WWE ഒരു കലയാകുന്നു; നമ്മിൽ നിന്നും ഒന്നും മറച്ചുവെയ്ക്കുന്നില്ല | ആഴ്ചപ്പാടുകൾ

WWE ഒരു കലയാകുന്നു; നമ്മിൽ നിന്നും ഒന്നും മറച്ചുവെയ്ക്കുന്നില്ല | ആഴ്ചപ്പാടുകൾ

ചെ റുപ്പക്കാർ ആവേശപൂർവം കാണാറുള്ള WWE എന്ന കായികവിനോദത്തെക്കുറിച്ചുള്ള ഒരാലോചനയാണിത്. 2026 ഏപ്രിൽ 19 തീയതി കായികവിനോദരംഗത്ത് നടന്ന വലിയ ഒരു സംഭവത്തെ മുൻനിർത്തിയാണ് ഈ ആലോചന തുടങ്ങുന്നത്. WWE എന്നറിയപ്പെടുന്ന ലോക ഗുസ്തി നാടക കലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നായിരുന്നു 18, 19 തീയതികളിൽ അമേരിക്കയിലെ നെവാഡയിലെ Allegiant Stadium-ൽ നടന്ന WrestleMania 42. അവിടെ ഒരു മത്സരവേദിയിൽ പരാജയപ്പെട്ട ബ്രോക്ക് ലെസ്‌നർ എന്ന ലോകചാമ്പ്യൻ ഗുസ്തിക്കാരൻ ഗോദായിൽ ബൂട്ടുകൾ അഴിച്ചുവെച്ച് കായികരംഗത്തു നിന്നും വിരമിച്ചു. ആരാധകരേയും പ്രൊഫഷണൽ ഗുസ്തികലാരംഗത്തുള്ളവരെയും ഞെട്ടിച്ച സംഭവമായി അത്. ഞെട്ടിച്ചില്ല എന്നും അഭിപ്രായമുണ്ട്. എന്നാൽ അതല്ല ഇവിടെ വിഷയം. WWE എന്ന കായികകല ലോകകലാചരിത്രത്തിലെ ഏറ്റവും പ്രചുരപ്രചാരമുള്ള അസംബന്ധ നാടകവേദിയായതിലെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ പര്യാലോചിക്കുന്നത്. ആ അസംബന്ധ പ്രത്യേകതകൾക്കുള്ളിൽ നിന്നുകൊണ്ട് ബ്രോക്ക് ലെസ്‌നർ എന്ന മഹാനടന്റെ വിരമിക്കലിലെ നാടകീയതയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് മനസില്ലാമനസോടെ സമ്മതിക്കാനുള്ള പുറപ്പാടാണ്. അല്ലെങ്കിൽ മനസ്സിലായില്ലെങ്കിലും മനസ്സിലായി എന്നു നടിയ്ക്കാനുള്ള തത്രപ്പാടാണ്. To advertise here, കഥകളി കാണുന്നതിനെക്കുറിച്ച് മലയാളികൾ പറയാറുണ്ടല്ലോ കഥയറിഞ്ഞു ആട്ടം കാണുക എന്ന്. അതിനാൽ ഒരിക്കൽ പോലും കീചകന് വലലനെ കൊല്ലാൻ കഴിയില്ല, ഒരിക്കൽ പോലും ദമയന്തിയ്ക്ക് നളനെ കാട്ടിൽ ഉപേക്ഷിക്കാൻ കഴിയില്ല. ഒരിക്കൽ പോലും ധർമ്മപുത്രർക്ക് ഒരു കള്ളച്ചൂത് കളിയ്ക്കാൻ പറ്റില്ല. ഒരിക്കൽ കോട്ടയ്ക്കൽ ശിവരാമനോട് ഞാൻ ചോദിച്ചു, ‘കുറേ നാളായി ദമയന്തിയായിട്ട് ആടുകയാണല്ലോ… സത്യത്തിൽ നളനെക്കുറിച്ചെന്താണ് അഭിപ്രായം?’ അദ്ദേഹം പറഞ്ഞു, ‘ഞാനോ മറ്റോ ആയിരുന്നെങ്കിൽ രണ്ടാം ദിവസം തന്നെ നളന്റെ കരണക്കുറ്റിയ്ക്കു നോക്കി അടിയ്ക്കുമായിരുന്നു’ എന്ന് (തിരുവനന്തപുരം ആകാശവാണിയ്ക്കു വേണ്ടി അഭിമുഖം നടത്തിയപ്പോൾ ആനുഷംഗികമായി ചിരിച്ചുകൊണ്ട് പറഞ്ഞത്. 