന റിപ്പോർട്ടുകൾ യുഎസ് സർക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. To advertise here, ഈ അസ്വാഭാവികമായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐയോട് രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട പ്രതിരോധ-ഗവേഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചുള്ള ഈ നീക്കങ്ങൾ ഒരു നിഗൂഢമായ മാതൃക പിന്തുടരുന്നുണ്ടോ എന്ന് രാജ്യം പരിശോധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറപ്പുനൽകിയിട്ടുണ്ട്. ശാസ്ത്രലോകത്തെയും ഭരണകൂടത്തെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ ദുരൂഹതകൾക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. UFO(അൺ ഐഡന്റിഫൈഡ് ഓബ്ജക്റ്റ്‌സ്‌), ആണവ സുരക്ഷ അല്ലെങ്കിൽ ആഴത്തിലുള്ള ബഹിരാകാശ ഗവേഷണം എന്നിവയിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞരാണ് കാണാതാവുകയോ മരിച്ചുപോവുകയോ ചെയ്തിട്ടുള്ളത്. തന്റെ ഭരണകൂടം ഈ വിഷയം പരിശോധിച്ചു വരികയാണെന്നും ഉടൻതന്നെ വിവരങ്ങൾ പുറത്തുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. 'ഇതൊരു യാദൃശ്ചികതയാണ് എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും അടുത്ത ഒന്നര ആഴ്ചയ്ക്കുള്ളിൽ നമുക്ക് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ കഴിഞ്ഞേക്കും. വളരെ ഗൗരവകരമായ കാര്യമാണിത്... ഇത് വെറുമൊരു യാദൃശ്ചികത മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.' അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും ഉടൻ മറുപടി നൽകുമെന്നും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. 'ഞാൻ ഇതുവരെ ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ചിട്ടില്ല. വൈകാതെ അതുണ്ടാവും, നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യും. ഇത് സത്യമാണെങ്കിൽ, ഈ സർക്കാരും ഭരണകൂടവും തീർച്ചയായും അന്വേഷിക്കേണ്ട ഒരു കാര്യമാണ് ഇത് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത ശാസ്ത്രജ്ഞർ ആണവോർജ്ജ മേഖലയിലോ അല്ലെങ്കിൽ മുമ്പ് യുഎഫ്ഒ എന്ന് വിളിക്കപ്പെട്ടിരുന്ന യുഎപി (UAP - unidentified aerial phenomena) മേഖലയിലോ പ്രവർത്തിച്ചിരുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നാലുപേർ ന്യൂ മെക്‌സിക്കോയിൽ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സംഗതി. കാണാതായവർ; വില്യം നീൽ മക്കാസ്ലാൻഡ് - മേജർ ജനറൽ വില്യം നീൽ മക്കാസ്ലാൻഡിനെയാണ് ഏറ്റവും ഒടുവിലായി കാണാതായത്. പെന്റഗണിലെ ബഹിരാകാശ ഗവേഷണ വിഭാഗത്തിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഫോക്‌സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരിയിലാണ് മക്കാസ്ലാൻഡിനെ കാണാതായത്. ഫോൺ, കണ്ണട, മറ്റ് ഉപകരണങ്ങൾ എന്നിവ വീട്ടിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ, വാലറ്റും ഹൈക്കിങ് ബൂട്ടുകളും കൂടെ കൊണ്ടുപോയിരുന്നു. ന്യൂ മെക്‌സിക്കോയിലെ കിർട്ട്ലാൻഡ് എയർഫോഴ്സ് ബേസിലെ ഫിലിപ്‌സ് റിസർച്ച് സൈറ്റിന്റെയും ഒഹായോയിലെ റൈറ്റ്-പാറ്റേഴ്സൺ എയർഫോഴ്സ് ബേസിലെ എയർഫോഴ്സ് റിസർച്ച് ലബോറട്ടറിയുടെയും ചുമതല അദ്ദേഹത്തിനായിരുന്നു. 