1988 ലോ 89 ലോ). പക്ഷേ, ശിവരാമനാശാൻ അതൊരിക്കലും അരങ്ങിൽ ചെയ്തില്ല. അതാണ് നാടകവേദിയുടെ പരിമിതി. എന്നാൽ WWE ഒരേ സമയം കായികമത്സരവും വിനോദവും നാടകവുമാണ്. അവിടെ യഥാർഥത്തിൽ ചോര പൊടിയും. എന്നാലും തിരക്കഥയ്ക്കപ്പുറം പോകില്ല. എന്നാൽ അത്തരം തിരക്കഥകൾക്കൊപ്പം വളർന്ന, അജയ്യനെന്നു കരുതിയിരുന്ന, ബ്രോക്ക് ലെസ്‌നർ പത്തൊൻപതാം തീയതി പരാജയപ്പെട്ടതും നേരത്തേ തീരുമാനിക്കപ്പെട്ടതാണ്. പക്ഷേ, ആ വിരമിക്കൽ പ്രഖ്യാപനം തിരക്കഥയുടെ ഭാഗമായിരുന്നോ അല്ലയോ എന്നത് ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്. കാണുന്നത് കയറാണോ പാമ്പാണോ എന്ന് തിരിച്ചറിയാനാവാത്തത് ഫിലോസഫിയിലെ ഒരു വിഷയമാണ്. ജനനീനവരത്നമഞ്ജരിയിൽ നാരായണഗുരു പറയുന്നതുപോലെ ‘ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി നാരായിടുന്നു’. നാം കാണുന്നതാണോ യഥാർഥ്യം അതോ കാണപ്പെടാത്തതോ എന്നതാണ് ആ ദർശനികപ്രശ്നം. നേരത്തെ എഴുതപ്പെട്ട തിരക്കഥയനുസരിച്ചുള്ള ഗുസ്തിമത്സരങ്ങളാണല്ലോ WWE വേദികളിൽ നടക്കുന്നത്. പരസ്‌പരം പോരടിക്കുന്ന രണ്ടു പോരാളികൾക്കുമറിയാം ആരാണ് ജയിക്കേണ്ടത്, ആരാണ് തോൽക്കേണ്ടത് എന്ന്. തിരക്കഥ അറിഞ്ഞാടുന്നവരാണവർ. കാലേകൂട്ടി തോൽക്കുന്നവർ, ജയിക്കുന്നവർ. രാമൻ ലക്ഷ്മണനോട് ഇങ്ങനെ പറയുന്നുണ്ട്... എന്താണ് സംഭവിക്കാൻ പോകുന്നത് എന്നത് എനിയ്ക്ക് നേരത്തേയറിയാം… (നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ-എന്ന് ലക്ഷ്മണോപദേശത്തിൽ). WWE-യെ മറ്റ് നാടകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം കാണികൾ കൂടി കഥാപാത്രങ്ങളാണ് എന്നതാണ്. കാണികളുടെ പ്രതികരണങ്ങൾ കൂടിയാണ് ഈ കായികകലയെ രൂപപ്പെടുത്തുന്നത്. WWE മത്സരങ്ങൾക്ക് കഥാസന്ദർഭങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കഥയൊരുങ്ങുന്നത്, എന്നാൽ ജനക്കൂട്ടത്തിന്റെ പ്രതികരണങ്ങൾ അങ്ങനെയല്ല. ആരാധകർ ആർപ്പുവിളിക്കുകയോ, കൂവുകയോ, മന്ത്രിക്കുകയോ, നിശബ്ദരാകുകയോ ചെയ്യുമ്പോൾ, അത് ഗുസ്തിക്കാരുടെ പ്രകടനത്തെയും ഭാവി കഥാസന്ദർഭങ്ങൾ എങ്ങനെ വികസിക്കുന്നു എന്നതിനെയും നേരിട്ട് ബാധിക്കുന്നു. ഉച്ചസ്ഥായിയിൽ ഒരു ജനക്കൂട്ടത്തിന് ഒരു ചെറിയ കഥാപാത്രത്തെ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റാൻ കഴിയും-അല്ലെങ്കിൽ ഒരാളെ പൂർണമായും ഇല്ലാതാക്കാൻ കഴിയും. WWE വ്യവസായം