1947-ലെ റോസ്‌വെൽ ക്രാഷുമായി (Roswell crash) ഈ ലാബിന് ബന്ധമുണ്ടെന്ന് യുഎഫ്ഒ ഗൂഢാലോചനാ സിദ്ധാന്തക്കാർ വിശ്വസിക്കുന്നു. 2016-ൽ വിക്കിലീക്‌സ് പുറത്തുവിട്ട ഹിലരി ക്ലിന്റന്റെ ക്യാമ്പയിൻ ചെയർമാൻ ജോൺ പോഡെസ്റ്റയുടെ ഇമെയിലുകളിൽ മക്കാസ്ലാൻഡിന്റെ പേരും പരാമർശിച്ചിരുന്നു. അദ്ദേഹം യുഎപികളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നുവെന്നാണ് ഈ സന്ദേശങ്ങളിൽ അവകാശപ്പെടുന്നത്. എന്നാൽ, മക്കാസ്ലാൻഡിനെ കാണാതായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സൂസൻ വിൽക്കേഴ്‌സൺ റോസ്‌വെൽ ക്രാഷുമായുള്ള ബന്ധം നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. 'റൈറ്റ്-പാറ്റിൽ സൂക്ഷിച്ചിരിക്കുന്ന റോസ്‌വെൽ ക്രാഷിലെ അന്യഗ്രഹ ജീവികളുടെ ശരീരത്തെക്കുറിച്ചോ അവശിഷ്ടങ്ങളെക്കുറിച്ചോ നീലിന് പ്രത്യേക അറിവൊന്നുമില്ല' എന്നായിരുന്നു സൂസന്റെ പ്രതികരണം. 2013-ൽ അദ്ദേഹം വിരമിച്ചുവെന്ന് കൂട്ടിച്ചേർത്ത അവർ, 'പഴയ രഹസ്യങ്ങൾ ചോർത്താനായി അദ്ദേഹത്തെ ആരെങ്കിലും പിടിച്ചുകൊണ്ടുപോയെന്ന് കരുതാൻ വയ്യ' എന്നും പറഞ്ഞു. അദ്ദേഹം സ്വയം മാറിനിൽക്കുകയാണെന്ന് കരുതുന്നതായി സൂസൻ പോലീസിനോട് പറഞ്ഞതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. മോണിക്ക റെസ - നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (JPL) മെറ്റീരിയൽസ് പ്രോസസിംഗ് ഡയറക്ടറായിരുന്ന മോണിക്ക റെസയെ കഴിഞ്ഞ വർഷം ജൂണിലാണ് കാണാതായത്. 2025 ജൂൺ 22-ന് രാവിലെ ആഞ്ചലസ് ക്രസ്റ്റ് ഹൈവേയിലൂടെ അവർ ഹൈക്കിംഗ് നടത്തുന്നത് കണ്ടതായി ക്രെസെന്റ വാലി ഷെരീഫ് ഓഫീസ് പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് 30 അടി മാത്രം പിന്നിലായിരുന്ന സമയത്താണ് അവരെ പെട്ടെന്ന് കാണാതായത്. അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഹോമിസൈഡ് ബ്യൂറോ ഈ കേസ് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. റെസയും മക്കാസ്ലാൻഡും തമ്മിൽ ഔദ്യോഗികമായ അടുത്ത ബന്ധമുണ്ടെന്നും എട്ടു മാസത്തെ ഇടവേളയിലാണ് ഇരുവരെയും കാണാതായതെന്നും ന്യൂയോർക്ക് പോസ്റ്റി ന്റെ റിപ്പോർട്ടിൽ പറയുന്നു. സ്റ്റീവൻ ഗാർസിയ - അൽബുകെർക്കിയിലെ കൻസാസ് സിറ്റി നാഷണൽ സെക്യൂരിറ്റി ക്യാമ്പസിലെ ഗവൺമെന്റ് കോൺട്രാക്ടറായിരുന്ന സ്റ്റീവൻ ഗാർസിയയെ 2025 ഓഗസ്റ്റ് 28-നാണ് കാണാതായത്. ആണവായുധങ്ങളുടെ ആണവേതര ഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇടമാണ് ഈ ക്യാമ്പസ്. 47 വയസ്സുകാരനായ ഗാർസിയ ഇവിടുത്തെ പ്രോപ്പർട്ടി കസ്റ്റോഡിയൻ ആയിരുന്നു. സുരക്ഷാ അനുമതികളുള്ള ഇദ്ദേഹം അവിടെയുള്ള ഉപകരണങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ആളായിരുന്നു. ആന്റണി ഷാവേസ് - ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിൽ (LANL) മുമ്പ് ജോലി ചെയ്തിരുന്ന ആന്റണി ഷാവേസിനെയും നിഗൂഢ സാഹചര്യത്തിലാണ് കാണാതായത്. ഈ 78-കാരനെ അവസാനമായി കണ്ടത് 2025 മേയിൽ ലോസ് അലാമോസിലെ വീട്ടിലാണ്. ഷാവേസ് തന്റെ കാർ വീടിന്റെ ഡ്രൈവ് വേയിൽ പൂട്ടിയിട്ടിരുന്നു എന്നും വാലറ്റ്, താക്കോൽ തുടങ്ങിയ വ്യക്തിഗത വസ്തുക്കളൊന്നും കൂടെ കൊണ്ടുപോയിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവയെല്ലാം വീടിനുള്ളിൽതന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. മെലിസ കാസിയസ് - ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ (LANL) അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു മെലിസ കാസിയസ്. 2025 ജൂണിലാണ് ഇവരെ കാണാതായത്. ന്യൂ മെക്‌സിക്കോയിലെ താവോസ് കൗണ്ടിയിൽ റോഡരികിലൂടെ നടന്നുപോകുന്നതായാണ്‌ ഇവരെ അവസാനമായി കണ്ടത്. കാണാതാകുന്നതിന് മുൻപ് മകൾക്കായി ഭക്ഷണം വാങ്ങി നൽകിയിരുന്നതായി ഇവരുടെ ബന്ധുക്കൾ പറഞ്ഞു. മെലിസയുടെ കാർ, പേഴ്‌സ്, ഫോണുകൾ എന്നിവ വീട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ, അവരുടെ വ്യക്തിഗത ഫോണും ഔദ്യോഗിക ഫോണും ഫാക്ടറി റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം പൂർണമായും മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന മെലിസ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം മാറിനിൽക്കില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. മരിച്ചവർ; ഫ്രാങ്ക് മൈവാൾഡ് - 2024 ജൂലൈയിലാണ് ശാസ്ത്രജ്ഞനായ ഫ്രാങ്ക് മൈവാൾഡ് അന്തരിച്ചത്. ലൈവ് നൗ ഫോക്‌സ് റിപ്പോർട്ട് പ്രകാരം, ഇദ്ദേഹവും നാസയുടെ ജെപിഎല്ലിൽ (JPL-ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി) ജോലി ചെയ്തിരുന്നു. ദീർഘകാലം എഞ്ചിനീയറായിരുന്ന അദ്ദേഹത്തിന്റെ മരണകാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. ജെപിഎല്ലിൽ ആയിരുന്ന കാലത്ത്, ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്താൻ ഗവേഷകർക്ക് ഉപയോഗിക്കാവുന്ന വെള്ളം, ജൈവ തന്മാത്രകൾ എന്നിവയുൾപ്പെടെയുള്ള കെമിക്കൽ സിഗ്നേച്ചേഴ്‌സ് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നത്. മൈക്കൽ ഡേവിഡ് ഹിക്‌സ് - നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ മറ്റൊരു ഗവേഷകനായിരുന്ന മൈക്കൽ ഡേവിഡ് ഹിക്‌സ് 2023 ജൂലൈ 30-നാണ് അന്തരിച്ചത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹം ഡാർട്ട് (DART) ആസ്റ്ററോയിഡ് ഡിഫൻസ് പ്രോജക്റ്റിൽ പ്രവർത്തിക്കുകയും 80-ലധികം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 1998 മുതൽ 2022 വരെ അദ്ദേഹം ജെപിഎല്ലിൽ സേവനമനുഷ്ഠിച്ചു. മൈവാൾഡിനെപ്പോലെ തന്നെ, ഇദ്ദേഹത്തിന്റെയും മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജേസൺ തോമസ് -  നോവാർട്ടിസിലെ (Novartis) ഫാർമ ഗവേഷകനായിരുന്നു ജേസൺ തോമസ്. 2025 ഡിസംബറിലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് 2026 മാർച്ചിൽ വേക്ക്ഫീൽഡിലെ ലേക്ക് ക്വാന്നാപൗവിറ്റിൽ (Lake Quannapowitt) നിന്ന് മൃതദേഹം കണ്ടെടുത്തു. മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് തോമസ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു തോമസ് എന്ന് അടുപ്പമുള്ളവർ പറയുന്നു. പോലീസിന്റെ നിഗമനത്തിൽ ഈ കേസിൽ മറ്റ് ദുരൂഹതകളൊന്നുമില്ല. ന്യൂനോ ലൂറെയ്റോ - ലൈവ് ഫോക്‌സ് നൗ റിപ്പോർട്ട് പ്രകാരം, 2025 ഡിസംബറിൽ മസാച്ചുസെറ്റ്സിലെ ബ്രൂക്ക്‌ലിനിലുള്ള സ്വന്തം വീട്ടിൽ വെടിയേറ്റാണ് ന്യൂനോ ലൂറെയ്റോ മരിച്ചത്. 47-കാരനായ അദ്ദേഹം എംഐടിയിലെ (MIT) ന്യൂക്ലിയർ സയൻസ് ആന്റ് എഞ്ചിനീയറിങ് പ്രൊഫസറായിരുന്നു. പോർച്ചുഗലിലെ യൂണിവേഴ്സിറ്റി കാലം മുതൽ അദ്ദേഹത്തിന് അറിയാവുന്ന ക്ലോഡിയോ മാനുവൽ നെവെസ് വലന്റെയാണ് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഫ്യൂഷൻ എനർജി ഗവേഷണത്തിലെ പ്രഗത്ഭനായിരുന്നു ലൂറെയ്റോ. പ്ലാസ്മ ഫിസിക്‌സ് പഠിക്കുകയും പരിധിയില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ലൂറെയ്റോയുടെ ജോലിയും മരണവും തമ്മിൽ ഇതുവരെ അധികൃതർ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല. കാൾ ഗ്രിൽമെയർ -  ഫെബ്രുവരിയിൽ, ഒരു ദിവസം രാവിലെ ആറുമണിയോടെ കാൾ ഗ്രിൽമെയർ സ്വന്തം വീടിന്റെ പൂമുഖത്തുവെച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. 67-കാരനായ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഈ ആസ്‌ട്രോഫിസിസ്റ്റിന്റെ ജോലി നാസയുടെ ജെപിഎല്ലുമായും എയർഫോഴ്‌സ് ഉപയോഗിക്കുന്ന മിസൈൽ ട്രാക്കിംഗ് സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ഈ വിഷയത്തിൽ ദുരൂഹതയൊന്നുമില്ല എന്ന് പറയുന്നവരും കുറവല്ല. അത്രയേറെ ശ്രദ്ധയും ഏകാഗ്രതയും വേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ് ഇവരെല്ലാവരും ചെയ്തിരുന്നത്. അതിന്റെ ഫലമായുള്ള മാനസിക പിരിമുറുക്കങ്ങളും അവർ അനുഭവിച്ചിരിക്കാം. ഇത് അവരെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി പോകാനോ ജീവൻ വെടിയാനോ പ്രേരിപ്പിച്ചിരിക്കാം എന്നാണ് റിയോ റാഞ്ചോയിലെ നാഷണൽ യുഎഫ്ഒ ഹിസ്‌റ്റോറിക്കൽ റെക്കോഡ്‌സ് സെന്ററിലെ ചീഫ് ആർച്ചിവിസ്റ്റായ ബാറി റോത്ത് അഭിപ്രായപ്പെടുന്നു. ഇവരെല്ലാം ഏകദേശം ഒരേ ഭൂപ്രദേശത്ത് നിന്നുതന്നെ ഉള്ളവരായത് യാദൃശ്ചികമായിരിക്കാം എന്നും അദ്ദേഹം പറയുന്നു. ഒരു ബന്ധവുമില്ലാത്ത സംഭവങ്ങൾ തമ്മിലും വേണമെന്നുവെച്ചാൽ എന്തെങ്കിലുമൊക്കെ ബന്ധങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കും. ഇതും അത്തരത്തിൽ ഒരു വിഷയമാണെന്ന്‌ ബാറി റോത്ത് പറയുന്നു. ഗൂഢസിദ്ധാന്തക്കാർ ഇല്ലാത്ത വിഷയത്തെ മനഃപൂർവം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

UFO, ആണവോർജം, ബഹിരാകാശം; കാണാതാവുകയോ മരിക്കുകയോ ചെയ്യുന്ന ശ… | Boolokam