ഒരിക്കലും ഗൗരവത്തോടെ എടുക്കാതിരുന്ന Kofi Kingston കാണികളുടെ സമ്മർദത്താൽ പ്രധാന താരമായി ഉദയം കൊണ്ടത് ഈ സമയത്ത് നമുക്കോർക്കാം. അങ്ങനെവരുമ്പോൾ ശുദ്ധ കായിക വിനോദത്തേക്കാൾ നാടകത്തോടാണ് പല കാരണങ്ങളാലും WWE അടുത്തിരിക്കുന്നത്. WWE അത്‌ലറ്റിക്‌സിനെ നാടകവുമായി സംയോജിപ്പിക്കുന്നു. ദാർശനികൻ റൊളാങ് ബാർത് (Roland Barthes) എഴുതിയ ഒരു ലേഖനമുണ്ട് ഗുസ്തിയുടെ ലോകം (The World of Wrestling-1957). എന്തുകൊണ്ടും WWE എന്ന കായികവിനോദനാടകവുമായി ചേർത്തുവായിക്കാം ബാർത്തിന്റെ ചിന്തകളെ. ഗുസ്തി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു കായിക വിനോദമേയല്ല-അത് അർഥവത്തായ ഒരു കാഴ്ചയാണ്. ഒരു കഥകളിയാണ്. ബോക്‌സിങ് കാണുന്നതുപോലെ ഗുസ്തിയെ കാണരുതെന്ന് അദ്ദേഹം എഴുതി. മനുഷ്യന്റെ വൈകാരിക വിക്ഷോഭങ്ങളുടെ നാടകവേദിയാണ് ഗുസ്തി. 1957-ൽ റോളണ്ട് ബാർത് ‘ദി വേൾഡ് ഓഫ് റെസ്‌ലിംഗ്’ എഴുതിയപ്പോൾ (Mythologies എന്ന പുസ്തകത്തിൽ), ഇന്ന് നമ്മൾ കാണുന്ന WWE-യുടെ ആധുനിക രൂപം നിലവിലില്ലായിരുന്നു. ഫ്രഞ്ച് പ്രൊഫഷണൽ ഗുസ്തിയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്, പലപ്പോഴും ചെറിയ വേദികളിൽ അരങ്ങേറുകയും ആഗോള വിനോദത്തേക്കാൾ നാടകപ്രകടനത്തോട് ആ ഗുസ്തി അടുത്തുനിൽക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. ഇന്നത്തെ WWE പോലെ ദൃശ്യവ്യവസായശ്രംഖലയുടെ ഭാഗമായ ഒരു കൂറ്റൻ കായികവ്യവസായത്തെ പറ്റിയല്ല ആ ദാർശനികൻ എഴുതിയതെങ്കിലും ഇപ്പോൾ ഇതെല്ലം കൂട്ടിവായിക്കുന്നത് രസകരമാണ്. ബാർത്ത് ഗുസ്തിയെക്കുറിച്ചു പറഞ്ഞതുപോലെ WWE അതിശയോക്തി കലർന്ന കഥാപാത്രങ്ങളെയും (നല്ല നായകന്മാർ/ചീത്ത വില്ലന്മാർ, ഭീമൻ/കീചകൻ, സേതുമാധവൻ/കീരിക്കാടൻ ജോസ്) ആശ്രയിക്കുന്നു. ബാർത് ഗുസ്തിയെക്കുറിച്ച് പറയും പോലെ WWE യഥാർഥ മത്സരത്തേക്കാൾ കാഴ്ചയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ദരിദ്രമായ ഗോദയല്ല അത്. സമ്പന്നമായ കാഴ്ചയാണ്. വാസ്തവത്തിൽ, റൊളാങ് ബാർത്ത് വിവരിച്ചതിന്റെ കൂടുതൽ വികസിതമായ ഒരു പതിപ്പാണ് WWE. ‘ചിഹ്നങ്ങളുടേയും’ (signs) നാടകീയമായ കഥപറച്ചിലിന്റെയും വലുതും കൂടുതൽ മിനുക്കിയതുമായ ഒരു സംവിധാനം. ബാർത് WWE-യുടെ DNA ഫ്രാൻസിലെ പ്രൊഫഷണൽ ഗുസ്തിയിൽ കണ്ടെത്തി എന്നുപറയുന്നതാകും കൂടുതൽ ശരി. അപ്പോൾ WWE നമ്മെ കബളിപ്പിക്കുന്നുണ്ടോ? ക്രിക്കറ്റ് കളിയിലെ മാച്ച് ഫിക്‌സിങ്ങിലുള്ള ചതി ഇതിലില്ലല്ലോ. നേരത്തെ പറഞ്ഞുറച്ച കളിയാണെന്നറിഞ്ഞാണല്ലോ WWE നാം കാണുന്നതു തന്നെ. അപ്പോൾ അതിന്റെ സത്യമന്വേഷിച്ച് സമയം കളയേണ്ടതില്ല. നീച്ചേയുടെ പ്രശസ്തമായ ഒരു വാചകമുണ്ട്, ‘സത്യത്തിന്റെ അസഹ്യഭാരം സഹിച്ച് നശിച്ചുപോകാതിരിക്കാനാണ് മനുഷ്യന് കല’ (‘We possess art lest we perish of the truth’). അതിനാൽ WWE ഒരു കലയാകുന്നു. അത് നമ്മിൽ നിന്നും ഒന്നും മറച്ചു വെയ്ക്കുന്നില്ല. ഒരു സിനിമ പോലെ ഇതൊരു തിരക്കഥയാൽ ഉണ്ടായതാണെന്ന് അത് സ്വയം സമ്മതിക്കുന്നു. അതറിഞ്ഞുകൊണ്ട് കാണികൾ അതിൽ പങ്കെടുക്കുന്നു. ഒരസംബന്ധ നാടകത്തിൽ കാണികൾ കഥാപാത്രങ്ങളാകുന്നതുപോലെ. എന്നാൽ അസംബന്ധ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, WWE പ്രവചനാതീതമായി കഥാഗതിയെ വഴിതെറ്റിക്കാൻ അനുവദിക്കാറുമില്ല. ഇനി ബ്രോക്ക് ലെസ്‌നർ എന്ന താരത്തിന്റെ വിരമിക്കലിലേക്ക് വരാം. Beast , വന്യമൃഗം, എന്നാണ് ലെസ്‌നർ WWE വൃത്തങ്ങളിൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രകൃതത്തിന് ചേർന്ന പേരാണത്. വേഗം, പോരടിക്കുമ്പോഴുള്ള വന്യത എന്നിങ്ങനെയാണ് ബ്രോക്ക് ലെസ്‌നറുടെ ഗോദായിലെ സ്വഭാവം വ്യക്തിജീവിതത്തിൽ ഒരിക്കലും ആൾക്കൂട്ടത്തോട് ഇഴുകിച്ചേരാത്ത സ്വഭാവമുള്ളയാളായതിനാൽ ആ പിൻവാങ്ങിയ ജീവിതത്തെക്കുറിച്ച് വന്യമൃഗമെന്ന് പറയാനും കഴിയില്ല. റൊളാങ് ബാർതിന്റെ നോട്ടത്തിൽ അയാൾ ഒരു constructed myth എന്ന നിലയിൽ പരിപൂർണ്ണനാണ്. അയാളെ അവതരിപ്പിക്കുവാൻ സങ്കീർണ്ണമായ കഥകൾ കെട്ടിച്ചമയ്ക്കേണ്ടതില്ല. അയാൾ പ്രകൃതത്തിലും രൂപത്തിലും കൃത്യമായ കഥാപാത്രമാണ്. അതേസമയം ഫ്രഡറിക് നീച്ചേ പറയുമ്പോലെ അയാൾ നിർദയ സത്യം കൂടിയാണ്. നിർദ്ദയ സത്യം താങ്ങാനാകാതെ കലയെ ആശ്രയിക്കുമ്പോലെ നാം അയാളെ ഗോദയിൽ കഥയെഴുതി കലാപരമായി തോൽപ്പിക്കുകയാണ്. ഇവിടെയാണ് ലെസ്‌നർ ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു സമസ്യ പൂരിപ്പിക്കാൻ തന്നിരിക്കുന്നത്. അയാൾ ശരിയ്ക്കും വിരമിച്ചോ? അതോ ആ വിരമിക്കൽ തിരക്കഥയിലുള്ളതാണോ? അതോ തിരക്കഥാകൃത്തിനേയും WWE എന്ന ഭീമൻ വ്യവസായത്തേയും കബളിപ്പിച്ചുകൊണ്ട് അയാൾ കുസുമേ കുസുമോൽപ്പത്തി എന്ന പോലെ നാടകത്തിനുള്ളിൽ നാടകമെന്ന സമസ്യ പൂരിപ്പിക്കാൻ നൽകിയിരിക്കുകയാണോ? പരാജയപ്പെട്ട് പിൻവാങ്ങുന്ന വേളയിൽ അയാൾ അങ്ങനെ കളിയിൽ നിന്ന് വിരമിക്കുമോ? WWE യിലെ മത്സരങ്ങളുടെയും കളിക്കാരുടെ ഉടമ്പടികളുടെയും ചരിത്രമറിയാവുന്നവർ പറയും, ഈ വിരമിക്കലിനെക്കുറിച്ച് ഊഹക്കഥകൾ എഴുതുന്നതിൽ കാര്യമില്ല എന്ന്. അയാൾ ഇതിനുമുൻപും ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ. എനിയ്ക്കു കൗതുകം ഇതിനെ മറ്റൊരു തരത്തിൽ കാണുവാനാണ്. മൂന്നുപേരെ ഞാനതിന് കൂട്ടുപിടിയ്ക്കും. ഒന്ന് Roland Barthes, രണ്ട്‌ Nietzche, മൂന്ന് വേദവ്യാസനിലെ ശ്രീകൃഷ്ണൻ. ബാർത് പറയുന്നത് ഗുസ്തി നിലനിൽക്കുന്നതുതന്നെ ഇത്തരം ചിഹ്നങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയുമാണെന്നാണ്. നീച്ചേയാകട്ടെ പറയുന്നത് ജീവിതമെന്ന ഭീകരമായ സത്യത്തെ നേരിടുന്നതിന് നമുക്ക് മിഥ്യാഭാവനകളുടെ പരിചകൾ വേണമെന്നാണ്. ഇനി വേദവ്യാസനിലേക്കു പോയാലോ? അവതാരനാടകം അവിരാമം തുടരും എന്നറിയാമായിരുന്നിട്ടും, യുദ്ധക്കളത്തിലെ എല്ലാ ചതികളും അറിയാമായിരുന്നിട്ടും, കൃഷ്ണൻ ഒന്നും തടഞ്ഞില്ല. അവസാനം കുരുക്ഷേത്രത്തിലെ ചോരക്കളത്തിൽ നിന്ന് ഗാന്ധാരി കൃഷ്ണനെ മുച്ചൂടും ശപിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു: 'വൃഷ്ണിചക്രം മുടിയ്ക്കുന്നതിന് ഞാനല്ലാതെ മറ്റൊരുത്തനുമില്ല, സുവ്രതേ, എന്റെ അന്ത്യത്തെക്കുറിച്ച് നീ പറഞ്ഞത് എനിക്കറിയാം. ഞാനതു ചെയ്യുവാൻ നിശ്ചയിച്ചിട്ടുള്ളതുതന്നെയാണ്'. തിരക്കഥാകൃത്തുക്കളുടെ അവസാനം ഭീകരമായിരിക്കുമെന്നാണ് ഗാന്ധാരിയുടെ ശാപം. വേദവ്യാസന്റെ കൃഷ്ണൻ അതും തിരക്കഥയിൽ ഉൾപ്പെടുത്തി. അതിനാൽ കൃഷ്ണനുഗ്രഹത്താൽ WWE തുടർന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ ബ്രോക് ലെസ്‌നറുടെ അവതാരനാടകം തുടരാനുമിടയുണ്ട് . മലയാളി കൃഷ്ണനാട്ടം സ്വർഗാരോഹണത്തിൽ ആടിത്തീർക്കാറില്ലല്ലോ, നേരം പുലരുമ്പോൾ വീണ്ടും അമ്പാടിയിൽ കൃഷ്ണൻ ജനിക്കുന്ന തുടർച്ചയിലാണല്ലോ. (ഇക്കൊല്ലം ജനുവരിയിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നല്ലോ ‘ചത്താ പച്ച’. Do or Die എന്ന ഇംഗ്ലീഷ് ഭാഷാപ്രയോഗത്തിന്റെ ഒരു നാടൻ മലയാളമാണിത്. സാമാന്യം ഭേദപ്പെട്ട ആ ചലച്ചിത്രം WWE മത്സരങ്ങളുടെ ലഹരി തിളച്ചുപൊന്തി മലയാളത്തിലേക്ക് കവിഞ്ഞതായിരുന്നു.)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

WWE ഒരു കലയാകുന്നു; നമ്മിൽ നിന്നും ഒന്നും മറച്ചുവെയ്ക്കുന്ന… | Boolokam